• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

നാഥാ, സഹിക്കാം ഞാന്‍; നീയെന്നെ തൊട്ടാല്‍ മതി…

By on February 1, 2014
Sister

പൗരോഹിത്യ ജൂബിലി, വിവാഹ ജൂബിലി, ജന്മദിനാഘോഷം എന്നൊക്കെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വീഴ്ചയുടെ ആഘോഷം നമുക്കത്ര പരിചിതമല്ല. പക്ഷേ, അങ്ങനെയൊരാളുണ്ട് : ഒല്ലൂരിനടുത്ത് മരത്താക്കരയിലെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍വന്റില്‍ കഴിഞ്ഞ 57 വര്‍ഷമായി കിടന്നകിടപ്പില്‍ കഴിയുന്ന സിസ്റ്റര്‍ നോര്‍ബര്‍ട്ടിനെ കണ്ടാല്‍മതി, അക്കാര്യം മനസ്സിലാകും. 1958 ജനുവരി 12നുണ്ടായ ഒരു വീഴ്ച. ആ അപകടത്തെ, തന്റെ ജീവിതം വഴിതിരിച്ചുവിട്ട ദൈവനിയോഗമായി കണ്ട് കഴിഞ്ഞ 55 വര്‍ഷം നെഞ്ചോടുചേര്‍ത്ത് സഹിക്കുന്ന സിസ്റ്റര്‍ നോര്‍ബര്‍ട്ട്, ഇക്കഴിഞ്ഞ ജനുവരി 12നു ആ വീഴ്ചയെ വീണ്ടും ഓര്‍ത്തെടുത്ത് ദൈവത്തിനു നന്ദി പറഞ്ഞു.
സിസ്റ്റര്‍ നോര്‍ബര്‍ട്ടിനെപ്പറ്റി കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഇരിങ്ങാലക്കുട രൂപതയിലെ ചെമ്മണ്ട ഇടവകാംഗമായിരുന്ന കീറ്റിക്ക ലോനപ്പന്‍ കുഞ്ഞാറം ദമ്പതികളുടെ ആറുമക്കളില്‍ ഒരാള്‍. മൂന്നു സഹോദരന്മാരും ഒരു സഹോദരിയും മരിച്ചു. ഇനിയുള്ളത് ഒരു സഹോദരനും സിസ്റ്റര്‍ നോര്‍ബര്‍ട്ടും. മറ്റുള്ളവരൊക്കെ കാലയവനികയില്‍ മറഞ്ഞപ്പോഴും, തന്നെ ദൈവം ജീവിക്കാന്‍ നിയോഗിച്ചിരിക്കുന്നത് വെറുതെയല്ലെന്ന് സിസ്റ്റര്‍ പറയുന്നു. കുടുതല്‍ സഹിക്കാന്‍, സഹനത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ – യേശുവിനോട് ഒരു കുട്ടിക്ക് അമ്മയോടോ അപ്പനോടോ ഉള്ളതുപോലെയുള്ള കുസൃതിനിറഞ്ഞ പെരുമാറ്റം മുഖമുദ്രയായ സിസ്റ്റര്‍ പറയുന്നു.
കഴിഞ്ഞ 55 വര്‍ഷവും ഇങ്ങനെയായിരുന്നു അവര്‍. വേദന വരുമ്പോള്‍, ഏകാന്തത തോന്നുമ്പോള്‍, മടുപ്പ് തോന്നുമ്പോള്‍, സിസ്റ്റര്‍ പറയും : ഈശോ നീയൊന്ന് എന്നെ തൊട്ടേ… അങ്ങുതന്ന സഹനമാണിത്. അത് ഏറ്റെടുത്തില്ലേ ഞാന്‍… അപ്പോള്‍, അവ സഹിക്കാനുള്ള ശക്തിയും തരാന്‍ അങ്ങേയ്ക്ക് ബാധ്യതയില്ലേ… ചിലപ്പോള്‍, വാശിയോടെ, ദ്വേഷ്യത്തോടെയായിരിക്കും മനസ്സില്‍ യേശുവിനോടുള്ള സംഭാഷണം. അതിനു ഫലമുണ്ടാകാറുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. അവിടുന്ന് എന്നെ വന്നു തൊടാറുണ്ട്. ആശ്വസിപ്പിക്കാറുണ്ട്. ധൈര്യം പകരാറുണ്ട്.
മരത്താക്കര കോണ്‍വെന്റിനോടു ചേര്‍ന്നുള്ള പ്രത്യേക മുറിയില്‍ സിസ്റ്റര്‍ കിടക്കുകയാണ്. തൊട്ടടുത്ത് വീല്‍ച്ചെയര്‍. അരികില്‍ ഫോണ്‍. കുരിശുരൂപം. മുറിയുടെ നാലുഭിത്തിയിലും വിശുദ്ധരുടെ ചിത്രങ്ങള്‍. ദൈവവചനങ്ങള്‍. ബൈബിളിലെ മനോഹരമായ കഥാ സന്ദര്‍ഭങ്ങളുടെ ചിത്രങ്ങള്‍… യേശുവിനോടൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമായി ചെലവഴിക്കുന്ന സിസ്റ്ററുടെ മുറിയില്‍ ഇടക്കിടെ സന്ദര്‍ശകര്‍. പ്രാര്‍ഥനാസഹായവും തേടി അടുത്തുനിന്നും അകലെനിന്നും വരുന്നവര്‍. രോഗികള്‍, നിര്‍ധനര്‍, ഹൃദയസമാധാനമില്ലാത്തവര്‍. വൈദികര്‍, സിസ്റ്റേഴ്‌സ്. ജാതിമത ഭേദമന്യേ സര്‍വരും. അവരോടൊക്കെ സിസ്റ്റര്‍ പറയുന്നു : യേശു കൂടെയുണ്ട്; ഭയപ്പെടേണ്ട. പിന്നെ തലയില്‍ കൈവച്ച് പ്രാര്‍ഥിക്കുന്നു… അവര്‍ക്കുവേണ്ടി, അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സിസ്റ്ററിന്റെ പ്രാര്‍ഥന യേശുവിന് കേള്‍ക്കാതിരിക്കാനാവില്ലല്ലോ.
പിന്നെയും സിസ്റ്റര്‍ പറയുന്നു : എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ വേണ്ടിയല്ലെ, ഇത്രയും ഗുരുതരമായ അപകടത്തില്‍നിന്നും യേശു എന്നെ രക്ഷിച്ചത്?
അല്ലെങ്കില്‍, 1958ലെ ജനുവരി 12 ഞായറാഴ്ച കോണ്‍വെന്റ് ചാപ്പലിലെ അള്‍ത്താരയില്‍ പൂക്കള്‍ വച്ചുകൊണ്ടിരിക്കെ താന്‍ വീഴുമായിരുന്നോ? ആരുമില്ലായിരുന്നു സമീപം. എട്ടടി ഉയരത്തില്‍ നിന്നാണ് വീണത്. എഴുന്നേല്‍ക്കാന്‍ സാധിക്കാതെ ഏറെ നേരം കിടന്നു. പിന്നീട് ആളുകള്‍ എത്തിയിട്ടും, തന്റെ നട്ടെല്ല് തകര്‍ന്ന കാര്യമോ ഇനിയെങ്കിലും അരയ്ക്കു താഴെ ചലിപ്പിക്കാനാവില്ലെന്ന സത്യമോ വളരെ വൈകിയാണ് അറിഞ്ഞത്… പിന്നീട് എത്രയെത്ര വര്‍ഷങ്ങള്‍ കടന്നുപോയി… എത്ര ആശുപത്രികള്‍… ഡോക്ടര്‍മാര്‍… ആശ്വാസവുമായി എത്രയേറെപ്പേര്‍… ഫാ. ആന്റണി മാളിയേക്കല്‍… ജോസഫ് ഇരിമ്പന്‍ പിതാവ്… ജോര്‍ജ്ജ് ആലപ്പാട്ട് പിതാവ്… 24-ാം വയസില്‍ തുടങ്ങിയ വേദനയുടെ ഈ സഹനജീവിതം വിശ്വാസചൈതന്യത്തിന്റെ തിളക്കത്തില്‍ സുവിശേഷസാക്ഷ്യമാകുന്നു…
1958ലുണ്ടായ അപകടത്തിന്റെ വേദന ശമിച്ചനാളുകളില്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട് തന്റെ മുറിയിലെത്തുന്ന കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ തുടങ്ങി; നഴ്‌സറി വിദ്യാലയം ആരംഭിച്ചു; ഗായകസംഘങ്ങളെ പരിശീലിപ്പിച്ചു; സ്‌കൂള്‍ വാര്‍ഷികങ്ങളില്‍ അവതരിപ്പിക്കാന്‍ കുട്ടികളെ നൃത്തം പഠിപ്പിച്ചു!! അഭിമാനപൂര്‍വം സിസ്റ്റര്‍ പറയുന്നു : തന്റെ വിദ്യാര്‍ഥികളില്‍ 20 പേര്‍ സിസ്റ്റേഴ്‌സായി; അഞ്ചുപേര്‍ വൈദികരായി; മൂന്നുപേര്‍ ഡോക്ടര്‍മാരായി… 1960ല്‍ തുടങ്ങിയ ‘അധ്യാപനം’ അടുത്ത കാലത്താണ് നിര്‍ത്തിയത്…
കിടന്നുകൊണ്ട് ജീവിതസുവിശേഷം പ്രസംഗിക്കുന്ന സിസ്റ്റര്‍ നോര്‍ബര്‍ട്ടിന്റേത് തിരക്കുള്ള ജീവിതമാണ്. വാതില്‍ക്കല്‍ തന്നെ എഴുതിവച്ചിട്ടുണ്ട് – സന്ദര്‍ശനത്തിനുള്ള സമയം. ഒപ്പം അപ്പസ്‌തോല നടപടികളില്‍ നിന്നുള്ള തന്റെ ജീവിതമുദ്രാവാക്യവും : ‘ഞാന്‍ നിന്നോടു കൂടെയുണ്ട്’ (അപ്പ 18:10).
നമുക്കുചുറ്റും സഹനത്തിന്റെ ശരശയ്യയില്‍ കഴിയുന്ന നിരവധിപേരുണ്ട്. നമ്മുടെ തൊട്ടയല്‍പക്കത്തുപോലും അവരുണ്ട്. ജീവിച്ചു സഹിക്കുന്നവരും കുറച്ചൊന്നുമല്ല. ഇവിടെയൊക്കെ സിസ്റ്റര്‍ നോര്‍ബര്‍ട്ടിന്റെ ആത്മധൈര്യം, വിശ്വാസചൈതന്യം നമുക്ക് ഓര്‍ക്കാം.

One Comment

  1. joseph.T>V

    March 15, 2014 at 5:57 am

    yes Really the sister is the servant of God may jesus talk to us throu her sister &likewisesouls are ourtreasure

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>