• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

കേരളം ഇനി ഹൈ-ടെക് കാര്‍ഷിക സംസ്ഥാനം

By on March 3, 2014
Paddy

എല്ലാ വര്‍ഷവും ഓരോ സര്‍ക്കാരുകളുടെയും വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് ബഡ്ജറ്റ്. ബഡ്ജറ്റില്‍ കഴിഞ്ഞുപോയ സാമ്പത്തിക വര്‍ഷത്തിന്റെ വിശകലനത്തോടൊപ്പം വരുന്ന സാമ്പത്തിക വര്‍ഷത്തിലെ വരവ് ചിലവ് കണക്കുകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ സംസ്ഥാന ബഡ്ജറ്റ് ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചു. പ്രസ്തുത ബഡ്ജറ്റിന്റെ പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തില്‍ വിശകലനം ചെയ്യുന്നത്.
2013-14 കാലയളവില്‍ നമ്മുടെ സംസ്ഥാനം 8 ശതമാനം വളര്‍ച്ചാനിരക്ക് നേടിയിട്ടുണ്ട്. 12-ാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വര്‍ഷമായ 2014-15ല്‍ കേരളം 8.58 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ആളോഹരി വരുമാനം 50,052 രൂപയില്‍ നിന്നും 63,491 രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം ചെലവ് വിഭാവനം ചെയ്തതിനേക്കാള്‍ 20 ശതമാനം കൂടിയ കാരണം ബഡ്ജറ്റ് കമ്മിയിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 20,000കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ തന്നെ 31 ശതമാനം സാമൂഹിക മേഖലയ്ക്കാണ് വകയിരുത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 1225 കോടി രൂപയുടെ പദ്ധതികളാണ് ബഡ്ജറ്റ് വകയിരുത്തിയിരിക്കുന്നത്.
2 ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ള ചെറുകിട – നാമമാത്ര കര്‍ഷകര്‍ക്ക് വേണ്ടി 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടുകൂടി ‘ഇന്‍കം ഗാരന്റി സ്‌കീം’ നടപ്പിലാക്കാന്‍ ബഡ്ജറ്റ് ശുപാര്‍ശ ചെയ്യുന്നു. ഇതിനായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ വഴി 25 പ്രധാന വിളകളെ ഇന്‍ഷൂര്‍ ചെയ്യുന്ന വിപുലമായ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുക്കുന്നതാണ്. പ്രസ്തുത സ്‌കീം പ്രകാരം എല്ലാ കര്‍ഷകനും ഉല്‍പാദനച്ചിലവിനുപരിയായി ന്യായമായ ലാഭം ഉറപ്പായും ലഭിക്കുന്നതാണ്. കാര്‍ഷികവിളയില്‍ നിന്നും ഏതെങ്കിലും കാരണത്താല്‍ പ്രസ്തുത ലാഭം ലഭിച്ചില്ലെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആ കുറവ് നികത്തുന്നതാണ് . ഇതിനുവേണ്ടി വരുന്ന പ്രീമിയം തുകയുടെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കുന്നതാണ്.
രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുന്ന പദ്ധതിയും ബഡ്ജറ്റിലുണ്ട്. ഈ പദ്ധതി പ്രകാരം ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ 50 ശതമാനം സര്‍ക്കാര്‍ നല്‍കുന്നതാണ്. 50 കോടി രൂപ ഇതിനായി ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിലെ 18.77 ലക്ഷം കര്‍ഷകര്‍ക്കും ‘അഗ്രികാര്‍ഡ്’ നല്‍കാന്‍ ബഡ്ജറ്റ് ശുപാര്‍ശ ചെയ്യുന്നു. ഈ കാര്‍ഡ് വഴി വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍, സാങ്കേതിക സഹായം, വിപണി പിന്തുണ തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്നതാണ്.
കേരളത്തെ ഒരു ഹൈ-ടെക് കാര്‍ഷിക സംസ്ഥാനമായി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്. ഇതിനായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതാണ്. ഇതിനായി ആവശ്യമായ പരിശീലനം കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കുന്നതാണ്.
സംസ്ഥാനമൊട്ടാകെ കാര്‍ഷിക സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതാണ്. ഇത്തരം സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്നതാണ്.
ഒരു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കുടുംബത്തിന്റെ ഗൃഹനാഥന്‍ മരണപ്പെട്ടാല്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടബാധ്യതയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ്. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ചെറുകിട ഭക്ഷ്യസംസ്‌ക്കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ജലസമൃദ്ധ കേരളത്തിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വനിതാ സ്വയം സംരംഭക പദ്ധതികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോളജ് തലത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ രൂപീകരിക്കുന്ന സ്വയം സംരംഭക സംഘങ്ങളിലെ അംഗങ്ങള്‍ക്ക് 5 ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കുന്നതാണ്. കൂടാതെ ഇത്തരം സംരംഭങ്ങള്‍ക്ക് 80 ശതമാനം വരെ ബാങ്ക് വായ്പയും 75 ശതമാനം വരെ പലിശ സബ്‌സിഡിയും നല്‍കുന്നതാണ്.
ഒരു ഹെക്ടറില്‍ താഴെ കൃഷിഭൂമിയോ രണ്ടര ഹെക്ടറില്‍ താഴെ നെല്‍കൃഷിയോ ഉള്ള ചെറുകിട കര്‍ഷകരുടെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലേയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടുന്ന പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ് സൗജന്യമായി നല്‍കുന്നതാണ്.
അര്‍ബുദ രോഗ ബോധവല്‍ക്കരണത്തിനും രോഗ നിര്‍ണയത്തിനും 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പരമ്പരാഗതമായ പാഠ്യപദ്ധതികളുടെ ചട്ടക്കൂടിനപ്പുറത്തേക്ക് ഉയര്‍ന്നു ചിന്തിക്കുകയും പുതിയ ചിന്താധാര സൃഷ്ടിച്ച് നവീന വ്യാവസായിക ആശയങ്ങള്‍ അവതരിപ്പിക്കുകയും വ്യാവസായികരംഗത്ത് മുതല്‍ക്കൂട്ടാകുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുകയും പ്രസ്തുത മേഖലയില്‍ പ്രായോഗികതലത്തില്‍ നേതൃപാടവം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതാണ്.
ഡിഗ്രി തലം മുതല്‍ ഗവേഷണതലം വരെയുള്ള വിദ്യാര്‍ഥികളുടെ വ്യാവസായിക പ്രതിഭ പരിപോഷിപ്പിക്കുന്നതിന് യുവപ്രതിഭ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതാണ്.
മത്സ്യ വിപണന കേന്ദ്രങ്ങള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നാല് ലക്ഷം രൂപ വരെ സഹായം നല്‍കുന്നതിന് മുപ്പത് കോടി രൂപ വകയിരുത്തീട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് നൂറു കോടി രൂപ നീക്കി വച്ചിട്ടുണ്ട്. അത്യുല്‍പാദന ശേഷിയുള്ള വിത്ത്/ തൈ ഉല്‍പാദനകേന്ദ്രങ്ങള്‍ തുറക്കുന്നതിനായി 15 കോടി രൂപ.
കേരളത്തിന്റെ തനതായ ഉല്‍പന്നങ്ങള്‍ക്കു വിപണയില്‍ പ്രീമിയം വില ലഭ്യമാക്കുന്നതിന് ബ്രാന്റ് വികസിപ്പിക്കുന്നതാണ്. ഇതിനായി ദേശീയ – അന്തര്‍ദേശീയ വിപണികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ്.
നാനോ ടെക്‌നോളജി പരിപോഷിപ്പിക്കുന്നതിനു മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ അക്കാഡമിക് സെന്റര്‍ സ്ഥാപിക്കുന്നതാണ്.
കൃഷിയുടെ സമഗ്രവികസനത്തിനായി 964.82 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയ്ക്ക് 300 കോടി രൂപയുടെ സമഗ്രവികസന പദ്ധതികള്‍.
മത്സ്യമേഖലയുടെ വികസനത്തിനും മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനുമായി 177.40 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
ഭൂരഹിതര്‍ ഇല്ലാത്ത കേരളം പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വ്യവസായ മേഖലയ്ക്കു വേണ്ടി 650 കോടി രൂപ
ഇവ കൂടാതെ മറ്റനേകം വികസന പദ്ധതികളും ഈ സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>