• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago

എന്തുകൊണ്ട് തിരിച്ചുപോന്നു?

By on March 3, 2014
Emperor 1

വളരെ നാളുകള്‍ ഞാന്‍ എംപറര്‍ കൂടാരത്തിലുണ്ടായിരുന്നു. ഉത്സാഹത്തോടെ അവിടെ കേട്ട ‘വചനം’ വായിക്കുകയും പഠിക്കുകയും ചെയ്തയാളാണ് ഞാന്‍. എന്നാല്‍ ഒരിക്കല്‍ എനിക്കു ബോധ്യപ്പെട്ടു : വചനത്തിന്റെ പൂര്‍ണതയുണ്ട് എന്നവകാശപ്പെട്ട അതിന്റെ സ്ഥാപകന്‍, വ്യാജപ്രവാചകനാണ്. ഈ തിരിച്ചറിവ് മൂലമാണ് ഞാന്‍ കൂടാരം വിട്ടത്.
പുറത്തുവന്നശേഷം ഞാന്‍ വീണ്ടും വചനങ്ങളിലൂടെ എന്റെ ചിന്തകള്‍ പരിശോധിച്ചു. എന്നില്‍ നിന്നും ബോധപൂര്‍വ്വം വ്യാജപ്രവാചകന്‍ മറച്ചുവച്ച പല വചനങ്ങളും ഇന്ന് പരിശുദ്ധാത്മാവ് എനിക്ക് വെളിപ്പെടുത്തി തന്നുകൊണ്ടിരിക്കുന്നു.
വിശുദ്ധ യൂദാസിന്റെ ലേഖനം വായിച്ചപ്പോള്‍, എംപറര്‍ ഇമ്മാനുവേല്‍പോലെയുള്ള വ്യാജപ്രവാചകന്മാരെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ എനിക്ക് കൂടുതല്‍ വ്യക്തമായി. ആദിമ ക്രൈസ്തവ സഭാസമൂഹത്തിനുവേണ്ടി എഴുതപ്പെട്ടതാണല്ലോ ആ ലേഖനം. ക്രിസ്തുശിഷ്യനായ യാക്കോബിന്റെ സഹോദരനായ യൂദാസാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. വ്യാജ പ്രബോധകര്‍ക്കെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതാണ് ലേഖനത്തിലെ ഓരോ വാക്യവും. ചെറിയൊരു ലേഖനം; എന്നാല്‍ അതിലെ മുന്നറിയിപ്പുകള്‍ സര്‍വകാലാതീതമാണ്.
മൂന്നാംവാക്യം:
സഭാമക്കളുടെ അവകാശമാണ് രക്ഷ. വിശ്വാസത്തിന്റെ സംരക്ഷക സഭയാണ്. വിശ്വാസത്തിനു എതിരായ പോരാട്ടത്തില്‍ ഏര്‍പ്പെടുകയെന്നത് സഭാമക്കളുടെ കടമയാണ് – ഇതാണ് ലേഖനത്തിലെ മൂന്നാം വാക്യത്തിന്റെ ധ്വനി. സത്യവിശ്വാസ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇനി സഭയോടൊപ്പം ഞാനുണ്ട്.
പുതിയ രക്ഷകന്‍?
എംപറര്‍ പ്രസ്ഥാനം, ക്രിസ്തുവിനെ തള്ളിപ്പറഞ്ഞു പുതിയ രക്ഷകനുവേണ്ടി കാത്തിരിക്കുകയാണ്. യേശുക്രിസ്തുവിലൂടെ രക്ഷ സാധ്യമായിട്ടില്ല എന്നാണിവരുടെ വാദം. ഇത് നമ്മുടെ വിശ്വാസത്തിനു എതിരാണ്. ഈ തെറ്റായ പഠനം നടത്തുന്നവരെപ്പറ്റി യൂദാസിന്റെ ലേഖനം നാലാം വാക്യം മുന്നറിയിപ്പു നല്‍കുന്നു. ലേഖനത്തില്‍ നിന്ന്:
‘പണ്ടു തന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെ ഇടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധ ജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.’ ക്രിസ്തുവെന്ന നാമം ഉച്ചരിക്കാന്‍പോലും കൂടാരനേതാവ് മടിക്കുന്നുവെന്നതില്‍ നിന്ന് വ്യാജപ്രവാചകന്റെ രൂപം വ്യക്തം.
അഞ്ചാം വാക്യം:
ലേഖനത്തിലെ അഞ്ചാം വാക്യം, തെറ്റായ പഠനങ്ങളുടെ കൂടാരത്തില്‍ നിന്നു പുറത്തു കടക്കാന്‍ ഇപ്പോഴും ശങ്കിക്കുന്നവര്‍ക്കുള്ള താക്കീതാണ്: ‘നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും നല്ലപ്പോലെ അറിയാമെങ്കിലും, ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ നിങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. ക്രിസ്തു നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി സഹിക്കുകയും മരിക്കുകയും ഉയര്‍ക്കുകയും സ്വര്‍ഗാരോഹണം ചെയ്യുകയും ചെയ്തു. ആ രക്ഷ നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ തന്റെ ശരീരമായ സഭയില്‍ നിങ്ങളെ ജനിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിനെയും സഭയെയും ഉപേക്ഷിക്കുകയും ദുഷിക്കുകയും ചെയ്യുന്നു. അന്ധകാരത്തിന്റെ നിത്യബന്ധനത്തില്‍ അകപ്പെടാതിരിക്കാന്‍, ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുക. സഭയുടെ വിശ്വാസത്തിലേക്ക് തിരിച്ചുവരിക?
ഏഴാം വാക്യം :
വിഘടിത പ്രസ്ഥാനങ്ങളിലെ ധാര്‍മികാധഃപതനത്തെപ്പറ്റിയുള്ള ശക്തമായ താക്കീതാണ് ഏഴാം വാക്യം. ‘…സോദോമിനെയും ഗൊമോറായെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലും മുഴുകിയ മറ്റു പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷയ്ക്ക് വിധേയമാക്കി അവര്‍ക്ക് ദൃഷ്ടാന്തം നല്‍കി…’ കോട്ടയും കൊത്തളങ്ങളും നിര്‍മ്മിച്ച് സുഖലോലുപതയിലും ആസക്തികളിലും മുഴുകി, ആഢംബര കാറുകളില്‍ സംഞ്ചരിച്ച് കൊട്ടാര സമാനമായ കെട്ടിടങ്ങളില്‍ അന്തിയുറങ്ങിയാല്‍ ദൈവത്തിന്റെ നിത്യാഗ്നിയുടെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്നുണ്ടോ? വ്യഭിചരിക്കരുതെന്നു പ്രസംഗിക്കുന്ന വ്യാജപ്രവാചകന്‍, നിയമാനുസൃതമുള്ള ഭാര്യയുള്ളപ്പോള്‍ പരസ്ത്രീയെ കൂടെപ്പാര്‍പ്പിക്കുന്നത് വ്യഭിചാരമല്ലെങ്കില്‍, പിന്നെന്താണ്?
എട്ടാം വാക്യം:
വ്യാജപ്രവാചകന്‍, വ്യാജസ്വപ്‌നങ്ങളാണ് അണികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അതുകേട്ട് ഞങ്ങള്‍ ജോലി ഉപേക്ഷിച്ചു. സ്വത്തുക്കള്‍ വിറ്റ് പ്രസ്ഥാനത്തിനു നല്‍കി. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ല. ലോകാവസാനം അടുത്തുവെന്ന് നേതാവ് പറയുന്നത് ഞങ്ങള്‍ വിശ്വസിച്ചു. എല്ലാം കപടസ്വരങ്ങളായിരുന്നു. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ച് ഇപ്പോള്‍ ഇമ്മാനുവേല്‍ എന്ന പേരില്‍ നമുക്കിടയിലുണ്ടെന്ന് അവകാശവാദം എത്ര കപടമാണെന്ന് തിരിച്ചറിയുകയായിരുന്നു ഞാന്‍.
കത്തോലിക്കാ വിശ്വാസികളെ നിരന്തരം നിന്ദിക്കുന്ന കൂടാരനേതാവ്, സ്വന്തം മകളെ പഠിപ്പിച്ചത് കത്തോലിക്കാ കോളജില്‍; ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി; കത്തോലിക്കാ വിശ്വാസിയെക്കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചു! അനുഗ്രഹിക്കുവാന്‍ കല്യാണവേദിയിലെത്തി. ഈശോയുടെ രണ്ടാമത്തെ ആഗമനം നടന്നെങ്കില്‍ ഇതൊക്കെ എന്തിനായിരുന്നു?
അധികാരികളെ നിരന്തരം തള്ളിപ്പറഞ്ഞു. മെത്രാന്മാരെ വെടിവെച്ചുക്കൊല്ലണം എന്ന് ആക്രോശിച്ചു. വൈദികരെ ‘അച്ചന്‍’ എന്നു വിളിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. വൈദികരെ ‘അങ്കിള്‍’ എന്നും ‘ചേട്ടാ’ എന്നും വിളിക്കണമെന്നും നിര്‍ബന്ധിച്ചു. എന്റെ മക്കളോട് എന്നെ ‘ഡ്യൂപ്ലിക്കേറ്റ് അപ്പന്‍’ എന്നു വിളിച്ചാല്‍ മതിയെന്നു നിഷ്‌ക്കര്‍ഷിച്ചു. കത്തോലിക്കരെല്ലാം വ്യഭിചാരികളും വിഗ്രഹാരാധകരുമാണെന്നും ആക്ഷേപിച്ചു.
സ്ഥാപകനേതാവിന്റെ കപടമുഖവും ഇരട്ടത്താപ്പും ഏറെക്കാലമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കണ്ണിലെ ‘കൃഷ്ണമണി’ എന്നു പറയരുതെന്നും ‘യേശുമണി’ എന്നാണ് പറയേണ്ടതെന്നും നേതാവ് പഠിപ്പിച്ചു…
ഒരിക്കല്‍ നേതാവ് പറഞ്ഞു: ഒരു എകെ 47 തോക്ക് കിട്ടിയാല്‍, ആദ്യം ഞാന്‍ മെത്രാന്മാരെയും വൈദികര്‍ക്കും നേരെ നിറയൊഴിക്കുമെന്ന്. പ്രകൃതിദുരന്തങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍, അയാള്‍ സന്തോഷംകൊണ്ട് പൊട്ടിച്ചിരിച്ചു. ഭൂമിയെ വേഗം കത്തിച്ചുകളയണമേയെന്ന് അയാള്‍ അട്ടഹസിച്ചു. വ്യക്തിവിരുദ്ധമായ, സഭാവിരുദ്ധമായ, സമൂഹവിരുദ്ധമായ ഈ നിലപാടുകള്‍ എന്നെ ആശയക്കുഴപ്പത്തിലാക്കി. സുബോധം നഷ്ടപ്പെട്ടവനെപ്പോലെ ഉറഞ്ഞുതുള്ളുന്ന അയാളുടെ വാക്കും ചെയ്തികളും തമ്മിലുള്ള അന്തരം ഞാന്‍ മനസിലാക്കി. പ്രവാചകന്റെ തോലണിഞ്ഞ ചെന്നായയെപ്പോലെ അയാള്‍ അണികളെ പിടിച്ചുനിര്‍ത്താന്‍ സകല തന്ത്രങ്ങളും ആവിഷ്‌ക്കരിച്ചു…
ഇതെല്ലാം കണ്ടുംകേട്ടും മടുത്തപ്പോള്‍, എനിക്ക് ഒരേയൊരു വഴിയേ മുന്നിലുണ്ടായിരുന്നുള്ളൂ. എത്രയുംവേഗം കൂടാരം വിടുക. അധാര്‍മികതയുടെ, അസത്യത്തിന്റെ, വിശ്വാസ വിരുദ്ധതയുടെ കെണിയില്‍ നിന്നു പുറത്തു കടക്കുക. അതിനെനിക്ക് അവസരം തന്ന ദൈവത്തിനു നന്ദി.
യൂദാസിന്റെ ലേഖനം വായിക്കുക. 17 മുതല്‍ 25 വരെയുള്ള വചനങ്ങള്‍, എല്ലാ വിശ്വാസികളോടുമുള്ള വാക്കുകളാണ്. വഴിതെറ്റി അലഞ്ഞു ഒടുവില്‍ ശരിയായ പാതയിലേക്ക് തിരിച്ചുവന്ന ഞങ്ങളെ സ്വീകരിക്കാന്‍ സഭാപിതാക്കന്മാരും സമൂഹവും കാണിച്ച ഹൃദയവിശാലത മറ്റെങ്ങും ഞങ്ങള്‍ക്ക് ലഭിക്കില്ല, ഉറപ്പ്.

2 Comments

 1. SHAJU THOMAS

  March 20, 2014 at 8:09 pm

  Thanks for the article. We were really confused about this Emperor Emmanuel. Sometimes we even thought about to attend one retreat because many of my friends are still there and inviting. Now we got a clear picture about them. Could you please provide the contact numbers of some so that we can talk with them and clarify.

  Shaju Thomas
  Ireland

 2. Kiran

  March 30, 2014 at 5:53 am

  God bless u

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>