വിശ്വാസം പടര്‍ന്നു പന്തലിച്ച വിശുദ്ധ വനം

By on June 4, 2014
Katoor

1857 ലായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരം. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ അണപൊട്ടിയൊഴുകിയ ദേശീയതയുടെ മഹാപ്രവാഹമായിരുന്നു ‘ശിപായിലഹള’ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട പട്ടാളവിപ്ലവം.
അതിനും മൂന്നു വര്‍ഷം മുമ്പാണ് തൃശൂര്‍ ജില്ലയുടെ പടിഞ്ഞാറന്‍ തീരഗ്രാമമായ കാട്ടൂരില്‍ ക്രൈസ്തവ സമൂഹം തങ്ങളുടെ ആദ്യത്തെ ദേവാലയം പണിതത്. വിശ്വാസ ജീവിതത്തിന്റെ കൊടിക്കൂറയുയര്‍ന്ന ആ ആരാധനാലയം അവരുടെ ചരിത്രത്തിലെ സുവര്‍ണാധ്യായമാകുകയും ചെയ്തു.
ചരിത്രരേഖകള്‍ പ്രകാരം ദേവാലയസ്ഥാപനം 1854ല്‍ എന്നു പറയുന്നുണ്ടെങ്കിലും 1851 ഓഗസ്റ്റ് 10 നാണ് യഥാര്‍ഥത്തില്‍ കാട്ടൂരില്‍ ഒരു കുരിശുപള്ളി സ്ഥാപിക്കപ്പെട്ടത്.
ആലപ്പാട്ട് പാലത്തിങ്കല്‍ അന്തോണി കത്തനാരാണ് അതിനു നേതൃത്വം നല്‍കിയത്. നാട്ടിലെ മുഴുവന്‍ പേരുടെയും പ്രചോദനവും പിന്തുണയും സമാഹരിച്ച അദ്ദേഹം 1851 ല്‍ കുരിശുപള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ മൂന്നു വര്‍ഷം കഴിയുന്നതിനുമുമ്പുതന്നെ 1854 ല്‍ ഡച്ചു വാസ്തു ശില്‍പ്പചാതുരി നിറഞ്ഞ മനോഹരമായ പള്ളി ഉയര്‍ന്നു വന്നു. 1851 ലെ കുരിശുപള്ളിക്ക് അനുവാദം നല്‍കിയത് തൃശിവപേരൂരില്‍ വച്ച് അന്തരിച്ച കൊച്ചി മഹാരാജാവ് രാമവര്‍മ തമ്പുരാനായിരുന്നു. 1854 ലെ പള്ളിക്ക് കാശിതീര്‍ഥാടനത്തിനിടെ മരിച്ച മഹാരാജാവ് രാമവര്‍മ തമ്പുരാനില്‍ നിന്നായിരുന്നു തിട്ടൂരം.
അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള പള്ളി പൗരസ്ത്യ പാരമ്പര്യമനുസരിച്ച് അള്‍ത്താരയും മദ്ബഹായും കിഴക്കും മുഖവാരം പടിഞ്ഞാറുമായാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. പുരാതന സുറിയാനി ദേവാലയങ്ങളുടെ പതിവുശൈലിയില്‍ മദ്ബഹായില്‍ വലിയൊരു വിരിയും ഉണ്ടായിരുന്നു.
കാട്ടൂരിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രം 18-ാം നൂറ്റാണ്ടിലേക്ക് നീളുന്നു. അക്കാലത്ത് കൊച്ചിരാജ്യം ഭരിച്ചിരുന്ന പെരുമ്പടപ്പ് സ്വരൂപം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഏതാനും ക്രൈസ്തവരെ കാട്ടൂരില്‍ കൊണ്ടുവന്നു കുടിയിരുത്തി. ക്രൈസ്തവരുടെ കഠിനാധ്വാനവും സത്യസന്ധതയും നാടിന്റെ പുരോഗതിക്ക് വഴിയൊരുക്കുമെന്ന കണക്കുകൂട്ടലുകള്‍ ശരിയാണെന്ന് കാലം തെളിയിച്ചു; കാട്ടൂരിലെ കാര്‍ഷിക മേഖല തഴച്ചുവളര്‍ന്നു. വികസനത്തിന്റെ പാദമുദ്രകള്‍ പതിഞ്ഞ നാട്ടിന്‍പുറങ്ങളിലേക്ക് 19-ാം നൂറ്റാണ്ടില്‍ കൂടുതല്‍ പേര്‍ കുടിയേറ്റക്കാരായി എത്തി. ക്രൈസ്തവ കൂട്ടായ്മയുടെ കൊടിക്കൂറയേന്തിയ വലിയൊരു തുടക്കമായിരുന്നു അത്.
അക്കാലത്ത് ഏനാമ്മാവ്, പഴുവില്‍ എന്നിവിടങ്ങളിലാണ് പള്ളികളുണ്ടായിരുന്നത്. ജനസംഖ്യ കൂടുകയും ആത്മീയ ജീവിതാവശ്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ, കാട്ടൂരില്‍ തന്നെയൊരു പള്ളി എന്ന സ്വപ്‌നത്തിനു നാമ്പിടുകയായിരുന്നു. അതാണ് 1854 ല്‍ യാഥാര്‍ഥ്യമായത്.
1875ല്‍ കരാഞ്ചിറയിലും ദേവാലയം ഉയര്‍ന്നു. അതോടെ കാട്ടൂര്‍ ഇടവകയിലെ വിശ്വാസികളുടെ സംഖ്യയില്‍ ഗണ്യമായ കുറവുണ്ടായി. എങ്കിലും അവരുടെ വിശ്വാസ ചൈതന്യത്തിന്റെ ദീപനാളത്തിനു മങ്ങലേറ്റില്ല.
1895 ല്‍ തൃശൂരിന്റെ വികാരി അപ്പസ്‌തോലിക ബിഷപ് ഡോ. അഡോള്‍ഫ് മെഡ്‌ലിക്കോട് ഇടവകയില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശനസഭ (കൊമ്പ്രിയ) സ്ഥാപിച്ചതോടെ, ദേവാലയത്തിന്റെയും ഇടവകയുടെയും പുരോഗതി ത്വരിതഗതിയിലാക്കി. ഇതിലൊന്നായിരുന്നു പള്ളിയുടെ തെക്കുഭാഗത്തായിരുന്ന സെമിത്തേരി വടക്കുഭാഗത്തേയ്ക്ക് മാറ്റിയത്. 1918 ല്‍ മേല്‍ക്കൂരയോടു കൂടിയ സെമിത്തേരി നിര്‍മിക്കപ്പെട്ടു. പതിറ്റാണ്ടുകളായി ദേവാലയത്തിന്റെ നടപ്പുര ഓലകെട്ടി മേഞ്ഞിരുന്ന രീതിക്ക് 1917ല്‍ മാറ്റം വന്നു. വികാരിയായിരുന്ന പോള്‍ ആലപ്പാട്ടച്ചന്റെ നേതൃത്വത്തില്‍ ഓടുമേഞ്ഞ നടപ്പുര യാഥാര്‍ഥ്യമായി.
1919 ല്‍ തൃശൂര്‍ രൂപതയുടെ ഇടവകയില്‍ രണ്ടാമത്തേതായി ഇവിടെ സി.എല്‍.സി. സ്ഥാപിക്കപ്പെട്ടു. മടമ്പടി ഗീവര്‍ഗീസച്ചനായിരുന്നു അന്നു വികാരി. 1928 സെപ്റ്റംബര്‍ 8 ന് വികാരി ഫാ.ജോസഫ് കയ്യാലകത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ കപ്പേള നിര്‍മാണം പൂര്‍ത്തിയായി.
1952 മേയ് 18നു വികാരി ഫാ. ജേക്കബ് മഞ്ഞളിയുടെ നേതൃത്വത്തില്‍ പള്ളിയുടെ ശതാബ്ദി ആഘോഷിച്ചു. ജൂബിലി സ്മാരകമായി വത്തിക്കാന്‍ പ്രതിനിധി മോണ്‍. ഡോ. ലെയോ പി. കീര്‍ക്കെല്‍സ് പള്ളിയുടെ പ്രധാന ബലിപീഠത്തെ ‘പാപവിമോചനോപാധികള്‍’ നല്‍കുന്ന സ്വയംവര ബലിപീഠമായി പ്രഖ്യാപിച്ചു.
ഇടവകാംഗങ്ങളുടെ മുഴുവന്‍ പിന്തുണയോടെ നടന്ന വികസന ചുവടുവയ്പുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് നീങ്ങി. 1990 കളിലാണ് മതബോധന ഹാളും ജൂബിലിഹാളും രൂപകൊണ്ടത്. 1996ല്‍ ഫാ. തോമസ് താടിക്കാരന്റെ നേതൃത്വത്തില്‍ പുരാതന ദേവാലയം പൊളിച്ച് നവീന ദേവാലയ നിര്‍മാണം തുടങ്ങി. ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടിലിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിക്കപ്പെട്ടു.
1998 ജനുവരി 28 ന് തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് കുണ്ടുകുളം, ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മം നടത്തി.
നാടിനൊപ്പം നാടിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു ഒന്നര നൂറ്റാണ്ടുകാലം സഫലമായ ക്രൈസ്തവജീവിതയാത്ര നടത്തിയ കഥയാണ് കാട്ടൂര്‍ ഇടവകയുടേത്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാട്ടൂര്‍ ഇടവക ദേവാലയത്തെ നാടിന്റെ സമസ്ത മേഖലകളിലും നിറസാന്നിധ്യമാക്കി നിര്‍ത്തുന്നു.
കാട്ടൂര്‍ പള്ളി സൗജന്യമായി വിട്ടുകൊടുത്ത സ്ഥലത്തുള്ള രജിസ്ട്രാര്‍ ഓഫീസ് സമുച്ചയവും സഞ്ചാര സൗകര്യത്തിനായി വിട്ടുകൊടുത്ത സ്ഥലത്ത് നിര്‍മിച്ച ചര്‍ച്ച് റോഡും നാല് ദശാബ്ദത്തിലേറെക്കാലം ചുരുങ്ങിയ വാടകയ്ക്ക് നിര്‍മിച്ചു നല്‍കിയ പൊലിസ് സ്റ്റേഷന്‍ കെട്ടിടവും മറ്റും നാടിന്റെ പൊതുനന്മയ്ക്കായുള്ള ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക ഇടപെടലുകളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ളവയാണ്.
ആത്മീയ രംഗത്ത് ഉജ്ജ്വലമായ വിശ്വാസ ചൈതന്യത്തിന്റെ തിരിനാളങ്ങളായി നിലകൊള്ളുന്ന കപ്പേളകള്‍, ഹോളി ഫാമിലി കാര്‍മല്‍ ഭവന്‍, പാരലല്‍ കോളജ്, എവുപ്രാസിയ ബിഎഡ് കോളജ്, നഴ്‌സറി അധ്യാപക പരിശീലന കേന്ദ്രം തുടങ്ങിയവ കാട്ടൂര്‍ ഇടവകയുടെ സുദീര്‍ഘമായ യാത്രയിലെ നാഴികക്കല്ലുകളാണ്.
വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിച്ചിട്ടുള്ള വാഴ്ത്തപ്പെട്ട സിസ്റ്റര്‍ എവുപ്രാസിയ കാട്ടൂരിന്റെ പുത്രിയാണ്. സദാ പ്രാര്‍ഥനകൊണ്ട് സുരഭിലമായ ആ അനുഗ്രഹീത ജീവിതത്തിന് നഴ്‌സറിയാവാന്‍ ഭാഗ്യം ലഭിച്ച കാട്ടൂര്‍ ഇടവകയ്ക്ക് ഇനി ലോക കത്തോലിക്കാ ഭൂപടത്തിലും സുപ്രധാനമായ സ്ഥാനമായിരിക്കും.

One Comment

  1. LISSY VINCENT

    June 21, 2014 at 11:29 am

    We are really thankful for Visuvasam Padarnnupanthalicha Bavanam we can study about the Kattoor histry. I am adopted to Kattoor from Cochin.
    Again again thanks for the same.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>