• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

മതബോധനം സുപ്രധാനം

By on June 11, 2014
Jesus Children

സുവിശേഷം വരുംതലമുറയ്ക്ക് കൈമാറുന്ന സഭയുടെ ദൗത്യത്തിന്റെ പ്രധാനതലമാണ് മതബോധനം. നമ്മുടെ രൂപതയില്‍ മതബോധനരംഗം വളരെ സജീവമാണ് എന്നത് സന്തോഷവും സംതൃപ്തിയും നല്‍കുന്ന കാര്യമാണ്. പുതിയ മതബോധന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ഈ ശുഭവേളയില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. സങ്കീര്‍ത്തകന്‍ ഉദ്‌ബോധിപ്പിക്കുന്നു : ”കര്‍ത്താവ് പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രാഭവവും അത്ഭുതകൃത്യങ്ങളും വരുംതലമുറയ്ക്ക് വിവരിച്ചുകൊടുക്കണം” (സങ്കീ. 78:4). പഠനത്തിന്റെയും പരിശീലനത്തിന്റേയും എല്ലാ മേഖലകളിലും അനുഗ്രഹങ്ങളും ആരോഗ്യവും ദൈവം നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു, ആശംസിക്കുന്നു.
മതബോധനം രൂപാന്തരീകരണമാണ്.
മതബോധനം ഒരു പരിശീലനമല്ല. അത് മനുഷ്യനെ രൂപപ്പെടുത്തുന്നതാണ്. എല്ലാം ചിട്ടയായി ചെയ്യിപ്പിക്കുന്നതും ചൊല്ലിപ്പിക്കുന്നതുമല്ല മതബോധനം. ക്രിസ്തുവിന്റെ മനസ്സിലേക്ക് നമ്മെ അനുരൂപപ്പെടുത്തുന്നതാകണം മതബോധനം. വിശ്വാസത്തോടെ ദൈവത്തെ സമീപിക്കുവാനും കാരുണ്യത്തോടെ മനുഷ്യരോടും പ്രകൃതിയോടും പെരുമാറാന്‍ പറ്റുന്നതുമായ ക്രിസ്തുവിന്റെ മനസ്സ് നമ്മില്‍ രൂപപ്പെടുത്തുന്ന പ്രക്രിയയാണിത്.
ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ ഞാന്‍ ഈറ്റു നോവനുഭവിക്കുന്നു (ഗലാ 4:19) എന്നുള്ള പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ എല്ലാ വിഷയങ്ങളും നല്ലതാണ്. എന്നാല്‍ സ്‌കൂള്‍ വിഷയങ്ങളില്‍ ഒന്നായി മതബോധനം കരുതരുത്. പൗലോസ് അപ്പസ്‌തോലന്‍ എഴുതുന്നു : ”എന്റെ കര്‍ത്താവായ യേശു ക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലതും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്” (ഫിലി 3,8). ക്ലാസ്സുകളിലെ അറിവുകള്‍ എത്തി നില്‍ക്കേണ്ടത് ആരാധനയിലാണ്. കിഴക്കുനിന്നു വന്ന ജ്ഞാനികള്‍ അവനെ കുമ്പിട്ട് ആരാധിച്ചു (മത്തായി 2:11).
”ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ചഞ്ചലഹൃദയരും ദൈവത്തോട് അവിശ്വസ്തരുമാകാതെ (സങ്കീ 78:8) പുതിയ തലമുറയെ കരുണയും നന്മയും സ്‌നേഹവുമുള്ളവരായി രൂപപ്പെടുത്തുന്ന മതബോധനം വിലപ്പെട്ട ശുശ്രൂഷയാണ് എന്ന് നമുക്ക് മറക്കാതിരിക്കാം. 12-ാം ക്ലാസോടെ ഇത് അവസാനിക്കുന്നില്ല. ഈ രൂപാന്തരീകരണം നിരന്തര പ്രക്രിയയാണ്. എന്നും നടക്കേണ്ട ദൈവത്തിന്റെ പ്രവര്‍ത്തനം. 12-ാം ക്ലാസു കഴിയുമ്പോള്‍ പള്ളിയില്‍നിന്ന്, കൂദാശകളില്‍ നിന്ന് മാറി നില്‍ക്കരുത്. ക്രിസ്തുവിനാല്‍ രൂപപ്പെടുവാന്‍ എപ്പോഴും സ്വയം സമര്‍പ്പിക്കുക.
മതബോധനത്തിന്റെ സന്തോഷം
‘സുവിശേഷത്തിന്റെ സന്തോഷം’ എന്ന അപ്പസ്‌തോലിക പ്രബോധനത്തിലൂടെ ക്രിസ്തുവിന്റെ കുരിശ് മഹത്വപൂര്‍ണമായി പ്രശോഭിതമാകുന്ന സുവിശേഷം സന്തോഷത്തിന്റെ അനുഭവമായി മാറണമെന്ന് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെടുന്നു.
സുവിശേഷം സന്തോഷദായകമാണ്. മറിയം എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ യോഹന്നാന്‍ മാതാവിന്റെ ഉദരത്തില്‍ ആനന്ദത്താല്‍ കുതിച്ചുചാടി (ലൂക്കാ 1:41). എന്റെ ആത്മാവ് എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നുവെന്ന് (ലൂക്കാ 1:47) മറിയം പ്രഘോഷിക്കുന്നു. യേശുവിന്റെ സന്ദേശം നമുക്ക് ആനന്ദം നല്‍കുന്നു. ഇത് ഞാന്‍ നിങ്ങളോട് പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ് (യോഹ 15:11).
ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ സന്തോഷിച്ചു (യോഹ 20:20). ശ്ലീഹന്മാര്‍ ചെല്ലുന്നിടത്തെല്ലാം വലിയ സന്തോഷമുണ്ടായി (അപ്പ 8:8). അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്നതുപോലെ മതപീഡനത്തില്‍ പോലും അവര്‍ സന്തോഷംകൊണ്ട് നിറഞ്ഞവരായി (അപ്പ 13:52). ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് ജയില്‍ കാവല്‍ക്കാരനും അവന്റെ മുഴുവന്‍ കുടുംബാംഗങ്ങളും അത്യന്തം സന്തോഷിച്ചു (അപ്പ 16:34).
സുവിശേഷം നല്‍കുന്നതാണല്ലോ മതബോധനം. ‘ദൈവം സ്‌നേഹിക്കുന്നു’ എന്ന സുവിശേഷം നമ്മെ രൂപപ്പെടുത്തുന്നു, രൂപാന്തരപ്പെടുത്തുന്നു. സുവിശേഷം സന്തോഷമാണെങ്കില്‍ മതബോധനവും സന്തോഷപ്രദമാകണം. സന്തോഷത്തോടെ കുര്‍ബാനയില്‍ പങ്കുചേരാന്‍, കുടുംബ പ്രാര്‍ഥന നടത്താന്‍, വചനം വായിക്കുവാന്‍, കുമ്പസാരിക്കുവാന്‍, അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കാരുണ്യപ്രവൃത്തികള്‍ ചെയ്യാന്‍, വേദപാഠ ക്ലാസ്സുകളില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കണം.
കൂദാശകളും പ്രാര്‍ഥനകളും, വചന വായനയും വേദപാഠ ക്ലാസുകളും നമ്മെ ഭാരപ്പെടുത്തുന്നവയല്ല. അവ സന്തോഷകരമാണ്. മതബോധനത്തിന്റെ സന്തോഷം നമുക്ക് അനുഭവിക്കാം. പകര്‍ന്നു കൊടുക്കാം.
ഗുരുദര്‍ശനം വിശുദ്ധജീവിതത്തിലൂടെ
നമുക്ക് മുമ്പേ പോയ വിശുദ്ധരില്‍നിന്ന് നമുക്ക് പഠിക്കുവാന്‍ ശ്രമിക്കാം. അവര്‍ തങ്ങളുടെ കാലഘട്ടത്തിലെ പ്രയാസങ്ങള്‍ നേരിട്ടവരാണല്ലോ അതുകൊണ്ട് അവരെ അനുകരിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു (EG 263). ഗുരുദര്‍ശനത്തിനായുള്ള നമ്മുടെ ആഗ്രഹം സഫലമാകുന്നതിന് വ്യത്യസ്തമായ മാര്‍ഗങ്ങള്‍ നമ്മുടെ മുന്‍പില്‍ തുറന്നിട്ടിരിക്കുന്നു. വചനത്തിലൂടെ, വി. ബലിയിലൂടെ, കൂദാശകളിലൂടെ, കൂട്ടായ്മയിലൂടെ, സഭയിലൂടെ, ധാര്‍മ്മിക ജീവിതത്തിലൂടെ ഗുരുദര്‍ശനം സാധ്യമെന്ന് കഴിഞ്ഞ വര്‍ഷം നാം അനുഭവിച്ചറിഞ്ഞു. ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെടുന്നതു പോലെ വിശുദ്ധ ജീവിത മാതൃകകളിലൂടെ, അവരുടെ മാധ്യസ്ഥത്തിലൂടെ ഗുരുവിനെ അനുഭവിക്കുവാന്‍ ഈ മതബോധന വര്‍ഷം പ്രത്യേകമായി നാം ശ്രമിക്കുകയാണ്. വിശുദ്ധ അല്‍ഫോന്‍സയും കേരളത്തില്‍ വന്നിട്ടുള്ളതും നമുക്ക് സുപരിചിതനുമായ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വിശ്വാസ ജീവിതത്തിന്റെ ശൈലികള്‍ നമുക്ക് പറഞ്ഞു തരുന്നു.
നമ്മുടെ രൂപതാംഗമായിരുന്ന എവുപ്രാസ്യമ്മയും സാമൂഹ്യപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ചാവറയച്ചനും സഭയുടെ ഔദ്യോഗിക വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന അവസരം കൂടിയാണിത്. നമ്മുടെ രൂപതയില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ഭാരതത്തിലെ ഇതര വാഴ്ത്തപ്പെട്ടവരായ തേവര്‍പറമ്പില്‍ കുഞ്ഞച്ചനും മദര്‍ തെരേസയും ദേവസഹായം പിള്ളയും നമ്മിലൊരാളായിരുന്നു. നമ്മുടെ രൂപതയില്‍ അജപാലനശുശ്രൂഷ നിര്‍വഹിച്ച വിതയത്തില്‍ ജോസഫച്ചനും രൂപതാംഗമായ കനീസിയൂസച്ചനും അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചനും ആന്റണി തച്ചുപറമ്പിലച്ചനും നമുക്ക് മാതൃകകളാണ്. നമ്മുടെ നാടിന്റെ സാഹചര്യങ്ങളില്‍ ജീവിച്ച ഇവര്‍ എപ്രകാരം ഗുരുദര്‍ശനം സ്വന്തമാക്കിയെന്ന് പഠിക്കുന്നതും മനസിലാക്കുന്നതും അവരുടെ കബറിടങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുന്നതും അവരുടെ മാധ്യസ്ഥം യാചിക്കുന്നതും ഗുരുദര്‍ശനത്തിന് തീര്‍ച്ചയായും നമ്മെ സഹായിക്കും.
ആത്മാവ് നിറഞ്ഞ മതബോധകര്‍
ആത്മാവ് നിറഞ്ഞ മതബോധകര്‍ ധാരാളം പേര്‍ സുവിശേഷ സന്തോഷം നല്‍കാന്‍ ശ്രമിക്കുന്നുവെന്നത് നന്ദിയോടെ ഓര്‍ക്കുന്നു. വിദ്യാഭ്യാസമില്ലെന്ന് കരുതുന്ന പ്രായം ചെന്ന അപ്പാപ്പന്മാരും അമ്മാമമാരുമാണ് ഏറ്റവും ഫലപ്രദമായി വിശ്വാസാനുഭവം പകുത്തുനല്‍കുന്ന മതാധ്യാപകര്‍ എന്ന് അഭിമാനത്തോടെ പറയട്ടെ.
മാതാപിതാക്കളുടെ വലിയ താല്‍പര്യത്തെയും ഞാന്‍ നന്ദിയോടെ അനുസ്മരിക്കുന്നു. വിദ്യാലയങ്ങളില്‍ നന്മയുടെ വഴികള്‍ പറഞ്ഞു കൊടുക്കുന്ന എല്ലാ അധ്യാപകരും മതബോധനത്തില്‍ പങ്കാളികളാകുന്നു.
രക്ഷാകര്‍തൃ സമിതികളും ഇടവകയിലെ കൈക്കാരന്മാരും പ്രതിനിധി യോഗാംഗങ്ങളും വിശ്വാസ പരിശീലനത്തിനു നല്‍കുന്ന സഹകരണത്തിനും പ്രോത്സാഹനത്തിനും നന്ദി.
മക്കളെ രൂപപ്പെടുത്താനുള്ള മാതാപിതാക്കന്മാരുടെ ദൗത്യത്തില്‍ ത്യാഗത്തോടെ പങ്കുചേരുന്ന എല്ലാ മതാധ്യാപകര്‍ക്കും സിസ്റ്റേഴ്‌സിനും ബ്രദേഴ്‌സിനും ദൈവം വരദാനങ്ങള്‍ നല്‍കി ശക്തി പകരട്ടെ എന്ന് ആശംസിക്കുന്നു. ഇടവകയെ ക്രിസ്തുവിലേക്ക് രൂപപ്പെടുത്തുവാന്‍ നേതൃത്വം നല്‍കുന്ന എല്ലാ വൈദികര്‍ക്കും രൂപതയുടെ നന്ദി.
പ്രിയപ്പെട്ടവരേ, മതബോധനം ഒറ്റപ്പെട്ട ഒരു കാര്യമല്ല. കൂട്ടായ പ്രവര്‍ത്തനമാണ്. എല്ലാവരിലും ക്രിസ്തു രൂപപ്പെടുവാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. പ്രാര്‍ഥിക്കാം. എല്ലാവര്‍ക്കും സന്തോഷപ്രദമായ, അനുഗ്രഹദായകമായ ഒരു അധ്യയനവര്‍ഷവും ആത്മീയതയുടെ നിറവുള്ള മതബോധനവര്‍ഷവും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>