• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്താം…

By on June 11, 2014
Children

ജൂണ്‍മാസം 8-ാം തിയതിമുതല്‍ ഈ വര്‍ഷത്തെ മതപഠനക്ലാസുകള്‍ ആരംഭിക്കുകയാണ്. ‘അറിയുന്നതിനെയാണ് സ്‌നേഹിക്കാന്‍ കഴിയുകയെന്ന്’ കേട്ടിട്ടുണ്ടല്ലോ? കൂടുതല്‍ അറിയുമ്പോഴാണ് നമ്മള്‍ ഈശോയെയും സഭയേയും കൂടുതല്‍ സ്‌നേഹിക്കുന്നത്. ഉത്തമസഭാതനയരായി വളരാന്‍ ഈ അധ്യയനവര്‍ഷം നിങ്ങള്‍ക്ക് ഉപകരിക്കട്ടെയെന്ന് ആശംസിക്കുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ ‘കാത്തെക്കേസി ത്രദേന്തേ’യില്‍ മതബോധനം, മതബോധനത്തിന്റെ കേന്ദ്രം, മതാദ്ധ്യാപകന്‍ എന്നിവയെ സംബന്ധിച്ചുള്ള ചെറിയ വിവരണമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
സഭ മതബോധനത്തെ തന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ ഒന്നായി എക്കാലവും കരുതിപോരുന്നു. അതിനു കാരണം ഉത്ഥിതനായ ക്രിസ്തു പിതാവിന്റെ പക്കലേക്ക് ആരോഹണം ചെയ്യുന്നതിനുമുമ്പ് നല്‍കിയ അന്തിമകല്പനയാണ്; ‘എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുകയും താന്‍ കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുക’(മത്താ 28:19-20). ഇതുവഴി അപ്പസ്‌തോലന്‍മാര്‍ കേട്ടതും സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതും സൂക്ഷിച്ച് വീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി (1യോഹ1:1) മനുഷ്യവംശത്തോട് പ്രഘോഷിക്കാനുള്ള ദൗത്യവും അധികാരവും അവിടുന്ന് അവരെ ഏല്‍പ്പിച്ചു. ഈ ദൗത്യം നിറവേറ്റുന്നതിന് അവിടുന്ന് പരിശുദ്ധാത്മാവിനെ അവര്‍ക്കു നല്‍കി.
ക്രിസ്തുവിന്റെ കല്പനയനുസരിച്ച് (മത്താ 28:19-20) സഭ അവളുടെ അംഗങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രേഷിതയത്‌നങ്ങളെ മുഴുവന്‍കൂടി വിളിക്കുന്നതാണ് മതബോധനം. ജനങ്ങളെ ക്രിസ്തുവിനുവേണ്ടി ശിഷ്യപ്പെടുത്തുക, അവിടുത്തെ നാമത്തില്‍ അവര്‍ക്കു ജീവനുണ്ടാകാന്‍ വേണ്ടി യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന വിശ്വാസത്തിലേക്ക് അവരെ നയിക്കുക, ആ ജീവനില്‍ അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക, അങ്ങനെ ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുക – ഇതാണ് മതബോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മതബോധനത്തിന്റെ കേന്ദ്രം നസ്രത്തിലെ യേശുവെന്ന വ്യക്തിയാണ്. ഈ യേശു പിതാവായ ദൈവത്തിന്റെ ഏകജാതനാണ്; ദൈവപുത്രനാണ്. ക്രൈസ്തവജീവിതമെന്നത് ഈ ക്രിസ്തുവിനെ അനുഗമിക്കുന്നതാണ്. മതബോധനം കൊണ്ടുദ്ദേശിക്കുന്നത് ‘ക്രിസ്തു രഹസ്യത്തിന്റെ’ എല്ലാ മാനങ്ങളും പഠിച്ചറിയുക എന്നതാണ്. ദൈവത്തിന്റെ നിത്യമായ പദ്ധതി മുഴുവന്‍ ക്രിസ്തുവാകുന്ന വ്യക്തിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മതബോധനം വഴി സാധിക്കുന്നത്. ക്രിസ്തുവിന്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും അവിടുന്ന് പ്രവര്‍ത്തിച്ച അടയാളങ്ങളുടെയും അര്‍ത്ഥം അന്വേഷിച്ച് അറിയുകയാണ് അതിന്റെ ഉദ്ദേശ്യം.
ക്രിസ്തുതന്നെയാണ് അധ്യാപകനും. മറ്റു അധ്യാപകര്‍ ക്രിസ്തുവിനെ തങ്ങളുടെ അധരങ്ങളിലൂടെ പഠിപ്പിക്കുവാന്‍ അവസരം നല്‍കികൊണ്ട് എത്രമാത്രം അവിടുത്തെ വക്താക്കളായി വര്‍ത്തിക്കുന്നുവോ, അത്രമാത്രമേ മതാധ്യാപനം നിര്‍വ്വഹിക്കുന്നുള്ളൂ. ‘എന്റെ പ്രബോധനം എന്റെ സ്വന്തമല്ല എന്നെ അയച്ചവന്റേതത്രേ’ എന്ന യേശുവിന്റെ ഗഹനമായ വാക്കുകള്‍ മതാധ്യാപകന്‍ തനിക്ക് ചേരുന്നവയാക്കണം. താന്‍ മതബോധനം നല്‍കുന്ന വ്യക്തിയുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും ശ്രദ്ധയും സമ്മതവും തന്നിലേക്കും തന്റെ അഭിപ്രായങ്ങളിലേക്കും മനോഭാവങ്ങളിലേക്കും പിടിച്ചു പറ്റാന്‍ മതാധ്യാപകര്‍ ശ്രമിക്കരുത്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും അഭിരുചികളും ക്രിസ്തുവിന്റെ പ്രബോധനങ്ങളും ജീവിതപാഠങ്ങളും അവതരിപ്പിക്കുകയെന്നമട്ടില്‍ കുട്ടികളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. പൗലോസ്ശ്ലീഹായുടെ മനോഭാവം ഓരോ അധ്യാപകനും സ്വന്തമാക്കണം. ‘കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചത് ഞാന്‍ നിങ്ങളെ ഭാരമേല്‍പ്പിച്ചു’.
ജീവന്റെ പൂര്‍ണ്ണതയിലേക്കുള്ള പാതയിലാണ് നമ്മുടെ യാത്ര. ഈ യാത്രയിലെ വഴിക്കാട്ടികള്‍ മാത്രമാണ് മതാധ്യാപകര്‍. വഴി ഈശോ തന്നെയാണ്. ഈശോയാകുന്ന സത്യമാര്‍ഗ്ഗത്തിലൂടെ നിത്യജീവനിലേക്ക് പ്രവേശിക്കാന്‍ ഈ മതബോധന വര്‍ഷം നിങ്ങള്‍ക്ക് സഹായകമാകട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>