മതബോധനത്തിന് പുതിയ മാതൃകയുമായി വാസുപുരം ഇടവക

By on August 4, 2014
Vasupuram

വാസുപുരം : ക്രൈസ്തവ വിശ്വാസ കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്ന വാസുപുരം സെന്റ് ആന്റണീസ് ദൈവാലയത്തിലെ മതബോധന വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു. 4-ാം ക്ലാസു മുതല്‍ 11-ാം ക്ലാസ് ഉള്‍പ്പെടെയുള്ള മതബോധന വിദ്യാര്‍ഥികള്‍, പള്ളിപരിസരത്ത് നിര്‍മിച്ചിരിക്കുന്ന എട്ട് കൂടാരങ്ങളിലാണ് വിശ്വാസ പരിശീലനം നേടുന്നത്. എട്ടു കൂടാരങ്ങള്‍ക്കും എട്ടു വിശുദ്ധരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഗുരുദര്‍ശനം വിശുദ്ധ ജീവിതങ്ങളിലൂടെ എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഓരോ കൂടാരത്തിനും വിശുദ്ധരുടെ നാമം നല്‍കാന്‍ കാരണം. ഓരോ കൂടാരങ്ങളും ഇടവകയിലെ എട്ട് കുടുംബസമ്മേളന യൂണിറ്റുകളാണ് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. ഓരോ കൂടാരത്തിന്റെയും ഉത്തരവാദിത്തം അതാത് കുടുംബയൂണിറ്റുകളാണ് ഏറ്റെടുത്തിരിക്കുന്നത്. വിശ്വാസ പരിശീലന കേന്ദ്രങ്ങളായ ഈ കൂടാരങ്ങള്‍ക്ക് ചുറ്റും മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടത്തിന്റെ പരിപാലനത്തിനും മറ്റും നേതൃത്വം നല്‍കുന്നത് മതബോധന വിദ്യാര്‍ഥികള്‍ തന്നെയാണ് എന്നതാണ് ഏറെ ആശ്ചര്യം. ‘ഒരു കുട്ടിക്ക് ഒരു വാഴ’ എന്ന പദ്ധതിയും ഇതിനോടനുബന്ധിച്ച് നടന്നു വരുന്നു. ഒരു വിദ്യാര്‍ഥി ഒരു വാഴ വീതം നട്ടു വളര്‍ത്തുന്ന പദ്ധതിയാണിത്. കുട്ടികള്‍ക്ക് പ്രകൃതിയെ സ്‌നേഹിക്കാനും അവരുടെ അധ്വാനഫലം അനുഭവിക്കുവാനും കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തി നേടാനുള്ള ഒരു പ്രോത്സാഹനം കൂടിയാണിത്.
ഞായറാഴ്ച രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് വരുന്നവര്‍ക്കായി അമ്മമാരുടെ നേതൃത്വത്തില്‍ പള്ളി മുറ്റത്ത് പ്രഭാത ഭക്ഷണം ഉള്‍പ്പെടെ ആവശ്യവസ്തുക്കള്‍ ഉള്‍കൊള്ളിച്ച് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി വിശ്വാസി സമൂഹം തമ്മില്‍ സ്‌നേഹാന്വേഷണങ്ങള്‍ നടത്താനും സൗഹൃദം ഊട്ടിയുറപ്പിക്കാനും സഹായകരമാകുമെന്ന് അമ്മമാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>