നഷ്ടപരിഹാരം ലഭിക്കും; പക്ഷേ…

By on August 4, 2014

വാഹനാപകടത്തില്‍ പരുക്കേറ്റ വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂനല്‍. ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഓഫീസറാണ്, ഇതിന്റെ പ്രിസൈഡിങ് ഓഫീസര്‍. പരുക്കിന്റെ സ്വഭാവം, പരുക്കുപറ്റിയ വ്യക്തിയുടെ ജോലി, വയസ്, പരുക്കിന്റെ ആധിക്യംമൂലം പില്‍കാലത്ത് സംഭവിക്കുന്ന ന്യൂനതകള്‍, ചെലവുകള്‍ തുടങ്ങിയവ പരിശോധിച്ചശേഷമാണ് നഷ്ടപരിഹാര തുകയെക്കുറിച്ചുള്ള തീരുമാനത്തില്‍ എത്തുക. അപകടം മൂലമുണ്ടായ ബുദ്ധിമുട്ടുകളും ചെലവുകളും കൃത്യമായി പരുക്കുപറ്റിയ വ്യക്തി ധരിപ്പിക്കണം. ഇക്കാര്യം വ്യക്തമാക്കി പൊലിസ്, ചികിത്സാ രേഖകള്‍ ഹാജരാക്കണം. ഇതു മുന്നില്‍കണ്ട് ചെലവുകളുടെയെല്ലാം രേഖകള്‍ സൂക്ഷിച്ചിരിക്കണം.
ഏതു വാഹനത്തിന്റെ അശ്രദ്ധമൂലമാണോ അപകടം സംഭവിച്ചത് അതിന്റെ ഉടമസ്ഥനും അപകട സമയത്ത് വാഹനമോടിച്ചിരുന്ന ഡ്രൈവറും വാഹനം ഏതു സ്ഥാപനത്തിലാണ് ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത് ആ സ്ഥാപനവുമാണ് നഷ്ടപരിഹാര ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.
വാഹനവും അതിന്റെ ഉടമസ്ഥനും ഡ്രൈവറും നിയമപരമായി അനുസരിക്കേണ്ട സംഗതികള്‍ ചെയ്തിരുന്നുവെന്ന് ട്രൈബ്യൂണലിന് ബോധ്യമായാല്‍ നഷ്ടപരിഹാരത്തുക വാഹനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന കമ്പനിയോട് നല്‍കാന്‍ ഉത്തരവിടും. നിമയപരമായി അനുഷ്ഠിക്കേണ്ട സംഗതികളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ വാഹന ഉടമയും ഡ്രൈവറും കൂടി നല്‍കേണ്ടിവരും. ഇവിടെയാണ് വാഹനകൈമാറ്റം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഗതികളുടെ പ്രസക്തി.
അപടകസമയത്ത് വാഹനത്തിനും ഡ്രൈവര്‍ക്കും നിയമപരമായ രേഖകള്‍ ഇല്ലാത്തപക്ഷം സ്വഭാവികമായും ട്രൈബ്യൂണല്‍ ഉടമസ്ഥനും ഡ്രൈവര്‍ക്കുമെതിരെ വിധിക്കും. ആ സമയത്ത് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ബുക്കില്‍ ആരോണോ ഉടമസ്ഥനായി കാണിച്ചിരിക്കുന്നത് ആ വ്യക്തിയായിരിക്കും ബാധ്യസ്ഥനായി തീരുക.
വാഹനക്കൈമാറ്റം നടത്തുമ്പോള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പേരുമാറ്റി നല്‍കാതെ കൈമാറ്റത്തിനുശേഷവും പഴയ ഉടമസ്ഥന്റെ പേരുതന്നെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിലനില്‍ക്കുകയും ചെയ്താല്‍ പഴയ ഉടമസ്ഥന്, താനല്ല അപകടസമയത്ത് വാഹനത്തിന്റെ ഉടമസ്ഥനെന്നും വാഹനം അപകടത്തിന് മുമ്പ് കൈമാറ്റം ചെയ്തിരുന്നുവെന്നും ട്രൈബ്യൂണല്‍ മുമ്പാകെ തെളിയിക്കുക ബുദ്ധിമുട്ടായിരിക്കും.
വാഹനം
അപകടത്തില്‍പ്പെട്ടാല്‍
വാഹനാപകടത്തില്‍ പരുക്കേറ്റയാളെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോവുകയാണ് ഡ്രൈവറുടെ പ്രധാന കടമ. തുടര്‍ന്ന് ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കണം. തുടര്‍ന്ന് അപടകടത്തില്‍പ്പെട്ട വാഹനത്തിനു ഏത് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നാണോ ഇന്‍ഷൂറന്‍സ് എടുത്തിരിക്കുന്നത് ആ കമ്പനിയെ വിവരം അറിയിക്കുകയാണ് വേണ്ടത്. അപകടം നടന്നശേഷം തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില്‍ നിന്നു ലഭിക്കുന്ന രേഖകള്‍ അനിവാര്യമാണ്.
അപകടമുണ്ടായാല്‍ പൊലിസ് എത്തി ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) രജിസ്റ്റര്‍ ചെയ്യും. അതിനുശേഷം അപകടത്തിന്റെ വസ്തുതകളും വാഹനത്തിന്റെ രേഖകളും പരിശോധിച്ചു ആരുടെ അശ്രദ്ധമൂലമാണോ അപകടമുണ്ടായത് ആ വ്യക്തിയെ പ്രതിയാക്കി കോടതിയില്‍ കുറ്റാരോപണപത്രം സമര്‍പ്പിക്കും.
എഫ്.ഐ.ആറില്‍ പൊലിസിനു അപകടത്തെക്കുറിച്ചു ആദ്യമായി വിവരം നല്‍കിയയാളുടെ മൊഴി, ദൃക്‌സാക്ഷികളുടെ മൊഴി, പരുക്കേറ്റവരുടെ മൊഴി, സംഭവസ്ഥലത്തെ മഹസ്സര്‍, അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ സ്ഥിതി വിവരിക്കുന്ന റിപ്പോര്‍ട്ട്, പരുക്കേറ്റ വ്യക്തിയുടെ പരുക്കിന്റെ വിവരങ്ങളടങ്ങുന്ന സര്‍ട്ടിഫിക്കറ്റ്, കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തിക്കെതിരെ അപ്രകാരമുള്ള നിഗമനത്തിലെത്തിച്ചേരാനുള്ള കാരണങ്ങള്‍ കാണിക്കുന്ന റിപ്പോര്‍ട്ട് തുടങ്ങിയവ ഉണ്ടായിരിക്കണം.
ക്രിമിനല്‍ ശിക്ഷാനടപടികള്‍ ഒഴികെ അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവര്‍ക്കും ഉടമസ്ഥനും അപകടത്തെ സംബന്ധിച്ചുള്ള തുടര്‍ നിയമ നടപടികളില്‍ തുല്യബാധ്യതയാണുള്ളത്. ബന്ധപ്പെട്ട വാഹനത്തിന്റെ എല്ലാ രേഖകളും പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഹാജരാക്കികൊടുക്കണം. ഇതില്‍ വീഴ്ചവരുത്തുകയോ, സൂക്ഷിക്കേണ്ട രേഖകള്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഡ്രൈവറും ഉടമസ്ഥനും ശിക്ഷാനടപടികള്‍ക്ക് വിധേയരായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>