• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

പരിവര്‍ത്തന ആഹ്വാനമായി നോമ്പിന്റെ പുണ്യദിനങ്ങള്‍

By on January 31, 2015
Nombu

നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും കാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ചാക്കുടുത്ത് ചാരം പൂശി ദൈവത്തിന്റെ കഠിനശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ നിനവെയിലെ രാജാവും ജനങ്ങളും തയ്യാറായതുപോലെ നാമും ജീവിത നവീകരണത്തിനായി ഇന്നു മുതല്‍ 50 ദിവസങ്ങള്‍ നോമ്പ് ആചരിക്കുകയാണ്. ഈ നോമ്പാചരണം ഫലമണിയണമെങ്കില്‍ സമൂലമായ ഹൃദയപരിവര്‍ത്തനം നമ്മില്‍ ഉണ്ടാകണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ഉപാധികളാകണം നാം അനുഷ്ഠിക്കുന്ന മാംസവര്‍ജജ്ജനവും നോമ്പാചരണവും. ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ നമുക്ക് പ്രചോദനമാണ് ”ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും ചെയ്യുന്നതല്ലെ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവന രഹിതരെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലെ അത്”. (ഏശയ്യ 58:6-8).
യേശുക്രിസ്തുവിന്റെ പീഢാസഹന-മരണ-ഉത്ഥാന അനുസ്മരണത്തിന്റെ ഒരുക്കമായി ഏഴ് ആഴ്ചകള്‍ സജീവമായ പ്രാര്‍ത്ഥനയുടെയും ആത്മാര്‍ത്ഥമായ പരിത്യാഗത്തിന്റെയും അര്‍ഥമുള്ള ദാനധര്‍മ്മത്തിന്റെയും വഴിയിലൂടെ നാം സഞ്ചരിക്കുന്നു.
പ്രാര്‍ത്ഥനയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ദൈവവുമായി ദൃഢമായ ബന്ധം സ്ഥാപിക്കുവാന്‍ പ്രത്യേകമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയം കൂടിയാണ് നോമ്പുകാലം. മലമുകളിലും മരുഭൂമിയിലും തടാകതീരങ്ങളിലും താഴ്‌വരയിലും ദൈവത്തെ പൂര്‍വ്വപിതാക്കന്മാരും പ്രവാചകരും ക്രിസ്തുവും ശ്ലീഹന്മാരും കണ്ടെത്തിയതുപോലെ ഈ നോമ്പുകാലഘട്ടത്തില്‍ പ്രാര്‍ത്ഥനയിലൂടെയും തിരുവചനമനനത്തിലൂടെയും ദൈവത്തെ കണ്ടുമുട്ടുവാന്‍ നമുക്ക് പരിശ്രമിക്കും.
പാപത്തെയും പാപസാഹചര്യങ്ങളെയും ഒഴിവാക്കി നല്ല ജീവിതം ക്രമപ്പെടുത്തുന്നതിന് ഏറ്റവും സുഗമമായ വഴിയാണ് ഉപവാസമെന്ന് തിരുവചനവും സഭയുടെ വിശുദ്ധമായ ചരിത്രവും പാരമ്പര്യങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തന്റെ പരസ്യജീവിതത്തിനൊരുക്കമായി നാല്പതു ദിവസം ഈശോ മരുഭൂമിയില്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. ശാരീരികമായ പ്രവണതകളെയും ആഗ്രഹങ്ങളെയും അതിജീവിച്ച് ആത്മീയമായ പ്രചോദനം ഉള്‍ക്കൊള്ളുവാന്‍ ഉപവാസം സഹായിക്കുമെന്ന് സഭാപിതാക്കന്മാര്‍ ജീവിതത്തിലൂടെ കാണിച്ചു തന്നിട്ടുണ്ട്. ഇഷ്ടങ്ങളെ ത്യജിച്ച് കര്‍ത്താവിന്റെ സന്നിധിയില്‍ ആയിരിക്കുവാനും അതുവഴി കൂടുതല്‍ ദൈവാനുഭവത്തിലേക്ക് പ്രവേശിക്കുവാനും ഉപവാസം, നോമ്പ്, പ്രായശ്ചിത്ത പ്രവൃത്തികള്‍ എന്നിവയില്‍ കൂടുതല്‍ താല്പര്യപൂര്‍വ്വം നമുക്ക് പങ്കെടുക്കാം.
യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയും തീവ്രമായ ഉപവാസവും നമ്മെ ദാനധര്‍മ്മങ്ങളിലേക്കും നന്മ പ്രവൃത്തികളിലേക്കും നയിക്കണം. ”നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിന് പ്രീതികരമാണ്” (ഹെബ്രാ 13:17) എന്ന തിരുവചനം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കട്ടെ. പഴയ കാലങ്ങളില്‍ മോശ നല്‍കുന്ന കല്പനകളില്‍ ഒന്നാണ് ദശാംശം നല്‍കല്‍ (സംഖ്യ 18:21-24). നമുക്കുള്ളതിന്റെ ദശാംശം ഇല്ലാത്തവരുമായി പങ്കുവയ്ക്കുമ്പോഴാണ് ക്രൈസ്തവചൈതന്യം നമുക്ക് പ്രകടമാക്കുവാന്‍ കഴിയുന്നത്. ആദിമ ക്രൈസ്തവസമൂഹത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല (അപ്പ. 4:34). കാരണം ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു. നമുക്കും പങ്കുവയ്ക്കുന്നതില്‍ തീക്ഷ്ണതയുള്ളവരാകാം പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മ്മത്തിന്റെയും പുണ്യവഴികളിലൂടെ നടന്ന് ഈ നോമ്പ്കാലം ഏറ്റവും ആത്മാര്‍ത്ഥമായി നമുക്ക് പ്രയോജനപ്പെടുത്താം. വിഭൂതി ദിനത്തില്‍ നെറ്റിയില്‍ കുരിശടയാളം വരച്ച് നാം ആരംഭിക്കുന്ന നോമ്പ് ജീവിതം ഏറെ അനുഗ്രഹദായകമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>