ജീവിത യാത്രയില്‍ ദൈവകരം പിടിച്ച്

By on March 7, 2015
Alone

ജീവിത യാത്രയില്‍ ദൈവകരം പിടിച്ച്
എല്ലാ കാലവും കൂടെയുണ്ടായിരിക്കാം എന്ന ഉറപ്പാണ് ക്രിസ്തു ഭൂമിക്കു നല്‍കിയ ഏറ്റവും വലിയ സാന്ത്വനം. ക്രിസ്തുവിന്റെ അവസാനത്തെ മൊഴിയായിട്ടാണ് വിശുദ്ധ മത്തായി അത് രേഖപ്പെടുത്തിയിട്ടുള്ളത്. ഞാന്‍ സത്യം തന്നെയെന്ന് പറഞ്ഞ ഒരാളതു പറയുമ്പോള്‍ അതൊരു ഭംഗിവാക്കാകാനിടയില്ല. ഈ ചെറിയ ജീവിതത്തില്‍ സഹയാത്രികനായി ദൈവം ഉണ്ട് എന്നതില്‍ കവിഞ്ഞ് വേറെ എന്തു സാന്ത്വനാണ് നമുക്കു വേണ്ടത്.
എന്നും കൂടെയുണ്ടായിരിക്കാം എന്ന വാഗ്ദാനത്തിലൂടെ ക്രിസ്തു എന്താണര്‍ഥമാക്കിയത്? നമുക്കു സങ്കല്‍പ്പിക്കാവുന്നതിലധികം അവിടുന്ന് നമ്മോടൊത്ത് ഉണ്ട്. എങ്ങനെ വാക്കിലൊതുക്കും എന്നറിഞ്ഞുകൂടാ. ആരോ പാടുന്നതുപോലെ ‘കൂടെ നടക്കുന്നു പകലില്‍ കൂട്ടിനിരിക്കുന്നു ഇരുളില്‍’… എങ്കിലും ഒരനുബന്ധ ചിന്തകൂടി ഇതിനുണ്ട്. ദൈവം കൂടെയായിരുന്നതു കൊണ്ടു മാത്രമായില്ല. നമ്മള്‍ ദൈവത്തിന്റെ കൂടെയാണെന്ന അവബോധം കൂടി ഉണ്ടെങ്കിലേ ഈ സാന്നിധ്യത്തിന്റെ സാന്ത്വനം നമുക്കനുഭവിക്കാനാവൂ.
ഓര്‍ത്തു നോക്കിയാല്‍ ഉല്‍പത്തി മുതലേ ദൈവം മനുഷ്യനെ പഠിപ്പിക്കാന്‍ ശ്രമിച്ച കാര്യമായിരുന്നു അത്. പറുദീസായിലെ സായാഹ്നങ്ങളില്‍ ദൈവം മനുഷ്യനോടൊത്ത് നടക്കാനിറങ്ങിയ കഥകളാണല്ലോ ഉല്‍പത്തിയുടെ വിവരണങ്ങളില്‍ നാം വായിക്കുന്നത്. എന്നാല്‍, ആദ്യത്തെ ആ ഇടര്‍ച്ചയോടു കൂടി, ദൈവത്തിനും മനുഷ്യനുമിടയില്‍ ഒരു വിടവുണ്ടാകുകയാണ്. ദൈവം പിന്നെയും പിന്നെയും മനുഷ്യനെ സമീപിക്കുന്നുണ്ട്. ഇസ്രായേലിന്റെ ചരിത്രംപോലും ദൈവം മനുഷ്യനോടൊത്ത് നടത്തിയ യാത്രാവിവരണമാണല്ലോ. അവിടെ കുറെയധികം പേര്‍ ദൈവത്തോടുള്ള ഗാഢമായ സൗഹൃദത്തില്‍ കഴിയുന്നവരാണ്. അബ്രാഹമാണ് അവരുടെ മുന്‍നിരയില്‍. അദ്ദേഹത്തിന്റെ വിശ്വസ്തത കണ്ടിട്ട് അബ്രാഹത്തില്‍ നിന്നും ഒന്നും മറച്ചു പിടിക്കാന്‍ പോലും ദൈവത്തിന് കഴിയുന്നില്ല. സോദോം ഗോമോറായെക്കുറിച്ച് ദൈവം ഒരു തീരുമാനമെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ‘ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം അവനില്‍ നിന്നും മറച്ചുവയ്ക്കണമോ’ എന്നാണ് ദൈവം ആത്മഗതം ചെയ്യുന്നത്. മോശയിലേക്കെത്തുമ്പോള്‍ ആ സൗഹൃദത്തിന് കുറെകൂടി ആഴമേറുന്നു. സ്‌നേഹിതനോടെന്നപോലെ ദൈവം മോശയോട് മുഖാമുഖം സംസാരിച്ചിരുന്നു എന്നാണ് ബൈബിള്‍ അവര്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നത്. പിന്നെ, പ്രവാചകര്‍… അവരൊക്കെ ദൈവത്തോട് ഗാഢമായ സൗഹൃദം പുലര്‍ത്തിയവരും അവിടുത്തെ സ്‌നേഹവും കരുതലും എത്ര വലുതെന്ന് ജനത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചവരുമായിരുന്നു. ദൈവം മനുഷ്യന്റെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധാലുവാണെന്ന് ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞത് ഒരു പക്ഷെ, ദാവിദായിരിക്കണം. ആരുമറിയാതെ അയാള്‍ ചെയ്‌തൊപരാധം നാഥാന്‍ പ്രവാചകനിലൂടെ ദൈവം വെളിപ്പെടുത്തിയപ്പോഴായിരിക്കണം ദാവീദ് അത് തിരിച്ചറിഞ്ഞത്. ആ ദാവീദ് പിന്നീട്, ജീവിതത്തിലുടനീളം താനനുഭവിച്ച അവിടുത്തെ കരുതലും സംരക്ഷണവുമൊക്കെ ഓര്‍മിച്ചാണ്. 139-ാം സങ്കീര്‍ത്തനം രചിച്ചത്. ഇങ്ങനെയാണ് ആ സങ്കീര്‍ത്തനം ആരംഭിക്കുന്നത് : ”ദൈവമേ അവിടുന്നെന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്നറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന അകലെനിന്ന് മനസ്സിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്ക് നന്നായിറിയാം. ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുമ്പുതന്നെ കര്‍ത്താവേ, അത് അവിടുന്നറിയുന്നു. മുമ്പിലും പിമ്പിലും അവിടെന്നെനിക്ക് കാവല്‍ നില്‍ക്കുന്നു…’ അങ്ങനെപോകുന്നു ആ സങ്കീര്‍ത്തനം. സങ്കീര്‍ത്തനങ്ങളെല്ലാം ദൈവത്തോടുള്ള ഗാഢമായ ബന്ധത്തില്‍ നിന്ന് രൂപം കൊണ്ടവയാണ്. അതുകൊണ്ടുതന്നെയാണ് അവയില്‍ അവിടത്തോടുള്ള പരിഭവവും വിശ്വാസവും സ്‌നേഹവുമൊക്കെ ഇടകലര്‍ന്ന് കിടക്കുന്നത്.
ക്രിസ്തുവാണല്ലോ ദൈവത്തിന്റെ വെളിപാടിന്റെ പൂര്‍ണ്ണത. ദൈവവും മനുഷ്യനും തമ്മിലുണ്ടായിരിക്കേണ്ട ബന്ധം എങ്ങനെയായിരിക്കണമെന്ന് അവിടുത്തെ ജീവിതം ഓര്‍മിപ്പിച്ചു തന്നു. ‘എന്റെ അബ്ബാ’ എന്നു വിളിക്കാന്‍ മാത്രം അത്ര വ്യക്തിപരവും ആഴമേറിയതുമായ ബന്ധം ക്രിസ്തുവിന് ദൈവത്തോടുണ്ടായിരുന്നു. ഓര്‍ക്കണം, അക്കാലത്ത് കുഞ്ഞുങ്ങള്‍ കൊഞ്ചലോടെ അപ്പനെ വിളിച്ചിരുന്ന വാക്കാണത്.
ക്രിസ്തുവിന്റെ അടിസ്ഥാനപരമായ വിചാരമായിരുന്നു തന്റെ പിതാവ് എപ്പോഴും കൂടെയുണ്ട് എന്നുള്ളത്. നിരന്തരം തന്നോട് ഏറ്റുമുട്ടാന്‍ വന്നവരെയൊക്കെ അവന്‍ അത് പറഞ്ഞുകൊണ്ടാണ് നേരിടുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ അതിന്റെ ദീര്‍ഘമായ വിവരണങ്ങള്‍ കാണാം. പ്രത്യേകിച്ച് എട്ടാം അധ്യായത്തില്‍.
സദാ കൂടെ നടക്കുന്ന അപ്പനാണ് ദൈവമെന്ന വെളിച്ചം കിട്ടിയാല്‍ ഏതു പ്രതിസന്ധിയെയാണ് നമുക്ക് നേരിടാനാകാത്തത്. തെല്ല് ശ്രദ്ധയും ഏകാഗ്രതയും ധ്യാനവുമൊക്കെയുണ്ടെങ്കില്‍ ആര്‍ക്കുമാ വെളിച്ചം ലഭിക്കും. പലപ്പോഴും പറയുന്നതു പോലെ ഒരു ഡിസ്പ്ലയ്‌സ്‌പെന്റായി മാറുന്നതു കൊണ്ടാണ് നമ്മളിങ്ങനെ എങ്ങുമെത്താത്തത്. ഗൗരവമേറിയ കാര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ട് മനസ് കണ്ടെത്തുന്ന ചില എളുപ്പവഴികളാണത്.
കടുത്ത ഏകാന്തത നേരിടാന്‍ ചിലയാളുകള്‍ ബഹളം വയ്ക്കുന്നതുപോലെ. ദൈവത്തോട് മുഖാമുഖം ഏകാന്തതയില്‍ നമ്മളെത്തന്നെ നിര്‍ത്തുന്നതിന് ധൈര്യമില്ലാത്തതുകൊണ്ട് പ്രാര്‍ഥനയുടെ ആരവങ്ങളില്‍ നമ്മള്‍ നമ്മെത്തന്നെ ആഴ്ത്തുകയാണ്. അതിനിടയില്‍ എങ്ങനെ നമുക്ക് നമ്മത്തന്നെയോ ഉള്ളിലുള്ള ആ ചൈതന്യത്തെയോ കാണാന്‍ കഴിയും.
ഒരാള്‍ തന്നെതന്നെ കാണുകയെന്നാല്‍ തന്നിലുള്ള ദൈവാംശത്തെ കണ്ടെത്തുക എന്നു തന്നെയാണര്‍ഥം. അയാള്‍ക്കു മാത്രമേ നിരന്തരം കൂടെയുള്ള ആ ചൈതന്യത്തെക്കുറിച്ചുള്ള അവബോധമുണ്ടാകൂ. അങ്ങനെയുള്ളവരുടെ ജീവിതം മാത്രമാണ് പ്രാര്‍ഥനയുടെ ഒരനുബന്ധമായി മാറുന്നത്.
ദൈവമാണ് അയാളുടെ അടിസ്ഥാന വിചാരം. അയാള്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകാം. വീട്ടിലും വയലിലും ഓഫീസിലും വഴിയിലുമൊക്കെ. പക്ഷേ, അയാളുടെ മനസ് ദൈവത്തിലാണ് നങ്കൂരമുറപ്പിച്ചിരിക്കുന്നത്. നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യുന്നതിനിടയിലും ഒരമ്മയുടെ അടിസ്ഥാന വിചാരം കുഞ്ഞും ഒരു പ്രണയിയുടേത് പ്രിയപ്പെട്ടയാളും ആയിരിക്കുന്നതു പോലെ. തന്റെ ഉള്ളില്‍ കണ്ട ദൈവത്തെയാണ് തനിക്കു ചുറ്റിനും അയാള്‍ കാണുന്നത്. പിന്നെ കാണുന്നവയൊക്കെ അയാളോട് ദൈവത്തെക്കുറിച്ചു പറയും. അങ്ങനെയാണ് ഒരാളുടെ ജീവിതം പ്രാര്‍ഥനയായി മാറുന്നത്.
എപ്പോഴും കൂടെയുണ്ടായിരിക്കാം എന്ന് ക്രിസ്തു ഉറപ്പു നല്‍കുമ്പോള്‍ ജീവിതം എപ്പോഴും ഒരുപോലെയായിരിക്കുമെന്ന് അവിടുന്ന ഉറപ്പുനല്‍കുന്നില്ലെന്നു കൂടി നമ്മളോര്‍ക്കണം.
സങ്കടവും സന്തോഷവും ദുരന്തവും രോഗവുമൊക്കെയായി ഒരുപാട് ഋതുഭേദങ്ങളിലൂടെ ജീവിതം കടന്നു പോകേണ്ടതുണ്ട്. അപ്പോഴൊക്കെ നമ്മുടെ ഈ ചെറിയ പ്രാണനു കൂട്ടായി ദൈവമുണ്ടെന്ന അറിവു തന്നെയാണ് നമ്മളെ അതിജീവനത്തിനു സഹായിക്കാന്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>