• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

പ്രാര്‍ഥന കരുത്താകുമ്പോള്‍ തളര്‍ച്ചകള്‍ കൃപകളാകും…

By on May 2, 2015
Prekasaresmi

”നിരാശയായിരുന്നു എനിക്കെപ്പോഴും, എനിക്ക് എന്നോട് തന്നെ ഇഷ്ടമുണ്ടായിരുന്നില്ല… പൊതു പരിപാടികള്‍ക്ക് പോകാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നു. വീല്‍ചെയറില്‍ കൗതുക വസ്തുവായി മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ ഭേദം ആളൊഴിഞ്ഞ മുറിയില്‍ തനിയെ ഇരിക്കാനായിരുന്നു, ധ്യാനം കൂടുന്നതുവരെ എനിക്ക് കൊതി” ജിനി കുര്യന്റെ വാക്കുകള്‍. ചിരിക്കാന്‍ പോലും കഴിയാതിരുന്ന ജിനിയെ ഇന്നു കാണുന്നവര്‍ പറയും : ‘ഏവരെയും ആകര്‍ഷിക്കുന്ന പ്രസരിപ്പ്, ശാലീന സുന്ദരമായ മുഖം. ഹൃദ്യവും ശാന്തവുമായ പെരുമാറ്റം, സ്വപ്‌നങ്ങള്‍ നിറയുന്ന വിടര്‍ന്ന കണ്ണുകള്‍… ചൈതന്യമൊഴുകുന്ന പുഞ്ചിരി. അകത്തും പുറത്തും അഴകൊരുക്കുന്ന ദൈവത്തിന്റെ അത്ഭുത കൂട്ടുകള്‍ അപാരം തന്നെ!
‘കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍ നിന്നു മറഞ്ഞിരിക്കുകയില്ല…’ എന്ന വചനമാണ് ജനനം മുതല്‍ തളര്‍ന്നുപോയ ജിനിയെ ജീവിതത്തിന്റെ ഊര്‍ജസ്വലതയിലേക്ക് തിരികെയെത്തിച്ചത്. ചിറയത്ത് മുണ്ടന്‍മാണി കുര്യന്‍ – ത്രേസ്യ മകള്‍ ജിനിയ്ക്ക് ചെറുപ്പം മുതല്‍ കൈക്കാലുകളുടെ മസ്സിലുകള്‍ക്ക് കരുത്തുണ്ടായില്ല. നടക്കാനോ, തിരിഞ്ഞുമറിയാനോ, കൈകള്‍ക്കൊണ്ടെന്തെങ്കിലും ചെയ്യാനോ, ഇഴയാന്‍ പോലുമോ പറ്റാത്ത അവസ്ഥ. ചികിത്സകള്‍ക്കായി കൊണ്ടുചെല്ലാത്ത ഇടങ്ങളില്ല. ആയുര്‍വേദവും അലോപതിയും മാറിമാറി പരീക്ഷിച്ചു. അഞ്ചുമക്കളില്‍ ഇളയവളായ തങ്കകുടത്തിനെ വിധിക്കു വിട്ടുകൊടുക്കാതെ ജീവിതത്തിന്റെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള പരിശ്രമങ്ങളെല്ലാം പതുക്കെപതുക്കെ പരാജയപ്പെട്ടുകൊണ്ടിരുന്നു.
തോല്‍ക്കാന്‍ മനസില്ലാത്തവരെ വിജയിപ്പിക്കാതിരിക്കാന്‍ കാലവും ചിലപ്പോള്‍ കരുനീക്കങ്ങള്‍ നടത്തുമത്രേ. മുട്ടിലിഴയാനോ, തിരിഞ്ഞുമറിയാനോ കഴിയാത്ത ഒമ്പതു വയസുകാരിയെ അപ്പനെ ഏല്‍പിച്ച് അമ്മ 1996ല്‍ സ്വര്‍ഗത്തിലേക്ക് യാത്രയായി. കുളിപ്പിച്ച്, ഊട്ടി, ഉറക്കി കരുതലും കാവലുമായി അപ്പച്ചന്‍ പിന്നെ നാലുവര്‍ഷം ജിനിയോടൊപ്പം; ഡ്രൈവിങ്ങ് ജോലി വരെ ഉപേക്ഷിച്ച്. 2001ല്‍ മൂത്ത ഏട്ടന്‍ (തനിക്ക് ദൈവമെന്ന് ജിനി) വിവാഹം കഴിച്ചു, റിനി എന്ന ഏട്ടത്തിയെ, ‘ചേച്ചിയാണ് എന്റെ അമ്മ, അമ്മ യാത്രയായി നാലുവര്‍ഷത്തിനു ശേഷം എന്റെ ജീവിതത്തിലൊരിക്കലും സങ്കടമനുഭവിക്കേണ്ടി വന്നിട്ടില്ല. കുറവുകളറിയാതെ എന്നെ ഞാനാക്കി നിറുത്തുന്നത് എന്റെ ഏട്ടനും ഏട്ടത്തിയുമാണ്’.
”മോളേ, മാതാവ് അരികെ നില്‍ക്കുന്നുണ്ട്. ഈശോയ്ക്ക് സഹിക്കാന്‍ കഴിയാതെ പോയ ഒരു സഹനമാണിത്. മോള് കരയുമ്പോള്‍ ഈശോ ശരിക്കും കരയുകയാണ്. ഈശോ മറിയം ഔസേപ്പ് കൂടെയുണ്ട്” ധ്യാനഗുരുവിന്റെ വാക്കുകള്‍. ദൈവം ജീവിതത്തില്‍ ഇടപെടുന്നത് പലതലത്തിലാണ്. 2009ല്‍ ധ്യാനം കൂടുന്നതുവരെ പാട്ടും പുസ്തകവായനയും ടിവിയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി പെട്ടെന്നു മാറി. പ്രാര്‍ഥനയും ബൈബിള്‍ വായനയും ജീവിതത്തിന്റെ കരുത്തായി മാറി. ”ഒരുപാട് പേര്‍ക്ക് വേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാര്‍ഥിക്കാനും ദൈവവചനം കൂടുതല്‍ തീക്ഷ്ണതയോടെ പഠിക്കാനും ആഴമേറിയ ദൈവാനുഭവം തിരിച്ചറിയാനും എനിക്കായത് ധ്യാനത്തിനു ശേഷമാണ്” ജിനി പറയുന്നു.
ഇന്ന് മക്കളില്ലാത്ത ദമ്പതികള്‍ക്ക്, തളര്‍ന്ന് കിടക്കുന്നവര്‍ക്ക്, കഠിന പാപികള്‍ക്ക്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക്, സന്യസ്ഥര്‍ക്ക് എല്ലാം വേണ്ടി നിരന്തര പ്രാര്‍ഥനയാണ്. നിയോഗങ്ങള്‍ സമര്‍പ്പിച്ച് തുടര്‍ച്ചയായി ജപമാലകളും. രണ്ടു മണിക്കൂര്‍ വചനം വായിക്കും. അഖില കേരള ലോഗോസ് ക്വിസില്‍ രൂപതാ തലത്തില്‍ 9-ാം റാങ്ക് നേടാനായത് വചനത്തിന്റെ അനുഗ്രഹമാണെന്ന് ജിനിക്കുറപ്പുണ്ട്. എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന ഈ മിടുക്കികുട്ടി മരുന്നു കഴിക്കുമ്പോള്‍ നടത്തുന്ന പ്രാര്‍ഥന ”ദിവ്യവൈദ്യനും ഔഷധവുമായ ഈശോയെ എന്നില്‍ വന്നു നിറയണമേ” എന്നാണ്.
ഒറ്റപ്പെട്ട് തകര്‍ന്നടിയാന്‍ ദൈവം ആരെയും വിധിക്ക് വിടാറില്ല; തന്റെ ജീവിതത്തില്‍ തനിക്കായി പ്രാര്‍ഥനയും സഹനങ്ങളും ഏറ്റുവാങ്ങുന്നവര്‍ നിരവധിയാണെന്ന് ജിനി വ്യക്തമാക്കുന്നു. ടെനിചേച്ചിയും ജിജിചേട്ടനും ജോസേട്ടനും ആന്‍സി ചേച്ചിയും ജോണിച്ചേട്ടനും ബ്ലെസിചേച്ചിയും എപ്പോഴും കൂട്ടുള്ള ടിജിന്‍ മോനും ദൈവരൂപമായി അരികിലെത്തിയ മരിയന്‍ ക്ലിനിക്കിലെ ഡോര്‍ഫി ഡോക്ടറും ഒരുപാട് സുഹൃത്തുകളും ജീവിതത്തെ സുന്ദരമാക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്.
ലഭിക്കാത്തതിനെ കുറിച്ച് പരാതിപ്പെടാതെ ലഭിച്ചതിനെകുറിച്ച് നന്ദിപറയുന്നതാണ് ദൈവകൃപ എന്ന് വിശ്വസിക്കുമ്പോഴും വര്‍ഷങ്ങളായി കൊണ്ടു നടക്കുന്ന ചില പ്രാര്‍ഥനകള്‍ നേടിയെടുക്കണമെന്നാഗ്രഹം ജിനി മറച്ചുവയ്ക്കുന്നില്ല. വിവാഹം കഴിഞ്ഞ് പതിനാല് വര്‍ഷമെത്തിയ മൂത്ത ഏട്ടനും ഏട്ടത്തിക്കും, ആറു വര്‍ഷമെത്തിയ രണ്ടാമത്തെ ഏട്ടനും ഏട്ടത്തിക്കും കുട്ടികളില്ലാത്ത സങ്കടം ജിനിക്കുണ്ട്. ഒരിക്കല്‍ സ്വപ്‌നത്തില്‍ ഒരു സ്ത്രീ വന്ന് ജിനിയോട് പറഞ്ഞു ”ഉടനെ പ്രസവിക്കും, ആണ്‍കുഞ്ഞിനെ” സ്വപ്‌നത്തില്‍ നിന്നുണര്‍ന്നത് ഏറ്റവും ഇളയ ഏട്ടത്തി ഗര്‍ഭിണിയാണെന്ന വാര്‍ത്ത പറയാന്‍ വിളിച്ചിണര്‍ത്തിയപ്പോള്‍. ജിനിക്ക് വിശ്വസിക്കാനായില്ല! സെപ്റ്റംബര്‍ 8ന് കുഞ്ഞ് ജനിച്ചപ്പോള്‍ സ്വപ്‌നം സഫലമായതിന്റെ അത്ഭുതത്തിലായിരുന്നു. ഒപ്പം ഇനിയും അത്തരം സ്വപ്‌നങ്ങള്‍ക്ക് ശേഷം മൂത്ത ജ്യേഷ്ഠത്തിമാര്‍ തന്നരികില്‍ വന്ന് ഇത്തരം സന്തോഷവാര്‍ത്തകള്‍ അറിയിക്കട്ടെ എന്ന ആഗ്രഹവുമുണ്ട്. ”ആകാശത്തോളം ആശിക്കാന്‍ കുഴപ്പമില്ലല്ലോ. മുട്ടിവിളിച്ചാല്‍ അവന് വാതില്‍ തുറക്കാതിരിക്കാനാവില്ല” ജിനിക്കുറപ്പുണ്ട്. പ്രാര്‍ഥനയില്‍ കൂടുതല്‍ വളരണം. സഹനം പ്രാര്‍ഥനയായതിനാല്‍ സങ്കടങ്ങളില്ലാതെ സഹിക്കാനാകണം. വചനമേറെ പഠിക്കണം. ദൈവമാഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കണം. നിറഞ്ഞ സംതൃപ്തിയോടെ ജിനി പറയുമ്പോള്‍ നമ്മള്‍ പറയും : ‘താങ്ങാനുള്ളവന്‍ കൂടെയുള്ളപ്പോള്‍ തകര്‍ച്ചകളെല്ലാം വരങ്ങളാണ്; തളര്‍ച്ചകളെല്ലാം കൃപകളാണ്’.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>