• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

പണമുണ്ടായിട്ടെന്താ, മനസ്സ് വേണ്ടേ?

By on May 4, 2015
Sakshygopuram

‘എത്ര പണം വേണമെങ്കിലും തരാം. അമ്മ എവിടേയ്‌ക്കെങ്കിലും പോയ്‌ക്കൊ… എന്റെ ജോലി, ഭാര്യയുടെ ജോലി, മക്കളുടെ പഠനം… ലീവ് കഴിഞ്ഞ് പോകാറായി… എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്…?’ അവധികഴിഞ്ഞ് പോകാനൊരുങ്ങുന്ന മകന്റെ വാക്കുകള്‍.
ക്രൂരമായ ചോദ്യമാണിത്. അതിലേക്ക് നയിക്കുന്ന ന്യായങ്ങളോ, അതിനേക്കാള്‍ ക്രൂരം. ഇങ്ങനെയൊക്കെ മക്കള്‍, മാതാപിതാക്കളോട് പറയുമോ? നൊന്തു പ്രസവിച്ച അമ്മയോട് ഇത്ര ക്രൂരമായി പറയാന്‍ ഒരു മകനൊ മകള്‍ക്കൊ കഴിയുമോ?
സത്യത്തിന്റെ മുഖം ഭീകരമാണെന്നും പരുപരുത്തതാണെന്നും വെറുതെ പറയുന്നതല്ല. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു വൃദ്ധസദനം സന്ദര്‍ശിക്കുക. അവിടെ നിങ്ങള്‍ കാണും, മൂകമായി, ചിന്തയില്‍ മുഴുകിയിരിക്കുന്ന ഒരമ്മയെ. ചുളിവീണ കണ്‍തടങ്ങളില്‍ ഇനി ഒഴുകാന്‍ കണ്ണീരില്ല. ആ അമ്മമനസ്സിലെ തീനാളങ്ങള്‍ ഒരിക്കലും കത്തിയമരുന്നില്ല.
തങ്ങള്‍ സ്വന്തം മക്കള്‍ക്കു പോലും ഭാരമായി മാറിയല്ലോ എന്നോര്‍ത്ത് നീറി നീറിത്തീരാന്‍ വിധിക്കപ്പെട്ട സ്ത്രീജന്മങ്ങളെ സ്വീകരിക്കാന്‍ പക്ഷേ, നമ്മുടെ സമൂഹത്തില്‍ ചിലരുണ്ട്. അനാഥത്വത്തിന്റെ വേദനയും നൊമ്പരവും മറന്ന് ജീവിത സായാഹ്നത്തില്‍ ആശ്വാസം കണ്ടെത്താന്‍ സഹായിക്കുന്ന ഒട്ടേറെ സ്‌നേഹത്തണലുകളുണ്ട്. കടന്നുവരിക, ആളൂരില്‍ നിന്നു കൊടകരയിലുള്ള സംസ്ഥാനപാതയില്‍ അല്‍പം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്നു ‘സായൂജ്യ’ – വയോധികര്‍ക്കുള്ള ഭവനം. ഫ്രാന്‍സില്‍ ഫാ. ജോണ്‍ ക്രിസോസ്റ്റം, മദര്‍ മേരി ക്രിസോസ്റ്റം എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മേരി ഓഫ് ദ ഏഞ്ചല്‍സ് സന്യാസിനീ സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കരസ്പര്‍ശം ഇവിടെ കാണാം.
കേരളത്തില്‍ കണ്ണൂര്‍, എരുമേലി എന്നിവിടങ്ങളിലാണ് സഭയുടെ മറ്റു രണ്ടു ഭവനങ്ങള്‍. ആളൂര്‍ ഉള്‍പ്പെടെ മൂന്നിടത്തും സഭയിലേക്കുള്ള ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് മുഖ്യദൗത്യം. ദിവ്യകാരുണ്യനാഥനെ ആരാധിക്കുകയെന്നത് സഭയുടെ പ്രത്യേക മുഖമുദ്ര. എന്നാല്‍ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ സേവന മേഖലകളിലേക്കും സിസ്റ്റേഴ്‌സ് കടന്നു ചെല്ലുന്നു.
ഈ ദര്‍ശനത്തോടെയാണ് 2003ല്‍ ആളൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച മഠത്തോടനുബന്ധിച്ചു ‘സായൂജ്യ’യുടെ തുടക്കം. 2004ലാണ് വയോധികര്‍ക്കായുള്ള ഈ കേന്ദ്രം ആരംഭിച്ചത്. ജാതിമതഭേദമന്യെ ആര്‍ക്കും അഭയം നല്‍കുന്ന ഇവിടെ അകലെ നിന്നും അടുത്തു നിന്നുമുള്ള വയോധികരായ സ്ത്രീകളാണെത്തുന്നത്. അവരുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുമായി ഫീസും ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ താരതമ്യേന നിര്‍ധന കുടുംബത്തില്‍പ്പെട്ടവരായവര്‍ക്ക് സാമ്പത്തിക ഇളവുകളും നല്‍കുന്നുണ്ടെന്ന് സുപ്പീരിയര്‍ സിസ്റ്റര്‍ റോഷ്‌നി, സഹപ്രവര്‍ത്തകരായ സിസ്റ്റര്‍ സുനിത, സിസ്റ്റര്‍ ഷീല എന്നിവര്‍ പറയുന്നു.
മിക്കവാറും എല്ലാവരും അറുപതു വയസുകഴിഞ്ഞവരാണ് ഇവിടെയുള്ളത്. പലരും മാനസികമായും ശാരീരികമായും പലവിധ അവശതകളും പരിമിതികളുമുള്ളവര്‍. എന്നാല്‍ ഈ അവശതകളേക്കാള്‍ അവര്‍ നേരിടുന്ന അനാഥത്വമാണ് ഇവരെ തളര്‍ത്തുന്നതെന്ന് സിസ്റ്റര്‍ റോഷ്‌നി. സമ്പത്തും വീടും മക്കളും എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തതിന്റെ ഏകാന്തതയും തിരസ്‌കരണവുമാണ് ഇവരെ കാര്‍ന്നു തിന്നുന്ന ദുഃഖം.
‘സായൂജ്യ’ ഉള്ളവര്‍ക്കിടയിലെ ഈ പരിത്യക്തരെ ഉന്നംവച്ചാണ് പ്രവര്‍ത്തിക്കുന്നത്. പണം കൊടുത്താലും കിട്ടാത്ത സ്‌നേഹവും കരുതലും പരിചരണവും നല്‍കി അവരെ സന്തോഷത്തിലും സംതൃപ്തിയിലും നയിക്കാനുള്ള നിയോഗമാണ് ‘സായൂജ്യ’യുടേത്.
ചിട്ടയായ ജീവിതക്രമവും ഒരുമിച്ചുള്ള ജീവിതവും അനുഭവങ്ങളുടെ പങ്കുവയ്ക്കലുകളുമൊക്കെ അവര്‍ക്ക് ആശ്വാസം പകരുന്ന ഘടകങ്ങളാണ്. സിസ്റ്റേഴ്‌സിന്റെ ഇടപെടലുകളും സാന്ത്വന വാക്കുകളും പരിചരണവും തങ്ങള്‍ക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടുന്ന അനുഭവമായി അവര്‍ കാണുന്നു.
ക്രൈസ്തവര്‍ മാത്രമല്ല, ഹൈന്ദവസഹോദരിമാരും ഇവിടെയുണ്ട്. അവരൊക്കെ തങ്ങളുടെ വേദനകളും സങ്കടങ്ങളും മക്കളെപ്പറ്റിയുള്ള കൊച്ചുകൊച്ചു പരാതികളും സിസ്റ്റേഴ്‌സിനോട് പങ്കുവയ്ക്കുന്നു. പെയ്‌തൊഴിഞ്ഞ കാര്‍മേഘം മനസില്‍ നിന്ന് നീങ്ങിക്കഴിയുമ്പോള്‍, അവരുടെ മുഖത്തു വിരിയുന്ന ചെറുമന്ദഹാസം മറക്കാനാവാത്ത അനുഭവമാണെന്ന് സിസ്റ്റേഴ്‌സ് പറയുന്നു.
ഇടയ്ക്കിടെ അന്തേവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ജീസ്സസ് യൂത്ത് യുവതീയുവാക്കളും മറ്റു വിദ്യാര്‍ഥികളും ഇവിടെ എത്തുന്നു. അതുപോലെ തൊട്ടടുത്തുള്ള സഹൃദയ കോളജിലെ വിദ്യാര്‍ഥികളും. അവരുടെ കളിചിരിയിലും കലാപരിപാടികളിലും സാന്ത്വന വാക്കുകളിലും ‘സായൂജ്യ’യിലെ അമ്മമാര്‍ സ്വയം മറന്നിരിക്കും.
സ്ഥല പരിമിതിയാണ് കൂടുതല്‍ പേരെ ഇവിടെ പ്രവേശിപ്പിക്കാന്‍ ഇതുവരെ തടസ്സമായിരുന്നത്. ഇപ്പോള്‍ പുതിയ കെട്ടിടം യാഥാര്‍ഥ്യമായതോടെ, കൂടുതല്‍ പേര്‍ക്കായി ‘സായൂജ്യ’യുടെ വാതിലുകള്‍ തുറന്നിടും. പണംകൊണ്ട് മൂല്യമളക്കാനാവാത്ത ഈ സ്‌നേഹതീരത്തെ സാന്ത്വനവും പരിചരണവും യേശുവിന്റെ കരുണാദ്രമായ സാന്നിധ്യമാണ് ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഫോണ്‍ : 8547182894, 0480 – 2729870

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>