• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ചൈനീസ് യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്തു; ഇനി പള്ളിയില്‍ വിവാഹിതരാവാന്‍…

By on May 4, 2015
Madhuram Kudumbam

ഞാന്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നു. ചൈനയില്‍
പൗരത്വമുള്ള കത്തോലിക്കാ വിശ്വാസിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ പ്രത്യേക സാഹചര്യംമൂലം ഞാന്‍ ആ പെണ്‍കുട്ടിയെ ഇന്ത്യന്‍ നിയമപ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇനി ദൈവാലയത്തില്‍ വച്ചു വിവാഹം നടത്തണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
- ബേബി, കൊന്നക്കുഴി
ചൈനയില്‍ പൗരത്വമുള്ള കത്തോലിക്കാ വിശ്വാസിയായ പെണ്‍കുട്ടിയെ താങ്കള്‍ ‘പ്രത്യേക സാഹചര്യത്തില്‍’ രജിസ്റ്റര്‍ വിവാഹം ചെയ്തു. കത്തോലിക്കാചാര പ്രകാരം വിവാഹം കഴിക്കുന്നതിനു മുമ്പ് ഇങ്ങനെ രജിസ്റ്റര്‍ വിവാഹം ചെയ്തത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധവും ഉതപ്പിനു കാരണമായ പ്രവൃത്തിയുമാണ്.
അതിനാല്‍ താങ്കളുടെ രൂപതാധ്യക്ഷന്റെ അനുവാദത്തോടെ മാത്രമേ വേണ്ട പരിഹാരം ചെയ്തുകൊണ്ട് കത്തോലിക്കാചാര പ്രകാരം ദൈവാലയത്തില്‍ വച്ചു വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളൂ. വധു ചൈനീസ് പൗരത്വമുള്ള വ്യക്തിയാണെന്ന് താങ്കള്‍ പറയുന്നുണ്ട്. ചൈനയില്‍ 12 ദശലക്ഷം കത്തോലിക്കര്‍ ഉണ്ടെന്ന് പറയുന്നുവെങ്കിലും കത്തോലിക്കാ മതം അവിടത്തെ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. മാത്രമല്ല മക്കാവൂ, ഹോങ്കോങ്ങ് തുടങ്ങിയ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് വത്തിക്കാന്‍ അംഗീകരിച്ചിട്ടുള്ള മെത്രാന്മാരുള്ളത്. അവരുടെ കീഴിലുള്ള കത്തോലിക്കാ സമൂഹത്തില്‍പ്പെട്ടതാണോ ആ യുവതിയെന്ന് അറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം യുവതിയെ വിശ്വാസപ്രഖ്യാപനം നടത്തി കത്തോലിക്കാ സഭയിലെ അംഗമാക്കേണ്ടതുണ്ട്.
സ്വതന്ത്രമായ മനസ്സോടും പൂര്‍ണമായ സമ്മതത്തോടും കൂടി കത്തോലിക്കാസഭയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ തിരുസഭ നല്‍കുന്ന മിശ്രവിവാഹത്തിന്റെ ആനുകൂല്യം നടപ്പിലാക്കാം. ആ സാഹചര്യത്തില്‍ കത്തോലിക്കാ കക്ഷിയായ താങ്കള്‍ മരണംവരെ താങ്കളുടെ വിശ്വാസം കാത്തുസംരക്ഷിക്കാമെന്നും താങ്കള്‍ക്കുണ്ടാകുന്ന മക്കളെ മാമ്മോദീസ നല്‍കി കത്തോലിക്കാശിക്ഷണത്തില്‍ വളര്‍ത്താമെന്നും വാഗ്ദാനം ചെയ്യണം.
അകത്തോലിക്ക കക്ഷിക്ക് താങ്കള്‍ നടത്തിയ വാഗ്ദാനത്തെക്കുറിച്ച് അറിവുണ്ടായിരിക്കുകയും അതു ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. രണ്ടുപേരും കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള വിവാഹത്തിന്റെ ലക്ഷ്യങ്ങളെ അവഗണിക്കാന്‍ പാടില്ല. മറ്റു ചില പ്രായോഗിക കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
താങ്കള്‍ ഇപ്പോള്‍ സ്ഥിരമായോ താല്‍ക്കാലികമായോ താമസിക്കുന്ന സ്ഥലത്തെ (അമേരിക്ക) കത്തോലിക്കാ വികാരിയില്‍ നിന്ന് ആവശ്യമായ രേഖകള്‍ കൊണ്ടുവരണം. വധുവിന്റെ ഭാഷ ചൈനീസ് ആണല്ലോ? അവര്‍ ചൈനയില്‍ വച്ചു സ്വീകരിച്ചിരിക്കുന്ന കൂദാശകളുടെ രേഖകള്‍, പേര് വിവരങ്ങള്‍ എന്നിവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് അറ്റസ്റ്റ് ചെയ്തത് അവിടത്തെ വികാരിയച്ചന്റെ ഒപ്പോടും മുദ്രയോടും കൂടെ താങ്കളുടെ നാട്ടിലെ ഇടവക വികാരിയച്ചനു സമര്‍പ്പിക്കണം. വിവാഹത്തിനൊരുക്കമായ കോഴ്‌സില്‍ ഇരുവരും പങ്കുചേരണം. ഒപ്പം ഓരോ രൂപതയിലും രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ക്രമീകരണങ്ങളും അനുശാസനങ്ങളും കൃത്യമായി പാലിക്കണം.
മിശ്രവിവാഹത്തിന്റെ നിയമമനുസരിച്ച് വിവാഹം നടത്തണമെങ്കില്‍ തിരുസഭയുടെ നിയമങ്ങളും സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമങ്ങളും ഓരോ രൂപതയിലെയും പ്രത്യേക നിയമാവലിയുമനുസരിച്ചുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഇരിങ്ങാലക്കുട രൂപതയില്‍ മിശ്രവിവാഹം, മതവ്യത്യാസത്തിലുള്ള വിവാഹം തുടങ്ങിയവയ്ക്ക് രൂപതാധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള രൂപതയുടെ സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനു നിശ്ചിത ഫോമിലുള്ള അപേക്ഷ നല്‍കണം.
ഇതിനൊപ്പം കക്ഷികളെയും സാക്ഷികളെയും ശ്രവിക്കുന്ന രീതിയും കൗണ്‍സലിങ്ങ് സെഷനുകളും ഉണ്ട്. ട്രിബ്യൂണല്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മാത്രമേ രൂപതാധ്യക്ഷന്‍ വിവാഹങ്ങള്‍ക്ക് അനുവാദം നല്‍കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>