• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

അണുപ്പടയെ പമ്പ കടത്താം; ശുചിത്വവും ഭക്ഷണവും പ്രതിരോധം

By on May 4, 2015
Food

ഏപ്രില്‍ – മേയ് മാസങ്ങള്‍ കടുത്ത ചൂടും ചിലപ്പോഴൊക്കെ മഴയുമുള്ള കാലമാണ്. കുട്ടികള്‍ പരീക്ഷകള്‍ കഴിഞ്ഞ് അവധിക്കാലം ആസ്വദിക്കുന്ന സമയം. ഇക്കാലത്താണ് ചിക്കന്‍പോക്‌സ്, മുണ്ടിനീര്, അഞ്ചാപനി, ചുമ, കഫക്കെട്ട്, അലര്‍ജി തുടങ്ങിയവയുടെ വരവും.
കൂട്ടികാരില്‍ നിന്നു പകര്‍ന്നുകിട്ടുന്ന പലവിധ രോഗാണുക്കളുമായി കുഞ്ഞുങ്ങള്‍ കളിസ്ഥലത്തുനിന്നു ഓടിയെത്തുമ്പോള്‍ പ്രതിവിധികള്‍ കണ്ടെത്തേണ്ടത് അമ്മമാരാണ്.
കുഞ്ഞുങ്ങളില്‍ സൗഹൃദവും പങ്കുവയ്ക്കലും തോറ്റുകൊടുക്കലും ടീം സ്പിരിറ്റും മറ്റും നിറയ്ക്കുന്നതോടൊപ്പം ആരോഗ്യവും പകരുന്നുണ്ട് അവധിക്കാല വിനോദങ്ങള്‍. അതിനാല്‍ വിനോദങ്ങളില്‍ നിന്നു കുഞ്ഞുങ്ങളെ അകറ്റി നിര്‍ത്താന്‍ പാടില്ല. അന്തരീക്ഷത്തിലെ ഈര്‍പ്പവും രോഗാണുക്കളെ വഹിക്കുന്ന കാറ്റും എവിടെയായലും നമ്മെ ബാധിക്കും. മാത്രമല്ല, മുറിക്കുള്ളില്‍ ചടഞ്ഞു കൂടുന്ന കുഞ്ഞുങ്ങള്‍ക്ക് മാനസികാരോഗ്യവും ശാരീരികാരോഗ്യവും താരതമ്യേന കുറവായിരിക്കും. അതിനാല്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകളെടുക്കുകയും പ്രതിവിധികള്‍ കണ്ടെത്തുകയുമാണ് അമ്മമാര്‍ക്ക് ചെയ്യാവുന്നത്.
വേനല്‍ക്കാല രോഗങ്ങള്‍ പകരുന്നതു കൂടുതലായും വായുവിലൂടെയാണ്. കഫത്തിലൂടെയോ തുമ്മലിലൂടെയോ ഉമിനീരിലൂടെയോ അണുക്കള്‍ പുറത്ത് കടക്കുന്നു. വായുവിലൂടെ സഞ്ചരിച്ച് അവ മറ്റുള്ളവരിലെത്തുന്നു. അന്തരീക്ഷത്തിലെ പൊടിയിലും കളിസ്ഥലത്തെ പൊടിമണ്ണിലും രോഗാണുക്കളുണ്ടാകാം. ഇവ കൈക്കാലുകളിലാണ് ആദ്യം എത്തിച്ചേരുക. അതിനാല്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം : കളിസ്ഥലത്തു നിന്നു വന്ന കുഞ്ഞുങ്ങളെ വീടിനകത്തു കയറുന്നതിനു മുമ്പ് കൈകാലുകള്‍ വൃത്തിയായി കഴുകാന്‍ പ്രേരിപ്പിക്കണം. വിയര്‍പ്പ് ഒതുങ്ങുമ്പോഴേ കുളിക്കാവൂ. കുഞ്ഞുങ്ങളുടെ നഖം ചതുരാകൃതിയില്‍ വെട്ടുക. കൈത്തുവാലകള്‍ യഥാസമയം മാറ്റാനും ഉപയോഗിച്ചവ കഴുകി ഉണക്കി സൂക്ഷിക്കുന്നതിനും പരിശീലിപ്പിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വല്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുക. കഫം തുപ്പുന്നത് പൊതുസ്ഥലത്തായിരിക്കരുത്. പുറത്തുപോകുമ്പോള്‍ ഉപയോഗിച്ച ചെരിപ്പുകള്‍ വീടിനു പുറത്ത് സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യുക. മലമൂത്ര വിസര്‍ജനത്തിന് എപ്പോഴും അവര്‍ ടോയ്‌ലറ്റ് ഉപയോഗിക്കട്ടെ. പ്രാഥമികാവശ്യങ്ങള്‍ക്കുശേഷം കൈകള്‍ കഴുകണം.
നിരത്തുകളില്‍ നിന്നു തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വാങ്ങികഴിക്കരുത്. ശീതളപാനീയങ്ങള്‍ വാങ്ങിക്കടിക്കുമ്പോള്‍ ശുദ്ധ ജലമാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. വെയിലില്‍ നിന്നു കയറിവരുമ്പോള്‍ തന്നെ തണുത്തവെള്ളം, ഫ്രിഡ്ജിലെ തണുത്ത ഭക്ഷണസാധനങ്ങള്‍, ഐസ് ക്രീം എന്നിവ കഴിയ്ക്കരുത്. ടോണ്‍സലൈറ്റിസ് തുടങ്ങിയവയ്ക്ക് ഇത് കാരണമാകാം. യാത്ര ചെയ്തു വരികയാണെങ്കില്‍ മുഖവും കൈകളും കാലുകളും വൃത്തിയായി കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ.
വേനല്‍ക്കാല വിനോദയാത്രകളില്‍ പുറത്തുനിന്നു ഭക്ഷണം കഴിക്കേണ്ടി വരും. ഏതു ഭക്ഷണം കഴിക്കുമ്പോഴും ശുചിത്വത്തെപ്പറ്റി ജാഗ്രത വേണം. വേനല്‍ക്കാലത്ത് രോഗങ്ങളെക്കുറിച്ച് മാത്രമല്ല ആരോഗ്യകരമായ ഭക്ഷണ രീതിയെക്കുറിച്ചും ശ്രദ്ധ വേണം. ആഘോഷങ്ങളുടെ സമയമാണ് അവധിക്കാലം.
കുട്ടികള്‍ വിവിധ കോഴ്‌സുകള്‍, സെമിനാറുകള്‍, വാര്‍ഷികാഘോഷങ്ങള്‍, മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അവിടെ ലഭിച്ചേക്കാവുന്ന ഭക്ഷണത്തെപ്പറ്റി അവരോ കുട്ടികളോ ചിന്തിക്കാറില്ല. ശുചിത്വവും ആരോഗ്യകരമായവുമായ ഭക്ഷണത്തിന്റെ അഭാവം രോഗാണുക്കളെ ക്ഷണിച്ചുവരുത്തും.
സ്വീകരിക്കേണ്ട
ഭക്ഷണ ശീലങ്ങള്‍
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. വേനലിന്റെ ചൂടില്‍ ശരീരത്തില്‍ നിന്നു ധാരാളം ഊര്‍ജം നഷ്ടപ്പെടുന്നുണ്ട്. വേലല്‍ക്കാല പ്രഭാതങ്ങളില്‍ നാം തളര്‍ന്നുറങ്ങുന്നതിനുള്ള കാരണം ഇതാണ്. മാത്രമല്ല, ഒരു ദിവസത്തേക്കുള്ള ഊര്‍ജം സമ്പാദിക്കുന്ന പവര്‍ ഹൗസാണ് പ്രഭാത ഭക്ഷണം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ് അഥവാ അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉത്തമം. ശീതളപാനീയങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഐസ്‌ക്രീമുകള്‍ എന്നിവയ്ക്കു പകരം വേനല്‍ക്കാലത്ത് ധാരാളം പഴവര്‍ഗങ്ങള്‍ ഉപയോഗിക്കുക. വിറ്റാമിനുകള്‍, മൂലകങ്ങള്‍ എന്നിവ ധാരാളമുണ്ട് പഴങ്ങളില്‍. ചെറിപ്പഴങ്ങള്‍, ബെറികള്‍ എന്നിവ ഗുണപ്രദവുമാണ്. വേനല്‍ക്കാലത്ത് ചര്‍മത്തിന്റെ തിളക്കം നഷ്ടപ്പെടുകയും തലമുടി കൊഴിയുകയും ചെയ്‌തേക്കാം. ഇതു തടയുന്നതിനും ധാരാളം പഴങ്ങള്‍ കഴിയ്ക്കുന്നത് ഉത്തമം. ജ്യൂസുകളും ഉപയോഗിക്കാം. മുടി കൊഴിച്ചില്‍ തടയുന്നതിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ നാരുകള്‍ മുടിയുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നു. വിറ്റാമിന്‍ ബി-5, ബി-8, ഫോളിക് ആസിഡ്, സിങ്ക് എന്നിവയ്ക്കും മുടിയുടെ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്.
വിനോദങ്ങളിലും കളികളിലും ഏര്‍പ്പെടുമ്പോള്‍ ‘മസില്‍പ്പിടിത്തം’ സാധാരണമാണ്. പേശികളുടെ അമിതമായ ഉപയോഗമോ വേണ്ടത്ര വെള്ളം കുടിക്കാത്തതോ ആകാം കാരണം. സോഡിയം, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുമ്പോഴും ‘മസില്‍പിടിത്തം’ ഉണ്ടാകാം. ഇലക്‌ട്രോലൈറ്റ്‌സ് ധാരാളമടങ്ങിയ ഏത്തപ്പഴം, മുതിര, ഇലക്കറികള്‍, മറ്റു പഴങ്ങള്‍, ജ്യൂസുകള്‍ എന്നിവ ഉപയോഗിക്കുന്നതു ‘മസില്‍പിടിത്തം’ തടയാം.
വേനല്‍ചൂടില്‍ കളികളിലും മറ്റും ഏര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നു. ജലാംശം അമിതമായി നഷ്ടപ്പെടുന്നത് തലവേദന, തലക്കറക്കം, ഓക്കാനം, മൂത്രാശയരോഗങ്ങള്‍ എന്നിവയിലേയ്ക്കും നയിക്കാം. അതിനാല്‍ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നതില്‍ ഒരു കുറവും വരുത്തരുത്.
കടല്‍ മത്സ്യങ്ങള്‍ വേനല്‍ക്കാല ഭക്ഷണത്തിന്റെ ഭാഗമാക്കുക. വരണ്ടുണങ്ങുന്ന ചര്‍മത്തിന് വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ മാംസം, പയറുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്, ഫ്രൂട്ട് ജ്യൂസുകള്‍ എന്നിവ നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും. വെജിറ്റബിള്‍ സാലഡുകള്‍, ഫ്രൂട്ട് സാലഡുകള്‍ തുടങ്ങിയവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേനല്‍ക്കാലത്ത് ഉത്തമമാണ്. സ്‌ട്രോബറി, ചെറി, പ്ലം, മാമ്പഴം, ചക്കപ്പഴം തുടങ്ങിയവ ഉപയോഗിക്കുക.
മറ്റു കാര്യങ്ങള്‍
വേണ്ടത്ര ഉറക്കം, വിശ്രമം എന്നിവ അത്യാവശ്യം. അധികസമയം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുമ്പില്‍ ചെലവഴിച്ചു വൈകി ഉറങ്ങുന്നതും വൈകി ഉണരുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ചിലര്‍ക്ക് പൊണ്ണത്തടിയിലേയ്ക്ക് നയിക്കും. ടിവി പരിപാടികള്‍ കാണുമ്പോള്‍ പോഷകങ്ങള്‍ വളരെ കുറവുള്ള ചിപ്‌സ് മുതലായവയുമായി സമയം ചെലവഴിക്കുന്നതും അനാരോഗ്യകരമാണ്. അതുപോലെ വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ കുട്ടികളില്‍ വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ ബാധിക്കും. അതു അമിത വിശപ്പിലേക്കു അതുവഴി പൊണ്ണത്തടിയിലേയ്ക്കു നയിക്കും.
അമിതമായി മധുരവും ഉപ്പും മസാലകളും ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കണം. പകല്‍ സമയങ്ങളില്‍ വിനോദങ്ങളിലോ ഉപകാരപ്ദമായ അധ്വാനങ്ങളിലോ കുട്ടികളെ ഏര്‍പ്പെടുത്തുന്നത് ഉചിതമാണ്. വീട്ടിലെ പാചക ജോലികളില്‍ കുട്ടികളെ പങ്കുചേര്‍ക്കുക. സ്വയം പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ ആസ്വദിച്ച് ഭക്ഷിക്കും. മാത്രമല്ല, പാചകം പഠിക്കുന്നതിന് ഇതു വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>