സ്വര്‍ണനിക്ഷേപം മിന്നുന്ന പദ്ധതികളൊക്കെ പൊന്നല്ല

By on May 4, 2015
Ecomony

പണ്ടു മുതലേ സ്വര്‍ണം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. വിവാഹമായാലും ജന്മദിനമായാലും മറ്റു ഏതു വിശേഷാവസരമായാലും സ്വര്‍ണം അവിഭാജ്യ ഘടകമാണ്. വിവാഹത്തിന് മകളെ പൊന്ന് കൊണ്ട് മൂടാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് മലയാളികളില്‍ കൂടുതലും. സ്വര്‍ണവില എത്ര കൂടിയാലും ഈ ഭ്രമം ഒരിക്കലും കുറയുകയില്ല എന്നതാണ് വാസ്തവം. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് സ്വര്‍ണവിലയില്‍ വന്ന അതിശയിപ്പിക്കുന്ന മാറ്റം, സ്വര്‍ണത്തെ നിക്ഷേപം എന്ന നിലയിലും മലയാളി കണ്ടു തുടങ്ങി. തന്മൂലം സ്വര്‍ണത്തിന്റെ ആവശ്യകത പതിന്മടങ്ങായ വര്‍ധിച്ചു. ഇന്ന് ഒരു സാധാരണക്കാരന്റെ നിക്ഷേപത്തിന്റെ ഏറിയ പങ്കും സ്വര്‍ണത്തിലാണ്. വിവാഹം മുതലുള്ള ആവശ്യങ്ങള്‍ക്ക് പുറമേ, മാസം തോറും കുറച്ചു സ്വര്‍ണം വാങ്ങി സ്വരൂപീക്കുന്നവരും ഇന്ന് കുറവല്ല. സ്വര്‍ണത്തിന്റെ വില കൂടുന്നത് അനുസരിച്ച് ഇങ്ങനെ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടി വരികയാണ്. മറ്റു ആസ്തികള്‍ മൊത്തം വിറ്റു ആ പണം സ്വര്‍ണത്തില്‍ നിക്ഷേപിച്ചവരും നിരവധി. ഇത്തരക്കാരെ സ്വര്‍ണത്തിന്റെ വിലയില്‍ വരുന്ന വര്‍ധന ഒട്ടും തന്നെ ബാധിക്കുന്നില്ല.
എന്നാല്‍ മാസംതോറും അല്‍പ്പാല്‍പ്പം സ്വര്‍ണം വാങ്ങി സ്വരൂപിച്ചു കൊണ്ടിരുന്ന സാധാരണക്കാരെ ഈ വില വര്‍ധന കാര്യമായി ബാധിച്ചു. ഏതാനും വര്‍ഷം മുമ്പു വരെ മാസം തോറും ഒരു പവനോ മറ്റോ വാങ്ങിയിരുന്നവര്‍ക്ക് ഇന്ന് അതേ പണം കൊണ്ട് ഒരു തരി പൊന്നു പോലും വാങ്ങാന്‍ കഴിയില്ല.
അതുമൂലം പലരും സ്വര്‍ണം വാങ്ങുന്ന ശീലം നിര്‍ത്തി. എന്നാല്‍ ഇത്തരം സാധാരണക്കാരെ സ്വര്‍ണ നിക്ഷേപത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ പല ജ്വല്ലറികളും പല തരത്തിലുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്, ആഭരണങ്ങള്‍ക്ക് പുറമേ ഗോള്‍ഡ് കോയിന്‍, ബിസ്‌ക്കറ്റ് തുടങ്ങിയവയും ഇന്ന് പ്രചാരത്തിലുണ്ട്. മാത്രമല്ല പരമ്പരാഗത സ്വര്‍ണത്തില്‍ നിന്ന് വ്യത്യസ്തമായി ഇ-ഗോള്‍ഡ്, ഗോള്‍ഡ് ബോണ്ടസ് തുടങ്ങി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്.
സ്വര്‍ണം ഒരു ആകര്‍ഷക നിക്ഷേപ മാര്‍ഗമോ?
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് അതിശയകരമായ വര്‍ധന സ്വര്‍ണവിലയില്‍ വന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പവന് 5000 രൂപ എന്ന നിലയില്‍ നിന്ന് 29000 രൂപ എന്ന നിലയിലേക്ക് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഈ കാലയളവിലെ ഒട്ടുമിക്ക വര്‍ഷങ്ങളിലും സ്വര്‍ണം മറ്റേതു നിക്ഷേപത്തേക്കാളും ഉയര്‍ന്ന റിട്ടേണ്‍ അഥവാ ആദായം നല്‍കി. ചില വര്‍ഷങ്ങളില്‍ 40 ശതമാനത്തേക്കാള്‍ കൂടുതല്‍ വളര്‍ച്ച സ്വര്‍ണം നേടിയിട്ടുണ്ട്. ഈ കാലയളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്കും സ്വര്‍ണം കയ്യില്‍ ഉണ്ടായിരുന്നവര്‍ക്കും ഭീമമായ ലാഭം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സമീപ കാലത്ത് ഇനി ഇത്തരം വര്‍ധന പ്രതീക്ഷിക്കാനാവില്ല എന്നാണ് സൂചനകള്‍. മാത്രമല്ല, ഇപ്പോഴുള്ള സ്വര്‍ണവില ശാശ്വതമല്ല എന്ന അഭിപ്രായവും സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്വര്‍ണവിലയിലുണ്ടായ വളര്‍ച്ച സ്വാഭാവിക വളര്‍ച്ച അല്ലെന്നു അഭിപ്രായപ്പെടുന്നവരും കുറവല്ല. ഈ കാലയളവില്‍ 6-7 വര്‍ഷങ്ങള്‍ മാറ്റി നിറുത്തിയാല്‍ ബാക്കി വര്‍ഷങ്ങളില്‍ സ്വര്‍ണം നേടിയ വളര്‍ച്ച മറ്റു നിക്ഷേപങ്ങളോട് താരതമ്യപ്പെടുത്താം.
1983ല്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപ ആയിരുന്നത് 2013ല്‍ ഒരു ഗ്രാമിന് 2900 രൂപയായി. കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുത്തുന്നതാണെങ്കിലും വാസ്തവത്തില്‍ ഈ കാലയളവിലെ സ്വര്‍ണത്തിന്റെ വാര്‍ഷിക വളര്‍ച്ച ശരാശരി 10 ശതമാനം മാത്രമാണ്. 1983ല്‍ ഒരു ഗ്രാമം സ്വര്‍ണത്തിന്റെ വിലയായിരുന്ന 190 രൂപ ബാങ്ക് സ്ഥിരനിക്ഷേപത്തില്‍ ഇട്ടിരുന്നെങ്കില്‍ 2013ല്‍ അത് 5690 രൂപയായി വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. ചുരുക്കത്തില്‍ കഴിഞ്ഞ 30 വര്‍ഷ കാലയളവില്‍ സ്വര്‍ണത്തേക്കാള്‍ ലഭാകരം ബാങ്ക് നിക്ഷേപം ആയിരുന്നു. എന്നാല്‍ 2005 മുതല്‍ 2012 വരെ സ്വര്‍ണം ബാങ്ക് നിക്ഷേപത്തേക്കാള്‍ വളരെ ഉയര്‍ന്ന വളര്‍ച്ച നേടിയതായി കാണാം.
ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് സ്വര്‍ണത്തിന് കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെയുള്ള ‘സൂപ്പര്‍ വളര്‍ച്ച’ പ്രതീക്ഷിക്കേണ്ട എന്നാണ് മനസിലാക്കേണ്ടത്. എന്നാല്‍ ഒരു സുരക്ഷിത നിക്ഷേപമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തെ കരുതാമെന്ന് തന്നെയാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മുമ്പത്തെ പോലെ മൊത്തം സമ്പാദ്യം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വിഡ്ഢിത്തം ആയേക്കാം. സ്വന്തം ആസ്തി അനുസരിച്ച് ഒരു നിശ്ചിത ശതമാനം നിക്ഷേപം സ്വര്‍ണത്തില്‍ ഇടുന്നതാണ് ഇപ്പോഴും നല്ലത്. കൂടാതെ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ സമീപിക്കുന്നവര്‍ ഒരു ദീര്‍ഘ കാല നിക്ഷേപമായി വേണം ഇതിനെ കരുതാന്‍.
മക്കളുടെ വിവാഹം മുമ്പില്‍ കണ്ടു സ്വര്‍ണം വാങ്ങുന്നവര്‍ നിരവധിയാണ്. ഭാവിയില്‍ വരുന്ന സാമ്പത്തിക ബാധ്യത മുന്‍കൂട്ടി കണ്ടു വേണ്ടി സ്വര്‍ണം ഇപ്പോഴേ വാങ്ങുന്നത് നല്ല ശീലമാണ്. എന്നാല്‍ അതിനു വേണ്ടി തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ കുറ്റമറ്റതാകണം. പത്തു വര്‍ഷങ്ങള്‍ക്കുശേഷം വരുന്ന കല്യാണത്തിന് വേണ്ടി ഇപ്പോള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ അവ ആഭരണങ്ങള്‍ ആയി വാങ്ങുന്നത് മണ്ടത്തരമാണ്. വര്‍ഷങ്ങള്‍ കഴിയുന്നതോടെ സ്വര്‍ണത്തിന് പഴക്കം വരികയും ആഭരണങ്ങളുടെ ട്രെന്‍ഡ് മാറുകയും ചെയ്യും. അതിനാല്‍ പുതിയ സ്വര്‍ണം വാങ്ങണം. അതോടെ പണിക്കുറവ്, പണിക്കൂലി എന്നിങ്ങനെ നല്ല തുക നഷ്ടം സംഭവിക്കാം. അതിനാല്‍ വിവാഹം ലക്ഷ്യമിട്ടാണെങ്കില്‍ സ്വര്‍ണനാണയം, ബിസ്‌ക്കറ്റ് തുടങ്ങിയവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഇന്ന് പല ജ്വല്ലറികള്‍ക്കും ഒത്തിരി സ്വര്‍ണ നിക്ഷേപ പദ്ധതികളുണ്ട്. ഇത്തരം എല്ലാ പദ്ധതികളും ലാഭകരം ആണെന്ന് പറയാന്‍ കഴിയില്ല. പലപ്പോഴും ബാങ്ക് റിക്കറിംഗ് ഡപ്പോസിറ്റുകള്‍ അവയിലും ലാഭകരം ആകാറുണ്ട്. അതിനാല്‍ ഓരോ പദ്ധതിയും നന്നായി പഠിച്ചു വിശകലനം ചെയ്തശേഷമേ നിക്ഷേപിക്കാവൂ. വിവിധ ജ്വല്ലറികളുടെ പദ്ധതികള്‍ക്ക് പൊതു സ്വഭാവമില്ലെന്ന കാര്യം പലര്‍ക്കും അറിയില്ല. മാസസമ്പാദ്യത്തെ സ്വത്താക്കി മാറ്റാന്‍ ഇത്തരം പദ്ധതികളെ ആശ്രയിക്കുമ്പോള്‍ ആ ജ്വല്ലറിയെയും സ്‌കീമിനെയും കുറിച്ച് നിക്ഷേപകന് വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം.
ഇത് ഒരു നിക്ഷേപ പദ്ധതിയല്ല. പൊതുജനങ്ങളില്‍ നിന്നു പണം സ്വീകരിച്ചു പലിശ, ബോണസ് തുടങ്ങിയവ നല്‍കാന്‍ ഇത്തരം ജ്വല്ലറികള്‍ക്ക് അധികാരമില്ല. ഇവ സ്വര്‍ണത്തിന്റെ അഡ്വാന്‍സ് പര്‍ച്ചേസ് സ്‌കീം എന്ന രീതിയില്‍ ആണ് പണം സ്വീകരിക്കുക. ഒരു നിക്ഷേപ പദ്ധതി അല്ലാത്തത് കാരണം റിസര്‍വ് ബാങ്ക് തുടങ്ങിയവ ഉറപ്പാക്കുന്ന യാതൊരു സുരക്ഷയും ഇത്തരം പദ്ധതികള്‍ക്ക് ലഭ്യമല്ല. അത് കാരണം തീര്‍ത്തും വിശ്വാസ യോഗ്യമായ സ്‌കീമുകളില്‍ മാത്രമേ നിക്ഷേപകര്‍ പണം നല്‍കാവൂ.
എന്നാല്‍ പണിക്കൂലി, പണിക്കുറവ് എന്നിങ്ങനെയുള്ള കിഴിവുകള്‍ ഇത്തരം പദ്ധതികള്‍ക്ക് ബാധകമല്ല. കൂടാതെ സുരക്ഷയുടെ കാര്യത്തിലും ഇത്തരം സ്‌കീമുകള്‍ ഒരുപടി മുന്നിലാണ്. അതിനാല്‍ നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ കാണുന്നവര്‍ക്ക് ഇത്തരം പദ്ധതികള്‍ ആണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>