• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

കരുണ ചെയ്യുവാന്‍ കാരണങ്ങള്‍ അനവധി (കുറ്റിക്കാട് കരുണാലയം ബോയ്‌സ്‌ഹോം 45 വര്‍ഷം പിന്നിടുന്നു)

By on June 3, 2015
IMG_4641

കുറ്റിക്കാട് കരുണാലയം ബോയ്‌സ്‌ഹോം 45 വര്‍ഷം പിന്നിടുന്നു

കരുണ ചെയ്യുവാന്‍ കാരണങ്ങള്‍ അനവധി

അക്ഷരം അറിവാണ്; അറിവ് ശക്തിയാണ്; ജീവിത വിജയത്തിലേക്കുള്ള രാജവീഥിയാണ്. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്നു നാം പാടിപ്പതിഞ്ഞ പഴഞ്ചൊല്ല് അര്‍ഥപൂര്‍ണമാക്കിഇവിടെയൊരു അക്ഷരമുറ്റം- കരുണാലയം ബോയ്‌സ് ഹോം.
സാമ്പത്തികവും സാമൂഹികവുമായ പരിമിതികളും സാഹചര്യങ്ങളുംമൂലം പഠനം നിലച്ചു പോകുമായിരുന്ന നൂറുകണക്കിന് ബാല്യങ്ങള്‍ക്ക് അക്ഷരദീപം തെളിയിച്ചുകൊടുക്കാന്‍ ത്യാഗപൂര്‍ണമായ സേവനമനുഷ്ഠിച്ചതിന്റെ നാള്‍വഴികളാണ് കുറ്റിക്കാട് കരുണാലയത്തിനു പറയാനുള്ളത്.
1970 ല്‍ ചാലക്കുടിയില്‍ നിന്ന് 11 കിലോമീറ്ററകലെ കുറ്റിക്കാട് ഗ്രാമത്തില്‍ മലബാര്‍ മിഷനറി ബ്രദേഴ്‌സ് സന്യാസ സമൂഹത്തിന്റെ സെന്റ് തോമസ് പ്രോവിന്‍സാണ് ഇതിനു തുടക്കം കുറിച്ചത്.സഭാസ്ഥാപകനായ മോണ്‍ സക്കറിയാസ് വാഴപ്പിള്ളി 1968 ലാണ് ഇവിടത്തെ ആശ്രമം സ്ഥാപിച്ചത്. കാലത്തിനോടും ചുറ്റുപാടുകളോടുമുള്ള പ്രതിബദ്ധത കര്‍മപഥത്തിലെത്തുകയായിരുന്നു. ‘കരുണാലയ’ത്തിന്റെ ആരംഭത്തോടെ.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 82 വിദ്യാര്‍ഥികളാണിവിടെയുള്ളത്. ഒന്നാം ക്ലാസു മുതല്‍ 12 -ാം ക്ലാസുവരെയുള്ള ആണ്‍കുട്ടികള്‍. ജാതിമതഭേദമെന്യെ അവരെല്ലാവരും ഒരു കുടക്കീഴില്‍ ഒരുമിച്ചു കളിച്ചും പഠിച്ചും വളരുന്നു. അവരെ കൂട്ടിയോജിപ്പിക്കുന്നത് സ്‌നേഹത്തിന്റെ കാണാച്ചരടാണ്.
സാമ്പത്തിക പിന്നാക്കാവസ്ഥയാണ് കുട്ടികളെ ഇവിടെ സ്വീകരിക്കുന്ന പ്രധാന മാനദണ്ഡം. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയില്‍ അനാഥരാകുന്ന ബാല്യങ്ങള്‍ക്കും കരുണാലയത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നു. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെടുന്ന നിര്‍ധനരും നിരാലംബരുമായ കൊച്ചുനുജന്മാര്‍ക്ക് കരുണയുടെ കുട നിവര്‍ത്തി ഇവിടെ തണലൊരുക്കുന്നു. വിദ്യാഭ്യാസത്തോടൊപ്പം ആധ്യാത്മികവും ശാരീരികവും മാനസികവുമായ സമഗ്ര പരീശനത്തിന്റെ കളരിയാണിത്. കളിച്ചും പഠിച്ചും ഒരുമിച്ച് പ്രാര്‍ഥിച്ചും അവര്‍ ഭാവി ജീവിതത്തിന്റെ വിശാലമായ വഴിത്താരകള്‍ കണ്ടറിയുന്നു.
സമീപത്തുള്ള സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളിലാണ് വിദ്യാര്‍ഥികളുടെ പഠനം. സ്‌കൂള്‍ വിട്ടാല്‍ അവരുടെ വീട് ‘കരുണാലയം’. എല്ലാ പ്രായപരിധിയിലുമുള്ളവര്‍ സമൂഹമായി ജീവിക്കുമ്പോള്‍, സഹകരണത്തിന്റെയും സമവായത്തിന്റെയും ആദ്യപാഠങ്ങള്‍ അവര്‍ ഇവിടെ ഹൃദ്യസ്ഥമാക്കുന്നു.
കൊച്ചുകുട്ടികളെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കുളിക്കാനും വസ്ത്രം കഴുക്കാനും പരിസരം വൃത്തിയാക്കാനും സഹായിക്കുന്നത് കരുണാലയത്തില്‍ നിന്നു അവര്‍ പഠിക്കുന്ന ഏറ്റവും വലിയ ജീവിത പാഠങ്ങളിലൊന്നാണ്. അവരുടെ നിര്‍ബന്ധമില്ലാതെയുള്ള സ്‌നേഹ സഹവര്‍ത്തിത്വത്തിന്റെ ഹരിശ്രീ കുറിക്കലാണത്.
കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇവിടെ ജീവിച്ചു പഠിച്ചുവളര്‍ന്ന് വിവിധ നിലകളിലെത്തിയ നൂറുകണക്കിനു പൂര്‍വ്വവിദ്യാര്‍ഥികളുണ്ട്. ഇവരില്‍ 36 പേര്‍ വൈദികരായി. 16 പേര്‍ വൈദീക പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലാണിപ്പോള്‍.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവിന്റെ ചരിത്രമാണ് കരുണാലയത്തിനുള്ളത്. സ്‌പോര്‍ട്ട്‌സിലും കലാസാഹിത്യ രംഗങ്ങളിവും തിളങ്ങിയവര്‍ നിരവധി.
ഗവണ്‍മെന്റിന്റെ പരിമിതമായ ഗ്രാന്റാണ് എണ്‍പതിലേറെ വിദ്യാര്‍ഥികളുള്ള ഈ സ്ഥാപനത്തിന്റെ പലവിധ ചെലവുകള്‍ക്കുള്ള ധനാഗമ മാര്‍ഗം. ഇതോടൊപ്പം കരുണയുടെ ഉറവ വറ്റാത്ത സുമനസ്സുകളുടെ ഉദാരപൂര്‍വ്വമായ സഹായമുണ്ടെന്ന് കരുണഭവനത്തിന്റെ ഡയറക്ടര്‍ ബ്രദര്‍ പോളി തൃശോക്കാരന്‍ പറയുന്നു.
വീടുകളിലെ ആഘോഷവേളകളിലും മറ്റും കരുണാലയത്തിലെ കുഞ്ഞുങ്ങളെ ഓര്‍ക്കുന്നവരും ഒരോഹരി അവിടെ എത്തിക്കുന്നവരുമുണ്ട്. ചാലക്കുടിയിലെ ചില വ്യാപാരികളും കരുണാഭവന് താങ്ങായി നിലകൊള്ളുന്നു.
സര്‍വ മനുഷ്യരെയും ദൈവ പുത്രരായി കാണുന്ന വിശ്വസാഹോദര്യമാണ് കരുണാഭവന്‍ സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ‘കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും’ എന്ന സുവിശേഷ വചനത്തിലാണ് ഇതിന്റെ ആധാരശില.
ഫോണ്‍ 0480- 2746095

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>