നന്നായി ജീവിക്കാന്‍ എന്തെളുപ്പം !

By on June 5, 2015
bigstock-strong-man-3456746

നന്നായി ജീവിക്കാന്‍ എന്തെളുപ്പം !
ഉപരി പഠനത്തിനായി മക്കളെ അകലെയുള്ള സ്ഥാപനങ്ങളില്‍ ചേര്‍ക്കുമ്പോള്‍ നാം ഹോസ്റ്റലുകള്‍ കണ്ടെത്താറുണ്ട്. ഈ ഹോസ്റ്റലിനോട് നമ്മുടെ ജീവിതത്തെ ഉപമിക്കാം. നാം എന്നും ഹോസ്റ്റലില്‍ ജീവിക്കാറില്ല. മടക്കയാത്ര ഹോസ്റ്റല്‍ വാസികളുടെ വലിയ സ്വപ്‌നമാണ്. എന്നാല്‍ ഹോസ്റ്റല്‍ ജീവിതം പരമാവധി അടിച്ചു പൊളിക്കാനും ആരും മറക്കാറില്ല. ഹോസ്റ്റലില്‍ നാം എത്തിച്ചേര്‍ന്നത് നല്ല ഉദ്ദേശ്യങ്ങളോടെയാണ്. അതിനാല്‍ പരീക്ഷകളുടെ കാലഘട്ടവും നമുക്കുണ്ടാകും. വ്യത്യസ്ത സ്വഭാവമുള്ള കൂട്ടുകാര്‍, സുഖകരമല്ലാത്ത ഭക്ഷണം തുടങ്ങി യോജിച്ചു പോകാന്‍ പ്രയാസമുള്ളവയും ഹോസ്റ്റല്‍ ജീവിതത്തിലുണ്ടാകാം.
നമ്മുടെ ജീവിതത്തിനും ഹോസ്റ്റല്‍ ജീവിതത്തോട് വലിയ ബന്ധമുണ്ട്. എന്നും താമസിക്കേണ്ട ഇടമല്ല നമുക്ക് ഈ ഭൂമി. മടങ്ങിപോകാനുള്ളവരാണ് നാം. നമ്മുടെ ജീവിതത്തിലും അഗ്നി പരീക്ഷകളുണ്ട്. എങ്കിലും പരമാവധി അടിച്ചു പൊളിക്കാനാണ് നാം ആഗ്രഹിക്കുക. ജീവിതത്തിന്റെ തിരക്കുകളില്‍ ചെന്നുപെടുമ്പോള്‍ എങ്ങനെ നന്നായി ജീവിക്കാമെന്ന് നാം മറക്കുന്നു. സംഘര്‍ഷങ്ങളുള്ള ജീവിതത്തില്‍ മാനസികവും ശാരീരികവുമായ പിരിമുറുക്കം കുറയ്ക്കുന്നതിന് ചില പൊടിക്കൈകള്‍ :
നന്നായി ശ്വസിക്കുക
ആകുലതകളില്‍ നിന്നും അസ്വസ്ഥകളില്‍ നിന്നും വിമുക്തരാകാന്‍ ഏറ്റവും എളുപ്പമുള്ളതും ഫലപ്രദവുമായ മാര്‍ഗമാണ് നന്നായി ശ്വസിക്കുക എന്നത്. ശ്വസനപ്രക്രിയയുടെ താളവും ക്രമവും ക്രമീകരിക്കുമ്പോള്‍ നാം ശാന്തരാകുന്നു. നമ്മുടെ ശ്വാസോച്ഛാസം നിയന്ത്രിക്കാന്‍ നമുക്കു കഴിഞ്ഞാല്‍, അതാണ് പിരിമുറുക്കം എന്ന ടെന്‍ഷന്‍ കുറയ്ക്കാനുള്ള ശക്തമായ ഉപാധി.
നമ്മുടെ കോശങ്ങളാകുന്ന ഫാക്ടറിയില്‍ നിന്നു പുറത്തുവിടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് രക്തത്തില്‍ കലരുകയും അത് രക്തത്തിലൂടെ ശ്വാസകോശങ്ങളിലെത്തുകയും ചെയ്യുന്നു. ഈ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറന്തള്ളുകയും ഓക്‌സിജന്‍ ശരീരത്തിലേയ്ക്ക് സ്വീകരിക്കുകയുമാണ് ശ്വാസോച്ഛാസത്തിലൂടെ നടക്കുന്നത്. നെഞ്ച് ഭാഗവും ഉദരഭാഗവും തമ്മില്‍ വേര്‍തിരിക്കുന്ന ഡയഫ്രമാണ് ശ്വാസോച്ഛ്വാസത്തിന് സഹായിക്കുന്നത്.
നാം ശ്വസിക്കുമ്പോള്‍ ഡയഫ്രം ഉദര ഭാഗത്തേയ്ക്ക് വളയുന്നു. അപ്പോള്‍ നെഞ്ചിന്റെ ഭാഗം വികസിക്കുകയും ഉദരഭാഗം സങ്കോചിക്കുകയും ചെയ്യുന്നു. നാം ഉച്ഛ്വസിക്കുമ്പോള്‍ ഡയഫ്രം മുകളിലോട്ട് വളയുകയും ഉദരഭാഗം വികസിക്കുകയും നെഞ്ചിന്റെ ഭാഗം സങ്കോചിക്കുകയും ചെയ്യുന്നു. ഡയഫ്രത്തിലെ പേശികളുടെ പ്രവര്‍ത്തനത്തെ ഉണര്‍ത്തുന്ന ഇത്തരം ശ്വാസോച്ഛ്വാസമാണ് ആരോഗ്യകരം.
ചിലരുടെ ശ്വാസോച്ഛ്വാസരീതി ആരോഗ്യകരമല്ല. അവര്‍ ശ്വസിക്കുമ്പോള്‍ നെഞ്ചും കൈകളുടെ ഉരം അഥവാ ഷോള്‍ഡറുമാണ് പ്രവര്‍ത്തന ക്ഷമമാകുന്നത്.
ടെന്‍ഷനിലായിരിക്കുമ്പോള്‍ നമ്മുടെ രക്തത്തിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുന്നു. മാത്രമല്ല, ഹൃദയമിടിപ്പു കൂടുകയും രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്യും. തലച്ചോറിലെത്തുന്ന ഓക്‌സിജന്റെ അളവിലും കുറവ് സംഭവിക്കും.
അതിനാല്‍ ആരോഗ്യകരമായ രീതിയില്‍ ശ്വസിക്കാന്‍ പരിശീലിക്കണം.
നന്നായി ഭക്ഷിക്കുക
‘നന്നായി ഭക്ഷിക്കുക’ എന്നാല്‍ ഏറ്റവും ആരോഗ്യകരമായ ഭക്ഷണ രീതി എന്നര്‍ഥം അതായത്, കൂടുതല്‍ പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങള്‍ (തവിടു കളയാത്തവ) ആവശ്യത്തിന് പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ ‘ജങ്ക് ഫുഡ്‌സ്’ ഒഴിവാക്കുന്നു.
ആരോഗ്യകരമായ ഈ ഭക്ഷണരീതിവഴി ശരിയായ ഊര്‍ജം ഉല്‍പാദിപ്പിക്കുകയും ശരീരഭാരം ഗുണകരമായ രീതിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
ഇനി ഭക്ഷണ ക്രമീകരണത്തില്‍ ശ്രദ്ധിക്കേണ്ടത് എവിടെ നിന്നു നാം ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുന്നു എന്നുള്ളതാണ്. അമിതമായ കീടനാശിനികളും പ്രിസെര്‍വേറ്റീവുകളും ചേര്‍ത്ത ഭക്ഷണം ഉപയോഗിക്കരുത്. നമ്മുടെ മണ്ണില്‍ നാം വിളയിച്ച പച്ചക്കറികളും പഴങ്ങളും കൂടാതെ നമ്മുടെ ചുറ്റുപാടിലെ കന്നുകാലികളും മത്സ്യവും പക്ഷികളും ഉത്തമം.
ഇങ്ങനെ ഭക്ഷണക്രമീകരണം നടത്തുന്നത് പ്രയാസകരവും ചിലവേറിയതും എന്നു ചിന്തിക്കുമെങ്കിലും ആരോഗ്യമുള്ള ശരീരവുമായി മുന്നോട്ട് നീങ്ങാന്‍ ഈ ക്രമീകരണം തന്നെ ഉത്തമം.
നന്നായി വെള്ളം കുടിക്കുക
ഓരോരുത്തരും കുടിക്കേണ്ട വെള്ളത്തിന്റെ അളവ് വ്യത്യസ്തമാണ്. വ്യക്തികളുടെ ശരീരപ്രകൃതി, അന്തരീക്ഷത്തിലെ താപനില, ചെയ്യുന്ന ജോലികളുടെ വ്യത്യാസം, ഭക്ഷണശൈലി എന്നിവയനുസരിച്ച് വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടും.
നന്നായി വെള്ളം കുടിക്കുക എന്നതില്‍ നിന്നു ഒരേ സമയത്ത് കൂടുതല്‍ അളവ് വെള്ളം കുടിക്കണം എന്നര്‍ഥമില്ല; അതുകൊണ്ട് പ്രയോജനവുമില്ല. ഇടവിട്ട സമയങ്ങളില്‍ വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളം ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്നു; മലബന്ധം ഒഴിവാക്കുന്നു; ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നു; ശരീര താപനില ക്രമീകരിക്കുന്നു, ശരീര പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നു.
വ്യായാമം ചെയ്യുക
ജോലിയും വ്യായാമവും വ്യത്യസ്തമാണെന്ന മനസിലാക്കലാണ് മലയാളികളായ നമുക്ക് ആദ്യമായി വേണ്ടത്. തുടര്‍ച്ചയായ ജോലി കൊണ്ട് അവശരാകുന്നതോടെ ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിച്ചു എന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍ രാവിലെയോ വൈകുന്നേരമോ സമയ നിഷ്ടയോടെ നടത്തുന്ന വ്യായാമമാണ് ഉത്തമം.
മാനസികനില
മെച്ചപ്പെടുത്തുക
ശരീരത്തിന്റെ ആരോഗ്യത്തെ മനസ് ഏറെ സ്വാധീനിക്കുന്നു. മാനസിക നിലവാരം മെച്ചപ്പെടുത്താന്‍ പല വഴികളുണ്ട്.
1. ദിവസവും പത്തു മിനിറ്റ് ധ്യാനിക്കുക. ചിന്തകളെ ഏകാഗ്രമാക്കി ശാന്തമാകാന്‍ അഭ്യസിക്കുക.
2. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും നട്ടെല്ല് നിവര്‍ന്നിരിക്കട്ടെ. ഇത് മനഃശക്തി വളര്‍ത്തും.
3. ഓരോ ദിവസത്തെയും കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഡയറി കരുതുക. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കും.
4. സംസാരം എപ്പോഴും ഔചിത്യ പൂര്‍ണമായിരിക്കണം. അതു ബന്ധങ്ങളെ സുദൃഡവും സുതാര്യവുമാക്കും.
5. നിങ്ങള്‍ക്ക് അമിതമായി ആഗ്രഹം തോന്നുന്ന ഭക്ഷണത്തോട് ‘വേണ്ട’ എന്നു പറയാന്‍ അഭ്യസിക്കുക. അത് ആത്മ നിയന്ത്രണം വളര്‍ത്താന്‍ സഹായിക്കും.
6. വിനോദത്തിനും വിശ്രമത്തിനുമായി ചിലവഴിക്കുന്ന സമയത്തിന് കൃത്യതയുണ്ടായിരിക്കുകയും വിശ്രമ സമയം ഫലപ്രദമാക്കുന്ന വിധത്തില്‍ ഗൗരവമായി എടുക്കുകയും വേണം.
7. ജോലികള്‍ ഒരുമിച്ച് വേഗത്തില്‍ ചെയ്യുക എന്നതിലുപരി, ക്രമമായും കൃത്യസമയത്തിനുള്ളിലും ചെയ്തു തീര്‍ക്കുക.
8. ഉറക്കം, നിങ്ങളിലെ സര്‍ഗാത്മക ശക്തിയെ ഉണര്‍ത്തുകയും ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.
9. മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് വീട് പണിയുകയും വസ്തുസാമഗ്രികള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നവരാകാതെ ആവശ്യമനുസരിച്ച് പണം ചിലവഴിക്കാന്‍ അഭ്യസിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>