• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

കണ്ണുനീര്‍ തുള്ളിയല്ല സ്ത്രീജന്മം

By on June 27, 2015
Sakshyagopuram

കണ്ണുനീര്‍ തുള്ളിയല്ല സ്ത്രീജന്മം
ജീവിതം മുഴുവന്‍ കരഞ്ഞുകഴിയേണ്ടവരല്ല പ്രശ്‌നങ്ങളില്‍ ഉഴലുന്ന സ്ത്രീകള്‍,
പ്രതിസന്ധികളില്‍ തകരേണ്ടവരല്ല. തുമ്പരശ്ശേരിയിലെ ആശ്രയ് ഭവന്‍ അവര്‍ക്ക് വഴികാട്ടുന്നു.
കല്ലേറ്റുംകരയില്‍ റയില്‍വേ സ്റ്റേഷന് സമീപം പാളത്തിലിരിക്കുകയായിരുന്നു അവള്‍. അറുപതു പിന്നിട്ട വീട്ടമ്മ. കൂകിപ്പാഞ്ഞു വരുന്ന മരണത്തിനു കീഴടങ്ങാനുള്ള തയ്യാറെടുപ്പോടെ. അപ്പോഴാണ് മറ്റൊരു സ്ത്രീ അവരെ കണ്ടത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അവര്‍, വീട്ടമ്മയെ കല്ലേറ്റുംകരയിലെ ഹോളിഫാമിലി കോണ്‍വെന്റിലെത്തിച്ചു. അവള്‍ തന്റെ കഥ പറഞ്ഞു. ഭര്‍ത്താവ് മരിച്ച അവള്‍ക്കിപ്പോള്‍ മകള്‍ മാത്രം. അവരോടൊപ്പമുള്ള ജീവിതം നരകതുല്യമായി. തന്റെ കൊച്ചുവീടും സമ്പാദ്യങ്ങളും സ്വന്തമാക്കാനുള്ള മരുമകന്റെ കുതന്ത്രങ്ങളും പീഡനങ്ങളും സഹിക്കവയ്യാതെ, അവര്‍ ഒരുനാള്‍ അവിടെനിന്നിറങ്ങിപ്പോന്നു. മുന്നില്‍ നിറഞ്ഞ അനിശ്ചിതത്വത്തിന്റെയും നിരാശയുടെയും തുരങ്കത്തിലേക്ക് വേദനിക്കുന്ന അമ്മമനസ്സുമായി അവള്‍ നീങ്ങുമ്പോഴായിരുന്നു ദൈവദൂതികയെപ്പോലെ ഒരു കരം നീണ്ടുവന്നത്. അതവരുടെ രണ്ടാം ജന്മമായിരുന്നു.
കല്ലേറ്റുംകരയില്‍ നിന്ന് സിസ്റ്റേഴ്‌സ് അവളെ മാളയ്ക്കടുത്തുള്ള തുമ്പരശ്ശേരിയിലെ ആശ്രയ് ഭവനിലേക്ക് അയച്ചു. ആത്മഹത്യാ മുനമ്പില്‍നിന്ന് പ്രതീക്ഷയുടെ പ്രഭാതത്തിലേക്ക് അവള്‍ നയിക്കപ്പെട്ടു.
ആശ്രയ് ഭവനിലെ കുറച്ചുദിവസത്തെ താമസം അവളെ മറ്റൊരാളാക്കി. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ആത്മഹത്യ പരിഹാരമല്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. ആശ്രയ് ഭവനിലെ സിസ്റ്റേഴ്‌സ് അവരെയും മകളെയും മരുമകനെയും ഒരുമിച്ചിരുത്തി ആശയങ്ങള്‍ പങ്കുവച്ചു. മണിക്കൂറുകളിലെ ആശയവിനിമയം ഫലം കണ്ടു. അവരെ അമ്മയായി മകളും മരുമകനും സ്വീകരിച്ചു. അവര്‍ അവരെയും ഹൃദയത്തില്‍ ചേര്‍ത്തു.
ഈ വീട്ടമ്മയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. പല കാരണങ്ങള്‍കൊണ്ടും സ്വന്തം വീട്ടില്‍ നിന്നു ഇറങ്ങിപ്പോകേണ്ടി വരുന്ന സ്ത്രീകള്‍ നമ്മുടെയിടയിലുമുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ അവരെ കടുത്ത തീരുമാനങ്ങളിലെത്തിക്കുമ്പോള്‍, അകലെ അവര്‍ക്കു മുന്നില്‍ പലപ്പോഴും മരണമെന്ന സാധ്യതയേ തെളിയാറുള്ളൂ. ഇത്തരം സ്ത്രീജന്മങ്ങളുടെ കണ്ണീര്‍ വീണു കുതിര്‍ന്ന ജീവിത കഥകള്‍ തുമ്പരശ്ശേരിയിലെ ഹോളിഫാമിലി സമൂഹത്തിന്റെ ആശ്രയ് ഭവന് പുതുമയല്ലാതായി. ഇവര്‍ക്ക് ഒരാശ്രയം. ആത്മഹത്യയില്‍നിന്നും നിരാശാഭരിതമായ ജീവിതപാതകളില്‍ നിന്നും ഒരു പിന്‍വിളി അതാണ് ആശ്രയ് ഭവന്റെ ലക്ഷ്യം. പ്രശ്‌നങ്ങളുടെ പ്രക്ഷുബ്ധത്തിരമാലകള്‍ അടങ്ങുന്നതുവരെ, പെരുവഴിയിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീകള്‍ക്കും യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി കഴിയാനൊരിടം. പ്രശ്‌നപരിഹാരത്തിന് സിസ്റ്റേഴ്‌സിന്റെ കൗണ്‍സിലിംഗും സ്‌നേഹപൂര്‍വമായ ഇടപെടലും. ബന്ധങ്ങള്‍ വിളക്കിച്ചേര്‍ത്തുകഴിയുമ്പോള്‍, പലരും വീടുകളിലേക്ക് മടങ്ങിപ്പോകും. ചിലര്‍ ഇവിടെത്തന്നെ തുടരും. മടങ്ങിപോകുന്നവര്‍ക്ക് തുടര്‍ന്നും ആശ്രയ് ഭവന്റെ സ്‌നേഹസാമീപ്യവും കരുതലും എന്നും തുടരും.
പൊലീസ് അധികൃതരുടെ സഹകരണത്തോടെയാണ് ആശ്രയ് ഭവനില്‍ സ്ത്രീകളെ സ്വീകരിക്കുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതെന്ന് സുപ്പീരിയര്‍ സിസ്റ്റര്‍ ലീന പോളും കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ടും പറഞ്ഞു. വഴിയോരങ്ങളില്‍ അനാഥരായി കണ്ടെത്തുന്ന സ്ത്രീകള്‍, കുട്ടികളോടൊപ്പം വീടുകളില്‍ നിന്നിറങ്ങി പൊലീസ് സ്റ്റേഷനിലും മറ്റും അഭയം തേടുന്ന സ്ത്രീകള്‍ തുടങ്ങിയവരൊക്കെ ആശ്രയ് ഭവന്റെ പടികടന്നെത്തുന്നു.
ഹോളിഫാമിലി സമൂഹത്തിന്റെ പാവനാത്മ പ്രവിശ്യയുടെ കീഴിലുള്ള ആശ്രയ് ഭവന്‍ 2013ലാണ് ആരംഭിച്ചത്.
സഭാസ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2014 ജനുവരി 25ന് ഇവിടത്തെ കൗണ്‍സലിംഗ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മാര്‍ പോളി കണ്ണൂക്കാടനായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാര്‍ഥനാപൂര്‍വം തിരി തെളിയിച്ചത്. ഇപ്പോള്‍ ഒന്നരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇരുപതോളം സ്ത്രീകള്‍ക്ക് ഇതുവരെ ആശ്രയ് ഭവന്‍ അഭയം നല്‍കി.
തകര്‍ന്ന മനസ്സോടെ ഇവിടെയെത്തുന്ന സ്ത്രീകള്‍ക്കും യുവതികള്‍ക്കും ജീവിതത്തില്‍ മുന്നോട്ടുപോകാനുള്ള പ്രതീക്ഷ നല്‍കുകയെന്നതാണ് ആശ്രയ് ഭവന്റെ മുഖ്യലക്ഷ്യം. പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാതെ അവയെ നേരിടാനുള്ള കരുത്ത് നേടുവാന്‍ അവരെ സജ്ജമാക്കുക. പ്രാര്‍ഥനയും ധ്യാനവും കൗണ്‍സിലിംഗും മറ്റുള്ളവരോടൊപ്പമുള്ള സഹവാസവും ഇടപെടലുകളും അവരെ സാവധാനത്തില്‍ മാറ്റിയെടുക്കുന്ന കാഴ്ച വിസ്മയകരമാണെന്ന് സിസ്റ്റേഴ്‌സ് പറയുന്നു. ജീവിതത്തിലെ കണ്ണീരിനും കഷ്ടപ്പാടിനുമപ്പുറം വെളിച്ചത്തിന്റെ ഒരു പ്രഭാതമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനും അതിലേക്ക് അവരെ കൈപിടിച്ചു നയിക്കാനുമുള്ള സുവിശേഷ സാക്ഷ്യത്തിന്റെ തേജോമയമായ സാന്നിധ്യമാണ് ആശ്രയ് ഭവന്‍
ഫോണ്‍ : 0480-2777527; 8606663105

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>