ബെത്‌സയ്ദ വെറുമൊരു കുളമല്ല

By on September 1, 2015
P5 Sakshyagopuram copy

മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ കരസ്പര്‍ശമുള്ള ചേലൂരിലെ വൃദ്ധസദനത്തെപ്പറ്റി…

ബെത്‌സയ്ദ വെറുമൊരു കുളമല്ല

ഇരിങ്ങാലക്കുടയില്‍ നിന്ന് കാക്കാത്തുരുത്തി റോഡിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചേലൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ ‘ബെത്‌സയ്ദാ’ വൃദ്ധസദനമായി. മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ മനുഷ്യസ്പര്‍ശമുള്ള നിരവധി സംരംഭങ്ങളില്‍ ഒന്ന്. 1999 ജൂലൈ മൂന്നിനു 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. നിരാലംബരും നിര്‍ധനരുമായ നാനാജാതി മതസ്ഥരടങ്ങിയ വയോധിക പുരുഷന്മാര്‍ക്ക് ജീവിത സായാഹ്നത്തില്‍ തണലേകുന്ന ഈ സ്ഥാപനത്തിന്റെ ഒന്നര പതിറ്റാണ്ടിന്റെ ചരിത്രം, ദൈവ പരിപാലനയുടെ നടത്തിപ്പുകളുടെ കഥയാണെന്ന് ഇടുക്കി കട്ടപ്പന നാരകക്കാനം ഇടവകാംഗവും എംഎംബി സഭാംഗവുമായ ഡയറക്ടര്‍ ബ്രദര്‍ അല്‍ഫോന്‍സ് പീടികയിലും അസി. ഡയറക്ടര്‍ ബ്രദര്‍ ഇഗ്നേഷ്യസ് വാഴപ്പിള്ളിയും ഒരേ സ്വരത്തില്‍ പറയുന്നു.
ഇരിങ്ങാലക്കുടയില്‍ തന്നെ സഭ വൃദ്ധജനങ്ങള്‍ക്കായി നടത്തുന്ന ദൈവപരിപാലനാഭവനത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ആരംഭിച്ചതാണ് ‘ബെത്‌സയ്ദ’. അതിനുശേഷം ജീവദായകമായ ഈ കുളക്കരയില്‍ നിന്ന് ശാന്തിയും സമാധാനവും നേടി ജീവിത സായാഹ്നം ധന്യമാക്കിയവര്‍ 128 പേര്‍. ബന്ധുക്കളും സ്വന്തം ജനങ്ങളും ഉപേക്ഷിച്ചവര്‍, ആരോരുമില്ലാതെ തെരുവിലും കടത്തിണ്ണയിലും ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്നവര്‍, എല്ലാമുണ്ടായിട്ടും ജീവിത സൗഭാഗ്യങ്ങളില്‍ നിന്നു പടിയിറങ്ങിപ്പോരാന്‍ വിധിക്കപ്പെട്ടവര്‍ – സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം കിട്ടാതെ അലയുന്ന മനുഷ്യജീവിതങ്ങള്‍ക്കാണ് ‘ബെത്‌സയ്ദാ’ നവജീവിതം പകരുന്നത്. ജീവിക്കാനുള്ള ആശ നശിച്ചവര്‍ക്ക് പ്രതീക്ഷയുടെ ഊന്നുവടിയും പിടിച്ചുനില്‍ക്കാനൊരു അത്താണിയുമാകുകയാണ് ഈ നിശബ്ദ സാക്ഷ്യഗോപുരം.
ഇപ്പോഴിവിടെയുള്ളത് 17 പേര്‍. 50 മുതല്‍ 99 വയസുവരെ പ്രായപരിധിയിലുള്ള വയോധികര്‍. ഒമ്പതു ക്രൈസ്തവരും എട്ടു ഹൈന്ദവ സഹോദരങ്ങളും. ക്രിസ്തുവിന്റെ സര്‍വം സ്പര്‍ശിയായ സ്‌നേഹത്തിന് ജാതിയും മതവും അതിര്‍വരമ്പുകളിട്ടിട്ടില്ലെന്ന് സാക്ഷ്യം വഹിക്കുന്നു ബെത്‌സയ്ദ.
സര്‍ക്കാരിന്റെ ഒരുവിധ സാമ്പത്തിക സഹായവും കൂടാതെ ‘ബെത്‌സയ്ദാ’ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതുതന്നെ ഇവിടത്തെ മഹാ അത്ഭുതം. ഭക്ഷണം, വസ്ത്രം, മരുന്ന്, ചികിത്സ തുടങ്ങിയവയെല്ലാം അന്തേവാസികള്‍ക്ക് തീര്‍ത്തും സൗജന്യമാകുമ്പോള്‍, ‘ബെത്‌സയ്ദ’യ്ക്ക് തുണയായെത്തുന്നത് ചുറ്റിലുമുള്ള നാട്ടുകാരാണ്. മനസ്സിലെ നന്മയ്ക്കും കാരുണ്യത്തിനും ഒരേനിറവും ഒരേ വികാരവുമാണെന്ന് പ്രഘോഷിക്കുകയാണ് ജാതിമതഭേദങ്ങളില്ലാതെ ബെത്‌സയ്ദയ്ക്കുവേണ്ടി ഉള്ളതില്‍ ഒരോഹരി എന്നും നീക്കി വയ്ക്കുന്ന ചേലൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍. അവര്‍ക്കു മുന്നില്‍ കൈനീട്ടുന്നതില്‍ ബെത്‌സയ്ദയ്ക്ക് ഒരിക്കലും നാണക്കേട് തോന്നിയിട്ടുമില്ല.
ഒരിക്കല്‍ കാഞ്ഞങ്ങാട്ട് സ്വദേശിയായ ഒരു മുസ്ലിം സഹോദരനെ ഒരാള്‍ ബെത്‌സയ്ദയിലെത്തിച്ചു. മദ്യപിച്ചു ശരീരം തളര്‍ന്ന നിലയിലായിരുന്നു അയാളെ. കുളിപ്പിക്കാനും വസ്ത്രം മാറാനും ഭക്ഷണം കൊടുക്കാനും ബെത്‌സയ്ദയിലെ ഡയറക്ടറും സഹായിയും മാത്രം. വ്രണബാധിതനായ അദ്ദേഹത്തെ പരിചരിക്കുന്നതു കണ്ടപ്പോള്‍ അവിടെയെത്തിയ നാട്ടുകാരിലൊരാള്‍ ചോദിച്ചു : കുഷ്ടരോഗികളെയും മരണാസന്നരെയും കിടപ്പുരോഗികളെയും രാപ്പകല്‍ സിസ്റ്റേഴ്‌സ് ശുശ്രൂഷിക്കുന്നതു കണ്ടിട്ടുണ്ട്. അമ്മ മനസ്സുള്ള സ്ത്രീകള്‍ക്ക് ഒരു പക്ഷേ, അത് സാധിക്കുമായിരിക്കും. എന്നാല്‍ പുരുഷന്മാര്‍ക്ക് ഇങ്ങനെയൊക്കെ പരിചരിക്കാന്‍ കഴിയുമോ? ഇതെങ്ങനെ സാധിക്കുന്നു?
ഈ ചോദ്യം ഏറ്റവുമധികം തീക്ഷ്ണതയോടെ ചോദിച്ചിട്ടുള്ളത് താന്‍ തന്നെയാണെന്ന് 39 വര്‍ഷമായി എംഎംബി സമൂഹത്തിന്റെ ഭാഗമായ ബെത്‌സയ്ദ ഡയറക്ടര്‍ ബ്രദര്‍ അല്‍ഫോന്‍സ് പറയുന്നു. എന്നോടുതന്നെ ഞാന്‍ ചോദിക്കാറുണ്ട്, ദുര്‍ഗന്ധം വമിക്കുന്ന വ്രണങ്ങള്‍ നിറഞ്ഞ ഈ മനുഷ്യരെ എങ്ങനെ ഞാന്‍ ശുശ്രൂഷിക്കുന്നു? ദുര്‍ഗന്ധം പരത്തി വൃത്തിഹീനമായി കിടക്കുന്ന ഈ മനുഷ്യ രൂപങ്ങളെ കുളിപ്പിച്ചു വൃത്തിയാക്കി ഭക്ഷണം കൊടുത്തു കഴിയുമ്പോള്‍, പലപ്പോഴും തല മരവിച്ചതുപോലെ തോന്നുമായിരുന്നു. ദുര്‍ഗന്ധവും മനംപിരട്ടുന്ന കാഴ്ചകളും ദിവസം മുഴുവന്‍ കൂടെയുണ്ടാകും. പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും തോന്നാറില്ല. പലപ്പോഴും ഛര്‍ദ്ദിച്ചിട്ടുണ്ട്. ദൈവമേ, ഞാനെങ്ങനെ മുന്നോട്ടുപോകും? അന്നൊരിക്കല്‍ രാത്രി ആരാധനസമയം. മനസ്സില്‍ ആ ദിവസത്തെ അനുഭവങ്ങള്‍ തള്ളിത്തള്ളി വന്നുകൊണ്ടിരുന്നു. അപ്പോള്‍ മൂടല്‍ മഞ്ഞില്‍ നിന്നു സൂര്യബിംബം കണക്കെ ക്രിസ്തുവിന്റെ വചനങ്ങള്‍ തെളിഞ്ഞു വരുന്നു. ക്രൈസ്തവ ജീവിതത്തിന്റെ സാരസര്‍വസ്വമായ മഹാവേദാന്തമാണത് : ‘ഈ ചെറിയവനില്‍ ഒരുവന് നിങ്ങള്‍ ചെയ്തപ്പോള്‍…’ വാചകം മുഴുവനാക്കേണ്ടിയിരുന്നില്ല; മനസ്സ് പൂര്‍ത്തിയാക്കി അത്. ഞാന്‍ ചെയ്യുന്നതൊന്നും എനിക്കു വേണ്ടിയല്ല. യേശുവിനുവേണ്ടിയാണ്. മനസ്സ് കടുപ്പിച്ചു പറഞ്ഞു.
പിന്നീടൊരിക്കലും മനസ്സ് ചഞ്ചലമായിട്ടില്ല. ബെത്‌സയ്ദയിലെ ചുളിവുവീണ വയോധിക മുഖങ്ങളില്‍ പിന്നെയെന്നും കാണുന്നത് രോഗിയും നിരാലംബനും വിശക്കുന്നവനും ദാഹിക്കുന്നവനുമായ യേശുവിനെ മാത്രം. പിന്നെയെവിടെ മടുപ്പ്!
ഈയനുഭവം എംഎംബി സന്യാസ സമൂഹത്തിന്റെ മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മുഖമുദ്രയാണെന്നു കാലത്തിന്റെ സാക്ഷ്യം. ലാളിത്യവും വിനയവും പാവങ്ങളോടുള്ള സമര്‍പ്പണവും ഇവിടെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും തായ്‌വേരായി നില്‍ക്കുമ്പോള്‍, മഹാസൗധങ്ങളും ബൃഹദ്‌സംരംഭങ്ങളും സേവനത്തിന്റെ സമാന്തര പാതയൊരുക്കി നില്‍ക്കുന്നതും നാം കാണുന്നുണ്ട്. സഭാസ്ഥാപകനായ മോണ്‍. സക്കറിയാസ് വാഴപ്പിള്ളിയുടെയും നിരാലംബര്‍ക്കായി നിരവധി സഭാസ്ഥാപനങ്ങള്‍ക്ക് ചാലുകീറിയ മറ്റുള്ളവരുടെയും ബെത്‌സയ്ദയുടെ തുടക്കക്കാരായി ഒട്ടേറെ അധ്വാനിച്ച ബ്രദര്‍ ഗബ്രിയേല്‍, ബ്രദര്‍ വിയാനി തുടങ്ങിയവരുടെയും ദര്‍ശനപാതയിലാണ് അസ്തമന സന്ധ്യയുടെ സര്‍വചാരുതയും കൈമുതലായ ബെത്‌സയ്ദ. അങ്ങനെയാണ് സാര്‍വത്രിക സഭയില്‍ കരുണാവര്‍ഷത്തിന്റെ ഈ കാലയളവില്‍ ഒരു സ്ഥാപനമെന്നതിനേക്കാള്‍, ബെത്‌സെയ്ദ ഒരു സന്ദേശമാകുന്നത്.
ഫോണ്‍ : 0480 – 2830167

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>