അരികു ജീവിതങ്ങള്‍ക്ക് ആശാതീരം

By on September 25, 2015
P7 Asabavan 1

അരികു ജീവിതങ്ങള്‍ക്ക് ആശാതീരം

ജീവിതത്തിന്റെ അരികുകളിലേക്കും അതിര്‍ത്തികളിലേക്കും നീക്കി നിര്‍ത്തിയിരിക്കുന്ന സ്ത്രീജന്മങ്ങള്‍ക്ക് അഭയകേന്ദ്രമായി ആനന്ദപുരത്തെ ആശാഭവന്‍

ഇരിങ്ങാലക്കുട രൂപതയിലെ ആനന്ദപുരം സെന്റ് ജോര്‍ജ് ആശാഭവന്റെ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സലിന്‍, വയോധികരായ സ്ത്രീകള്‍ക്കുവേണ്ടി ഈ ഭവനം തുടങ്ങുന്നതിനു പ്രേരകമായിത്തീര്‍ന്ന ഒരു കഥ പറഞ്ഞു. 1996ലാണത്. അന്നു ഇവിടെ കോണ്‍വെന്റും അതിനോടനുബന്ധിച്ചു നഴ്‌സറി സ്‌കൂളും ടെയ്‌ലറിംഗ് സെന്ററും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരുനാള്‍ വൃദ്ധയായ ഒരു സ്ത്രീ കോണ്‍വെന്റില്‍ വന്നു. മുഷിഞ്ഞുനാറിയ വേഷവും അലക്ഷ്യമായി കിടക്കുന്ന അഴുക്കു കൂടുകൂട്ടിയ മുടിയും. അഭയം തരണമെന്നായിരുന്നു ആവശ്യം. മദര്‍ അവളെ പറഞ്ഞുവിടാന്‍ ശ്രമിച്ചു. ഇവിടെ അതിനുള്ള സൗകര്യമില്ല. അപ്പോഴാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു കൊച്ചുസിസ്റ്റര്‍ മദറിനോട് അഭ്യര്‍ഥിച്ചത് : ‘ഞാനിവരെ മുടിവെട്ടി, കുളിപ്പിച്ചോട്ടെ’ മദര്‍ സമ്മതിച്ചു. സിസ്റ്റര്‍ അവളുടെ വൃത്തിയില്ലാത്ത മുടിവെട്ടി, കുളിപ്പിച്ചു, ഭക്ഷണം കൊടുത്തു; അതുകഴിഞ്ഞ് കോണ്‍വെന്റില്‍ നിന്നു പറഞ്ഞുവിട്ടു.
അന്നു രാത്രി പക്ഷെ, മദര്‍ ഉറങ്ങിയില്ല. താന്‍ ആ അനാഥ സ്ത്രീയോട് സ്വീകരിച്ച നിലപാടില്‍ മദറിന് കുറ്റബോധം തോന്നി. പിറ്റേന്ന് അവളെ കണ്ടുപിടിച്ചു, കോണ്‍വെന്റിലേക്ക് കൊണ്ടുവന്നു. അന്നത്തെ ആ കൊച്ചു സിസ്റ്റര്‍ ചാലക്കുടിക്കാരിയായ ടീന ടോം ഇന്ന് മര്‍ത്താ സഭയുടെ വടക്കേ പ്രോവിന്‍സ് അംഗമാണ്.
നിര്‍ധനരിലും നിരാലംബരിലും യേശുവിനെ കണ്ട് പുണ്യശ്ലോകനായ ഫാ. ജോണ്‍ കിഴക്കൂടന്‍ തിരികൊളുത്തിയ മര്‍ത്താ സന്യാസിനീ സമൂഹത്തിന്റെ സുവിശേഷ സാക്ഷ്യം തിളങ്ങുന്ന സ്ഥാപനമാണ് ആനന്ദപുരം ആശാഭവന്‍. സമ്പത്തും സാങ്കേതിക വിദ്യകളും പരിഷ്‌കാരങ്ങളും മുഖമുദ്രയായ ആധുനിക കാലത്ത് സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അഭയാര്‍ഥികളായി ഇറങ്ങിപ്പോരേണ്ടി വന്നവര്‍ക്ക് പ്രത്യാശയുടെ തിരികൊളുത്തുകയാണ് ആശാഭവന്‍.
ഇളങ്കുന്നപ്പുഴ ലോനപ്പന്‍ എന്ന ഉദാരമതിയായ തറവാട്ടുകാരണവര്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് 1976ല്‍ മര്‍ത്താ സന്യാസിനികളുടെ കോണ്‍വെന്റ് ആരംഭിച്ചത്. പിന്നീട് കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ സമൂഹം, ആരോരുമില്ലാത്ത സ്ത്രീകള്‍ക്കായി ആശാഭവന്‍ സ്ഥാപിച്ചപ്പോള്‍ നാടുമുഴുവന്‍ അവരോടൊപ്പം ചേര്‍ന്നു. വികാരിയായിരുന്ന ഫാ. ഇഗ്നേഷ്യസ് ചുങ്കത്തും മദര്‍ സിസ്റ്റര്‍ ജോസിറ്റയും ജോമി കണ്ടംപടത്തിയും നന്മയുടെ ഈ കൂട്ടായ യത്‌നത്തിന് നേതൃത്വം നല്‍കി. രോഗികളും ശാരീരിക – മാനസിക ദൗര്‍ബല്യങ്ങള്‍ അനുഭവിക്കുന്നവരും പ്രായാധിക്യത്തിന്റെ അവശതകള്‍ നേരിടുന്നവരുമായ 23 സ്ത്രീകളാണിപ്പോള്‍ ഇവിടെയുള്ളത്. ഇവരില്‍ 44 വയസുമുതല്‍ 93 വയസുവരെയുള്ളവരുണ്ട്. അന്തേവാസികളില്‍ അഞ്ചു പേര്‍ ഹൈന്ദവരാണ്.
സൗജന്യമായാണ് ഇവിടെ സ്ത്രീകള്‍ കഴിയുന്നത്. അവരുടെ ഭക്ഷണം, ചികിത്സ, വസ്ത്രം തുടങ്ങിയവയ്‌ക്കെല്ലാം വേണ്ട പണം എവിടെ നിന്ന് എന്നു ചേദിക്കുമ്പോള്‍, സിസ്റ്റര്‍ ആന്‍സലിന് ഉത്തരം വളരെ വ്യക്തം. ഇടവകയിലും പരിസരത്തുമുള്ള നാനാജാതി മതസ്ഥരുടെ ഉദാരമനസ്സാണ് ആശാഭവന്റെ പിന്‍ബലം. അതോടൊപ്പം അകലെനിന്നു നീണ്ടുവരുന്ന സഹായഹസ്തങ്ങളുടെ കഥയും മറക്കാനാവില്ല. തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിലെ 18 കടകളില്‍ നിന്നാണ് പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഏറെയും ലഭിക്കുന്നത്. പുതുക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നു. മാസത്തിലൊരിക്കല്‍ സിസ്റ്റര്‍ ആന്‍സലിന്‍ ഓട്ടോറിക്ഷ വിളിച്ച് തൃശൂരിലേക്ക് പോകും. ശക്തന്‍ മാര്‍ക്കറ്റിലെ കടകളില്‍ സിസ്റ്ററെ കാണുമ്പോള്‍ തന്നെ അവരുടെ വിഹിതങ്ങള്‍ എടുത്തു നല്‍കും. ആനന്ദപുരം, മുരിയാട് പ്രദേശത്തെ ചില ബേക്കറികളും ഉദാരതയുടെ ഈ കൂട്ടായ്മയില്‍ പങ്കുചേരുന്നു. ‘ഇതുവരെ ഒരു കാര്യത്തിനും ആശാഭവന് മുട്ടുവന്നിട്ടില്ല’ – സിസ്റ്റര്‍ പറയുന്നു.
സിസ്റ്റര്‍ ആദ്യം മധ്യപ്രദേശിലെ സാഗര്‍ രൂപതയിലായിരുന്നു. പിന്നീട് ലൗക്‌നോയില്‍ പോയി നഴ്‌സിംഗ് പഠിച്ചെങ്കിലും ക്ഷയരോഗ ബാധയുടെ ലക്ഷണങ്ങളുമായാണ് തിരിച്ചുവന്നത്. 1996 വരെ സാഗറില്‍ തന്നെ ജോലി ചെയ്തു. പിന്നീട് ഇരിങ്ങാലക്കുട രൂപതയിലെ മേലഡൂരിലെ ഡിസ്‌പെന്‍സറിയിലും ഇടക്കാലത്ത് കല്യാണ്‍ രൂപതയിലും വീണ്ടും മേലഡൂരിലും സേവനമനുഷ്ഠിച്ചശേഷമാണ് സിസ്റ്റര്‍ ആന്‍സലിന്‍ ആശഭാവനിലെത്തിയത്. ഇവിടെയുള്ള ഓരോ സ്ത്രീയും ഒട്ടേറെ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കിക്കഴിയുന്നവരാണ്. ചിലര്‍ പ്രകടിപ്പിക്കും; ചിലര്‍ മൗനമായിരിക്കും. ഉള്ളിലെരിയുന്ന മാനസിക സംഘര്‍ഷങ്ങളുടെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് രോഗികളായവരുണ്ട്; തനിക്ക് ആരുമില്ലെന്ന ചിന്തയില്‍ നിരാശയില്‍ കഴിയുന്നവരുണ്ട്. ദാമ്പത്യത്തകര്‍ച്ചകള്‍ ജീവിതത്തെ നരകതുല്യമാക്കിയപ്പോള്‍, ജീവിതമവസാനിപ്പിക്കാന്‍ ആഗ്രഹിച്ചവരുണ്ട്. ഇവരെയൊക്കെ മനസ്സിലാക്കാനും അവരുടെ രോദനങ്ങള്‍ക്ക് ചെവികൊടുക്കാനും ആശ്വാസ വചനങ്ങള്‍ പകര്‍ന്നു നല്‍കാനുമുള്ള നിയോഗമാണ് ആശാഭവനിലെ മദര്‍ ആന്‍സലിനും സിസ്റ്റേഴ്‌സ് സാലസ്, ആമോസ്, ജോമിയ പോള്‍ എന്നിവരും ഏറ്റെടുത്തിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യവര്‍ഷത്തില്‍, കരഞ്ഞുകരഞ്ഞു കണ്ണീര്‍വറ്റിയ എത്രയോ സ്ത്രീജന്മങ്ങള്‍ക്കാണ് യേശുവിന്റെ കരുണാര്‍ദ്രമായ സ്‌നേഹത്തെ മര്‍ത്താ സഹോദരിമാര്‍ അനുഭവവേദ്യമാക്കുന്നത്! നിസ്സഹായതയും നിരാശയും ഇരുള്‍മൂടിയ ഒറ്റപ്പെട്ട ജീവിതങ്ങള്‍ക്ക് പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ വഴിതെളിക്കുന്ന ആശാദീപങ്ങളാണ് സുവിശേഷത്തിന്റെ ഇത്തരം സാക്ഷ്യഗോപുരങ്ങള്‍.
ഫോണ്‍ : 0480 – 2880166

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>