വേണമെങ്കില്‍ പച്ചക്കറി തട്ടിന്‍പുറത്തും!

By on November 2, 2015
DSC_0066

വേണമെങ്കില്‍ പച്ചക്കറി തട്ടിന്‍പുറത്തും!
ഇതേപ്പറ്റി അറിയാന്‍ ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്ത് സമ്മാനം
നേടിയ മേഗി പോളിനോട് ചോദിക്കൂ…

സോഷ്യല്‍ ആക്ഷന്‍ ഫോറവും ‘കേരളസഭ’ യും ചേര്‍ന്നു നടത്തിയ ‘ഹരിതഭവനം’ പച്ചക്കറിക്കൃഷി മല്‍സരത്തില്‍ പ്രത്യേക പുരസ്‌കാരം ലഭിച്ചെന്നറിഞ്ഞപ്പോള്‍ മേഗി പോളിന് വിശ്വസിക്കാനായില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തോളമായി മേഗി പോള്‍ വീടിന്റെ ടെറസ്സില്‍ നടത്തുന്ന പച്ചക്കറിക്കൃഷിയെപ്പറ്റി അറിയാവുന്നവര്‍ക്ക് ഒരു സംശയവുമുണ്ടായില്ല. കിട്ടാതിരുന്നാലേ അത്ഭുതമുള്ളൂ. ഏതായാലും പുരസ്‌കാരം കിട്ടിയതിലുള്ള അഭിനന്ദനങ്ങള്‍ ഒഴുകിയെത്തുമ്പോഴും, മേഗി പോളിന് പച്ചക്കറിക്കൃഷി നടത്തുന്നതില്‍ നിന്നു ലഭിക്കുന്ന ആഹ്ലാദത്തെപ്പറ്റിയാണ് ഏറെപ്പറയാനുള്ളത്.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ലോഗോസ് ക്വിസ് മല്‍സരങ്ങളിലും ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകാംഗമെന്ന നിലയില്‍ ഇടവകയോടു ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ബുള്ളറ്റിനിലെ പാചക കുറിപ്പുവഴിയും സാന്നിധ്യമറിയിച്ചിട്ടുള്ള മേഗി പോളിന്റെ ടെറസ്സിലെ പച്ചക്കറിത്തോട്ടത്തിലില്ലാത്ത വിഭവങ്ങള്‍ ചുരുക്കം. തക്കാളി, വെണ്ട, പലതരം വഴുതിന, പലതരം പച്ചമുളക്, കാപ്‌സിക്കം, കുമ്പളങ്ങ, പടവലം, കൂര്‍ക്ക, ചോളം, ഇഞ്ചി, മഞ്ഞള്‍, പയറ്, കപ്പ, പുതിന…. ആ ലിസ്റ്റ് നീളുന്നു. വേണ്ട രീതിയില്‍ വളവും വെള്ളവും പരിചരണവുമുണ്ടെങ്കില്‍ ടെറസില്‍ എന്തും വിളയിച്ചെടുക്കാമെന്ന് അനുഭവങ്ങളെ സാക്ഷിയാക്കി മേഗി പോള്‍ പറയുന്നു. ഏറെക്കുറെ ദീര്‍ഘ ചതുരാകൃതിയിലുള്ള ടെറസില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മിച്ച ‘കൂടാര’ ത്തിനകത്താണ് പച്ചക്കറികള്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നത്. അതുകൊണ്ട് കടുത്ത വെയിലോ കനത്ത മഴയോ പച്ചക്കറികള്‍ക്ക് ഭീഷണിയാവുന്നില്ല. ഇതിനു താഴെ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് വലയുടെ മേല്‍ക്കട്ടി. കീടങ്ങളുടെയും പ്രാണികളുടെയും ശല്യം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ടെറസില്‍ കട്ടികൂടിയ പ്ലാസ്റ്റിക്‌കൊണ്ട് തീര്‍ത്ത നാലടിയോളം വീതിയുള്ള ചാലുകളിലാണ് പച്ചക്കറികള്‍ വളര്‍ന്നു നില്‍ക്കുന്നത്. ഗ്രോ ബാഗുകളിലും ഇവയുണ്ട്.
പ്ലാസ്റ്റിക് ചാലുകളില്‍ മുക്കാല്‍ അടിയോളം കനത്തില്‍ ചകിരിച്ചോറും മണലും ചേര്‍ത്ത മിശ്രിതത്തില്‍ ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി. ചാണകപ്പൊടി, എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വെര്‍മി കമ്പോസ്റ്റ് തുടങ്ങിയവയുടെ പോഷകങ്ങള്‍ വലിച്ചെടുത്ത് പല പ്രായത്തിലുമുള്ള ചെടികള്‍ വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്നു.
തുള്ളിനനയാണ് വെള്ളത്തിനുള്ള വിദ്യ. ഇതിനായി എല്ലാ ചാലിലും പ്ലാസ്റ്റിക് കുഴലുകള്‍. ദിവസത്തില്‍ അരമണിക്കൂര്‍ നേരമാണ് വെള്ളമെത്തിക്കുക. ടാപ്പ് തുറന്നിട്ടാല്‍ മതി, നനയ്ക്കുന്ന പ്രശ്‌നം തീരുന്നു. ഇത്രയുമറിയുമ്പോള്‍, സ്വഭാവികമായും നാം ചോദിക്കുന്നു, ടെറസിലെ കൃഷിമൂലം ഈര്‍പ്പം കെട്ടിനിന്ന് വീടിന് കേടുവരുന്നില്ലേ? നാലു വര്‍ഷത്തെ അനുഭവം വച്ച് മേഗി പോള്‍ പറഞ്ഞു : ‘വളരെ നിയന്ത്രിത തോതില്‍ നടത്തുന്ന ജലസേചനമായതിനാല്‍, ഇതുവരെ ആ പ്രശ്‌നം ഇവിടെയുണ്ടായിട്ടില്ല.
സ്വീകരണമുറിയുടെ മേല്‍ഭാഗം വൃത്തിയായി കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഈര്‍പ്പത്തിന്റെയൊ വെള്ളമിറങ്ങിയതിന്റെയോ അടയാളമൊന്നും അവിടെയില്ല.
ടെറസിലെ ഈ പച്ചക്കറിത്തോട്ടത്തില്‍ നില്‍ക്കുമ്പോള്‍, നാം ഭൂമിയില്‍ നിന്നു പത്തടിയിലേറെ ഉയരത്തിലുള്ള ഒരിടത്താണ് നില്‍ക്കുന്നതെന്ന കാര്യം മറക്കും. താഴെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോഴാണ് ഇതൊരു വേറിട്ട സ്ഥലമാണെന്ന് ഓര്‍ക്കുക. പച്ചക്കറിക്കൃഷിക്കുള്ള വിത്തുകളും തൈകളും പലയിടത്തു നിന്നാണ് മേഗി പോള്‍ ശേഖരിക്കുന്നത്. ഗുണമേന്മയുള്ള വിത്തുകള്‍ ലഭിക്കുക അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് അവര്‍ പറയുന്നു. ബിസിനസ്സുകാരനായ ഭര്‍ത്താവ് പോളും എംബിഎ വിദ്യാര്‍ഥിയായ മകന്‍ ഷില്‍ജോയും മേഗി പോളിന്റെ പച്ചക്കറിക്കൃഷിയുടെ ആരാധകരാണ്. അതോടൊപ്പം, പോളിന്റെ വ്യവസായ സംരംഭത്തിലെ ജീവനക്കാരും ടെറസ്സിലേക്ക് മണ്ണും വളവും കൃഷി സാമഗ്രികളും എത്തിക്കാന്‍ സഹായവുമായി പിന്‍ബലം നല്‍കുന്നു.
ഒട്ടുമിക്ക വീട്ടമ്മമാര്‍ക്കും ദിവസവും ധാരാളം ഒഴിവുസമയം കിട്ടുമെന്നാണ് മേഗി പോളിന്റെ പക്ഷം. കുറെപ്പേരെങ്കിലും ആ സമയത്തില്‍ ഏറെയും ടിവി സീരിയലുകള്‍ക്കായി ചെലവാക്കുകയാണ്. താനും അങ്ങനെയായിരുന്നു കുറെക്കാലം. പക്ഷേ, പച്ചക്കറി കൃഷി തുടങ്ങിയതോടെ സീരിയലുകളോടുള്ള താല്‍പര്യം കുറഞ്ഞു. ദിവസവും രാവിലെയും വൈകിട്ടും കുറച്ചുസമയം ചെടികള്‍ക്കായി ചെലവഴിക്കുമ്പോള്‍, മനസ്സിന് എന്തൊരു തൃപ്തിയാണ്. വിഷമില്ലാത്ത പച്ചക്കറി സ്വന്തം വീട്ടിലും സുഹൃത്തുക്കള്‍ക്കും ലഭ്യമാക്കുന്നതിലുള്ള സന്തോഷം വേറെ.
എന്താ, ടെറസിലെ പച്ചക്കറിക്കൃഷി ഒന്ന് പരീക്ഷിക്കണോ? സംശയിക്കേണ്ട, മേഗി പോളിന്റെ സഹായമുണ്ടാകും.
ഫോണ്‍ : 0480 – 2827006

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>