വലിയപറമ്പില്‍ ശ്മശാന മൂകത, ജനത്തിന് ആശ്വാസം

By on November 2, 2015

വലിയപറമ്പില്‍ ശ്മശാന മൂകത, ജനത്തിന് ആശ്വാസം
ഉത്സവം കഴിഞ്ഞ ഉത്സവപ്പറമ്പു പോലെയാണിപ്പോള്‍ വലിയ പറമ്പ്. ഓര്‍ക്കുന്നില്ലേ, ആ മദ്യക്കട? സര്‍ക്കാര്‍ വക വിഷവിതരണാലയം. വൈകുന്നേരങ്ങളില്‍ ഉത്സവ പ്രതീതിയുണര്‍ത്തിയിരുന്ന ആ കൊച്ചു ഗ്രാമത്തിലെ വഴിയോരം ഇന്ന് ശാന്തമാണ്. തിരക്കില്ല. ടൂവീലറുകളുടെയും ഫോര്‍വീലറുകളുടെയും ബഹളമില്ല. തട്ടുകടകളിലും പരിസരത്തെ ചെറുകിട ഹോട്ടലുകളിലും ആളനക്കമില്ല. ഇവിടെ മുളച്ചു പൊന്തിയ ബീഫ്, മത്സ്യ, ചിക്കന്‍ സ്റ്റാളുകളിലും ആള്‍ തിരക്ക് ഒഴിഞ്ഞു. ഇപ്പോള്‍ വൈകുന്നേരങ്ങള്‍ ഇവിടെ നേരത്തെ അസ്തമിക്കുന്നു. മാളയില്‍ നിന്നുണ്ടായിരുന്ന ‘ബിവറേജ് എക്‌സ്പ്രസ്’ എന്ന ഓമന ബസുകള്‍ ഇപ്പോള്‍ ഓടുന്നത് കാലിയായി…
എന്തൊരു കാലമായിരുന്നു ഒക്‌ടോബര്‍ രണ്ടു വരെ. അന്നാണ് സംസ്ഥാനത്ത് 10% ബിവറേജ് മദ്യഷാപ്പുകള്‍ അടച്ചു പൂട്ടിയത്. അതില്‍ വലിയപറമ്പു പെട്ടു. അതോടെ വലിയപറമ്പിലെ മദ്യക്കട പഴങ്കഥയായി.
ഇതില്‍ ഏറ്റവും ആഹ്ലാദിക്കുന്നത് ഇവിടത്തെ നാട്ടുകാരാണ്. കാരണം, അവരേക്കാളേറെ മദ്യക്കടയുടെ ഉപഭോക്താക്കളായി എത്തിയിരുന്നത് സമീപ പ്രദേശങ്ങളില്‍ നിന്നുണ്ട്. ഇന്ന് നാട്ടുകാര്‍ ആശ്വാസം കൊള്ളുമ്പോള്‍ അതിലധികവും ആഹ്ലാദിക്കുന്നത് വീട്ടമ്മമാരാണ്. മദ്യം കുടിച്ചുവന്നുള്ള ഡിസ്‌കോ ഡാന്‍സുകള്‍ കണ്ടുമുടുത്തവരൊക്കെ അതില്‍ പങ്കു ചേരുന്നു. വാഹനാപകടങ്ങള്‍ കുറഞ്ഞതാണ് മദ്യക്കട പോയതിന്റെ മറ്റൊരു ഉപോല്‍പ്പന്നം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മദ്യക്കട അടച്ചത് നാട്ടില്‍ ഇരട്ടി മധുരമായിട്ടുണ്ട്. അല്ലെങ്കില്‍ വലിയപറമ്പിലൂടെ എത്ര ആയിരം ലിറ്റര്‍ വിഷം ഒഴുകിയേനെ എന്നാണവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ മദ്യഷാപ്പ് വന്നതോടെ ഒന്നരകൊല്ലത്തോളമായി വലിയപറമ്പിനുണ്ടായ മാറ്റവും ഇപ്പോള്‍ അത് പൂട്ടിയപ്പോഴുണ്ടായ മാറ്റവും പഠന വിധേയമാക്കണം. എത്രത്തോളം നാശം ഈ ഷാപ്പുവഴി നാടിനുണ്ടായെന്നതിന്റെ പ്രകടനമാണ്. ഷാപ്പ് പൂട്ടിയ വാര്‍ത്ത കേട്ടപ്പോള്‍ ജനം തെരുവിലിറങ്ങി പടക്കം പൊട്ടിച്ചപ്പോഴും പൊതുയോഗം നടത്തിയപ്പോഴും വ്യക്തമായത്.
എങ്കിലും ഇതിനു നേതൃത്വം നല്‍കിയ ടി. എന്‍ പ്രതാപന്‍ എം. എല്‍ എ യോട് ഒരു വാക്ക്. ഇതൊരു കൊലച്ചതിയായിപ്പോയി, അതും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്.
കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസുകാര്‍ക്കും മറ്റു പാര്‍ട്ടികാര്‍ക്കും നാട്ടിലെ മദ്യപന്മാര്‍ക്കും കൊണ്ടുവന്നു നടത്തിയ ഒരു ‘സാംസ്‌ക്കാരിക സ്ഥാപനത്തോട് ചെയ്തത് കടന്നുകയ്യായിപ്പോയി. താങ്കള്‍ ശ്രദ്ധിക്കണം: വലിയപറമ്പ് കൈവിട്ടതിലുള്ള ക്ഷീണം തീര്‍ക്കാന്‍ ഇപ്പോള്‍ കൊരട്ടിയിലെ മദ്യക്കട അന്നമനടയ്ക്കടുത്ത് വാളൂരിലേക്ക് കൊണ്ടുവരാന്‍ ശ്രമം മുറുകിയിട്ടുണ്ട്. ജാഗ്രത!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>