മതപഠനം നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ

By on May 9, 2016
nuAsHFlhz

മതപഠനം നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ

പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണ്ടേ?

ലാലി ചെറിയാന്‍, കല്ലേറ്റുങ്കര

ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കണ്ണുനനയാറുണ്ട്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും മറ്റും ഇടയില്‍ പലപ്പോഴും കാണുന്ന ചില ‘നല്ല വാര്‍ത്തകള്‍’. യുവാക്കളുടെ കൂട്ടായ്മകളില്‍ നിന്നുരുത്തിരിയുന്ന നന്മപ്രവൃത്തികള്‍. വീടില്ലാത്തവര്‍ക്ക് വീട്, രോഗികള്‍ക്ക് മരുന്ന്, വൃക്കശസ്ത്രക്രിയയ്ക്ക് സഹായം. നമ്മുടെ യുവാക്കള്‍ മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ പങ്കുചേരുന്ന, ഹൃദയം കുളിര്‍പ്പിക്കുന്ന വാര്‍ത്തകള്‍. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന സഹായഭ്യര്‍ഥനകള്‍ക്ക്, ഏറ്റവും കൂടുതല്‍ പ്രതികരണം ലഭിക്കുന്നത് യുവാക്കളില്‍ നിന്നാണെന്ന് തോന്നുന്നു.
ഇതൊക്കെയാണെങ്കിലും അപകടകരമായ ഒരു മനോഭാവം ഇന്നത്തെ തലമുറയില്‍ വേരൂന്നിയിരിക്കുന്നു എന്നു പറയാതെ വയ്യ. അതു മറ്റൊന്നുമല്ല : ഈ നന്മപ്രവൃത്തികള്‍ക്കൊപ്പം അല്‍പസ്വല്‍പം ‘നേരമ്പോക്കും’ (മദ്യപാനം, മയക്കുമരുന്ന്) ശീലക്കേടുമൊക്കെ ആയാലും കുഴപ്പമില്ല എന്നൊരു ചിന്ത. ആരും അറിയാതിരുന്നാല്‍ എന്തുമാവാം എന്നൊരു മനോഭാവം കുറച്ചുപേരിലെങ്കിലുമുണ്ട് എന്നതു ദുഃഖസത്യമാണ്. അതിനു അവരെ മാത്രം കുറ്റം പറയേണ്ടതില്ല. ചെറുപ്പത്തിലേ ലഭിക്കുന്ന ഉയര്‍ന്ന വരുമാനവും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും കുടുംബത്തിലെ ഇഴയടുപ്പമില്ലായ്മയും ഒരു നല്ല റോള്‍ മോഡലിന്റെ അഭാവവും മറ്റും യുവാക്കളെ അത്തരം നിലപാടുകളിലേക്ക് കൊണ്ടുപോകുകയാണ്.
മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ വളരെ കരുതലുള്ളവരാണെങ്കിലും ഭൗതിക സുഖസൗകര്യങ്ങള്‍ ഉണ്ടാക്കികൊടുക്കുന്നതിലാണ് അവരുടെ പ്രധാന ശ്രദ്ധ. ടിവി പരിപാടികള്‍ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഗുണകരമായെങ്കിലും കുടുംബബന്ധങ്ങളിലെ ഊഷ്മളത കുറഞ്ഞു. കഴിഞ്ഞ തലമുറയെ അപേക്ഷിച്ചു മാതാപിതാക്കളുടെ ലാളന ലഭിക്കാന്‍ ഭാഗ്യം സിദ്ധിക്കാത്ത തലമുറയാണ് ഇന്നത്തേത്. മക്കളും, മാതാപിതാക്കളും അവരവരുടേതായ ഇന്റര്‍നെറ്റ് ബന്ധങ്ങളുടെ സ്വകാര്യതയിലാണ്. യുവാക്കള്‍ വഴിതെറ്റാന്‍ ഒരു പ്രധാനകാരണം ഇതാണ്.
ഇവിടെയാണ് നമ്മുടെ വേദപാഠം ക്ലാസുകളുടെ പ്രസക്തി. നമ്മുടെ വേദപാഠം ക്ലാസുകള്‍ കാലത്തിനൊത്ത് പരിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മിക്ക ക്ലാസുകളിലും വേദപാഠത്തിനു സമ്മാനം വാങ്ങിയിരുന്ന ഒരാളാണ് ഇതെഴുതുന്നത്. അന്ന് പഠിച്ച നമസ്‌കാരങ്ങളൊഴികെ മറ്റൊന്നും ഇപ്പോള്‍ എന്റെ ഓര്‍മയില്‍ ഇല്ലേയില്ല. നമ്മുടെ ജീവിതത്തിനും സമൂഹത്തിനും ഉപകരിക്കാത്ത ‘കാണാപ്പാഠം’ പഠിക്കേണ്ട തത്വശാസ്ത്രങ്ങള്‍ക്കുപരി കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്ന പഠനരീതിയാണ് വേണ്ടത്. എല്ലാ ക്ലാസിലും നിര്‍ബന്ധമായും ഓരോ വിശുദ്ധന്റെ സമ്പൂര്‍ണ ജീവചരിത്രം കുട്ടികള്‍ക്ക് പാഠ്യവിഷയമാകണം. അവര്‍ കടന്നുപോന്ന വഴികളും ത്യാഗങ്ങളും അവരുടെ ആദര്‍ശങ്ങളും കുട്ടികള്‍ അറിയട്ടെ. ഇതിന്റെ വേറൊരു ഗുണം കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം വായനാ ശീലമില്ലാത്ത മാതാപിതാക്കള്‍ പോലും ആ വിശുദ്ധനെ അറിയുന്നു എന്നതാണ്. അങ്ങിനെ അവരറിയാതെ തന്നെ അവരുടെയും കുട്ടികളുടെയും മനസ്സ് കൂടുതല്‍ സംസ്‌കാര സമ്പന്നമാകുന്നു. ക്രിസ്തു എപ്പോഴും ഉപമകളിലൂടെയും കഥകളിലൂടെയും ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിച്ചത് വെറുതെയല്ല. ആ വഴി തന്നെയാണ് നമുക്കും വേണ്ടത്. 12-ാം ക്ലാസ് കഴിയുമ്പോഴേക്കും വീട്ടില്‍ നല്ലൊരു പുസ്തകശേഖരം ഉണ്ടാകും എന്നത് മറ്റൊരു പ്രയോജനം.
ഒഴിച്ചുകൂടാനാവാത്ത മറ്റൊരു കാര്യം ബൈബിള്‍ പഠനമാണ്. എല്ലാ ക്ലാസിലും നിര്‍ബന്ധമായും ബൈബിള്‍ പഠനവും അതിനോടൊപ്പം പരീക്ഷയും വേണം. 12-ാം ക്ലാസ് കഴിയുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് ബൈബിള്‍ ചിരപരിചിതമാകും. മറ്റേതൊരു ഗ്രന്ഥത്തില്‍ നിന്നും ലഭിക്കുന്നതിനേക്കാളും അറിവ് ബൈബിള്‍ പഠനത്തിലൂടെ ലഭിക്കുമെന്ന് പറയേണ്ട കാര്യമില്ല.
സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് മറ്റൊന്ന്. ഇപ്പോള്‍ പല മതധ്യാപകരും തങ്ങളുടെ കുട്ടികളെ അനാഥാലയങ്ങളും മറ്റും സന്ദര്‍ശിക്കുവാന്‍ കൊണ്ടുപോകാറുണ്ട്. നല്ല കാര്യമാണത്. എങ്കിലും, അതൊക്കെ ഒരു ചടങ്ങുപോലെയാകുന്നുണ്ടോ എന്ന് കൂടി ചിന്തിക്കണം. കുട്ടികള്‍ ആദ്യമറിയേണ്ടത് സ്വന്തം ചുറ്റുവട്ടത്തുള്ളവരുടെ പ്രശ്‌നങ്ങളാണ്. ഇത് കുട്ടികളുടെ മാത്രം പ്രശ്‌നമല്ല. ലോകത്തില്‍ എത്ര അകലേയ്ക്കും സഹായമെത്തിക്കുന്ന നമ്മള്‍ നമ്മുടെ തൊട്ടയല്‍പക്കത്തെ വേദനകള്‍ അറിയാതെ പോകുന്നു എന്നത് ഒരു ദുഃഖസത്യമല്ലെ? അതിനൊരു മനഃശാസ്ത്രവശവുമുണ്ട്. അയല്‍ക്കാരനോടുള്ള ശത്രുത. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നതില്‍ എല്ലാ നിയമങ്ങളും അടങ്ങിയിരിക്കുന്നു എന്ന് ക്രിസ്തു പറഞ്ഞത് വെറുതെയാണോ? അയല്‍ക്കാരനെ സ്‌നേഹിക്കുവാന്‍ കഴിയുന്നവനു ബാക്കിയെല്ലാ നിയമങ്ങളും പാലിക്കുവാന്‍ കഴിയുന്നു എന്ന സത്യം ക്രിസ്തു നമ്മെ ഓര്‍മിപ്പിക്കുകയായിരുന്നു.
നമ്മുടെ മക്കളെങ്കിലും ചുറ്റുമുള്ളവരുടെ വേദനകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പഠിക്കട്ടെ. മതാധ്യാപകര്‍ തന്നെ അതിന് മുന്‍കയ്യെടുക്കണം. മാസത്തിലെ ഒരു ഞായറാഴ്ചയിലെ വേദപഠനം ഇത്തരം ‘പ്രാക്ടിക്കല്‍ ക്ലാസിനായി’ മാറ്റിവയ്ക്കണം. നാടിന്റെ പ്രശ്‌നങ്ങളിലേക്കും അവര്‍ ഇറങ്ങി ചെല്ലട്ടെ. ഉദാഹരണത്തിന് നാട്ടില്‍ ശുദ്ധജല ക്ഷാമമുണ്ടെങ്കില്‍ അതിന് നേരെ അലംഭാവം കാട്ടാതെ അത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കുട്ടികളെ പ്രേരിപ്പിക്കണം. ഇതുപോലെ, സമൂഹത്തിന്റെ ഓരോ പ്രശ്‌നങ്ങളിലേക്കും അവര്‍കടന്നുവരണം. ക്രിസ്തു ചെയ്തത് അതാണ്. കുട്ടികള്‍ അടുത്ത തലമുറയിലെങ്കിലും ഒരു യഥാര്‍ഥ ക്രിസ്ത്യന്‍ സമൂഹമായി വളരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>