വിവാഹനാളിലെ നിലവിട്ട തമാശകള്‍

By on July 2, 2016
10665663_1689919474566621_4087252028663955898_n

വിവാഹനാളിലെ നിലവിട്ട തമാശകള്‍

ടി.പി. ജോണി

അടുത്ത കാലത്ത് ചില വിവാഹവേളകളില്‍ കാണാനിടയായ കാര്യങ്ങളാണ് ഈ കുറിപ്പിനു അടിസ്ഥാനം. താലികെട്ട് കഴിഞ്ഞ് പുറത്തിറങ്ങുന്ന വധൂവരന്മാരെ സ്വീകരിക്കാന്‍ ചെളിയില്‍ പുതഞ്ഞ ട്രാക്ടറും വ്യക്ഷത്തലപ്പുകളും ചെടികളും കെട്ടിയ ഓട്ടോറിക്ഷയും അകമ്പടി സേവിക്കാന്‍ ഉത്സവപ്പറമ്പുകളിലെ വാദ്യഘോഷങ്ങളും പീപ്പികളും തുള്ളിച്ചാടാന്‍ കുറെ സുഹൃത്തുക്കളും. നല്ല കത്തോലിക്കാ വിവാഹങ്ങളില്‍ പോലും ഇപ്പോള്‍ കാണുന്ന കാഴ്ചകളാണിവ.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വധൂവരന്മാര്‍ക്ക് പലപ്പോഴും ഗ്ലാസില്‍ പകര്‍ന്ന് നല്‍കുന്നത് കാന്താരി മുളകരച്ചതും ഉപ്പ് കട്ടിയായി കലക്കിയതുമൊക്കെയാണ്. ഇരിപ്പിടങ്ങളില്‍ ബലൂണ്‍ വീര്‍പ്പിച്ചു വയ്ക്കുക, നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുക തുടങ്ങിയവയും അരങ്ങേറുന്നു.
പവിത്രവും പരിശുദ്ധവുമായ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ അതിരുവിടുന്ന കാഴ്ചയാണ് ഇന്നു പലയിടത്തും. വിവാഹ ദിനത്തില്‍ ചെറിയ കുസൃതികള്‍ ചെയ്യുന്ന പതിവ് പണ്ടു മുതലേ ഉണ്ട്. അതിന്റെ ബലിയാടായ ഒരു സ്ത്രീയുടെ കഥയിങ്ങനെ: വിവാഹവേളയില്‍ മണ്ഡപത്തിലെ കസേരക്കടിയില്‍ ഗോലിക്കായ വച്ചിരുന്നത് അറിയാതെ അവര്‍ കസേരയിലിരുന്നു. കസേര മറിഞ്ഞുവീണത് മൂന്നരയടി താഴ്ചയിലേക്ക്. ഫലം, നട്ടെല്ലിനേറ്റ ക്ഷതവും വീഴ്ചയിലുണ്ടായ മാനസിക അസ്വാസ്ഥ്യവും. 13 വര്‍ഷത്തോളമായുള്ള ചികിത്സ ഇപ്പോഴും തുടരുന്നു. മറ്റൊരു അനുഭവം. വരന്റെ ഇടവകയില്‍ വിവാഹം. വിവാഹകര്‍മങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ ഒരുക്കി വച്ചിരുന്നത് പാടത്തെ ചേറില്‍ പുതഞ്ഞ ട്രാക്ടര്‍. വിവാഹവസ്ത്രത്തോടെ നിര്‍ബന്ധപൂര്‍വം രണ്ടുപേരെയും അതില്‍ കയറ്റി ഇരുത്തി. കൊട്ടും കുരവയും ആര്‍പ്പു വിളികളുമായി പിന്നെ മണ്ഡപത്തിലേക്ക്. പിന്നീടൊരിക്കലും അവളുടെ പുഞ്ചിരിക്കുന്ന മുഖം ഞാന്‍ കണ്ടീട്ടില്ല. വധൂവരന്മാര്‍ക്കുള്ള സ്വീകരണചടങ്ങില്‍ കേക്ക് മുറിച്ചപ്പോള്‍ പൊട്ടിച്ച പൊപ്പേഴ്‌സിന്റെ ശബ്ദത്തില്‍ പേടിച്ച് കുഴഞ്ഞുവീണു വധുവിനെ, പിന്നീട് മൂന്നാഴ്ച കാലത്തെ സൈക്കാട്രിസ്റ്റ് ട്രീറ്റ്‌മെന്റിന് ശേഷം കണ്ടപ്പോള്‍ തമാശകളില്ലാത്ത, ചിരികളില്ലാത്ത ഒരു ലോകത്തായിരുന്നു അവള്‍. ഇതുപോലെയുള്ള അനുഭവങ്ങള്‍ പലര്‍ക്കും വിവരിക്കാനുണ്ടാകും.
വിവാഹദിനത്തിലെ ആഘോഷങ്ങള്‍ ആഭാസമാകുന്നത് നിയന്ത്രിക്കണം. പലപ്പോഴും വീട്ടുകാരുടെയോ ബന്ധുക്കളുടെയോ അറിവോടെയല്ല ഇതെല്ലാം സംഭവിക്കുന്നത്. സുഹൃത്തുക്കളായിരിക്കും ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഒരു തരം റാഗിങ്ങല്ലേ ഇതെന്ന് ചിന്തിക്കണം. അടുത്തിടെ ഒരിടവകയില്‍ മണ്ഡപത്തിലേക്ക് വരനെയും വധുവിനെയും ആനയിച്ചത് ബുള്ളറ്റ് ബൈക്കിലാണ്. ആവേശം കാട് കയറിയപ്പോള്‍ അകമ്പടിക്കാരുടെ സ്‌പോര്‍ട്ട്‌സ് ബൈക്കുകളിലൊന്ന് നിയന്ത്രണം വിട്ട് വധൂവരന്മാര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു. രണ്ടുപേരും മറിഞ്ഞുവീണ് ആശുപത്രിയിലായി. അപ്പോള്‍ എന്തായിരിക്കും, അവരുടെ മാത്രമല്ല അവരുടെ ബന്ധുമിത്രാദികളുടെ മുഴുവന്‍ മാനസികാവസ്ഥ? അതേ ഇടവകയില്‍ അടുത്തു നാളില്‍ നടന്ന വിവാഹത്തിനും ഇതേ വാഹനങ്ങള്‍ തന്നെയായിരുന്നു അകമ്പടി.
മംഗളകരമായി തീരേണ്ട വിവാഹകര്‍മ്മത്തിനും ആഘോഷത്തിനും ഏതാനും പേരുടെ വഴിവിട്ട ‘തമാശ’ തിളക്കം കുറയ്ക്കാന്‍ അനുവദിക്കരുത്. ഇതിനു വേണ്ട മുന്‍കരുതലുകളെടുക്കാന്‍ എല്ലാവരും തയ്യാറാവണം. സാധാരണയായി വരന്റെ സുഹൃത്തുക്കളും ചിലയിടത്ത് കാറ്ററിംഗ് നടത്തുന്നവരുമാകാം ഇതിനൊക്കെ കൊഴുപ്പ് കൂട്ടുന്നത്. അവരെ നിയന്ത്രിക്കുകയല്ലേ വേണ്ടത്. വിവാഹം കളിയല്ല; അഭിനയമല്ല. കത്തോലിക്കാ വിശ്വാസപ്രകാരം പരിശുദ്ധമായ കൂദാശയാണ്. അതിനെ നിസ്സാരവല്‍ക്കരിക്കുന്നതും റിയാലിറ്റി ഷോയാക്കുന്നതും ശരിയല്ലെന്ന് ബന്ധപ്പെട്ടവരൊക്കെ മനസിലാക്കുകയും അതനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>