മാവേലിത്തമ്പുരാന് സ്‌നേഹപൂര്‍വം ചില മുന്നറിയിപ്പുകള്‍

By on October 3, 2016
maveli of Orange

മാവേലിത്തമ്പുരാന് സ്‌നേഹപൂര്‍വം ചില മുന്നറിയിപ്പുകള്‍

ഭാഗ്യം കൊണ്ടാണ് ഇത്തവണ പരുക്കൊന്നും ഏല്‍ക്കാതെ മാവേലിത്തമ്പുരാന്‍ കേരളത്തില്‍ നിന്ന് തിരിച്ചു പാതാളത്തിലേക്ക് പോയത്. അടുത്ത തവണ അങ്ങനെയാകണമെന്നില്ല. എന്തും സംഭവിക്കാം. അതുകൊണ്ട് മുന്നറിയിപ്പെന്ന നിലയില്‍ ചില കാര്യങ്ങള്‍ തെര്യപ്പെടുത്തുകയാണ്; തിരുവുള്ളക്കേട് തോന്നരുത്.
കാലം മാറി; ആളുകള്‍ മാറി പക്ഷേ, ലക്ഷ്യങ്ങള്‍ മാറിയിട്ടില്ല. അതായത്, എല്ലാവര്‍ക്കും വേണ്ടത് അധികാരമാണ്. അതിന് കഴിയാവുന്ന വിധത്തിലൊക്കെ പലപല തന്ത്രങ്ങളും ഞങ്ങള്‍ പയറ്റും. വോട്ട് ബാങ്കുകള്‍ ഉറപ്പിക്കുകയാണ് ഞങ്ങളുടെ ലളിതമായ ലക്ഷ്യം. അതിനാണ് ഞങ്ങള്‍ രണ്ടരവര്‍ഷം മുമ്പ് കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുത്ത നാള്‍ മുതല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ചരിത്രം, ഐതിഹ്യം, പാരമ്പര്യം, നാട്ടുനടപ്പ് എന്നൊക്കെ പറയുന്നത് മണ്ണാങ്കട്ട. ഇവിടെ ഞങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നത് സമത്വ സുന്ദരമായ ഹിന്ദുരാജ്യമാണ്. ഞങ്ങള്‍ മാത്രമാണ് ഇതിലെ പ്രജകള്‍. എന്നുവച്ചാല്‍, ഹിമാലയം മുതല്‍ കന്യാകുമാരി വരെ, അറബിക്കടല്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ഞങ്ങള്‍ മാത്രം. ബാക്കിയുള്ളവര്‍ വല്ല കാട്ടിലോ മലയിലോ അറബിക്കടലിലോ പോയി തുലയട്ടെയെന്നാണ് ഞങ്ങളുടെ ബുദ്ധിരാക്ഷസന്മാര്‍ പറയുന്നത്. ആവശ്യമുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാം. ഇതു ഞങ്ങള്‍ പണ്ടേ പറഞ്ഞുകഴിഞ്ഞതാണ്. ഇപ്പോള്‍ 82 ശതമാനമാണ് ഞങ്ങള്‍. അത് 100 ശതമാനമാക്കുകയാണ് അടുത്ത രണ്ടരവര്‍ഷം കൊണ്ട് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
ഇതിനൊക്കെ വേണ്ടിയാണ് ഞങ്ങള്‍ അധികാരത്തില്‍ കയറിയത്. ചരിത്രം മാറ്റിയെഴുതുകയാണ് ആദ്യനടപടി. അതു ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിയെയും നെഹ്‌റുവിനെയും ഏറെക്കുറെ ഞങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. പകരം ഗോഡ്‌സെയെയും ഞങ്ങളുടെ ആചാര്യന്മാരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാട്ടിലെ കേന്ദ്ര സാഹിത്യ അക്കാദമി, ചരിത്ര പഠന ഗവേഷണ കൗണ്‍സില്‍, യുജിസി, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയൊക്കെ ഏറെക്കുറെ ഞങ്ങള്‍ കാവിയില്‍ പുതച്ചു കഴിഞ്ഞു. അങ്ങനെ പതുക്കെ പതുക്കെ ഇന്ത്യയുടെ ചരിത്രം ഞങ്ങള്‍ മാറ്റിയെഴുതും. സ്‌കൂളുകളില്‍ യോഗയും ഭഗവദ്ഗീത പഠനവുമൊക്കെ നിര്‍ബന്ധ പാഠ്യവിഷയമാക്കുന്നതും ഇതിനാണ്. അടുത്ത തലമുറ, ഇന്ത്യയെന്നാല്‍ ഹിന്ദുവെന്ന് മനസിലാക്കണം. ഇതിനൊക്കെ വേണ്ടിയാണ് കഴിഞ്ഞ രണ്ടര കൊല്ലം ഞങ്ങളുടെ വീരശൂര പരാക്രമികളായ നേതാക്കളും എംപിമാരും വീര്യമുള്ള പ്രസ്താവനകള്‍ ഇറക്കികൊണ്ടിരിക്കുന്നത്. മോഹന്‍ ഭാഗവതും വി.കെ. സിംഗും സാധ്വി പ്രാചിയും സാക്ഷി മഹാരാജും തുടങ്ങി വമ്പന്‍ നേതാക്കള്‍ ഓരോ ദിവസവും വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ വെറുതെയാണെന്നാണോ കരുതിയത്? കേരളത്തില്‍ ശശികല, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ ഞങ്ങളുടെ ഝാന്‍സിറാണിമാര്‍ ചുറ്റിലും നടത്തികൊണ്ടിരുന്ന വര്‍ഗീയ മലിനീകരണം വെറുതെയാണെന്നാണോ കരുതിയത്?
കേരളത്തില്‍ ഒന്നുരണ്ടു നൂറ്റാണ്ടുകാലം രാജാക്കന്മാരോടും നാടുവാഴികളോടുമൊപ്പം ഞങ്ങള്‍ അടിയാളവര്‍ഗങ്ങളെ അടക്കി ഭരിച്ചു. അതൊരു കാലമായിരുന്നു. അവരെ അടിമകളാക്കി വച്ചു. അങ്ങനെയിരിക്കെയാണ് ക്രൈസ്തവ മിഷനറിമാര്‍ വന്നത്. കന്നുകാലികളെ പോലെ ഞങ്ങളുടെ പാടത്തും പറമ്പിലും പണിയെടുത്തിരുന്ന അവരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ പലതും ചെയ്തു. ഞങ്ങള്‍ ചെറുത്തുനിന്നെങ്കിലും നടന്നില്ല. പലപല നികുതികള്‍, പീഡനങ്ങള്‍, തൊട്ടുകൂടായ്മ, ക്ഷേത്രങ്ങളില്‍ കടന്നുകൂടായ്മ, സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാന്‍ പാടില്ലായ്മ എന്നിവയൊക്കെ ഞങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കിവച്ച നിയമങ്ങളാണ്. പക്ഷേ, മിഷനറിമാര്‍ അതൊക്കെ തകര്‍ത്തു. അങ്ങനെ തിരുവിതാംകൂറിലും കൊച്ചിയിലും അടിമത്തം നിരോധിക്കപ്പെട്ടു. അപ്പോഴേക്കും വന്നു ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെ. അവരും അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി പലതും ചെയ്തു.
ശ്രീ നാരായണ ഗുരുവാണ് ഏറ്റവും കുഴപ്പം ഞങ്ങള്‍ക്ക് സൃഷ്ടിച്ചത്. ജാതിക്കും അയിത്തത്തിനും എതിരെ അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. തടയാന്‍ ഞങ്ങള്‍ ആവതും ശ്രമിച്ചു; നടന്നില്ല…
പക്ഷേ, കാലം മാറിയപ്പോള്‍ ഞങ്ങളുടെ കോലവും മാറേണ്ടി വന്നു. അതിനു കാരണമായത് അധികാരമാണ്. ഞങ്ങള്‍ അടക്കി ഭരിച്ചവരൊക്കെ എത്രയധികം കരുത്തുള്ള വോട്ട്ബാങ്കാണെന്ന് സ്വാതന്ത്ര്യം കിട്ടി കുറെ നാളുകള്‍ കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായത്. അങ്ങനെയാണ് ഞങ്ങള്‍ നിങ്ങളുടെ ‘സംരക്ഷണം’ കുത്തകാവകാശമായി ഏറ്റെടുത്തത്. അങ്ങനെയാണ് ദലിതരുടെ രക്ഷകരായി നിങ്ങള്‍ പറയുന്ന അംബേദ്ക്കറും അയ്യന്‍കാളിയും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരായത്. അങ്ങനെയാണ് ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്നു കേരളത്തെപ്പറ്റി പറഞ്ഞ ശ്രീനാരായണ ഗുരുവിനെ പണ്ട് പുച്ഛിച്ചു അകറ്റി നിര്‍ത്തിയിരുന്ന ഞങ്ങള്‍ക്ക് അദ്ദേഹം ഇപ്പോള്‍ സ്വീകാര്യനായത്…. അടിയാള വര്‍ഗങ്ങളെ ദൈവത്തിന്റെ മക്കളെന്ന് – ഹരിജന്‍ – എന്നു വിളിച്ച മഹാത്മാ ഗാന്ധിയോട് ഞങ്ങള്‍ ചെയ്തതെന്തെന്ന് പറയേണ്ടല്ലോ.
മഹാമനസ്‌കനായ മാവേലി തിരുമേനി, ഇതൊക്കെയാണ് ഞങ്ങളുടെ പൂര്‍വാര്‍ജിത പുരാവൃത്തം. അതു മനസിലാക്കുക. ഇപ്പോള്‍ വോട്ട് ബാങ്കിന്റെ അടിത്തറ ഉറപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് ഞങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളിലൊന്നാണ് അങ്ങയുടെ ഇളക്കി പ്രതിഷ്ഠ. ദേശീയതയുടെയും ആര്‍ഷസംസ്‌കാരത്തിന്റെയും എല്ലാ മുദ്രകളെയും അടയാളങ്ങളെയും ദേശസാല്‍ക്കരിക്കുകയാണ് ഞങ്ങളുടെ കാര്യപരിപാടി. എല്ലാം ഞങ്ങളുടെ കൊടിക്കീഴിലാക്കുകയെന്ന മിനിമം അജന്‍ഡ. അങ്ങനെ വോട്ട് ബാങ്കിന്റെ വിസ്തൃതി കൂട്ടുക.
അതുകൊണ്ടു ചോദിക്കട്ടെ, പണ്ടൊരുനാള്‍ കേരളം ഭരിച്ചെന്നും അടിയാള വര്‍ഗങ്ങള്‍ക്കും ദലിതര്‍ക്കും പ്രജാക്ഷേമത തല്‍പരനായിരുന്നെന്നും പറയുന്ന അസുര രാജാവായിരുന്നല്ലോ അങ്ങ്? എന്തിനാണിപ്പോള്‍ ആ പഴങ്കഥ പറഞ്ഞ് വര്‍ഷം തോറും കേരളത്തില്‍ വരുന്നത്? ജാതിയും മതവും വര്‍ഗവും – വംശവുമില്ലാതിരുന്ന അക്കാലത്തെ വീണ്ടും ഓര്‍മിപ്പിക്കുന്നത് എന്തിനാണ്? എല്ലാ മനുഷ്യരും ഒന്നുപോലെ സമത്വത്തോടെ വാണിരുന്നുവെന്നു പറയുന്നതുതന്നെ ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലാണ്.
അതുകൊണ്ട് ഇനിമുതല്‍ താങ്കള്‍ ചിങ്ങമാസത്തില്‍ കേരളത്തില്‍ വരേണ്ട. ഞങ്ങളുടെ അജന്‍ഡ വേറെയാണ്. അങ്ങയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ അധികാരത്തിന്റെ വാമനപാദങ്ങള്‍ ഇന്നു കൂടുതല്‍ ശക്തമാണെന്നറിയുക. അധികാരം ഞങ്ങളുടെ കൂടെയാണ്. അതുകൊണ്ട് ഇനി ഓണം എന്ന ഓര്‍മ അങ്ങയുടെ വരവിന്റേതല്ല, വാമനന്റെ ജയന്തിയായി ഞങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സര്‍വമാന മലയാളികളെയും ബ്രെയിന്‍ വാഷ് ചെയ്ത് അതു ഞങ്ങളുടെ മതപരമായ ചടങ്ങും ആഘോഷവുമാക്കി ഞങ്ങള്‍ മാറ്റും.
അതു മാത്രമല്ല; ഈ മുന്നറിയിപ്പ് ഗൗനിക്കാതെ അടുത്ത കൊല്ലവും ഓണത്തിന് കേരളത്തിലേക്ക് പ്രജകളെ കാണാനെന്ന പേരില്‍ വരാനാണ് ഭാവമെങ്കില്‍ എന്താണുണ്ടാവുകയെന്ന് ഞങ്ങള്‍ പറയുന്നില്ല. ഞങ്ങളുടെ ഇടയിലുള്ള തീവ്രചിന്താഗതിക്കാര്‍ അങ്ങയെ വഴിയില്‍ തടഞ്ഞേക്കാം; കയ്യേറ്റം ചെയ്‌തേക്കാം. അങ്ങനെയുണ്ടാകാവുന്ന സംഭവങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന കാര്യവും സംഗതിവശാല്‍ അറിയിച്ചുകൊള്ളട്ടെ.

കേരളം കുടിച്ചു മരിക്കട്ടെ, അല്ലെങ്കില്‍ കുടിച്ചു മുടിക്കട്ടെ
സര്‍ക്കാരിനും ബിവറേജസ് കോര്‍പറേഷനും ആകാശം മുട്ടേ ആഹ്ലാദിക്കാം; ആനന്ദലഹരിയില്‍ ആറാടാം. ഇത്തവണ സര്‍ക്കാരിന്റെ മദ്യ വില്‍പ്പന സകല കുടിയന്മാരുടെയും പ്രതീക്ഷകളെ കടത്തിവെട്ടി. കേരളത്തിലെ കുടിയന്മാര്‍ ഓണക്കാലത്ത് വിഴുങ്ങിയത് 410 കോടിയുടെ മദ്യമാണ്. ഇരിങ്ങാലക്കുടയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 45 ലക്ഷം രൂപയുടെ മദ്യം അവര്‍ അകത്താക്കി. രണ്ടാം സ്ഥാനത്ത് മാനന്തവാടി – 40 ലക്ഷം. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് മദ്യം വിറ്റുകിട്ടിയതിനേക്കാള്‍ 19 ശതമാനം കൂടുതല്‍ പണം കിട്ടിയ ആഹ്ലാദത്തിലാണ് എക്‌സൈസ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍. മദ്യത്തിന്റെ വിലകൂട്ടിയിട്ടില്ലാത്ത നിലക്ക് വരുമാനത്തിലെ വര്‍ധന, മദ്യ വില്‍പനയിലുണ്ടായ വര്‍ധനയുടെ ഫലമാണെന്ന് അവര്‍ ചാരിതാര്‍ഥ്യത്തോടു കൂടി പറയുന്നുമുണ്ട്. നല്ലകാര്യം, കേരളം കുടിച്ചു മരിക്കട്ടെ; അല്ലെങ്കില്‍ കുടിച്ചു മുടിക്കട്ടെ.
ഇനി അടിയന്തരമായി സര്‍ക്കാര്‍ ചെയ്യേണ്ടത് യുഡിഎഫ് കൊണ്ടുവന്ന മദ്യനയം അഴിച്ചുപണിയുകയാണ്. അല്ലെങ്കില്‍തന്നെ കഴിഞ്ഞ ഏതാനും നാളുകളായി എക്‌സൈസ് മന്ത്രിയും ടൂറിസം മന്ത്രിയുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് മദ്യനയംമൂലം കേരളത്തില്‍ ടൂറിസം തകര്‍ന്നു തരിപ്പണമായെന്നാണ്. അതുകൊണ്ട്, ഓണക്കാലത്തെ വില്‍പനയില്‍ നിന്നുള്ള ലഹരി ഉള്‍കൊണ്ട്, അതൊരു പിടിവള്ളിയാക്കി മദ്യനയം പൊളിച്ചടക്കണം. നാട്ടിലും നഗരങ്ങളിലും മദ്യപന്മാര്‍ ആനന്ദനൃത്തമാടട്ടെ. അക്രമങ്ങളും കവര്‍ച്ചയും പിടിച്ചുപറിയും വാഹനാപകടങ്ങളും സ്ത്രീപീഡനങ്ങളും യുഡിഎഫ് മദ്യനയം വന്നതിനുശേഷം കുത്തനെ കുറഞ്ഞുവെന്നു പറയുന്ന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയെ നാടുകടത്തണം. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെ നിരോധിക്കണം. നാടിന്റെ മുക്കിലും മൂലയിലും മദ്യഷാപ്പുകള്‍ ഇഷ്ടം പോലെ അനുവദിക്കണം. സ്റ്റാര്‍ ഉള്ളതും ഇല്ലാത്തവയുമെന്ന കാര്യമൊന്നും നോക്കാതെ, ചോദിക്കുന്നവര്‍ക്ക് ബാറും മദ്യഷാപ്പും അനുവദിക്കുക. അങ്ങനെ അടുത്ത നാലുകൊല്ലം കൊണ്ട് ‘സമത്വസുന്ദര മദ്യകേരളം’ സംജാതമാകട്ടെ.
പോരെങ്കില്‍ രമേശ് ചെന്നിത്തലയെപ്പോലെയുള്ള ഖാദിധാരികള്‍ നയം മാറ്റത്തിന് പച്ചക്കൊടി കാട്ടിയിട്ടുമുണ്ട്. യുഡിഎഫിന്റെ മദ്യനയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു കാരണമെന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ കണ്ടെത്തല്‍. അല്ലാതെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വന്ധ്യതയല്ല.

സിനിമയും കോടതിയും പിന്നെ നമ്മളും
സിനിമ യുവജനങ്ങളെ വഴിതെറ്റിക്കുന്നുവെന്നാണ് മദ്രാസ് ഹൈക്കോടതി ഈയിടെ ഒരു കേസില്‍ നടത്തിയ നിരീക്ഷണം. പൂവാലന്മാരുടെ ശല്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഒരു യുവതി നല്‍കിയ കേസിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. കോടതിയായതിനാല്‍, കോര്‍ട്ടലക്ഷ്യം ഭയന്ന് ആരും മറുത്തുപറഞ്ഞില്ലെന്നു മാത്രം. അല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു ഇവിടത്തെ ചാനല്‍ വിദഗ്ധരുടെ ചര്‍ച്ചകളും വിലയിരുത്തലുകളും. സിനിമയും ടിവിയും കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളായി കേരളത്തിലെ പൊതുസമൂഹത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മലിനീകരണത്തെപ്പറ്റി പറയുന്നവരെയൊക്കെ കൂട്ടത്തോടെ എതിര്‍ക്കുകയെന്നതാണ് പതിവ്. പുതുതലമുറ സിനിമയെന്ന തകരകളുടെ വരവും അവര്‍ ആഘോഷിക്കുന്ന ലൈംഗിക അരാജകത്വവും മദ്യപാനവും ലഹരിയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവര്‍ നമ്മുടെ മാധ്യമ രംഗത്തും സാംസ്‌കാരിക രംഗത്തും കുറച്ചൊന്നുമല്ല. ടിവിയിലാണെങ്കില്‍ പരമ്പരകളെന്ന പേരില്‍ ദിവസവും കാണിക്കുന്നതും പറയുന്നതുമായ കാര്യങ്ങള്‍ കുടുംബ ഭദ്രതയ്ക്കും സാമൂഹിക, വ്യക്തി ബന്ധങ്ങള്‍ക്കും സ്ത്രീത്വത്തിന്റെ മഹത്തായ സങ്കല്‍പങ്ങള്‍ക്കും കടകവിരുദ്ധമാണ്. പ്രേക്ഷകരെ കിട്ടാന്‍വേണ്ടി സീരിയല്‍ സ്രഷ്ടാക്കള്‍ സ്ത്രീ കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നതും ചെയ്യിക്കുന്നതുമായ ആവര്‍ത്തന വിരസമായ കാര്യങ്ങള്‍ കുത്തിനിറച്ച പരമ്പരകള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തിയായി നിലനില്‍ക്കുകയാണ്. അതിനിടയിലാണ് സിനിമയ്ക്ക് സെന്‍സര്‍ഷിപ് വേണ്ടെന്ന വാദവുമായി കുറെപേര്‍ രംഗത്തുവന്നത്. സര്‍വ സാമൂഹിക പുഴുക്കുത്തുകളെയും മഹത്വവല്‍ക്കരിക്കുന്ന ചിലതരം സിനിമകള്‍ക്ക് സെന്‍സര്‍ഷിപ് എടുത്തുകളഞ്ഞാല്‍, സാംസ്‌കാരിക രംഗത്തെ മലിനീകരണം ദുസ്സഹമാകുമെന്ന ചിന്ത ചിലരിലെങ്കിലും ഉയര്‍ന്നിട്ടുള്ളതാണ് ഏറെ ആശ്വാസകരം.
ഏതായാലും നല്ലൊരു ജനകീയ മാധ്യമമായ സിനിമയെയും ടിവിയെയും കടിഞ്ഞാണിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം പൊതുജനങ്ങള്‍ ഏറ്റെടുക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>