പ്രത്യയ ശാസ്ത്രം ഇരുമ്പുലക്കയോ തേക്ക് തടിയോ അല്ല

By on October 29, 2016
Flex

പ്രത്യയ ശാസ്ത്രം ഇരുമ്പുലക്കയോ തേക്ക് തടിയോ അല്ല
നമ്മുടെ ആരാധ്യനായ മുന്‍ മന്ത്രി ഇ.പി ജയരാജന്റെ രാജിയോടെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പട്ടാളം പാക്കിസ്ഥാനിലെ ഭീകരവാദികളെ അടിച്ചു നിരപ്പാക്കിയതിന്റെ സര്‍വ ഗ്ലാമറും പോയി. ഏതാനും ആഴ്ച സര്‍വമാന മാലോകരെയും ത്രസിപ്പിച്ചുകൊണ്ടിരുന്ന വാര്‍ത്തയായിരുന്നു നമ്മുടെ പട്ടാളത്തിന്റെ ആ മിന്നലാക്രമണം.
ഇംഗ്ലീഷ് പത്രങ്ങളില്‍ അതിനെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ – എന്നു വച്ചാല്‍, രോഗപരിഹാരത്തിനു വേണ്ടിയുള്ള നടപടി എന്നര്‍ഥം. അതിനേക്കാള്‍ വലിയ സംഭവമായിരുന്നു ഇരട്ടചങ്കുള്ള ജയരാജന്റെ രാജി. നാലഞ്ചു ദിവസം അദ്ദേഹത്തിന്റെ പിന്നാലെ നടന്ന ശേഷമാണ് പത്രക്കാര്‍ അതു സാധിച്ചെടുത്തത്. അതിന്റെ ഒരു നൊമ്പരമുണ്ടായിരുന്നു, രാജിവച്ചിറങ്ങി പോകുന്ന പോക്കില്‍ ജയരാജന്‍ പറഞ്ഞ വാക്കുകളില്‍. അദ്ദേഹം നെഞ്ചത്തു കൈവച്ചു പറഞ്ഞത് ഇങ്ങനെയാണ്: ‘ഇപ്പോള്‍ നിങ്ങള്‍ക്ക് സമാധാനമായില്ലേ?’ ഇതുകേട്ട് കുറ്റബോധംകൊണ്ട് പല പത്രക്കാരും പരിസരം മറന്ന് പൊട്ടിക്കരഞ്ഞെന്നു പറയുന്നുണ്ട്.
പിന്നീട് പത്ര സമ്മേളനത്തിലും ജയരാജന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കി. ‘ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. രണ്ടോ മൂന്നോ സര്‍ക്കാര്‍ വകുപ്പില്‍ ആളെ ആവശ്യമായി വന്നപ്പോള്‍, ഞാന്‍ എന്റെ ബന്ധുക്കളെ അവിടെ തിരുകിക്കയറ്റി. അതത്ര വലിയ തെറ്റാണോ? ബന്ധുവായതുകൊണ്ട് സര്‍ക്കാര്‍ ജോലി പാടില്ലെന്നുണ്ടോ? ഇത് അതൊന്നുമല്ല; എന്നെ വ്യവസായ വകുപ്പില്‍ നിന്നു പുകച്ചു പുറത്തു ചാടിക്കാന്‍ ചില മാഫിയകള്‍ പ്രവര്‍ത്തിച്ചു. അവരാണ് എനിക്കെതിരെ പണം കൊടുത്ത് പത്രക്കാരെക്കൊണ്ട് എഴുതിച്ചത്. അല്ലാതെ, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ കൈകള്‍ ശുദ്ധമാണ്; ദാ കണ്ടോ…!’
ഇതും പറഞ്ഞ് ജയരാജന്‍ വാവിട്ടു കരഞ്ഞെന്നും അതല്ല, പത്രക്കാരാണ് പൊട്ടിപ്പൊട്ടി കരഞ്ഞതെന്നും രണ്ട് അഭിപ്രായമുണ്ട്. കഷ്ടകാലം വരുമ്പോള്‍, കൂട്ടത്തോടെയെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. രാജി വച്ചിറങ്ങി രക്തസാക്ഷിയായിട്ടും ജയരാജനെ കഷ്ടകാലം പിന്തുടര്‍ന്നു. അതാണ് രാജിക്കുശേഷം രണ്ടു ദിവസം കഴിഞ്ഞു ജയരാജനെതിരെ വന്ന പുതിയ ആരോപണം. ആദ്യത്തേത് വ്യവസായ വകുപ്പിലെ മാഫിയകളുടെ വകയായിരുന്നെങ്കില്‍, രണ്ടാമത്തേത് വനം വകുപ്പിലെ മാഫിയകളുടേതായിരുന്നു.
പ്രശ്‌നം ഗുരുതരമാണെങ്കിലും കാര്യം നിസ്സാരമാണ്. ജയരാജന്റെ നാട്ടിലെ ഒരു ക്ഷേത്രത്തിന്റെ നവീകരണം നടത്താന്‍ കുറച്ച്, വളരെ കുറച്ചു തേക്കു തടി വേണം സൗജന്യമായി. അവര്‍ അക്കാര്യം മന്ത്രിയായിരുന്ന ജയരാജനോട് പറഞ്ഞു. ജനക്ഷേമതല്‍പരനായിരുന്ന മന്ത്രി ജയരാജന്‍ അക്കാര്യം ആവശ്യപ്പെട്ട് വനം മന്ത്രിക്ക് സ്വന്തം കൈപ്പടയില്‍ എഴുതി. പിന്നെ, ഫോണ്‍ എന്നുപറയുന്ന കുന്തം ആളുകളോട് സംസാരിക്കാനുള്ളതാകയാല്‍, അതിലൂടെയും വിളിച്ചു പറഞ്ഞു. പക്ഷേ, ക്ഷേത്രത്തിന് സൗജന്യമായി തേക്ക് തടി അനുവദിച്ചാല്‍, തന്റെ തടി കേടാകുമെന്നറിയാവുന്ന വനം മന്ത്രി വഴങ്ങിയില്ല. ഇത്രയേയുള്ളൂ കാര്യം.
ഇവിടെയാണ് നമ്മള്‍ സര്‍ക്കാര്‍ ജോലി, ബന്ധുജനം, അഴിമതി, വനം, തേക്കുമരം ഇത്യാദി ബൂര്‍ഷ്വാ കാര്യങ്ങളുടെ പ്രത്യയശാസ്ത്രപരമായ വശങ്ങള്‍ കാണേണ്ടത്. ഇവയെപ്പറ്റിയൊക്കെ ആലോചിച്ചാല്‍ നാമെത്തുന്നത് ഈവിധ ചിന്തകളിലാണ് : ഒന്ന്, ജനാധിപത്യത്തില്‍ അധികാരം എന്നു പറയുന്നത് നാട് നന്നാക്കാന്‍ മാത്രമുള്ളതല്ല; നേതാക്കളും നന്നാവാനുള്ളതാണ്. നേതാക്കള്‍ നന്നാവുമ്പോള്‍ നാട് നന്നാവും. അല്ലാതെ നാട് മുഴുവന്‍ നന്നായിക്കഴിഞ്ഞ് തനിക്ക് നന്നാവാമെന്നു കരുതിയാല്‍, അതു നടന്നെന്നു വരില്ല.
സാധാരണ ഗതിയില്‍ ഒരു എം എല്‍ എയ്‌ക്കോ മന്ത്രിക്കോ അധികാരസ്ഥാനത്തുള്ള ആയുസ്സ് അഞ്ചുവര്‍ഷമാണ്
രണ്ടാമത്തെ കാര്യം, ജനാധിപത്യത്തില്‍ അഴിമതിയെന്നു പറയുന്നത്, അത്ര വലിയ കുറ്റമാണോ? നിയമങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുള്ളതാണ്. അതവര്‍ പാലിക്കട്ടെ. മന്ത്രിമാര്‍, എം എല്‍ എമാര്‍, ഉന്നത പൊലിസുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഇതിനു നിര്‍ബന്ധിക്കരുത്.ഇവരാണ് രാവും പകലും നമുക്കുവേണ്ടി നാടു ഭരിക്കുന്നത്. അതു വിചാരിക്കുന്നത്ര ചില്ലറക്കാര്യമല്ല.
മൂന്നാമത്തെ കാര്യം, ആരാണ് അഴിമതി നടത്താത്തതെന്ന വസ്തുതയാണ്. ശര്‍ക്കരക്കുടത്തില്‍ കയ്യിട്ടാല്‍…എന്നൊരു പഴമൊഴി തന്നെയുണ്ട്. ഏതു പാര്‍ട്ടിക്കാരാണ് അങ്ങനെ ചെയ്യാത്തത്? ഇത്രയൊക്കെ പറഞ്ഞതില്‍ നിന്നുള്ള ഗുണപാഠം, അഴിമതി നടത്തരുതെന്നല്ല; നടത്തിയാല്‍ പിടി കൊടുക്കാത്ത വിധത്തിലായിരിക്കണം എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എത്രയെത്ര പേരാണ് ഇങ്ങനെ ധീരസാഹസികമായി അഴിമതി നടത്തി വിരാജിച്ചിട്ടുള്ളത്! വെറുതെ ചരിത്ര പുസ്തകം ഒന്നു മറിച്ചു നോക്കിയാല്‍ മതി, അതൊക്കെ സിനിമാക്കഥപോലെ വായിക്കാം.
പിന്നെ, വേറൊരു കാര്യം: ആദര്‍ശവും പ്രത്യയശാസ്ത്രവും ഇരുമ്പുലക്ക അല്ല; അത് തേക്ക് തടിയുമല്ല.
ഫ്‌ളെക്‌സില്‍ ഇരുന്ന് ഇവര്‍ നമ്മെ പേടിപ്പിക്കുന്നതെന്തിന്?
‘രണ്ടു കൊല്ലത്തെ ജയില്‍ വാസം കഴിഞ്ഞ് തിരിച്ചെത്തുന്ന നാടിന്റെ പൊന്നോമന പുത്രന്‍ പ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് വാസൂവിന് അഭിവാദ്യങ്ങള്‍’ എന്നാണ് ആ ഫ്‌ളെക്‌സില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത്. കട്ടമീശവച്ച് മെലിഞ്ഞ മുഖം. നിഷ്‌കളങ്കതയുടെ പര്യായം. കണ്ണുകള്‍ ആരെയൊ പരതുന്നതു പോലെയുള്ള ഭാവം. ജയില്‍ എനിക്ക് പുല്ലാണ് എന്നു പറയുന്നതുപോലെയുള്ള പുഞ്ചിരി.
ഇതാണ് നാലടി ഉയരവും നാലടി വീതിയുമുള്ള ഫ്‌ളെക്‌സിലെ വാസു. ആരെന്നറിയാന്‍ അന്വേഷിച്ചു. അദ്ദേഹമാണ് സ്ഥലത്തെ പ്രധാന മോഷ്ടാവ്. അദ്ദേഹം ജയിലില്‍ നിന്നിറങ്ങി വരുന്നത് ആഘോഷിക്കുകയാണ് കക്ഷിയുടെ സുഹൃത്തുക്കള്‍. അവരാണ് നാടിന്റെ രോമാഞ്ചം മുഴുവന്‍ പെറുക്കിയെടുത്ത് ഫ്‌ളെക്‌സ് വച്ചിരിക്കുന്നത്. വീട്ടമ്മയെ തലയ്ക്കടിച്ചു സ്വര്‍ണമാല കവര്‍ന്ന കേസില്‍ പിടിക്കപ്പെട്ടു രണ്ടുകൊല്ലം ജയിലില്‍ കിടന്നശേഷമുള്ള വരവാണ്. കായംകുളം കൊച്ചുണ്ണിക്കുപോലും അസൂയ തോന്നുന്ന സ്വീകരണം.
നാട്ടിലാകെ ഇപ്പോള്‍ ഫ്‌ളെക്‌സ് പ്രളയമാണ്. എവിടെ തിരിഞ്ഞു നോക്കിയാലും ഫ്‌ളെക്‌സുകളിലിരുന്ന് നമ്മെ നോക്കി ചിരിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന മുഖങ്ങള്‍. കരുമാടി കുട്ടന്മാര്‍ പോലും ബര്‍ഗര്‍ പെയിന്റടിച്ചു പൂപ്പലും പായലും പോയി വെളുത്ത് സിനിമാനടന്മാര്‍ പോലെ തിളങ്ങുന്നു. ഫ്‌ളെക്‌സിലെ വാക്കുകളാണ് അതിലും ഭയങ്കരം.ബസ് സ്റ്റോപ്പിലും നാല്‍ക്കവലയിലും വഴിവക്കിലും തട്ടുകടയ്ക്കു മുന്നിലും മരക്കൊമ്പിലും ഫ്‌ളെക്‌സിലിരുന്ന് ഇത്തരക്കാര്‍ നമ്മെ പേടിപ്പിക്കുകയും ചിരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
ഒരു ഫ്‌ളെക്‌സില്‍ ഫോട്ടോയോടൊപ്പം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ‘പതിനഞ്ചു വര്‍ഷമായി കുണ്ടുകുഴി കളളുഷാപ്പില്‍ മുടങ്ങാതെ കുടിക്കാനെത്തി റിക്കാര്‍ഡ് സ്ഥാപിച്ച കുഞ്ഞാപ്പിക്ക് അഭിനന്ദനം!’ ഒപ്പം അദ്ദേഹത്തിന്റെ നീര്‍ക്കോലിയെപ്പോലുള്ള ചിത്രവും.
മറ്റൊരു ഫ്‌ളെക്‌സ്: ‘ഇക്കഴിഞ്ഞ പരീക്ഷയില്‍ തിളങ്ങുന്ന വിജയം നേടുമെന്ന് കരുതിയിട്ടും നാട്ടുകാരെ കണ്ണീരിലാക്കി തോറ്റുപോയ പുലിയിറങ്ങിക്കുന്ന് പത്രോസിന് അനുശോചനം’. ഇതുവായിച്ചപ്പോള്‍ പത്രോസ് ഇഹലോകവാസം വെടിഞ്ഞു മരിച്ചു പോയെന്നു കരുതിയവരുണ്ട്. ഇല്ല, പത്രോസ് വടിയായിട്ടില്ല; അഭിനന്ദനം എന്നെഴുതുന്നതിനു പകരം സന്ദര്‍ഭത്തിനു പറ്റിയ ‘അനുശോചനം’ എന്ന വാക്ക് പ്രയോഗിച്ചതാണ്.
ഈയിടെയാണ് നാട്ടില്‍ പലയിടത്തും ദേശീയ പാതയിലും ആ ഫ്‌ളെക്‌സ് കണ്ടത്. പൊലീസ് തൊപ്പി ധരിച്ച സുമുഖനും സല്‍ഗുണ സമ്പന്നനുമായ നമ്മുടെ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ചിത്രം. ടോമിന്‍ തച്ചങ്കരിയാണത്. കക്ഷിയുടെ വലിയ ഫോട്ടോയുടെ കൂടെയുള്ള ലിഖിതം ഇങ്ങനെയാണ് ‘ആദര്‍ശധീരതയുടെ ആള്‍ രൂപം. ഒറ്റയാള്‍ പട്ടാളം പോലെ നാടിനെ നയിച്ച ധീരപുരുഷന് അഭിവാദ്യങ്ങള്‍!’ ആരാണ് ഫ്‌ളെക്‌സിന്റെ രക്ഷാകര്‍ത്താവ് എന്നൊന്നും അതിലില്ല. അതിനാല്‍ ജന്മദിനത്തില്‍ തിരുവനന്തപുരത്തെ പെട്രോള്‍ പമ്പുകളില്‍ ലഡു വിതരണം നടത്തുകയും ആര്‍ ടി ഒ ഓഫീസുകളില്‍ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി പറയുന്ന തച്ചങ്കരി തന്നെയാകണം ഫ്‌ളെക്‌സും വച്ചതെന്നു വേണം കരുതാന്‍.
ഏതായാലും നാടുമുഴുവന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും പ്രസ്ഥാനങ്ങളുടെയും വക ഫ്‌ളെക്‌സുകളാണ് ഭുരിഭാഗവും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കടകമ്പോളങ്ങളുടെയും വക വേറെ. പരിസ്ഥിതിയെ മറന്നുള്ള ഫ്‌ളെക്‌സ് പ്രളയം നിയന്ത്രിക്കാന്‍ ആരുണ്ട്?
പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള സന്ദേശം കൊടുക്കുന്നതും ഫ്‌ളെക്‌സ് ബോര്‍ഡില്‍ തന്നെ. അതിലൊരിടത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെ: ‘പ്ലാസ്റ്റിക് ഉപേക്ഷിക്കൂ, പരിസ്ഥിതിയെ രക്ഷിക്കൂ, ഫ്‌ളെക്‌സിനെ നാട് കടത്തൂ!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>