പുലിമുരുകന്‍ പിടിച്ച പുലിവാല്

By on December 2, 2016

പുലിമുരുകന്‍ പിടിച്ച പുലിവാല്
പുലിമുരുകന്‍ പുലിയുടെ വാലില്‍ പിടിച്ചു വലിക്കുന്നതും അതിനെ പിടിച്ചു ‘പുഷ്പംപോലെ’ എടുത്തെറിയുന്നതും പൂച്ചക്കുഞ്ഞിനെ എന്നപോലെ നിലത്തെറിയുന്നതുമൊക്കെ കണ്ടതിന്റെ ആവേശം പലരില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടായിരുന്നില്ല; അപ്പോഴാണ് കഥാനായകന്റെ, ആ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്. പത്രക്കാരുടെ ഭാഷയില്‍ ‘വൈറല്‍’ ആയത്. എന്നു വച്ചാല്‍, പനി പടരുന്നതുപോലെ പടര്‍ന്നത്.
ബാറുകള്‍ക്കു മുന്നിലും സിനിമാ തിയറ്ററുകള്‍ക്കു മുന്നിലും ക്യൂ നില്‍ക്കാമെങ്കില്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് നോട്ടുമാറാനും പണം എടുക്കാനും ബാങ്കുകള്‍ക്കു മുന്നിലും എടിഎമ്മുകള്‍ക്കു മുന്നിലും ക്യൂ നിന്നു കൂടാ? ഇതായിരുന്നു സൂപ്പര്‍താരം ഭരത് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ ലാലിന്റെ ചോദ്യം.
വളരെ സിമ്പിളായ ചോദ്യമാണത്. ഞാനൊക്കെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലും ത്രീ സ്റ്റാര്‍ ഹോട്ടലിലും റിസോര്‍ട്ടുകളിലും വിദേശത്തെ കസിനോകളിലും ക്യൂ നില്‍ക്കാതെയാണ് മദ്യം വാങ്ങുന്നത്. നിങ്ങള്‍, എന്നു വച്ചാല്‍, സിനിമാറ്റിക് സ്റ്റൈലില്‍, ഈ രാജ്യത്തെ സര്‍വമാന അണ്ടനും അടകോടകനും ക്യൂവില്‍ നിന്ന് മദ്യം വാങ്ങുന്നു. ആ നിങ്ങള്‍, എന്തുകൊണ്ടാണ് നരേന്ദ്ര മോദി എന്ന പ്രധാന മന്ത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതില്‍ ഇത്രയേറെ കുണ്ഠിതപ്പെടുന്നത്? ആ നിങ്ങള്‍, എന്നു വച്ചാല്‍, എന്റെ സിനിമ കാണാന്‍ വെയിലത്തും മഴയത്തും ക്യൂ നില്‍ക്കുന്ന സര്‍വമാന മണ്ടന്മാര്‍, എന്തുകൊണ്ടാണ് ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ വിഷമിക്കുന്നത്? ആ നിങ്ങളോട് ഞാന്‍ ചോദിക്കുകയാണ്, മേജര്‍ രവിയുടെ സിനിമയില്‍ ഞാന്‍ കാണിച്ചതുപോലെ എന്തുകൊണ്ടാണ് ദേശസ്‌നേഹം കാണിക്കാത്തത്? അതുകൊണ്ട് രാക്ഷസരാജാവ് എന്ന സിനിമയില്‍ ഞാന്‍ പറയുന്നത് ഒന്നുകൂടി കേട്ടോളൂ: എടാ, മുണ്ടയ്ക്കല്‍ ശേഖരാ, മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയയ്ക്കല്ലേ.. മാറിനില്‍ക്കടാ – വഴി മുടക്കാതെ… പകരം ആ വരിയിലേക്ക് കയറി നിന്ന് വല്ല നോട്ടും കിട്ടിയാല്‍ അതും കൊണ്ടുപോയി അരി വാങ്ങിക്ക്… സവാരി ഗിരിഗിരി…
മോഹന്‍ ലാല്‍ ബ്ലോഗിലാണ് നരേന്ദ്ര മോദിയെ സ്തുതിച്ചുകൊണ്ട് മോഹനമായ ഉപദേശം നല്‍കിയത്. പക്ഷേ, നാട്ടുകാര്‍ക്ക് അതത്ര പിടിച്ചില്ല. നാട്ടുകാരെ മുഴുവന്‍ മദ്യപന്മാരായി ചിത്രീകരിച്ചെന്നും നേരം വെളുത്താല്‍ അവരുടെ പണി ബാറുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയാണെന്നു ആക്ഷേപിച്ചുവെന്നുമാണ് അവര്‍ കൈച്ചൂണ്ടി പറയുന്നത്.
പക്ഷേ, മോഹന്‍ലാല്‍ എന്ന സിനിമാ നടനെ അടുത്ത് അറിയാവുന്നവര്‍ക്ക് കക്ഷിയുടെ നിലപാട് അത്ര അത്ഭുതപ്പെടുത്താനിടയില്ല. സാധാരണക്കാരോട് അത്ര പ്രതിപത്തിയുള്ള ആളാണെന്നോ സാമൂഹിക പ്രതിബദ്ധതയുടെ ആള്‍രൂപമാണെന്നോ ഒരാളും കക്ഷിയെപ്പറ്റി ഇതുവരെ കുറ്റം പറഞ്ഞുകേട്ടിട്ടുണ്ടാവില്ല. അതുകൊണ്ട്, അദ്ദേഹം എന്തുപറഞ്ഞാലും, ആളുകള്‍ അന്തം വിടാറില്ല. പുലിമുരുകന്‍ സിനിമയില്‍ സായ്പിന്റെ കംപ്യൂട്ടറിന്റെ സഹായത്തോടെ കക്ഷി ചെയ്യുന്ന വീരസാഹസിക കൃത്യങ്ങള്‍ കാണുന്ന അതേ കൗതകത്തോടെ കേട്ടിരിക്കാറേയൂള്ളൂ.
പക്ഷേ, ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളായ ജനങ്ങളൊക്കെ മദ്യപന്മാരാണെന്ന ആ ധ്വനി പുലിമുരുകനു പുലിവാലായി.
മദ്യത്തോട് അത്രയേറെ അസ്‌ക്കിതയുള്ള ആളല്ല കഥാനായകന്‍ എന്നാണു നാട്ടുകാര്‍ പറയുന്നത്. ദേശസ്‌നേഹം, രാജ്യസ്‌നേഹം പുരാവസ്തു, ആനക്കൊമ്പ്, തുടങ്ങിയവയോടാണെങ്കിലോ, താല്‍പര്യം കടുകട്ടി.
പണ്ട് നമ്മുടെ ദേശീയപാതകളിലും ഉള്‍നാടുകളിലും ഒരു വമ്പന്‍ ഫ്‌ളെക്‌സ് പരസ്യം കണ്ടിരുന്നു. സുന്ദര സുമുഖനായ നമ്മുടെ കഥാനായകന്‍ പോകുന്നവരോടൊക്കെ ഇങ്ങനെ ചോദിച്ചു നില്‍ക്കുന്നു. ‘വൈകീട്ടെന്താ പരിപാടി?’. ആളുകള്‍ക്കു മനസ്സിലായി കാര്യം. ഏതോ വമ്പന്‍ മദ്യക്കമ്പനിയുടെ പരസ്യമാണ്. വൈകുന്നേരങ്ങളില്‍ മലയാളികളായ മലയാളികളൊക്കെ മദ്യഷാപ്പുകളിലേയ്ക്കു തന്നെയല്ലേ പോകുന്നത്, ഇനി പോകാത്തവരുണ്ടെങ്കില്‍ വന്നോളൂ, ഞാനവിടെയുണ്ടാകും എന്നായിരുന്നു പരസ്യത്തിന്റെ അര്‍ഥം. അന്നും കണ്ടു മഹാനടന്റെ ദേശസ്‌നേഹവും മലയാളി പ്രേമവും.
വേറൊരിക്കല്‍ ആനക്കൊമ്പ് കേസായിരുന്നു വിഷയം. കാട്ടിലെ തടി, തേവരുടെ ആന എന്നതാണ് നാട്ടുനടപ്പെങ്കിലും, നടന്റെ കൈവശത്തിലുണ്ടായിരുന്ന ആനക്കൊമ്പ് വനംവകുപ്പിന്റെ കണ്ണില്‍പെട്ടു. ഏതോ അസൂയക്കാരന്‍ പറഞ്ഞുകൊടുത്തതാവും. വനം വകുപ്പ് കടന്നല്‍കൂട് ഇളകിയതുപോലെ പറന്നെത്തി. സംഗതി പുലിവാലായി. ആ കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല.
ഈ ഇന്‍കം ടാക്‌സ് റെയ്ഡ് എന്നൊക്കെ പറയുന്നത് വലിയ പുലിവാലാണെന്നേ… ലക്ഷങ്ങളും കോടികളും വന്നുകയറുമ്പോള്‍ അതിന്റെ ഒരു വിഹിതം നികുതിയായി സര്‍ക്കാരിനു കൊടുക്കണമെന്നു പറയുന്നതൊക്കെ എവിടത്തെ ന്യായമാണ്!
നരേന്ദ്രമോദി നാട് നന്നാക്കാന്‍ വന്ന പതിനൊന്നാമത്തെ അവതാരമാണെന്ന് പറയുന്നവരുണ്ട്. നാട്ടിലുള്ള പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും കയ്യിലുണ്ടായിരുന്ന നോട്ടുകളൊക്കെ പെട്ടെന്നൊരുനാള്‍ പിടിച്ചു വാങ്ങി. അതൊക്കെ കള്ളനോട്ടായിരുന്നുവെന്ന് പാവം ജനം അപ്പോഴാണ് അറിയുന്നത്. അപ്പോഴും നാട്ടിലുള്ള വമ്പന്മാര്‍ ഭൂമിയിലും കെട്ടിടങ്ങളിലും സ്വര്‍ണത്തിലും ബിസിനസിലും വിദേശ ബാങ്കുകളിലും ഒളിപ്പിച്ചുവച്ച കോടികളുടെ കള്ളപ്പണം അവിടെയൊക്കെയിരുന്നു ചിരിച്ചു. വ്യവസായികളും സിനിമാക്കാരും കരിഞ്ചന്തക്കാരും കള്ളക്കടത്തുകാരും ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സുഖവാസ കേന്ദ്രങ്ങളിലും അവയുടെ മട്ടുപ്പാവിലിരുന്ന് നോക്കിയപ്പോള്‍ താഴെ പലയിടത്തും നീണ്ടുനീണ്ടുപോകുന്ന ക്യൂ. അങ്ങനെയാണ് നമ്മുടെ കഥാനായകന്‍ ക്യൂവിനെപ്പറ്റി ആധികാരികമായി അഭിപ്രായം പറഞ്ഞത്. അല്ലാതെ ജനങ്ങളെ അവഹേളിക്കാന്‍ വേണ്ടി പറഞ്ഞതല്ല….
നരേന്ദ്രമോദിക്കു ഇതുകേട്ട് സന്തോഷമായിക്കാണണം. ആപ്പ് വഴി ജനങ്ങളുടെ പിന്തുണ തേടിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് മലയാളത്തിന്റെ മഹാനടന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയല്ലോ. ജനം പോകട്ടെ, സവാരി ഗിരി ഗിരി!
വല്ലപ്പുഴയിലെ ടീച്ചര്‍
ആഫ്രിക്കന്‍ കാടുകളില്‍ ഒരു പ്രത്യേക തരം പാമ്പുണ്ടെന്നാണ് പറയുന്നത്. ഉഗ്രവിഷം. അതിന്റെ കടി കൊള്ളണമെന്നില്ല, ഇരയുടെ പ്രാണന്‍ പോകാന്‍. പത്തു പന്ത്രണ്ട് അടി അകലെനിന്നു അതൊന്നു തുപ്പിയാല്‍ മതി. കറുത്തുകൊഴുത്ത അതിന്റെ വിഷം ചീറിത്തെറിക്കും. അതു വീണാല്‍ മതിയത്രെ, കാട്ടാനപോലും കാലപുരിക്ക് പോകും. ഇതുപോലെ ചില അപൂര്‍വ ജന്മങ്ങള്‍ നമ്മുടെ ചുറ്റിലുമുണ്ടാകും. വാക്കുകളിലെ വിഷം പരിസരങ്ങളില്‍ വമിപ്പിക്കുന്ന ഉഗ്രമൂര്‍ത്തികള്‍.
കേരളത്തിന്റെ പൊതുജീവിതത്തില്‍ സമീപകാലത്ത് ഇത്രയേറെ വര്‍ഗീയ വിഷം ചീറ്റിയ ഒരു വ്യക്തി വേറെയുണ്ടാകില്ല. ഒരു സ്ത്രീയാണത്. ഹിന്ദു ഐക്യവേദിയെന്ന വര്‍ഗീയ സംഘടനയുടെ നേതാവാണ്- ശശികല.
മലപ്പുറം ജില്ലയിലെ വല്ലപ്പുഴയെന്ന ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപികയാണവര്‍. അവര്‍ തന്നെ ചാനലുകളില്‍ അവകാശപ്പെട്ടത് ’36 വര്‍ഷമായി ആയിരക്കണക്കിനു കുട്ടികളാണ് എന്റെ കയ്യിലൂടെ കടന്നുപോയത്’. സാമൂഹ്യപാഠമാണവര്‍ പഠിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി അവര്‍ ബിജെപിയെന്ന രാഷ്ട്രീയ സംഘടനയുടെ പോഷക പ്രസ്ഥാനമെന്ന നിലയില്‍ നിലകൊളളുന്ന ഹിന്ദു ഐക്യവേദിയുടെ നൂറുകണക്കിനു വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗം എന്നതിനേക്കാള്‍, എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്.
ജനാധിപത്യം, മതേതരത്വം, മതസൗഹാര്‍ദം, ദേശീയത തുടങ്ങി പൊതുസമൂഹം വിലമതിക്കുകയും എല്ല സമുദായങ്ങളിലുംപെട്ട ജനങ്ങള്‍ ആദരപൂര്‍വം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഈ മൂല്യങ്ങളെപ്പറ്റി ശശികലയെന്ന സ്ത്രീയ്ക്ക് വളരെ വേറിട്ട നിലപാടുകളുണ്ട്; കാഴ്ചപ്പാടുകളുണ്ട്. അതാണ് കിട്ടുന്ന വേദികളിലൊക്കെ അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അതിന്റെ രത്‌നച്ചുരുക്കം ഏറെക്കുറെ ഇങ്ങനയാണ്:
ഒന്ന്, ഇന്ത്യയെന്നാല്‍ ഹിന്ദുക്കളുടെ രാജ്യമാണ്. ഇവിടെ ഹിന്ദുക്കള്‍ക്ക് മാത്രമേ ജീവിക്കാന്‍ അവകാശമുള്ളൂ. മറ്റുള്ള ന്യൂനപക്ഷങ്ങളൊക്കെ ഇവിടെ നിന്നു പോകണം. പോയില്ലെങ്കില്‍ അവരെ നാടുകടത്തണം.
രണ്ട്, മുസ്‌ലിംകളും ക്രൈസ്തവരും (‘അതുങ്ങള്‍’ എന്നാണ് ഈ സ്ത്രീ അവരെ വിളിക്കുക) ആകെ പ്രശ്‌നക്കാരാണ്. അതുകൊണ്ട് അവരോട് ശത്രുതയോടെ പെരുമാറണം.
മൂന്ന്, ക്രൈസ്തവര്‍ നാട്ടിലാകെ കണ്ണായ സ്ഥലങ്ങളൊക്കെ കയ്യടക്കി വച്ചിരിക്കുകയാണ്. അതുങ്ങളുടെ സ്‌കൂളുകള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എല്ലാം ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാന സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഹിന്ദുക്കളുടെ ഔദാര്യം കൊണ്ടാണ്. നാല്, ഇന്ത്യയുടെ ദേശീയ ഗാനം രവീന്ദ്രനാഥ ടാഗോര്‍ എഴുതിയത് ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കാന്‍ വേണ്ടിയാണ്; അല്ലാതെ മഹത്തായ ഭാരതമാതാവിനെ സ്തുതിക്കാന്‍ വേണ്ടിയല്ല. അത് മാറ്റണം.
അഞ്ച്, ദേശീയപതാക മൂന്നു നിറത്തിലുള്ള തുണിക്കഷണമാണ്. വേറൊന്നുമല്ല. നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ കാവിനിറത്തിലുള്ള പതാകയാണ് ദേശീയ പതാകയായി ഉദ്ദേശിച്ചിരുന്നത്. പിന്നീട് ആരോ ആ ആശയം അട്ടിമറിച്ചതാണ്.
ഇങ്ങനെപോകുന്നു ഈ അധ്യാപികയുടെ വിഷവാചക പ്രയോഗങ്ങളിലെ പ്രധാന ചിന്തകള്‍. ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് എന്തെങ്കിലും ആധികാരികതയുണ്ടോയെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അവര്‍ വാതോരാതെ തന്റെ ചരിത്ര ബോധത്തെപ്പറ്റി വിവരിക്കുന്നതു കേട്ടാല്‍, സഹതാപം തോന്നും. ന്യൂനപക്ഷങ്ങളെപ്പറ്റിയുള്ള അവരുടെ ധാരണകളും ദേശീയ പതാക, ദേശീയ ഗാനം എന്നിവയെപ്പറ്റിയുള്ള ജ്ഞാനവും കേട്ടിരിക്കുമ്പോള്‍, 36 വര്‍ഷം അധ്യാപികയായിരുന്ന ഈ സ്ത്രീ കുട്ടികളില്‍ കുത്തിവച്ച വിഷത്തിന്റെ വ്യാപ്തിയെപ്പറ്റി നാം അത്ഭുതപ്പെട്ടുപോകും.
ക്രൈസ്തവര്‍ കണ്ണായ സ്ഥലങ്ങള്‍ കയ്യടക്കിവച്ചിരിക്കുന്ന നഗര പ്രദേശങ്ങളെപ്പറ്റി മാത്രം പറയട്ടെ: വിദ്യാഭ്യാസത്തിന്റെ വെളിച്ചം കയറാത്ത കാട്ടുമൂലകളിലും കുഗ്രാമങ്ങളിലും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ക്രൈസ്തവര്‍ ഓലഷെഡ്ഡിലും പനമ്പ് മറയാക്കിയ മുറികളിലും തുടങ്ങിയ സ്ഥാപനങ്ങളാണ് പിന്നീട് വളര്‍ന്ന് വികസിച്ച് നാടിനെ വികസനത്തിലേക്ക് നയിച്ചത് എന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും അറിയാം. ക്രൈസ്തവ സ്ഥാപനങ്ങള്‍ ഉണ്ടായപ്പോള്‍ അതിനു ചുറ്റും ഗ്രാമങ്ങളും നഗരങ്ങളും വളര്‍ന്നുവെന്നതാണ് യാഥാര്‍ഥ്യം ; നേരെമറിച്ചല്ല. ദേശീയഗാനത്തെപ്പറ്റി പതിറ്റാണ്ടുകള്‍ക്കു മുമ്പുയര്‍ന്ന ആരോപണമാണ് ഈ സ്ത്രീ ഉയര്‍ത്തുന്നത്. ഇതിനെ നോബല്‍ സമ്മാന ജേതാവു കൂടിയായ രവീന്ദ്രനാഥ ടാഗോര്‍ അന്നേ നിരാകരിച്ചിട്ടുള്ളതാണ്.
ഇത്രയും ശശികലയെപ്പറ്റിയുള്ള പൂര്‍വ ചരിത്രം. ഇനി സമീപകാല ചരിത്രമറിയുക. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ഈ സ്ത്രീ തങ്ങളുടെ വിജയത്തിനു ബാധ്യതയാകുമെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞതോടെ, മഹതിയായ ഈ അധ്യാപികയെ അധികം അഴിച്ചുവിട്ടിരുന്നില്ല. ന്യൂനപക്ഷ വോട്ടുകള്‍ കൂടി തങ്ങളുടെ പെട്ടിയില്‍ വീഴാന്‍ മോഹിച്ചവര്‍, അവരെ തല്‍ക്കാലം മരവിപ്പിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ സമീപകാലത്ത്, വീണ്ടും അവര്‍ ശബ്ദിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ക്ലൈമാക്‌സിലേക്ക് കഥ കടക്കുന്നത്.
ശശികല ഈയിടെ പറഞ്ഞ കാര്യങ്ങളാണ് അവരുടെ കൈ ശരിക്കും പൊള്ളിച്ചത്. ഇതുവരെ ക്രൈസ്തവരും മുസ്‌ലിംകളും അവര്‍ പറയുന്ന വിഷവാക്കുകളെ കാര്യമായി ഗൗനിച്ചിരുന്നില്ല.
മലപ്പുറം ജില്ല കേരളത്തിലെ താലിബാനാണെന്ന് തന്റെ സ്വാഭാവികമായ പദവിന്യാസത്തിലൂടെ ശശികല പറഞ്ഞതാണ് അവരെ വെള്ളത്തിലാക്കിയത്. താലിബാന്‍ എന്നു പറഞ്ഞാല്‍ മുസ്‌ലിം തീവ്രവാദത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണത്. മുസ്‌ലിം സമുദായാംഗങ്ങള്‍ പോലും അംഗീകരിക്കാത്ത കൊടുംക്രൂരതയുടെ അവതാരങ്ങള്‍.
മലപ്പുറം ജില്ല അങ്ങനെയുള്ള മുസ്‌ലിം തീവ്രവാദത്തിന്റെ നഴ്‌സറിയാണെന്നും അവിടെയുള്ളവരൊക്കെ തീവ്രവാദികളാണെന്നും ഈ സ്ത്രീ ആവേശത്തില്‍ പറഞ്ഞതാകാം. പക്ഷേ, മലപ്പുറത്ത് നാട്ടുകാര്‍ അവരെ വെറുതെ വിട്ടില്ല.
അവര്‍ പഠിപ്പിക്കുന്ന വല്ലപ്പുഴ ഗ്രാമത്തിലെ ജനം ഇളകി. വല്ലപ്പുഴ സ്‌കൂളിലെ നാലായിരത്തോളം വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ വല്ലപ്പുഴയിലെ സ്‌കൂളില്‍ ഇനി വര്‍ഗീയതയുടെ ഈ അവതാരത്തെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ ദൃഢനിശ്ചയം. ജനാധിപത്യ, മതനിരപേക്ഷ നിലപാടുളള ഹൈന്ദവരായ ജനങ്ങളും അതിനെ പിന്തുണച്ചുവെന്നാണ് ആഴ്ചകളായി നീണ്ടു നിന്ന പ്രക്ഷോഭങ്ങളുടെ കഥ.
സ്‌കൂളിന്റെ പടി ചവിട്ടാന്‍ ശശികലയെ അനുവദിക്കില്ലെന്ന നാടിന്റെ ദൃഢനിശ്ചയം, അവരുടെ അധ്യാപികയെന്ന തസ്തികയ്ക്കു പോലും ഭീഷണിയായി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഏതോ അഭിമുഖത്തില്‍ പണ്ടെങ്ങോ പറഞ്ഞതിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും പറഞ്ഞ് രക്ഷപെടാന്‍ നോക്കിയെങ്കിലും വല്ലപ്പുഴ ഗ്രാമം വഴങ്ങിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>