മൂന്നുമുറിയില്‍ നവതി മണിമുഴക്കം

By on December 30, 2016
Munnumuri New

മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക നവതി ധന്യതയില്‍

മൂന്നുമുറിയില്‍ നവതി മണിമുഴക്കം

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളിലാണ് മൂന്നുമുറിയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യമണിനാദം മുഴങ്ങിയത്. വിശുദ്ധ സ്‌നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ആ ദൈവാലയം 1923ല്‍ രൂപംകൊണ്ടപ്പോള്‍, അതു വരെ പത്തു കിലോമീറ്ററകലെയുള്ള പേരാമ്പ്ര പള്ളിയിലേക്ക് ആത്മീയാവശ്യങ്ങള്‍ക്ക് പോയ്‌ക്കൊണ്ടിരുന്ന വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു.
തീര്‍ത്തും മലയോര മേഖലയായിരുന്നു അക്കാലത്ത് മൂന്നുമുറിയെന്ന കൊച്ചുഗ്രാമം. കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കാര്‍ഷിക ജനത. പ്രകൃതിക്ഷോഭങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും ജീവിതത്തിന് എന്നും ഭീഷണി ഉയര്‍ത്തി അവര്‍ക്കു മുന്നില്‍ നിലകൊണ്ടു. കഷ്ടപ്പാടും കണ്ണീരും കഠിനാധ്വാനവും ചാലിച്ചെടുത്ത അവരുടെ ജീവിതങ്ങള്‍ക്ക് തുണയായി മരുഭൂമിയില്‍ മുഴങ്ങുന്ന ആ ശബ്ദം അവര്‍ കേട്ടറിഞ്ഞു. അങ്ങനെയാണ് ക്രിസ്തുവിന്റെ സാന്നിധ്യമറിയിച്ച സ്‌നാപകന്റെ നാമം അവരുടെ ചുണ്ടുകളിലും നാവുകളിലും കുടിയേറിയത്. 1925ല്‍ ഇടവക സ്ഥാപിതമായപ്പോള്‍ സ്വാഭാവികമായും വിശുദ്ധ സ്‌നാപകന്‍ അവരുടെ മധ്യസ്ഥനായി.
ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച മൂന്നുമുറി ഇടവകയുടെ വിശ്വാസ തീര്‍ത്ഥയാത്ര 90 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നവതി ആഘോഷത്തിന്റെ കൊടിയുയര്‍ന്നിരിക്കുകയാണ് ഇടവകയിലെങ്ങും. ആ ചരിത്രമുഹൂര്‍ത്തത്തിന്റെ നിത്യസ്മാരകമായി അതിമനോഹരമായ പുതിയ ദൈവാലയവും അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുന്നു. കൂദാശാകര്‍മം പുതുവര്‍ഷ തുടക്കത്തില്‍ ജനുവരി 22നു നടക്കും.
കോടശ്ശേരി മലയുടെ താഴ്‌വാരത്തിലാണ് പ്രകൃതിരമണീയമായ മൂന്നുമുറി ഗ്രാമം. തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ നിന്ന് കൊടകര – മറ്റത്തൂര്‍ റോഡില്‍ ആറു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കിഴക്കന്‍ മലനിരകളിലേക്കുള്ള കവാടമായി മൂന്നുമുറി ടൗണ്‍. പടിഞ്ഞാറ് വാസുപുരം, കിഴക്ക് കിഴക്കേ കോടാലി, വടക്ക് ചെമ്പുചിറ, തെക്ക് കോടശ്ശേരി മല. 20 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇടവകയില്‍ 27 യൂണിറ്റുകളിലായി ഇപ്പോഴുള്ളത് അയ്യായിരത്തോളം ഇടവകാംഗങ്ങള്‍.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇവിടെ ക്രൈസ്തവ വിശ്വാസം തളിരിട്ടു വളര്‍ന്നു പന്തലിച്ചപ്പോള്‍, അതുവരെ ആലസ്യത്തിലാണ്ടു കിടന്നിരുന്ന വിസ്തൃതമായ ഒരു മലമ്പ്രദേശം മുഴുവന്‍ വികസനത്തിന്റെയും സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌ക്കാരിക നവോഥാനത്തിന്റെയും പ്രഭാതഭേരിയാണ് അവിടെ മുഴങ്ങിയത്. അങ്ങനെ ഇടവകയുടെ വളര്‍ച്ച നാടിന്റെ മുഴുവന്‍ പുരോഗതിയുടെ ഉണര്‍ത്തുപാട്ടായി.
ഇടവകയോടൊപ്പം 1925ല്‍ വൈദിക മന്ദിരം രൂപംകൊണ്ടു. 1942ല്‍ നിലവിലുണ്ടായിരുന്ന പള്ളി വലുതാക്കി പണിതു. കാലക്രമത്തില്‍ ഇടവകയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു കപ്പേളകളുയര്‍ന്നു. പള്ളിയുടെ നേതൃത്വത്തില്‍ 1949ല്‍ ആരംഭിച്ച സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ മൂന്നുമുറി ഗ്രാമത്തിനു മുഴുവന്‍ അക്ഷരവെളിച്ചം പകര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്നു. കടമ്പോട് ശാന്തിനഗറിലുള്ള പ്രാര്‍ഥനാലയവും ഇടവകയുടെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. സാമൂഹിക ഇടപെടലുകളുടെ സാന്നിധ്യമായി നിലകൊള്ളുന്ന സിഎസ്എം സന്യാസിനി സമൂഹത്തിന്റെ സെന്റ് ആന്റണീസ് കോണ്‍വെന്റും എഫ്എച്ച്ജിഎസ് സമൂഹത്തിന്റെ ശാന്തിഭവന്‍ കോണ്‍വെന്റും ഇടവകയിലെ വിശ്വാസ ജീവിതത്തിനു പ്രചോദനവും പ്രോത്സാഹനവും പിന്‍ബലവും നല്‍കി ഒപ്പമുണ്ട്.
നവതി നിറവില്‍ എത്തി നില്‍ക്കുന്ന മൂന്നുമുറി ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയുടെ ചരിത്രം കഴിഞ്ഞുപോയ ഒമ്പതു പതിറ്റാണ്ടുകളില്‍ ഇവിടത്തെ ക്രൈസ്തവ സമൂഹം കെട്ടിപ്പടുത്ത വിശ്വാസജീവിതത്തിന്റെ ത്യാഗനിര്‍ഭരമായ കൂട്ടായ്മയുടെ ബാക്കിപത്രമാണ്; തങ്ങളെ നയിക്കാനായി വിവിധ കാലങ്ങളില്‍ ദൈവം തിരഞ്ഞെടുത്തയച്ച അജപാലകര്‍ക്കൊപ്പം വിശുദ്ധിയുടെയും വികസനത്തിന്റെയും മേച്ചില്‍പുറങ്ങളിലേക്ക് തീര്‍ത്ഥാടകരെപ്പോലെ നടന്നു നീങ്ങിയ ഒരു ജനതയുടെ ആത്മസമര്‍പ്പണത്തിന്റെ ആവേശകരമായ കഥയാണ്. നവതിക്കപ്പുറം ശതാബ്ദി ലക്ഷ്യമിട്ട് ആ യാത്ര തുടരട്ടെ; കിഴക്കന്‍ മലനിരകളില്‍ കൃപയുടെ മണിനാദം ഇനിയും പ്രതിധ്വനിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>