ആചാരങ്ങളില്‍ തെളിയുന്ന പൈതൃക തനിമ

By on December 31, 2016
5758423_orig

ഫാ. ആന്‍ഡ്രൂസ് ചെതലന്‍

ഓരോ സമൂഹവും വ്യത്യസ്തമാണ്. ജീവിതരീതി, വിശ്വാസം, ആചാരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മറ്റു സമൂഹങ്ങളില്‍ നിന്ന് ഓരോന്നിനെയും വേറിട്ടു നിര്‍ത്തുന്നു. ഇവയെല്ലാം ചേര്‍ന്ന് ഓരോന്നിനും പ്രത്യേക സംസ്‌കാരം രൂപപ്പെടുന്നു. മാര്‍തോമാ ക്രിസ്ത്യാനികള്‍ക്കും സ്വന്തമായ ജീവിതശൈലി ഉണ്ടായിരുന്നു. ലോകത്ത് മറ്റൊരു ക്രൈസ്തവ സമൂഹത്തിനും അവകാശപ്പെടാന്‍ പറ്റാത്ത ഒന്നായിരുന്നു അത്. പൂര്‍വികര്‍ ക്രൈസ്തവവിശ്വാസത്തെ സാംസ്‌കാരികാനുരൂപണം നടത്തി തദ്ദേശീയമായി രൂപപ്പെടുത്തിയെടുത്ത തനതായ ഒരു ജീവിതരീതിയായിരുന്നു മാര്‍തോമാ ക്രിസ്ത്യാനികളുടേത്. കാലാന്തരങ്ങളില്‍ മറ്റു സംസ്‌കാരങ്ങളില്‍ നിന്ന് പലതും നമ്മെ സ്വാധീനിച്ചുവെങ്കിലും ഈ തനിമയെ മനസ്സിലാക്കേണ്ടതും പിന്തുടരേണ്ടതും ആവശ്യമാണല്ലോ.

കുടുംബം
സമൂഹത്തിലെ ഉന്നത ജാതിയില്‍പ്പെട്ട കുടുംബങ്ങളായിരുന്നു നമ്മുടേത്. അതുകൊണ്ടു തന്നെ രാജാക്കന്മാരില്‍ നിന്ന് ഉയര്‍ന്ന ജാതിക്കാര്‍ക്കു ലഭിച്ചിരുന്ന എല്ലാ പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും ക്രൈസ്തവ കുടുംബങ്ങള്‍ക്കും ലഭിച്ചു. അതിനു കാരണം ആഢ്യത്വമുള്ള നമ്പൂതിരി കുടുംബങ്ങളില്‍ നിലനിന്നിരുന്ന കുടുംബ പാരമ്പര്യങ്ങളാണ് ഇവിടെ ക്രൈസ്തവരും സ്വീകരിച്ചത്. അവരുടെ ആചാരങ്ങളും വസ്ത്രധാരണരീതിയും പാരമ്പര്യങ്ങളും ക്രൈസ്തവമാക്കി അനുരൂപണം ചെയ്തിട്ടാണ് നാം ഉപയോഗിച്ചു പോന്നത്. എന്നാല്‍ നമ്പൂതിരിമാരുടെ ജീവിതം അതേപടി പകര്‍ത്താന്‍ നമ്മുടെ പൂര്‍വികര്‍ മുതിര്‍ന്നില്ല. മറിച്ച്, ഏറ്റവും നല്ല തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും കൃഷി, കച്ചവടം, രാഷ്ട്രസേവനം, സൈന്യം എന്നിവയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും ക്രൈസ്തവസഭക്കായി. അതിനാല്‍ തന്നെ ക്രിസ്തീയഭവനങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറുകയായിരുന്നു. കുടുംബത്തിന്റെ കുലീനത്വം നിലനിര്‍ത്താന്‍ കഴിഞ്ഞതിനാലാണ് മറ്റു ജാതിക്കാര്‍ നമ്മെ ഏറെ ബഹുമാനിച്ചിരുന്നതും.
ശിശുക്കളും ജ്ഞാനസ്‌നാനവും
ശിശു ജനിച്ചാലുടനെ സ്വര്‍ണം തേനിലോ നെയ്യിലോ അരച്ച് കൊടുക്കുക പതിവായിരുന്നു. പൂര്‍വികരുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനായി മാമ്മോദീസ നല്‍കുമ്പോള്‍ കുഞ്ഞിന്റെ പിതാവിന്റെയോ മാതാവിന്റെയോ അല്ലെങ്കില്‍ പൂര്‍വികരില്‍ ആരുടെയെങ്കിലും പേരുകള്‍ നല്‍കിയിരുന്നു. എന്തായാലും അതൊക്കെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ളവ ആയിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ശിശുവിന് പതിനൊന്നുമാസം പ്രായമാകുമ്പോള്‍ ‘ചോറൂണ്’ നടത്തിയിരുന്നു. പ്രസവത്തിനുശേഷം നാല്പത് ദിവസം കഴിഞ്ഞു ‘പള്ളികയറ്റല്‍’ ചടങ്ങുകഴിച്ച ശേഷമാണ് അമ്മമാര്‍ പള്ളിയില്‍ പ്രവേശിച്ചിരുന്നത്.
ആണ്‍ പെണ്‍ ബന്ധങ്ങള്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുതിര്‍ന്നാല്‍ പൊതുസ്ഥലത്ത് വരുമ്പോള്‍ ഒരുമിച്ചു നടക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ല. അതൊന്നും ഉന്നതകുലജാതരായ കുടുംബങ്ങളിലെ മക്കള്‍ക്ക് ചേര്‍ന്നതായി കരുതിയില്ല. ഭര്‍ത്താവിനോടൊപ്പം ഭാര്യ ഭക്ഷിക്കാന്‍ ഒരുമിച്ച് ഇരിക്കുമായിരുന്നില്ല. ഭര്‍ത്താക്കന്മാരുടെ പേരു പറഞ്ഞ് വിളിച്ചിരുന്നില്ല എന്നു മാത്രമല്ല, ഭക്ഷണം വിളമ്പിക്കൊടുക്കുകയും ഭര്‍ത്താവ് ഭക്ഷിച്ചതിനു ശേഷം ഭക്ഷിക്കുകയും ചെയ്യും.
വിവാഹങ്ങള്‍
തദ്ദേശീയരായ ഉയര്‍ന്ന സമുദായങ്ങള്‍ നടത്തിയ വിവാഹ ചടങ്ങുകളുടെ മാതൃകയില്‍ തന്നെയാണ് ക്രൈസ്തവവിവാഹങ്ങളും നടത്തിയിരുന്നത്. മാതാപിതാക്കളാണ് ജീവിതപങ്കാളിയെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ക്രൈസ്തവമായ വിശ്വാസങ്ങളും വി.ഗ്രന്ഥത്തിലെ അടിസ്ഥാന ദൈവശാസ്ത്രചിന്തകളും പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാണ് ഇവ നടത്തിയിരുന്നതും. താലി കെട്ട് ഒരു പ്രധാന ചടങ്ങായിരുന്നു. നമ്പൂതിരി സ്ത്രീകളുടെ താലിയില്‍ ഹൈന്ദവ ചിഹ്നങ്ങളായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ സ്ത്രീകളുടെ താലിയില്‍ 21 മണികളുള്ള കുരിശാണ് മുദ്രണം ചെയ്തിരുന്നത്.വധൂവരന്മാര്‍ രാജകീയമായി സ്വര്‍ണ കിരീടങ്ങള്‍ ധരിച്ചാണ് വിവാഹ വേദിയിലേക്ക് അണഞ്ഞിരുന്നത്. വിവാഹത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നവിധം വെള്ളപ്പരവതാനി വിരിച്ച് കുടകളും തോരണങ്ങളുമായിട്ടാണ് അവരെ സ്വീകരിച്ചിരുന്നത്.
വിവാഹബന്ധം ഏറ്റവും ശ്രേഷ്ഠമായ ഒരു ബന്ധമായി ക്രൈസ്തവര്‍ കരുതിപ്പോന്നു. ഭര്‍ത്താവ് കഴുത്തില്‍ കെട്ടിയ താലി ഒരിക്കലും അഴിച്ചു മാറ്റിയിരുന്നില്ല. മരണശേഷം കുടുംബാംഗങ്ങള്‍ താലി അഴിച്ചുമാറ്റി പള്ളിയിലെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുകയോ മൃതദേഹത്തോടൊപ്പം സംസ്‌കരിക്കുകയോ ചെയ്യും. കൂടാതെ ഇന്നത്തെപ്പോലെത്തന്നെ വിവാഹത്തിന് മുമ്പും പിമ്പും വധൂവരന്മാര്‍ക്ക് മധുരം കൊടുക്കുന്നതും നിലവിളക്ക് കൊളുത്തി വീട്ടിലേക്ക് സ്വീകരിക്കുന്നതുമൊക്കെ ഹൃദ്യമായ ചടങ്ങുകളായിരുന്നു. സഭയുടെ നിയമപ്രകാരം 14 വയസ്സുകഴിഞ്ഞാല്‍ വിവാഹിതരാകാം എന്നിരിക്കെ, ശൈശവവിവാഹങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍ സാധാരണമായിരുന്നു. എന്നാല്‍ ഓരോ രാജ്യത്തിന്റെയും നിയമങ്ങള്‍ ക്രൈസ്തവര്‍ പാലിക്കണം എന്നതിനാല്‍ ഭാരതത്തില്‍ നിലനില്‍ക്കുന്ന 18,21 പ്രായം ഇപ്പോള്‍ നാം സ്വീകരിക്കുന്നു. ഭര്‍ത്താവ് മരിച്ചാല്‍ ഒരുവര്‍ഷം കഴിയാതെ വിധവകള്‍ പുനര്‍വിവാഹം ചെയ്തിരുന്നില്ല. വിവാഹമോചനം ഉണ്ടായിരുന്നില്ല; എന്നുമാത്രമല്ല അത് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
സ്വത്ത് ഭാഗം വയ്ക്കല്‍
ഓരോ കുടുംബത്തിന്റെയും പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി സ്വത്ത് ആണ്‍മക്കള്‍ക്കാണ് വീതം വച്ചിരുന്നത്. പെണ്‍മക്കള്‍ക്ക് ഇതില്‍ അവകാശം കൊടുത്തിരുന്നില്ല. കുടുംബസ്വത്ത് ഛിന്നഭിന്നമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുമ്പോള്‍ അവര്‍ക്കു സ്വര്‍ണവും പണവും വിവാഹം കഴിക്കുന്ന പുരുഷന് നല്‍കുന്ന പതിവാണ് ഉണ്ടായിരുന്നത്. മകളെ വിവാഹം ചെയ്യുന്ന പുരുഷന് പുതിയ കുടുംബമുണ്ടാക്കി പുലര്‍ത്തുന്നതിന് തനിക്ക് ലഭിക്കുന്ന പിതൃസ്വത്തിന്റെ കൂടെ ചേര്‍ക്കുമ്പോള്‍ ഈ തുക സഹായകമാകുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്. ആണ്‍മക്കളില്ലാത്തവര്‍ ആ കുടുംബ പരമ്പരകളില്‍ ഏതെങ്കിലും കുടുംബത്തില്‍ നിന്ന് ഒരു ആണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു പതിവ്.
വസ്ത്രധാരണം
പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രധാരണ രീതികള്‍ ശ്രദ്ധേയമാണ്. പുരുഷന്മാര്‍ അരയ്ക്കു മുകളില്‍ വസ്ത്രം ധരിച്ചിരുന്നില്ല. എന്നാല്‍ ആഘോഷാവസരങ്ങളില്‍ മാത്രം ഒരു അംഗവസ്ത്രം ധരിക്കാറുണ്ടായിരുന്നു. ആഭരണങ്ങളണിയാന്‍ വേണ്ടി പുരുഷന്മാര്‍ കാതുകുത്തിയിരുന്നു. ബ്രഹ്മചാരികളും തീര്‍ത്ഥാടകരും നീളമുള്ള മുടി വൃത്തിയായി കെട്ടിവച്ചിരുന്നു. ബാക്കിയുള്ളവര്‍ മുടി നീട്ടിവളര്‍ത്തി കുടുമയായി കെട്ടിവയ്ക്കുകയും ഒരു കുരിശ് കെട്ടിനുള്ളില്‍ വക്കുകയും ചെയ്യുമായിരുന്നു. മറ്റു ജാതിക്കാരില്‍ നിന്ന് നമ്മെ തിരിച്ചറിയാന്‍ സഹായിച്ചിരുന്നത് ഈ കുരിശാണ്. ക്രിസ്ത്യന്‍ സ്ത്രീകളാകട്ടെ കൈകളും അരക്കെട്ടും വരെ ശരീരം മൂടിക്കിടക്കുന്ന ചട്ടയും കണങ്കാല്‍ വരെ എത്തുന്നതും പുറകില്‍ വിശറി പോലെ ഞൊറിച്ചിലോടുകൂടി അരയില്‍ ബന്ധിച്ചിട്ടുള്ളതുമായി നീളമുള്ള മുറിയുമായിരുന്നു ധരിച്ചിരുന്നത്. പള്ളിയില്‍ പോകുമ്പോള്‍ മുഖം മാത്രം പുറത്തു കാണത്തക്കവിധം തല ഒരു വലിയ കവണികൊണ്ട് മൂടിയിരുന്നു. കാതിലും കയ്യിലും കഴുത്തിലും കാലുകളിലും പലവിധ ആഭരണങ്ങളും അണിഞ്ഞിരുന്നു.
ഭക്ഷണരീതി
ചോറും സസ്യക്കറികളുമടങ്ങിയ ഭക്ഷണമായിരുന്നു പ്രധാനം. മാടിന്റെയും ആടിന്റെയും ഇറച്ചിയും ഭക്ഷണക്രമത്തില്‍ വല്ലപ്പോഴും ഉണ്ടായിരുന്നുവെങ്കിലും പന്നിയിറച്ചി ഒഴിവാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്നത് തങ്ങളുടെ സമൂഹത്തിലുള്ള അന്തസ്സ് കുറയ്ക്കുമെന്ന് കരുതിയിരുന്നവരായിരുന്നു നമ്മുടെ പൂര്‍വികര്‍. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഉയര്‍ന്ന ഹൈന്ദവരെപ്പോലെത്തന്നെ പായയില്‍ ചമ്പ്രം പടിഞ്ഞിരുന്ന് വാഴയില രണ്ടായി മടക്കി കൈകളുപയോഗിച്ച് ഭക്ഷിക്കുകയാണ് പതിവ്.
മാര്‍തോമാ ക്രിസ്ത്യാനി കുടുംബങ്ങളില്‍ പിന്‍തുടര്‍ന്നു വന്നിരുന്ന ചില ആചാരങ്ങളും ജീവിതരീതികളുമാണ് നാം കണ്ടത്.
നമ്മുടെ പാരമ്പര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ ഭാരതസഭയിലെ തുടര്‍ന്നുളള ചരിത്രത്തിലേക്ക് പ്രവേശിക്കുവാനും സഭയുടെ ഔന്നത്യം എന്താണെന്നും സഭ നേരിട്ട വെല്ലുവിളികളും കൈമോശം വന്നവ എന്തൊക്കെയാണെന്നും മറ്റു സഭകളില്‍ നിന്നു നമ്മെ വ്യതിരിക്തരാക്കുന്ന ഘടകങ്ങളും തിരിച്ചറിയാന്‍ കഴിയുക. മാര്‍തോമാ ക്രിസ്ത്യാനികളുടെ സഭാത്മകവും മതപരവും സാമൂഹികവുമായ മറ്റ് ചില സവിശേഷതകള്‍ അടുത്ത ലക്കത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>