സുപ്രീം കോടതി ചെയ്തതും മോദിക്ക് കിട്ടാത്തതും

By on December 31, 2016
1df6e9f38d149ff6820934246c34dad8

സുപ്രീം കോടതി ചെയ്തതും മോദിക്ക് കിട്ടാത്തതും

എല്ലാ ദിവസവും കുടിച്ചു വീട്ടിലെത്തുന്ന അയാള്‍ ഭാര്യയ്ക്ക് ഒരു വാക്കു കൊടുത്തിരുന്നു, ‘ഘട്ടംഘട്ട’മായി നിര്‍ത്തിക്കോളാം. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് അങ്ങനെയൊരു വാക്ക് മലയാളഭാഷയ്ക്ക് സമ്മാനിച്ചതെന്നാണ് പറയുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ പൂട്ടും, മദ്യനിരോധനം പൂര്‍ണമായി നടപ്പാക്കും. ആ വാക്കിന്റെ ചുവടുപിടിച്ചാണ് ഘട്ടംഘട്ടമായി കുടി നിര്‍ത്താമെന്ന് കഴിഞ്ഞ പുതുവര്‍ഷദിനത്തില്‍ ഭാര്യയ്ക്ക് അയാള്‍ വാക്കുകൊടുത്തത്. അന്നുമുതല്‍ കുടിനിര്‍ത്തുന്നതിനെപ്പറ്റി ഗൗരവമായി ആലോചന തുടങ്ങിയിരുന്നെങ്കിലും ഇത്തരമൊരു അവസ്ഥ അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല.
എഴുന്നൂറ് ബാറുകള്‍ പൂട്ടിയപ്പോഴും അവിടവിടെ ചില വിദേശ മദ്യവില്‍പ്പനശാലകള്‍ പൂട്ടിയപ്പോഴും സാമാന്യം മാന്യനും ഭേദപ്പെട്ട മദ്യപനുമായിരുന്നു. അയാള്‍ കുലുങ്ങിയിരുന്നില്ല. പക്ഷേ, ഇപ്പോള്‍ സുപ്രീം കോടതി വിധി സകല കണക്കുകളും തെറ്റിച്ചിരിക്കുന്നു. ദേശീയപാതയിലും സംസ്ഥാന പാതവക്കുകളിലും ഏപ്രില്‍ ഒന്നു മുതല്‍ ഒരൊറ്റ മദ്യക്കടകളും വേണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. ഇവിടെയാണ് നമ്മുടെ പരിചിന്തനത്തിനു വിഷയീഭവിക്കേണ്ട സ്മര്യ പുരുഷന്റെ ഗതികേട്. കൂടുതല്‍ വ്യക്തമാകുന്നത്. ഇനിയെങ്ങനെയാണ് താന്‍ ഘട്ടംഘട്ടമായി മദ്യപാനം നിര്‍ത്തുമെന്ന അടവുനയം ഭാര്യയ്ക്കു മുന്നില്‍ പ്രയോഗിക്കുക എന്ന ചിന്തയാണ് കക്ഷിയെ വ്യാകുലനാക്കുന്നത്. വീടിനടുത്തുള്ള സംസ്ഥാനപാതയിലെ ബിവറേജസ് മദ്യക്കടയായിരുന്നു വര്‍ഷങ്ങളായി മാന്യനായ നമ്മുടെ കഥാപുരുഷന്റെ ദാഹശമന കേന്ദ്രം. അത് നിലനില്‍ക്കുന്ന കാലത്തോളം തന്റെ മദ്യപാനത്തിനു ഭീഷണിയില്ലെന്ന മൂഢസ്വര്‍ഗത്തിലായിരുന്നു കക്ഷി. ഇനി അത് അടച്ചുപോയാലും അരക്കിലോമീറ്ററകലെ ദേശീയ പാതയിലുമുണ്ട് മറ്റൊന്ന്. അവിടെയും കയറിചെല്ലാന്‍ വിലക്കൊന്നുമില്ല. ഈ രണ്ടു മദ്യക്കടകളുടെയും സാധ്യതകള്‍ കണ്ടതാണ് മാന്യനായ അദ്ദേഹം ഘട്ടംഘട്ടമായി മദ്യപാനം നിര്‍ത്താമെന്ന് ഭാര്യയ്ക്ക് വാക്കുകൊടുത്തത.് എന്നുവച്ചാല്‍, സമീപകാലത്തൊന്നും മദ്യപാനം നിര്‍ത്തേണ്ടി വരില്ല എന്ന ഒരു ലാഞ്ചന ഉള്ളിലെവിടെയോ നുരഞ്ഞുപതയുന്നുണ്ടായിരുന്നു.
ആ കണക്കുകൂട്ടലാണ് സുപ്രീംകോടതി തകര്‍ത്തത്. ദേശീയ, സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്ററിനുള്ളിലാണ് തന്റെ പ്രിയപ്പെട്ട രണ്ടു മദ്യക്കടകളും. ഏപ്രില്‍ ഒന്നുമുതല്‍ രണ്ടും തെറിക്കും. അതോടെ തന്റെ മദ്യപാനത്തിനും പൂട്ടുവീഴുമോയെന്ന ചിന്തയിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി അയാള്‍ കഴിഞ്ഞുകൂടുന്നത്. ‘ഘട്ടംഘട്ടമായി’ എന്ന ജാമ്യം റദ്ദാക്കി സുപ്രീം കോടതി ഒറ്റയടിക്ക് ജീവപര്യന്തത്തിനു ശിക്ഷിച്ചുവെന്നാണ് കക്ഷി നിരാശയോടെ ചില സുഹൃത്തുക്കളോട് പറഞ്ഞത്. രണ്ടു മദ്യക്കടയും പൂട്ടിപ്പോയാല്‍ പിന്നെ ഏഴുകിലോമീറ്ററകലെ പോകണം, അവിടെച്ചെന്നാലോ എടി എമ്മിനു മുന്നില്‍ നിന്നപോലെ ക്യൂ നില്‍ക്കണം.
ഘട്ടംഘട്ടമായി അനന്തകാലം മദ്യവിരുദ്ധവാഗ്ദാനം നടത്താമെന്നും കുടി തുടരാമെന്നും കണക്കുകൂട്ടിയ നിര്‍ഭാഗ്യവാനായ നമ്മുടെ കഥാനായകന്റെ സ്വപ്‌നങ്ങള്‍ മദ്യക്കുപ്പി വീണുടഞ്ഞതുപോലെ ചിന്നിചിതറിയെന്നത് വിധി വൈപരീത്യമെന്നല്ലാതെ എന്തുപറയാന്‍!
ടൈം’വാരികയുടെ ചതി
ലോകപ്രശസ്തമായ ഇംഗ്ലീഷ് വാരികയാണ് ‘ടൈം”ലോകമെങ്ങും വായനക്കാരുടെ വാരിക. അതിന്റെ ഓരോ ലക്കവും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകളാണ് വായിക്കുന്നത്. 1929 മുതല്‍ ഓരോ വര്‍ഷവും ആ വര്‍ഷത്തെ ഏറ്റവും പ്രഗല്‍ഭനായ വ്യക്തിക്ക് ടൈം വാരിക ഒരു പുരസ്‌കാരം നല്‍കും – ‘മാന്‍ ഓഫ് ദ് ഇയര്‍’ ആ വര്‍ഷത്തില്‍ നല്ല കാര്യങ്ങള്‍ കൊണ്ടോ ചീത്ത പ്രവൃത്തികള്‍കൊണ്ടോ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വ്യക്തികള്‍ക്കാണ് ‘മാന്‍ ഓഫ് ദ് ഇയര്‍’ പുരസ്‌കാരം.
ഇത്തവണ ഡിസംബര്‍ ആദ്യത്തിലാണ് ആ പുരസ്‌കാരത്തെപ്പറ്റി വാര്‍ത്ത വന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായിരിക്കും 2016 ലെ ഈ പുരസകാരം എന്നായിരുന്നു വാര്‍ത്താവിശകലനം. കാരണം അദ്ദേഹം, നോട്ടുകള്‍ റദ്ദാക്കിയതിലൂടെ ലോകപ്രശസ്തനായി എന്നതുതന്നെ. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ചില ചെറിയ മനുഷ്യരും പട്ടികയിലുണ്ടായിരുന്നു.
‘മാന്‍ ഓഫ് ദ് ഇയര്‍’ അവാര്‍ഡ് കിട്ടുകയെന്നൊക്കെപ്പറഞ്ഞാല്‍ നിസ്സാരകാര്യമല്ല. നമ്മുടെ കേരളത്തില്‍ സാഹിത്യ അക്കാദമി അവാര്‍ഡോ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള അവാര്‍ഡോ കിട്ടണമെങ്കില്‍ വളരെയൊന്നും വിയര്‍ക്കേണ്ടതില്ലെന്നു നമുക്കറിയാം. വേണ്ടയാളുകളെ വേണ്ടവിധത്തില്‍ നശിപ്പിക്കുകയും പത്രമാധ്യമങ്ങളുടെ കൈപിടിച്ച് സ്വയം പ്രമോട്ട് ചെയ്യുകയും ചെയ്താല്‍ മതി. ടൈം അവാര്‍ഡ് അങ്ങനെയല്ല. സായിപ്പിനെ അങ്ങനെയൊന്നും സോപ്പിടാനാവില്ല. അതുകൊണ്ടാണ് നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രിക്ക് ആ അവാര്‍ഡ് കിട്ടുമെന്നുറപ്പായപ്പോള്‍ ഇന്ത്യക്കാര്‍ മുഴുവന്‍ കോരിത്തരിച്ചത്. നവംബര്‍ എട്ടിന് ഒറ്റയടിക്ക് ഇന്ത്യയിലെ വമ്പന്മാരായ കള്ളപ്പണക്കാര്‍ ഒഴികെ സകലമാന പൗരന്മാരെയും ഒറ്റയടിക്കല്ലേ അദ്ദേഹം പാപ്പരാക്കിയത്! ഇത്ര മഹത്തായ ധീരസാഹസികത മറ്റാര് ചെയ്യും! കോടിക്കണക്കിനു ജനങ്ങളെ എടിഎമ്മുകള്‍ക്കു മുന്നിലും ബാങ്കുകള്‍ക്കു മുന്നിലും വെയിലത്തും മഞ്ഞത്തും നിര്‍ത്തി അദ്ദേഹം കള്ളപ്പണമൊക്കെ പിടിച്ചെടുത്തു കഴിഞ്ഞു.
അവാര്‍ഡ് കിട്ടുമെന്നു കേട്ടപ്പോഴേ ബിജെപിക്കാരായ അദ്ദേഹത്തിന്റെ പാര്‍ട്ടികള്‍ ലഡു വിതരണം തുടങ്ങിയെന്നാണറിയുന്നത്, പാര്‍ലമെന്റില്‍ പോലും ബിജെപി എംപിമാര്‍ അവാര്‍ഡ് കാര്യം ചൂണ്ടിക്കാട്ടി ‘കണ്ടോ മോദിജിയുടെ മഹത്വം’ എന്ന് ആക്രോശിക്കുകയും ചെയ്തു. പക്ഷേ, ഒടുവില്‍ ടൈം വാരിക മോദിക്ക് അവാര്‍ഡ് കൊടുത്തില്ല, അതു കിട്ടിയത് ഡോണാള്‍ഡ് ട്രംപിനാണ്. ഇതാണ് ടൈം വാരികയുടെ കണ്ണില്‍ ചോരയില്ലാത്ത നടപടി. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്, മോദി മിടുക്കനാണ്, ധീരനാണ്, ഇത്രയേറെ ജനങ്ങളെ ഒറ്റയടിക്ക് പെരുവഴിയിലിറക്കിയത് മഹത്തായ കാര്യമാണ്. പക്ഷേ, നോട്ട് റദ്ദാക്കല്‍ നടപടി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കി. അതുകൊണ്ട് തല്‍ക്കാലം അവാര്‍ഡ് തരുന്നില്ല. അപ്പുറത്ത് ഡോണാള്‍ഡ് ട്രംപ് ഇരിക്കുന്നുണ്ട്. കക്ഷിക്കാണ് അവാര്‍ഡ്.
എന്താ പറയ്യാ? ഇതാണ് ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ചോറില്ലെന്നു പറയുന്ന വിദ്യ. എന്തായാലും ടൈം വാരിക ചെയ്തത് ശരിയായില്ല. സായിപ്പിന് ഹിന്ദി അറിയാത്തതുകൊണ്ട് ബിജെപിക്കാര്‍ എന്തെങ്കിലും നാലു കടുത്ത വാക്ക് പറഞ്ഞതുകൊണ്ടും ഫലമില്ല. മനസ്സിലാവില്ലല്ലൊ. അതുകൊണ്ട് അഹിംസാ സിദ്ധാന്തത്തിന്റെ ലൈനില്‍ ക്ഷമിക്കുക തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>