സുവര്‍ണ ജൂബിലി നിറവില്‍ പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാ പള്ളി

By on February 4, 2017
P5 Paithrkabuvil copy

കഴിഞ്ഞ നൂറ്റാണ്ടില്‍ ആരംഭിച്ച സഫലമായ വിശ്വാസ തീര്‍ത്ഥാടനത്തിന് അര നൂറ്റാണ്ട്

സുവര്‍ണ ജൂബിലി നിറവില്‍ പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാ പള്ളി

പടിഞ്ഞാറെ ചാലക്കുടി പുരാതനകാലം മുതല്‍ കാര്‍ഷിക മേഖലയിലും മരത്തടി വ്യവസായത്തിലും പ്രസിദ്ധമായിരുന്നു. ആനമല കമ്പനി, സ്റ്റാന്‍ഡേര്‍ഡ് കമ്പനി, സര്‍ക്കാര്‍ വനംഡിപ്പോ, മലവണ്ടി പാത, നിരവധി തടിമില്ലുകള്‍ എന്നിവ ഈ പ്രദേശത്തെ സമ്പന്നമാക്കി. പുഴയോരം ചേര്‍ന്നുള്ള തോട്ടങ്ങളും നെല്‍വയലുകളും കര്‍ഷകരുടെ ജീവിത മാര്‍ഗങ്ങളായിരുന്നു. 1918ല്‍ പടിഞ്ഞാറെ ചാലക്കുടിയുടെ ഭാഗമായ കോട്ടാറ്റില്‍ ഒരു ക്ലാരിസ്റ്റ് കോണ്‍വെന്റ് സ്ഥാപിതമായി. 1950 തുടങ്ങി ചാലക്കുടി ഫൊറോന പള്ളിയിലെ അസിസ്റ്റന്റ് വികാരിമാര്‍ അവിടെ താമസിച്ച് വിശ്വാസികളുടെ ആധ്യാത്മിക ജീവിതത്തിന് നേതൃത്വം നല്‍കി. ചാലക്കുടി ഫൊറോനയുടെ അതിര് അണ്ണല്ലൂര്‍, കാരൂര്‍ റോഡ് വരെ നീണ്ടുകിടന്നു. മാമോദീസ, മൃതസംസ്‌കാരം, വിവാഹം എന്നിവയ്ക്ക് വിശ്വാസികള്‍ക്ക് പ്രയാസമേറി. സമീപപ്രദേശത്ത് ഒരു ഇടവക ദൈവാലയം വേണമെന്ന ചിന്തയ്ക്ക് ശക്തി കൂടി. അന്ന് ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് അക്കരയായിരുന്നു. ഫാ. ജോസ് വേഴപ്പറമ്പിലാണ് കോട്ടാറ്റ് കോണ്‍വെന്റില്‍ താമസിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ഇടവക ദൈവാലയത്തിനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരുന്നു. 1962 ജൂലൈയില്‍ കോട്ടാറ്റ് സെന്റ് ആന്റണീസ് സ്‌കൂളില്‍ ചേര്‍ന്ന വിശ്വാസികളുടെ യോഗം പടിഞ്ഞാറെ ചാലക്കുടിയില്‍ ഒരു ഇടവക ദൈവാലയം വേണമെന്ന തീരുമാനത്തില്‍ എത്തി. ആ കൊല്ലം ഒക്‌ടോബര്‍ 21ന് മലയാംപറമ്പ് സ്‌കൂളില്‍ ചേര്‍ന്ന യോഗം പള്ളിക്ക് സ്ഥലം കണ്ടെത്തുകയും നിത്യസഹായമാതാവിന്റെ പേര് നിര്‍ദ്ദേശിച്ച് അംഗീകരിക്കുകയും ചെയ്തു. 1963 മാര്‍ച്ച് 30നു തൃശൂര്‍ ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ട് ദൈവാലയ ശിലാസ്ഥാപനം നടത്തി. ഒന്നര ഏക്കറോളം സ്ഥലമാണ് പള്ളിക്കുവേണ്ടി തീറ് വാങ്ങിയത്. പിന്നീട് ഫാ. ജോസഫ് മുണ്ടശ്ശേരി അസിസ്റ്റന്റ് വികാരിയായി വന്നു. റയില്‍വേ പാതയുടെ പടിഞ്ഞാറ് ഭാഗവും അണ്ണല്ലൂര്‍ പഴൂക്കര അതിരുവരെയുള്ള ഭാഗവും സഹകരിച്ചാണ് ദൈവാലയത്തിനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ആരംഭത്തില്‍ 432 കുടുംബങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്.
പാലമറ്റത്ത് ഇട്ടൂപ്പ് കൊച്ചുവറീത് കണിച്ചിക്കാട്ടില്‍ ലോനപ്പന്‍ വാറു, അമ്പൂക്കന്‍ കുഞ്ഞാവര പൗലോസ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ദൈവാലയ നിര്‍മാണത്തിന് പതിനായിരം രൂപയുടെ പാട്ടഭൂമിയാണ് ഓഹരിയായി ഫൊറോന പള്ളിയില്‍ നിന്നു തന്നത്. പുതിയ ഭൂനിയമം വന്നതിനാല്‍ അതുകൊണ്ട് ഉപകാരമുണ്ടായില്ല. ഇടവക ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ‘കെട്ടുതെങ്ങ്’, കവുങ്ങ് എന്നിവയുടെ ആദായം എടുത്തും ഉദാരമതികള്‍ നല്‍കിയ കല്ല്, മരം എന്നിവ ശേഖരിച്ചും ശ്രമദാനം നല്‍കിയും ആണ് പണികള്‍ പുരോഗമിച്ചത്. ജനങ്ങളുടെ കഠിനമായ ത്യാഗത്തിന്റെ ഫലമായി പണികള്‍ പൂര്‍ത്തിയാക്കി 1966 ഫെബ്രുവരി 20ന് മാര്‍ ജോര്‍ജ് ആലപ്പാട്ട് പിതാവ് ദൈവാലയം ആശീര്‍വദിച്ചു. അന്നത്തെ ഫൊറോന വികാരി ഫാ. ആന്റണി തെക്കിനിയത്ത് നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ നല്‍കി.
പ്രഥമ റെസിഡെന്‍ഷ്യല്‍ വികാരിയായി ഫാ. ജോസഫ് മുണ്ടശ്ശേരി ചാര്‍ജെടുത്തു. 1968 ജനുവരി 27ന് സെമിത്തേരി വെഞ്ചരിച്ചു. അന്ന് തന്നെ രണ്ട് ശിശുക്കളുടെ സംസ്‌കാരകര്‍മം നടത്തി. 1963 ജൂണ്‍ 9ന് മരിച്ച്, ചേലക്കരയില്‍ സംസ്‌കരിച്ച്, ഇപ്പോള്‍ ദൈവദാസ പദവിയില്‍ എത്തിയ തച്ചുപറമ്പില്‍ അന്തോണിയച്ചനും 1969 നവംബര്‍ 11ന് നിര്യാതനായ പോള്‍ അമ്പൂക്കനച്ചനുമാണ് ശിലാസ്ഥാപനകാലത്ത് ഇടവകയില്‍ നിന്നും ഉണ്ടായിരുന്നത്. ഇപ്പോള്‍ നിലവില്‍ 13 വൈദികരും സന്യസ്തരും വിവിധ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള മുഖവാരി 1970ല്‍ പൂര്‍ത്തിയാക്കി. 1972 ഏപ്രില്‍ 15ന് ഫാ. ജേക്കബ് ചാലക്കല്‍ വികാരിയായി. അദ്ദേഹം ഇടവകയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കുവേണ്ടി ശ്രമിച്ചു. 1976 മാര്‍ച്ച് 24ന് വികാരിയായി വന്ന ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍ ഇടവകയ്ക്ക് നവചൈതന്യം പകര്‍ന്നു. കുടുംബ സമ്മേളയൂണിറ്റുകള്‍, കായിക കലാവികസന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. 1978 ഏപ്രില്‍ 8ന് ഫാ. ജേക്കബ് പറനിലം വികാരിയായി വന്ന കാലത്താണ് സെമിത്തേരിയില്‍ കപ്പേള പണികഴിപ്പിച്ചത്. 1979ല്‍ പുതുവര്‍ഷ പുലരിയില്‍ ഫാ. ആന്റണി ഇരിമ്പന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരി കൊളുത്തി, മേരിമാത നഴ്‌സറി സ്‌കൂള്‍ ആരംഭിച്ചു. 1979 ഡിസംബര്‍ 2ന് വിജയരാഘവപുരം സ്‌കൂള്‍ ഗ്രൗണ്ടിലെ ക്രൈസ്റ്റ് നഗറില്‍ പാരിഷ് കണ്‍വന്‍ഷന്‍ നടത്തി.
ഫാ. റോക്കി വാഴപ്പിള്ളിയുടെ കാലത്ത് വൈദിക മന്ദിരം പണിതീര്‍ത്തു. ഫാ. ജോയി പുത്തന്‍വീട്ടിലിന്റെ പ്രവര്‍ത്തനകാലത്ത് ഇന്ന് കാണുന്ന അള്‍ത്താരയും സെമിത്തേരിയിലെ മുഴുവന്‍ കല്ലറകളും പണികഴിപ്പിച്ചു. ഫാ. ഡേവീസ് അമ്പൂക്കന്റെ നേതൃത്വത്തില്‍ പള്ളിയുടെ രണ്ട് ഭാഗം ഓട് മാറ്റി കോണ്‍ക്രീറ്റ് ചെയ്യുകയും പള്ളി മൊസൈയ്ക് വിരിക്കുകയും ചെയ്തു. 1990ല്‍ സെന്റ് പോള്‍ മിഷന്‍ ഹൗസ് സ്ഥാപിതമായി. ദിവംഗതനായ ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ കാലത്താണ് മനോഹരമായ സ്റ്റേജ് പണിതീര്‍ത്തത്. ഫാ. തോമസ് മേനാച്ചേരിയുടെ കാലത്ത് പള്ളിയുടെ പിന്നില്‍ ഒരു പാരിഷ് ഹാള്‍ പണിയുന്നതിനും കോട്ടാറ്റില്‍ ഇടവക ദൈവാലയം പണിയുന്നതിനും തീരുമാനം എടുത്തു. ഫാ. ജോണി മേനാച്ചേരിയുടെ കാലത്ത് പാരിഷ്ഹാളിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയാക്കി പ്രവര്‍ത്തിച്ചു തുടങ്ങി. 1999ല്‍ ഫാ. ജോസ് മാളിയേക്കല്‍ വികാരിയായി ചാര്‍ജെടുത്തു. തുടര്‍ന്ന് കോട്ടാറ്റ് പള്ളിയുടെ പണിയും കോട്ടാറ്റ് ഇടവക രൂപീകരണവും നടന്നു. 2002 ഡിസംബര്‍ 29ന് പുളിയാനിപറമ്പില്‍ മനോഹരമായ കപ്പേള പണിതുയര്‍ത്തി. 2004ല്‍ അള്‍ത്താരയുടെ പുനര്‍പ്രതിഷ്ഠ നടത്തി. 2005ല്‍ സെബാസ്റ്റ്യന്‍ ഈഴേക്കാടന്റെ കാലത്ത് സെമിത്തേരിയില്‍ ആധുനിക രീതിയിലുള്ള കപ്പേള പണിതു. ആ വര്‍ഷം തന്നെ പള്ളിയുടെ മേല്‍ക്കൂര സീലിങ്ങ് ചെയ്യുകയും സങ്കീര്‍ത്തി ടൈല്‍ ഇടുകയും ചെയ്തു. 2006ല്‍ പള്ളി പരിസരം ടൈല്‍ പാകി. 2007 ഒക്‌ടോബര്‍ 8ന് ഗ്രോട്ടോ പണി തീര്‍ത്തു. 2008 ജനുവരി 31ന് വികാരിയായി ഫാ. ജോസ് പന്തല്ലൂക്കാരന്‍ ചാര്‍ജെടുത്തു. ഇടവകയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി പുതുക്കി പണിത ഇടവക കാര്യാലയത്തിന്റെയും വൈദിക മന്ദിരത്തിന്റെയും ആശീര്‍വാദം നിര്‍വഹിച്ചു. 2011 ജൂലൈ 21ന് ഫാ. ജോസ് വെതമറ്റില്‍ ചാര്‍ജെടുത്തു. അദ്ദേഹത്തിന്റെ കാലത്ത് നഴ്‌സറി സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങി. ഇന്ന് കാണുന്ന നഴ്‌സറി സ്‌കൂളും ഷോപ്പിങ്ങ് കോംപ്ലക്‌സും പണികഴിപ്പിച്ചു. 2015 ജൂലൈ 16ന് ഫാ. ജോസ് പാലാട്ടി ചാര്‍ജെടുത്തു. സ്റ്റേജിനോട് അനുബന്ധിച്ച് സ്ഥലം പള്ളിപറമ്പിനോട് കൂട്ടിച്ചേര്‍ത്തു. 2016 ജൂലൈ 14ന് ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കലും ഫാ. നവീന്‍ ഊക്കനും ചാര്‍ജെടുത്ത് ഹോം മിഷന്‍, പോപ്പുലര്‍ മിഷന്‍ ധ്യാനം എന്നിവ നടത്തി. ജൂബിലി നിറവില്‍ ഇടവകജനം ഒന്നായി മുന്നേറുന്നു.
ഫാ. നവീന്‍ ഊക്കന്‍ വികാരിയോട് ചേര്‍ന്ന് ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി നേതൃത്വം നല്‍കുന്നു. ആകെ 850 കത്തോലിക്കാ ഭവനങ്ങളും 20 കുടുംബസമ്മേളന യൂണിറ്റുകളുമാണ് ഇടവകയില്‍ ഉള്ളത്. ഇടവകയിലെ മറ്റു സ്ഥാപനങ്ങള്‍ : സെന്റ് പോള്‍ മിഷന്‍ ഹൗസ്, ചാരിറ്റി കോണ്‍വെന്റ്, മേരിമാതാ നഴ്‌സറി സ്‌കൂള്‍, ഇടവകാതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സിഎംഐ പബ്ലിക് സ്‌കൂള്‍. ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചില വര്‍ഷങ്ങളില്‍ ഫൊറോന തലത്തിലും രൂപതാ തലത്തിലും പഠനമേഖലയിലും കലാകായിക മത്സരങ്ങളിലും ഒന്നാമതെത്തി പ്രവര്‍ത്തന മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
പ്രതിനിധിയോഗം, സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, സിഎല്‍സി, കെസിവൈഎം, സോഷ്യല്‍ ആക്ഷന്‍, മാതൃസംഘം, അള്‍ത്താരസംഘം, ഗായകസംഘം, പ്രാര്‍ഥനാഗ്രൂപ്പുകള്‍, സിഎല്‍സിയുടെ ആഭിമുഖ്യത്തിലുള്ള ക്രിയേറ്റീവ് ലൈബ്രറി എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>