By on February 4, 2017

ഡോണള്‍ഡ് ട്രംപ് കസേരയില്‍; പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് എസ്എഫ്‌ഐ
കഴിഞ്ഞ നാലാഴ്ചയിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ വിഷയമായിരുന്നു ജനുവരി 20നു നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാനാരോഹണം. ഏറെക്കുറെ അപ്രതീക്ഷിതമെന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച തിരഞ്ഞെടുപ്പിനു ശേഷം അമേരിക്കയുടെ 45-ാംമത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കോടീശ്വരന്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിന്റെ പടവുകളില്‍ നടന്ന ചടങ്ങില്‍ അധികാരമേറ്റു. അമേരിക്കയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയേറെ വാശിയോടെ നടന്ന ഒരു തിരഞ്ഞെടുപ്പോ ഇത്ര രൂക്ഷമായ വിവാദങ്ങളൊ നവംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പു വേളയിലല്ലാതെ ലോകം കണ്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനായ ഈ എഴുപതുകാരന്റെ നയപരിപാടികളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കുടിയേറ്റ നിയമങ്ങള്‍, തീവ്രവാദം, തൊഴില്‍ സാധ്യതകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഡോണള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ ജനങ്ങളില്‍ മുമ്പൊരിക്കലുമില്ലാത്ത വിധത്തിലുള്ള ചേരിതിരിവുകളും സൃഷ്ടിച്ചു. ഇക്കാര്യങ്ങള്‍ക്കൊണ്ട് തന്നെ അമേരിക്കയുടെ ഭരണസാരഥ്യത്തിലേക്ക് ട്രംപ് കയറുമ്പോള്‍ ലോകം മുഴുവന്‍ അതു ശ്രദ്ധിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും സാമ്പത്തിക സൈനിക ശക്തിയെന്നു കരുതുന്ന അമേരിക്കയുടെ അടുത്ത ഏതാനും വര്‍ഷങ്ങളിലെ നയപരിപാടികള്‍ ലോകരാഷ്ട്രങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക ശക്തിബന്ധങ്ങളില്‍ നിര്‍ണായകമായിരിക്കുമെന്നുറപ്പാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ, സാമ്പത്തിക ലോകക്രമത്തിന്റെ അജണ്ടതന്നെ തിരുത്തിക്കുറിക്കാന്‍ വഴിയൊരുക്കുന്നതാവാം ട്രംപിന്റെ ഭരണകാലം.
ഈ പശ്ചാത്തലത്തിലായിരുന്നു പ്രൗഢഗംഭീരമായ സ്ഥാനാരോഹണം. പ്രതീക്ഷിച്ചതുപോലെ അമേരിക്കയുടെ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അപ്പോള്‍ തന്നെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
അമേരിക്കയുടെ വികസനവും സുരക്ഷയും മുന്‍നിര്‍ത്തിയായിരിക്കും തന്റെ നയപരിപാടികളെന്നു അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ അദ്ദേഹം ഓരോ കുടിയേറ്റവും ഓരോ വ്യാപാരവും നികുതിയും വിദേശനയവും അമേരിക്കന്‍ ജനത്തിനു ഗുണകരമാവുന്ന രീതിയില്‍ മാറ്റിയെടുക്കുമെന്ന് പ്രഖ്യാപിച്ചു.
പതിനാറ് മിനിറ്റ് നീണ്ട പ്രസംഗം തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം മുന്നോട്ടു വച്ച കര്‍മപദ്ധതികളില്‍ അല്‍പംപോലും മാറ്റം വരുത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു. തീവ്ര ഇസ്‌ലാമിക ഭീകരവാദത്തെ ഭൂമുഖത്തുനിന്നു തുടച്ചു നീക്കുമെന്ന പ്രഖ്യാപനം ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതേ സമയം, യുഎസ് കമ്പനികളില്‍ അമേരിക്കാര്‍ക്കുമാത്രം തൊഴില്‍ എന്ന നയം ഇന്ത്യയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. യുഎസ് ഐടി കമ്പനികളിലേറെയും ഇന്ത്യയില്‍ നിന്നുള്ളവരാണ് ജോലിയെടുക്കുന്നത് എന്നതു തന്നെ ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതാണ്.
ട്രംപിന്റെ സ്ഥാനാരോഹണവും പ്രസംഗവും സ്ഥാനമേറ്റ ആദ്യദിനത്തില്‍ തന്നെ പ്രസിഡന്റ് ബറാക് ഒബാമയുടെ ‘ഒബാമകെയര്‍’ ആരോഗ്യ പദ്ധതിയിലെ ചില കാര്യങ്ങള്‍ റദ്ദാക്കിയതും വരുംദിനങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള കൂടുതല്‍ നടപടികളുണ്ടാകുമെന്ന സൂചന നല്‍കുന്നു. ട്രംപിന്റെ ഓരോ ചലനവും നീക്കവും വാക്കുകളും ഇനിയുള്ള നാളുകളില്‍ ലോക മാധ്യമങ്ങള്‍ പിന്തുടരും; വിശകലനങ്ങളും വിധിയെഴുത്തുകളും ഉണ്ടായിക്കൊണ്ടിരിക്കും.
നിയമസഭാ യുദ്ധങ്ങള്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയുള്ള തീയതികളില്‍ അഞ്ചു സംസ്ഥാനങ്ങളിലായി നടക്കുക. അകാലിദള്‍ ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ ഫെബ്രുവരി നാല്, കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15, ബിജെപി ഭരിക്കുന്ന ഗോവയില്‍ ഫെബ്രുവരി നാല്, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 11,15,19,23,27 മാര്‍ച്ച് നാല്, എട്ട്, കോണ്‍ഗ്രസ് ഭരിക്കുന്ന മണിപ്പൂരില്‍ മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍. എല്ലായിടത്തും വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്. വിശദവിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍, യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ 28 ലക്ഷവും മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ 20 ലക്ഷവുമാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും പ്രചരണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുകയായി നിശ്ചയിച്ചിട്ടുള്ളത്.
രണ്ടര വര്‍ഷം അധികാരത്തില്‍ കഴിഞ്ഞ നരേന്ദ്രമോദിയുടെ ഭരണശൈലിയിന്മേലുള്ള ഹിതപരിശോധനയായിരിക്കും ഈ തിരഞ്ഞെടുപ്പുകളെന്ന് എല്ലാ മാധ്യമങ്ങളും വിലയിരുത്തുന്നുണ്ട്. നവംബര്‍ എട്ടിന് 500, 1000 നോട്ടുകള്‍ റദ്ദാക്കിയശേഷം വരുന്ന ഈ തിരഞ്ഞെടുപ്പില്‍ അഞ്ചു സംസ്ഥാനങ്ങളിലെ 16 കോടിയിലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. തന്റെ നടപടിയെ ജനങ്ങള്‍ സ്വാഗതം ചെയ്തുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നോട്ട് റദ്ദാക്കലിനെ എതിര്‍ക്കുന്നവര്‍ കള്ളപ്പണക്കാരാണെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നു. അതേ സമയം വേണ്ടത്ര മുന്‍കരുതലില്ലാതെയെടുത്ത നടപടി ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാരെയും ഇടത്തരക്കാരെയും ദുരിതത്തിലാക്കിയെന്ന വ്യാപകമായ പരാതി വോട്ടിംഗില്‍ എങ്ങനെ പ്രതിഫലിക്കുമെന്നറിയുക കൗതുകകരമായിരിക്കും. കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം എന്നിവക്കെതിരെയുള്ള നടപടിയെന്ന് പ്രഖ്യാപിച്ചു തുടങ്ങിയ പദ്ധതി പരാജയപ്പെട്ടുവെന്നും വമ്പന്മാരെ തൊടാതെ പാവപ്പെട്ട കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും കൂലിപ്പണിക്കാരെയും തൊഴിലാളികളെയും ഇടത്തരക്കാരെയും ശിക്ഷിക്കുകയായിരുന്നുവെന്നുമുള്ള നീറിനില്‍ക്കുന്ന രോഷം എങ്ങനെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യം ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കയോടെയും പ്രതീക്ഷയോടെയും വിശകലനം ചെയ്തു തുടങ്ങി. ഇനിയുള്ള ദിവസങ്ങളില്‍ തിരഞ്ഞെടുപ്പു വാര്‍ത്തകളും വിശേഷങ്ങളും വിശകലനങ്ങളുമായിരിക്കും മാധ്യമരംഗത്തെ സജീവമാക്കുക.
ഉത്തരംമുട്ടി ഊര്‍ജിത്
റിസര്‍വ് ബാങ്കിന്റെ ചരിത്രത്തില്‍ ഇതുപോലെ വേറൊരു ഗവര്‍ണറും പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ വെള്ളം കുടിച്ചിട്ടുണ്ടാവില്ല. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയ്‌ലിയുടെ അധ്യക്ഷതയിലുള്ള ധനകാര്യ സ്ഥിരം സമിതിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലില്‍ നിന്നു നോട്ട് പിന്‍വലിക്കലും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സംബന്ധിച്ച തെളിവെടുപ്പ് നടത്തിയത്. നോട്ട് റദ്ദാക്കാന്‍ തീരുമാനിച്ചത് നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ മനസ്സാക്ഷിസൂക്ഷിപ്പുക്കാരും കൂടിയെടുത്ത തീരുമാനമായിരുന്നെന്നും ധനവകുപ്പോ റിസര്‍വ് ബാങ്കോ മുന്‍കൂര്‍ അറിഞ്ഞില്ലെന്നുമുള്ള വ്യാപകമായ ആരോപണം നിലനില്‍ക്കുമ്പോഴാണ് ഊര്‍ജിത് പട്ടേലിനേയും മറ്റു ഉദ്യോഗസ്ഥരെയും പാര്‍ലമെന്ററി സമിതി ചോദ്യങ്ങള്‍കൊണ്ടു മൂടിയത്. എത്ര പണം തിരിച്ചെത്തി, എത്ര കള്ളപ്പണം പിടിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഊര്‍ജിത് പട്ടേല്‍ മറുപടി പറഞ്ഞില്ല. ഒരുകാര്യം മാത്രം പറഞ്ഞുവത്രെ: നവംബര്‍ എട്ടിന് 15.4 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളാണ് പിന്‍വലിച്ചത്. ഇതുവരെ 9.2 ലക്ഷം കോടിയുടെ നോട്ടുകളെ റിസര്‍വ് ബാങ്കിന് പുറത്തിറക്കാനായിട്ടുള്ളൂ. എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ പിന്നീട് പുറത്തുവന്നിട്ടുണ്ട്. അസാധുവാക്കിയതിലേറെ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ സമിതിക്കു മുമ്പാകെ കുറ്റ സമ്മതം നടത്തിയത്രെ. അതായത് റദ്ദാക്കിയ നോട്ടുകള്‍ മുഴുവന്‍ ശരിയായ നോട്ടുകളായിരുന്നെന്നും അവയിലൊന്നും കള്ളനോട്ടുകളോ കള്ളപ്പണമോ ഉണ്ടായിരുന്നില്ലെന്നും വ്യക്തം. അതുപോലെ നോട്ടുകള്‍ റദ്ദാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതു മാത്രമായിരുന്നെന്ന സംശയവും അവര്‍ രഹസ്യമായി സ്ഥിരീകരിച്ചു. ഇതോടെ നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയുടെ തീരുമാനങ്ങളുടെ പൊതുശൈലിയാണ് നാട്ടുകാര്‍ മനസ്സിലാക്കുന്നത്. മന്ത്രിസഭയെയോ ബന്ധപ്പെട്ട മന്ത്രിയെയോ ധനവകുപ്പിനെയോ റിസര്‍വ് ബാങ്കിനെയോ അറിയിക്കാതെയും അവരുമായി ആലോചിക്കാതെയും മോദിയെടുത്ത ഏകാധിപത്യപരമായ നടപടിയാണ് നോട്ട് റദ്ദാക്കല്‍. പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മോദി പാര്‍ലമെന്റിനു പുറത്ത് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയെന്നതും ആ ശൈലിയുടെ അനുബന്ധം. ഏതായാലും ഡല്‍ഹി ഭരിച്ച ചില ചക്രവര്‍ത്തിമാരെ ഓര്‍മിപ്പിക്കുന്നതായിരുന്നു നരേന്ദ്രമോദി നടത്തിയ പരിഷ്‌ക്കാരം. അതുകൊണ്ടാണ് പലരും ആ പരിഷ്‌ക്കാരത്തെ തഗ്ലക്ക് പരിഷ്‌ക്കാരമെന്നും ചരിത്രപരമായ മണ്ടത്തരം എന്നുമൊക്കെ വിശേഷിപ്പിച്ചത്.
പ്രിന്‍സിപ്പലിന് എന്തിന് കസേര? – ചോദിച്ചത് കുട്ടിസഖാക്കള്‍
കാമ്പസ് രാഷ്ട്രീയത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ ശബ്ദിച്ചവരില്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളുമുണ്ട്. കോളജുകളില്‍ കത്തിക്കുത്തും കയ്യേറ്റവും നശീകരണവും നടത്തി പരിശീലിച്ചില്ലെങ്കില്‍ എങ്ങനെയാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍ നാളത്തെ പൗരന്മാരും നേതാക്കളുമാവുകയെന്ന ചോദ്യമാണ് ഇവരൊക്കെ ഉന്നയിച്ചത്. അങ്ങനെയാണ് വര്‍ഷങ്ങളായി നിത്യശാപവും പേറി നമ്മുടെ ഒട്ടുമിക്ക കലാലയങ്ങള്‍ കലാപാലയങ്ങളും വിദ്യാര്‍ഥികളെന്ന് പേരിലുള്ള ഗുണ്ടകളുടെ വിഹാരഭൂമികളുമായത്. ഇപ്പോള്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വിഭാഗം മാധ്യമങ്ങളും വിദ്യാര്‍ഥി രാഷ്ട്രീയം കാടുകയറുന്നു എന്നു വിലപിക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നത് കൗതുകകരമായ കാഴ്ചയാണ്.
എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ കുട്ടി സഖാക്കള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതാണ് വിദ്യാര്‍ഥി ഗുണ്ടായിസത്തിന്റെ ഏറ്റവും ഒടുവിലത്തെ കിരാതമായ പ്രകടനം. സ്വയം ഭരണാധികാരമുള്ള ഗവണ്‍മെന്റ് കോളജാണ് മഹാരാജാസ്. കഴിഞ്ഞ വര്‍ഷം യുഡിഎഫ് ഭരണകാലത്ത് കോളജിനു സ്വയം ഭരണാവകാശം അനുവദിക്കാന്‍ പോകുന്നുവെന്നു കേട്ടപ്പോള്‍ തുടങ്ങി ആഴ്ചകളോളം അവിടത്തെ അധ്യാപകരിലൊരു വിഭാഗവും വിദ്യാര്‍ഥികളെന്ന വ്യാജന്മാരും എറണാകുളത്തെ കുറെ സാംസ്‌കാരിക നായകരും ഓട്ടോണമസ് പദവിക്കെതിരെ സമരം നടത്തി. ഒടുവില്‍ അത് പൊളിഞ്ഞു കെട്ടടങ്ങുകയും ചെയ്തിരുന്നു. ആ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന എന്‍.എല്‍. ബീനയാണ് ഇപ്പോള്‍ കത്തിച്ച കസേര നോക്കി നെടുവീര്‍പ്പിട്ടിരിക്കുന്നതെന്നത് മറ്റൊരു വൈരുധ്യം. പ്രിന്‍സിപ്പല്‍ കുറെ നാളായി ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐയും ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയും കുറെനാളായി അവരോട് അങ്കം വെട്ടിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കസേര കത്തിക്കല്‍.
ജനുവരി 19നു വ്യാഴാഴ്ചയായിരുന്നു കത്തിക്കല്‍ വിപ്ലവം. പ്രിന്‍സിപ്പല്‍ ബീന അന്നു അവധിയിലായിരുന്നത് ഭാഗ്യം! അല്ലെങ്കില്‍ കസേരയോടു കൂടി അവരെയും വിപ്ലവകാരികള്‍ കത്തിച്ചു ചാമ്പലാക്കിയേനെ. ഏതായാലും അതുണ്ടായില്ല. അന്ന് ഉച്ചയ്ക്ക് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കടന്ന കുട്ടിസഖാക്കള്‍ മുറിയില്‍ ആദ്യം കൊടിനാട്ടി. പിന്നെ കസേര പൊക്കിയെടുത്ത് പുറത്തുകൊണ്ടുപോയി ക്ലീനായി കത്തിച്ചു. അക്ഷരവൈരികളായ ആ ഗുണ്ടാപ്പട പിന്നെ കയ്യടിച്ചു ആഹ്ലാദിച്ചു. ഇതാണ് സംഭവം.
സാംസ്‌കാരിക കേരളം ഇവരുടെ സാംസ്‌കാരികാധഃപതനം കണ്ട് ലജ്ജിച്ചു തലതാഴ്ത്തിയിരിക്കണം. വിദ്യാര്‍ഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവരൊക്കെ ഇത്രയ്ക്ക് വേണ്ടായിരുന്നുവെന്ന് മനോഗതം ചെയ്തിട്ടുണ്ടാവും. അടയ്ക്കയാണെങ്കില്‍ മടിയില്‍ വയ്ക്കാം, അടയ്ക്കാമരമായാലോ വെട്ടിക്കളയുകയേ നിവൃത്തിയുള്ളൂവെന്ന പഴഞ്ചൊല്ല് ഓര്‍ക്കുക.
ഇതേപ്പറ്റിയൊക്കെ എഡിറ്റോറിയലെഴുതിയ പത്രങ്ങളുടെ മുതലക്കണ്ണീരിന്റെ കാപട്യം ജനം തിരിച്ചറിയുന്നുണ്ട്. കാമ്പസ് രാഷ്ട്രീയമില്ലെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ഭാവിപോലും അവതാളത്തിലാകുമെന്ന് പ്രവചിച്ചവര്‍ പോലും ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കാന്‍ മത്സരിക്കുകയാണ്.
കഴിഞ്ഞ ഒരു ഓണക്കാലത്ത് തിരുവനന്തപുരത്തെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തിനിടെ ഒരു പാവം വിദ്യാര്‍ഥിനിയെ ജീപ്പിടിച്ച് കൊലപ്പെടുത്തിയത്, രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് ഹയര്‍ സെക്കന്ററി എജ്യൂക്കേഷന്‍ ഡയറക്ടറുടെ ഓഫീസില്‍ കയറി അദ്ദേഹത്തിന്റെ ദേഹത്ത് കരി ഒായിലൊഴിച്ചത്, കഴിഞ്ഞ വര്‍ഷം പാലക്കാട് ഗവ. വിക്‌ടോറിയ കോളജില്‍ പ്രിന്‍സിപ്പല്‍ റിട്ടയര്‍ ചെയ്ത ദിവസം അവര്‍ക്ക് കുഴിമാടം ഒരുക്കിയതും പടക്കം പൊട്ടിച്ചതും അതിനെ ന്യായീകരിച്ച് സിപിഎം നേതാവ് എം.എ ബേബി അവരെ സംരക്ഷിച്ചത്, ഏതാണ്ട് രണ്ടുമൂന്നു ആഴ്ചമുമ്പ് മഹാരാജാസിന്റെ ചുവരുകളില്‍ മുഴുവനും വിദ്യാര്‍ഥിഗുണ്ടകള്‍ അശ്ലീലം എഴുതിനിറച്ചത്… മനം മടുപ്പുളവാക്കുന്ന അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും ചരിത്രമാണ് കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയക്കാര്‍ക്ക് പറയാനുള്ളത്. ഇതിന്റെ മറ്റൊരു ബീഭത്സ പ്രകടനമായിരുന്നു ജനുവരിയില്‍ സ്വാശ്രയ കോളജുകള്‍ക്കെതിരായ ആക്രമണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് അടിച്ചുതകര്‍ത്തത്.
വിദ്യാര്‍ഥി സംഘടനകളുടെ അക്രമരാഷ്ട്രീയത്തില്‍നിന്ന് നമ്മുടെ കോളജുകളെ ആരു സംരക്ഷിക്കുമെന്ന ചോദ്യം ഉത്തരം കിട്ടാത്ത ചോദ്യമൊന്നുമല്ല കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒന്നാം നിരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സ്വകാര്യ മനേജ്‌മെന്റ് കോളജുകളെ നോക്കുക, കാമ്പസ് രാഷ്ട്രീയത്തെ പുറത്തിറക്കി പടിയടച്ചു പിണ്ഡം വച്ച ആ കോളജുകളില്‍ ഇത്തരക്കാരുടെ വിളയാട്ടം നടക്കാത്തതെന്തുകൊണ്ട്? പ്രബുദ്ധരായ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും കോളജ് അധികാരികളും കൂടിചേരുന്ന കൂട്ടായ്മയുടെ സംഘശക്തിയാണ് നശീകരണത്തിന്റെ അസുരവിത്തുകളെ നേരിടുന്നത്. അവര്‍ക്ക് കോടതിയുടെ പിന്‍ബലം കൂടിയുള്ളപ്പോള്‍ സമൂഹത്തിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ കുട്ടിവിപ്ലവകാരികള്‍ മുട്ടുമടക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>