ഈ ജനങ്ങളെക്കൊണ്ട് തോറ്റു!

By on February 25, 2017

ഈ ജനങ്ങളെക്കൊണ്ട് തോറ്റു!

മദ്യക്കടകള്‍ മാറ്റാന്‍ ബിവറേജസ് കോര്‍പറേഷന് പൊലിസ് സഹായം കൊടുക്കും

ഇനി മദ്യക്കച്ചവടം നടത്തണമെങ്കില്‍ ആകാശത്തോ ബഹിരാകാശത്തോ കട തുറക്കേണ്ടി വരുമെന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ സഖാവിന്റെ വിലാപം ഇന്നാട്ടിലെ സകലമാന മദ്യപന്മാരുടെയും ഹൃദയഗതമാണെന്ന കാര്യത്തില്‍ അല്‍പംപോലും മായം ചേര്‍ന്നിട്ടില്ല. ആദ്യം ബാറുകള്‍ കുറേയെണ്ണംപോയി, പിന്നെ മദ്യക്കടകള്‍ പൂട്ടിപ്പോയി, ഇപ്പോള്‍ ദേശീയ പാതയില്‍ നിന്നും സംസ്ഥാനപാതകളില്‍ നിന്നും മദ്യക്കടകള്‍ കെട്ടുകെട്ടുകയാണ്. സുപ്രീം കോടതി പറഞ്ഞപ്രകാരം അതൊക്കെ മാറ്റി വല്ലയിടത്തും ബോര്‍ഡും വച്ച് തുടങ്ങാമെന്നു വച്ചാല്‍, ജനം സമ്മതിക്കുന്നുമില്ല. സമരമാണുപോലും സമരം!
മദ്യപന്മാരും ഈ രാജ്യത്തെ പൗരന്മാരല്ലേ, അവര്‍ക്കും ഇവിടെ ജീവിക്കണ്ടേയെന്നു ചോദിച്ചാല്‍, അതിന് ആര്‍ക്കും ഉത്തരമില്ല. മദ്യം കുടിക്കുകയെന്നത് നമ്മുടെ പൗരാവകാശത്തില്‍പ്പെടുന്നതല്ലേയെന്നു ചോദിച്ചു സുപ്രീം കോടതിയില്‍ പോയിട്ടും രക്ഷയില്ല; മദ്യപാനം മൗലികാവകാശമല്ല എന്നാണ് കോടതി പറയുന്നത്. ഈ പോക്കുപോയാല്‍ ഇന്നാട്ടിലെ മാന്യന്മാരും സമാധാനപ്രിയന്മാരും ശുദ്ധന്മാരുമായ മദ്യപരുടെ വംശം തന്നെ കുറ്റിയറ്റു പോകും. പിന്നെ ലക്ഷണമൊത്ത ഒരു മദ്യപനെ കാണണമെങ്കില്‍ വല്ല മ്യൂസിയത്തിലും പോകേണ്ടി വരും. ഇത്യാദി കാര്യങ്ങള്‍ പരിഗണിച്ചാണ് സഖാവ് കാനം രാജേന്ദ്രന്‍ ഇനി മദ്യക്കച്ചവടം നടത്തണമെങ്കില്‍ ആകാശത്ത് കട തുറക്കേണ്ടി വരുമെന്ന് ആത്മഗതം ചെയ്തത്.
അദ്ദേഹത്തിന്റെ വാക്കുകളുടെ വ്യംഗ്യാര്‍ഥം ഒന്നാലോചിച്ചാല്‍ അതിഭയങ്കരമാണ്. മറ്റേതോ സന്ദര്‍ഭത്തില്‍ കവി പാടിയതുപോലെ ‘അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനര്‍; അവരുടെ ദുഃഖങ്ങള്‍ ആരറിവൂ…’ എന്നോ മറ്റോ ആണത്. ഈ കവിതയിലെ താല്‍പര്യം ഇതാണ് : മദ്യപന്മാര്‍ക്കുവേണ്ടി വാദിക്കാന്‍ ഈ രാജ്യത്ത് ഒരാളുമില്ല. മദ്യപന്മാരുടെ ഈ ആന്തരിക ദുഃഖമാണ് കാനത്തിന്റെ വാക്കുകളിലൂടെ കവിഞ്ഞൊഴുകി പുറത്തു വന്നത്. അത്യന്താധുനിക സാഹിത്യഭാഷയില്‍ പറഞ്ഞാല്‍, ‘സിരകളെ ത്രസിപ്പിക്കുന്ന മദ്യം മദ്യപന്മാരുടെ അന്തരാളത്തിലുണ്ടാക്കുന്ന ആത്മസംഘര്‍ഷം നുരഞ്ഞുപതഞ്ഞ് ഈ അണ്ഡകടാഹം മുഴുവന്‍ വ്യാപിച്ചാല്‍ സൂര്യനു താഴെയുള്ള ഈ പ്രപഞ്ചം മുഴുവന്‍ ആ പ്രളയാഗ്നിയില്‍ വെന്തുരുകും…’ എന്നൊക്കെപ്പറയാം. ഏതായാലും മദ്യപന്മാരുടെ രക്ഷയ്ക്ക് കാനം രാജേന്ദ്രന്‍ എന്ന സഖാവെങ്കിലും ഉണ്ടായി എന്നത് നമ്മെ തുലോം രോമാഞ്ചകഞ്ചുകമണിയിക്കേണ്ടതാണ്.
പൊലിസും മദ്യവും
മദ്യഷാപ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പൊലിസിന്റെ സഹായം കൊടുക്കണമെന്ന് ഡിജിപി സാര്‍ ഉത്തരവിട്ടിരിക്കുന്നു എന്ന അത്യന്തം സന്തോഷകരമായ വാര്‍ത്ത വായിച്ചു. അല്ലെങ്കില്‍തന്നെ മദ്യവും പൊലിസും തമ്മില്‍ പണ്ടേ സുഹൃദ്ബന്ധങ്ങളുള്ളതാണ്. വാറ്റുച്ചാരായം, വ്യാജച്ചാരായം, ചാരായവേട്ട, വാഷ് നശിപ്പിക്കല്‍ തുടങ്ങിയ കമാന്‍ഡോ ഓപ്പറേഷനുകള്‍ക്ക് പണ്ടുകാലം മുതലേ പേരുകേട്ടവരാണ് കേരളത്തിലെ പൊലിസുകാര്‍. പൊലിസിലെ ചില മിടുക്കന്മാര്‍ വ്യാജചാരായം പിടിക്കുകയും പൊലിസ് സ്റ്റേഷനില്‍ കൊണ്ടുവന്ന ചാരായ കന്നാസുകളില്‍ പലതും പലപ്പോഴും കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് പഴമക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മദ്യലോബി, മദ്യമാഫിയ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ പല മഹാവ്യക്തിത്വങ്ങളും പൊലിസിലെ ചില മിടുമിടുക്കന്മാരും തമ്മിലുള്ള ചങ്ങാത്തങ്ങളെപ്പറ്റിയും നാട്ടുകാര്‍ പലപ്പോഴും വായിച്ചറിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാണ് മദ്യഷാപ്പുകള്‍ ജനവാസകേന്ദ്രങ്ങളില്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ എതിര്‍പ്പുമായി വരുന്നവരെ കൈകാര്യം ചെയ്യാന്‍ ഡിജിപി അദ്ദേഹം തന്റെ പടയെ നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് ജനം ജാഗ്രതൈ! സമരത്തിനിറങ്ങുമ്പോള്‍ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞിട്ട് ഇറങ്ങിയാല്‍ മതി.
ചില സൈന്താദ്ധിക പ്രശ്‌നങ്ങള്‍
കള്ള്, വീഞ്ഞ്, ബീയര്‍ എന്നിവ മദ്യമാണോയെന്ന സംശയം നമ്മുടെ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനു കലശലായിട്ട് ഉണ്ടെന്ന് കടലാസുകളില്‍ വായിച്ചു. എക്‌സൈസ് നിയമത്തില്‍ വളരെ വ്യക്തമായി പറയുന്നതനുസരിച്ചു ഇവയൊക്കെ മദ്യമാണ്; അതുകൊണ്ട് കാര്യമില്ല. നിയമം ഇരുമ്പുലയ്ക്കയല്ലാത്തിടത്തോളം കാലം അതില്‍ മാറ്റം വരാം. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നമ്മുടെ ബഹുമാനപ്പെട്ട ബിവറേജസ് കോര്‍പറേഷന്‍ എംഡിയും സാറന്മാരും ചേര്‍ന്ന് അപേക്ഷ കൊടുത്തത്. മദ്യത്തിന്റെ നിര്‍വചനത്തില്‍ വ്യക്തത വേണമെന്നും കള്ളും വീഞ്ഞും ബീയറും മദ്യമല്ലല്ലോയെന്നുമായിരുന്നു സാറന്മാരുടെ സംശയം. സംശയം ആര്‍ക്കും വരാവുന്ന അസുഖമാണ്. അതുകൊണ്ട് ഇവരെ കുറ്റം പറഞ്ഞുകൂടാ.
പക്ഷേ, ഇവരുടെ അപേക്ഷയില്‍ ഒരു എടാകൂടമുണ്ടെന്ന് അല്‍പം സാമാന്യബുദ്ധിയുള്ള മറ്റേതോ സാറന്മാര്‍ ചൂണ്ടിക്കാട്ടി. മേപ്പടി സാധനങ്ങള്‍ മദ്യമല്ലെങ്കില്‍, അതൊക്കെ എവിടെയും വില്‍ക്കാം. നാട്ടിലെങ്ങും പാട്ടായി എന്നു പറയുന്നതുപോലെ നാട്ടിലൊക്കെ തട്ടുകടകളില്‍ വില്‍ക്കാം. കള്ളുഷാപ്പുകള്‍ക്ക് പിന്നെ ലൈസന്‍സ് വേണ്ട. ലോട്ടറിക്കച്ചവടം പോലെ കൊച്ചുകൊച്ചു കുപ്പികളിലാക്കി വഴികളിലും വീടുകളിലും കൊണ്ടു നടന്നു വില്‍ക്കാം. ഇത്ര സുന്ദരസുമോഹനമായ സാധ്യതകളാണ് മുന്നില്‍ തെളിയുന്നത്. എങ്കിലും ബിവറേജസ് കോര്‍പറേഷനിലെ സമര്‍ഥന്മാരായ സാറന്മാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത അപേക്ഷ രായ്ക്കു രാമാനം തിരിച്ചു വാങ്ങി വിഴുങ്ങി. നമ്മള്‍ പാവം ജനം ഇവരുടെ ബുദ്ധി വൈഭവംകണ്ട് അന്തം വിടുകയും ചെയ്തു! ഇവരെയാണല്ലോ ഭഗവാനേ, നമ്മുടെ നികുതിപ്പണം കൊടുത്ത് തീറ്റിപ്പോറ്റുന്നത്!
മോദിയും മന്‍മോഹനും
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കുളിക്കുന്നത് കോട്ട് ഇട്ടാണെന്ന് നമ്മുടെ പ്രധാനമന്ത്രിജി നരേന്ദ്ര മോദി പറഞ്ഞപ്പോഴാണ് നമ്മളറിയുന്നത്. കുളിമുറിയില്‍ കോട്ടിട്ട് കുളിക്കുന്ന വിദ്യ ഡോക്ടര്‍ സാബിനേ അറിയൂ എന്നായിരുന്നു മോദിജി ലോക്‌സഭയില്‍ പറഞ്ഞത്. ആ പുതിയ അറിവിന്റെ അര്‍ഥതലങ്ങള്‍ ആലോചിച്ചാല്‍ വീണ്ടും നമുക്ക് രോമാഞ്ചമണിയേണ്ടി വരും. മറ്റുള്ളവരുടെ എന്തെല്ലാം കാര്യങ്ങളിലാണ് മോദിജിയുടെ ശ്രദ്ധ! കള്ളപ്പണം, കള്ളവോട്ട്, തീവ്രവാദം, പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം, നോട്ട് റദ്ദാക്കലിനുശേഷം പത്തു നൂറ്റിയിരുപതുപേര്‍ മരിച്ചത് – ഇങ്ങനെ പൊള്ളുന്ന നൂറുനൂറുകാര്യങ്ങള്‍ കിടക്കുമ്പോഴാണ് മുന്‍പ്രധാനമന്ത്രിയുടെ കുളിയെങ്ങനെയെന്നുപോലും തിരയാന്‍ മോദിജി നേരം കണ്ടത്.
പണ്ട് മഹാനായ അശോക ചക്രവര്‍ത്തിയും മറ്റും ജനങ്ങളുടെ ദുരിതങ്ങള്‍ നേരിട്ടു കാണാന്‍ വേഷം മാറി ഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിക്കാറുണ്ടെന്ന് ഇന്ത്യാ ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. ആ പോക്കില്‍ അവര്‍ എല്ലാം കാണും. തിരിച്ചുവന്ന് ദര്‍ബാര്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതാണ് രീതി. അന്യം നിന്നുപോയ ആ രാജധര്‍മത്തിന്റെ അവശിഷ്ടമാണ് നമ്മുടെ ആരാധ്യനായ മോദിജി. അദ്ദേഹം നമ്മുടെ കയ്യിലുള്ള പണമൊക്കെ ഒറ്റയടിക്ക് പിടിച്ചുവാങ്ങിയതെന്തിനാണെന്നാണ് നാം കരുതിയത്? അതൊക്കെ കള്ളപ്പണമായിരുന്നു. നമ്മെയും നമ്മുടെ രാജ്യത്തെയും രക്ഷിക്കാന്‍ വേണ്ടി ചെയ്ത ആ കാര്യംപോലും നാം ശരിക്ക് മനസ്സിലാക്കിയില്ല.
എങ്കിലും മോദിജി പറഞ്ഞതിനു നമ്മുടെ യുവതാരം രാഹുല്‍ പറഞ്ഞ മറുപടി അല്‍പ്പം കടന്ന കയ്യായിപ്പോയി. ചുരുങ്ങിയത് മോദിജിയുടെ പ്രായവും നരച്ചമുടിയും താടിയും കണക്കിലെടുക്കണ്ടേ? ജാതകം വായിക്കാനും ഗൂഗിളില്‍ തിരയാനും മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാനുമാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയമാണെന്നും യുവതാരം പറഞ്ഞുകളഞ്ഞു. മോദിജിയുടെ നോട്ട് റദ്ദാക്കലിനെ ചരിത്രപരമായ വിഡ്ഢിത്തം എന്ന് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍സിങ്ങ് വിമര്‍ശിച്ചതാണ് മോദിജിയെ പ്രകോപിപ്പിച്ചത്. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് സര്‍വത്ര അഴിമതി മഴപോലെ പെയ്യുകയായിരുന്നെന്നും പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഇതൊന്നും അറിഞ്ഞില്ലെന്നുമാണ് ഭാവനാസമ്പന്നനായ മോദിജി ‘കോട്ടിട്ട് കുളി’ പ്രയോഗത്തിലൂടെ സൂചിപ്പിച്ചത്. അല്ലെങ്കില്‍ തന്നെ കോട്ട് അദ്ദേഹത്തിന് ഒരു ബലഹീനതയാണെന്ന് നമുക്കറിയാം. 15 ലക്ഷത്തിന്റെ കോട്ടിട്ട് അദ്ദേഹം ടിവിയിലൊക്കെ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നത് മാലോകരൊക്കെ ഒരിക്കല്‍ കണ്ടതാണ്. നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിച്ച നമ്മുടെ റോക്കറ്റ് പോലെയല്ലേ അന്ന് ഇന്ത്യയുടെ പ്രൗഢിയും പത്രാസും വാനംമുട്ടേ കുതിച്ചുയര്‍ന്നത്!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>