കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയം നവതിയുടെ പ്രഭാതത്തിലേക്ക്

By on February 25, 2017
P5 Paithrkam copy

കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയം നവതിയുടെ പ്രഭാതത്തിലേക്ക്

ആത്മീയതയുടെ വര്‍ഷങ്ങള്‍

ഒരു നാടിന്റെ ആത്മീയവും വിദ്യാഭ്യാസപരവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് ഹരിശ്രീകുറിച്ചു 1928ലാണ് കടുപ്പശ്ശേരി തിരുഹൃദയ ഇടവകയുടെ ഉദയം. സുദീര്‍ഘമായ ഒരു യാത്ര തൊണ്ണൂറുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് അടുത്ത വര്‍ഷം. നിശബ്ദമായ, അതേസമയം ഫലസമൃദ്ധമായ അക്കാലത്തിന്റെ ഓര്‍മകളുമായി ഇവിടത്തെ ഇടവക സമൂഹം നവതിയുടെ ധന്യതയിലേക്ക് നടന്നടുക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലാണ് കടുപ്പശ്ശേരിയിലെ കൊച്ചു ക്രൈസ്തവ സമൂഹം ദൈവാലയ നിര്‍മാണത്തെപ്പറ്റി ആലോചന ആരംഭിക്കുന്നത്. ‘കടുപ്പശ്ശേരി റോമന്‍ കത്തോലിക്കാ ക്രിസ്തീയ സമാജം’ രൂപീകരിച്ചുകൊണ്ടായിരുന്നു അതിന്റെ തുടക്കം – 1922ല്‍. ദൈവാലയം നിര്‍മിക്കാനായി 1924ല്‍ സ്ഥലം വാങ്ങിച്ചത് വലിയൊരു ചുവടുവയ്പായിരുന്നു.
വെളയനാട് ഇടവകയുടെ പരിധിയിലായിരുന്നു അന്ന് കടുപ്പശ്ശേരി. സമിതിയുടെയും അന്നത്തെ വികാരി തേക്കാനത്ത് കാരാത്ര ഔസേപ്പച്ചന്റെയും നിസ്വാര്‍ഥസേവനത്തിനു പിന്നില്‍ ഇടവക സമൂഹവും ഒറ്റക്കെട്ടായി അണിനിരന്നു. അവരുടെ പ്രാര്‍ഥനകള്‍ക്കും ഉദാരമായ പങ്കുവയ്പിനും മധുരമായ ഫലം കാണുകയായിരുന്നു 1928ല്‍. നാടിന്റെ അവിരാമമായ പ്രാര്‍ഥനാസുകൃതംപോലെ തിരുഹൃദയ ദൈവാലയം ഉയര്‍ന്നു നിന്നു. തൊട്ടടുത്ത വര്‍ഷം, 1929 ഏപ്രില്‍ നാലിന് മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി ദൈവാലയത്തെ ഇടവകയായി ഉയര്‍ത്തുകയും ചെയ്തു. അവിട്ടത്തൂര്‍ പള്ളിയിലെ വികാരിമാരും തുമ്പൂര്‍ മഠം കപ്ലോന്മാരുമായിരുന്നു തിരുക്കര്‍മങ്ങള്‍ക്കായി ഇവിടെ എത്തിക്കൊണ്ടിരുന്നത്.
പള്ളിയോടു ചേര്‍ന്ന് പള്ളിക്കൂടം എന്ന ആശയഗതി കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നാന്ദികുറിച്ച കാലഘട്ടത്തിലാണ് കടുപ്പശ്ശേരി ദൈവാലയം ആ ഗ്രാമഹൃദയത്തിലേക്ക് ചുവടുവച്ചു കടന്നുവന്നത്. അതിനാല്‍ തന്നെ വികസനത്തിന്റെ ആദ്യ കിരണങ്ങള്‍ കടുപ്പശ്ശേരിയില്‍ വിരിയിച്ചുകൊണ്ട് ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. അങ്ങനെ 1949ല്‍ പള്ളിയുടെ മാനേജ്‌മെന്റില്‍ സേക്രഡ് ഹാര്‍ട്ട് പ്രൈമറി വിദ്യാലയത്തിന് ദീപം തെളിഞ്ഞു. അതോടൊപ്പം വൈദിക മന്ദിരവും രൂപം കൊണ്ടു. ഇടവകാംഗങ്ങളായ ചിലര്‍ ചിട്ടി നടത്തി സ്വരൂപിച്ച തുകയായിരുന്നു സ്‌കൂളിനും വൈദിക മന്ദിരത്തിനും പിന്‍ബലമായത്.
ഇടവകയ്ക്ക് 1953ല്‍ സ്ഥിരം വികാരിയെ ലഭിച്ചത് ക്രൈസ്തവസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം വര്‍ധിപ്പിച്ചു. ആധ്യാത്മിക നവോന്മേഷം അവരുടെ ജീവിതങ്ങളില്‍ കൂട്ടായ്മയുടെയും പ്രത്യാശയുടെയും പ്രകാശം കൂടുതല്‍ ദീപ്തമാക്കി. പിന്നീടുള്ള വര്‍ഷങ്ങളില്‍ കത്തോലിക്കാ കുടുംബങ്ങള്‍ വര്‍ധിച്ചു. ഇടവകയുടെ ആരംഭത്തില്‍ 94 കുടുംബങ്ങളുണ്ടായിരുന്നത് 2016 പിന്നിട്ടപ്പോള്‍ 480 ആയി. ഇടവകയിലെ വിവിധ ഭാഗങ്ങളില്‍ സജീവ വിശ്വാസസാക്ഷ്യത്തിന്റെ നിത്യസ്മാരകങ്ങളായി വിവിധ കപ്പേളകള്‍ ഉയര്‍ന്നു വന്നു. പള്ളിയങ്കണത്തിലെ കൊച്ചു വിദ്യാലയത്തില്‍ നിന്ന് ആയിരങ്ങള്‍ അക്ഷരവെളിച്ചം നുകര്‍ന്ന് ജീവിതത്തിന്റെ വിശാലവീഥികളിലേക്ക് നടന്നു കയറി.
ഇടവകയുടെ ക്രമാനുഗതമായ വളര്‍ച്ച കൂടുതല്‍ വിസ്തൃതമായ ദൈവാലയം എന്ന സ്വപ്‌നത്തിന്റെ തുടക്കമായിരുന്നു. ഫാ. ജേക്കബ് പുലിക്കോട്ടിലിന്റെ നേതൃത്വത്തില്‍ ആദ്യം സെമിത്തേരി പുതുക്കിപ്പണിതു; പിന്നീട് പള്ളിയും. 1965 ഓഗസ്റ്റ് 15ന് മാര്‍ ജോര്‍ജ് ആലപ്പാട്ട് ദൈവാലയം വെഞ്ചരിച്ചു. മൂന്നര ദശകങ്ങള്‍ക്കുശേഷം 2003ല്‍ ഫാ. ജോളി വടക്കന്റെ നേതൃത്വത്തില്‍ ദൈവാലയം നവീകരിച്ചു. ഭവനരഹിതരായ മൂന്നു കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കി ആ ആഹ്ലാദമുഹൂര്‍ത്തത്തെ ഇടവകാംഗങ്ങള്‍ അവിസ്മരണീയമാക്കി. ഫാ. ഡേവീസ് കൂട്ടാലയുടെ നേതൃത്വത്തില്‍ 2005ലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പിന്നീട് പാരിഷ്ഹാളും യാഥാര്‍ഥ്യമായി.
ഇടവകയില്‍ ക്രിസ്തുദാസി സന്യാസിനീ സമൂഹം പ്രവര്‍ത്തനം ആരംഭിച്ചത് 2000-ാമാണ്ടിലാണ്. ഇടവക സമൂഹത്തിന്റെ ആത്മീയവളര്‍ച്ചയില്‍ അക്കാലം മുതല്‍ അവര്‍ നിര്‍ണായക സാന്നിധ്യമായി.
സജീവമായ വിശ്വാസജീവിതത്തിന്റെ കാഴ്ചകളാണ് ഇന്ന് കടുപ്പശ്ശേരി തിരുഹൃദയ ഇടവക നല്‍കുന്നത്. മതബോധന രംഗത്തും വിവിധ സംഘടനകളുടെ പ്രവര്‍ത്തനമേഖലകളിലും ആത്മീയതയുടെയും ഭൗതിക വളര്‍ച്ചയുടെയും പാദമുദ്രകള്‍ പതിഞ്ഞ വഴിത്താരകളേറെ. കുടുംബയൂണിറ്റുകള്‍ ഇടവകജീവിതത്തിന്റെ ഫലസമൃദ്ധമായ നഴ്‌സറികളായി നിലകൊള്ളുന്നു. കുട്ടികളും യുവതീയുവാക്കളും അമ്മമാരും പുരുഷന്മാരും സദാ സ്പന്ദിക്കുന്ന ക്രൈസ്തവ ചൈതന്യത്തിന്റെ പ്രതീകങ്ങളായി കടുപ്പശ്ശേരി തിരുഹൃദയ ഇടവകയെ സമ്പന്നമാക്കി മുന്നേറുന്നു.
ഇരിങ്ങാലക്കുടയില്‍ നിന്ന് ചാലക്കുടിക്കുള്ള പ്രധാന പാതയില്‍ തൊമ്മാനയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞുപോയാല്‍ കടുപ്പശ്ശേരിയിലെത്താം. നവതി നിറവിലേക്ക് നടന്നുനീങ്ങിക്കൊണ്ടിരിക്കുന്ന ഈ ക്രൈസ്തവ സമൂഹത്തിന് തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങളുടെ പൂര്‍വികര്‍ കൈമാറിത്തന്ന പ്രൗഢമായ ഒരു പൈതൃകമാണ് കാണാന്‍ കഴിയുക. നാടും ഗ്രാമവും സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ ഏറെ മുന്നേറിയിരിക്കുന്നു. എങ്കിലും മുന്‍ തലമുറ കൊളുത്തിവച്ച വിശ്വാസദീപത്തിന്റെ പ്രകാശം മങ്ങിയിട്ടില്ല. ഇനിയും അത് വരും തലമുറകളിലേക്ക് കൈമാറണം. നവതിയുടെ കാഹളമുയരുമ്പോള്‍ ഭാവിയുടെ വെല്ലുവിളികളും പ്രതീക്ഷകളും കടുപ്പശ്ശേരിയിലെ ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>