കഥ : ‘നടീ അപഹരണം’; കഥാന്ത്യം സ്‌ക്രീനില്‍

By on February 25, 2017

കഥ : ‘നടീ അപഹരണം’; കഥാന്ത്യം സ്‌ക്രീനില്‍
കള്ളന്‍ കപ്പലില്‍ തന്നെ?
സിനിമാരംഗത്തെ ചേരിപ്പോരും കുടിപ്പകയും മാഫിയ പ്രവര്‍ത്തനങ്ങളും അധോലോകവും മദ്യവും ലഹരിയും ഇരുണ്ട ഒരു ലോകത്തിന്റെ ചിത്രമാണ് നല്‍കുന്നത്. പലരുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും നടിയെ ആക്രമിച്ച സംഭവത്തിലെ യഥാര്‍ഥ കഥാപാത്രങ്ങള്‍ ആരൊക്കെയെന്ന് ഇനിയുള്ള ദിവസങ്ങളിലേ വ്യക്തമാവൂ.

തമിഴ് നാട്ടിലെ രാഷ്ട്രീയ ജെല്ലിക്കട്ട് ആസ്വദിച്ചുകൊണ്ടിരുന്ന വായനക്കാര്‍ക്ക് അവിടത്തെ കാര്യങ്ങള്‍ ഒന്നടങ്ങിയപ്പോള്‍ ഇനിയെന്ത് വായിക്കാന്‍ കൊടുക്കും എന്ന് ചിന്തിച്ചിരുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വീണു കിട്ടിയ ചൂടുള്ള വാര്‍ത്തയായിരുന്നു അങ്കമാലിക്കടുത്ത് ഒരു സിനിമാനടിയെ ചിലര്‍ കാറില്‍ പിന്തുടര്‍ന്ന് ആക്രമിച്ചുവെന്ന സംഭവം. കാറില്‍ പിന്തുടരുക, കാര്‍ തടഞ്ഞ് കാറില്‍ അതിക്രമിച്ചു കയറുക, അപമര്യാദയായി പെരുമാറുക, ലഹരി മരുന്ന് കുത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഒടുവില്‍ വഴിയില്‍ ഉപേക്ഷിച്ച് കളയുക, നടി ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുക, അയാള്‍ രക്ഷകനായി പൊലിസിനെ വിളിച്ചു വരുത്തുക, രണ്ടുനാള്‍ കഴിഞ്ഞ് അക്രമിസംഘത്തിലെ മൂന്നുപേരെ പിടികൂടുക, മറ്റുള്ളവര്‍ക്കായി വല വിരിക്കുക, ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഇവര്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുണ്ടെന്ന് സംശയം ഉണരുക തുടങ്ങി ഒരു ശരാശരി മലയാള സിനിമയ്ക്കു വേണ്ട ചേരുവകളൊക്കെയുള്ള സംഭവമാണ് ഫെബ്രുവരി 19 മുതലുള്ള ഏതാനും ദിവസങ്ങളില്‍ പത്രമാധ്യമങ്ങള്‍ ആഘോഷിച്ചത്.
ഇതേ സമയം കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ ‘കുടുംബം’ നടത്തിയ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ ഒട്ടു മിക്ക നടന്മാരും സംവിധായകരും നിര്‍മാതാക്കളും സാങ്കേതിക വിദ്ഗ്ധരുമൊക്കെ അണിനിരക്കുകയും വികാരാധീനരായി പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവരുടെ വികാര പ്രകടനങ്ങളും വാക്കുകളും ഓരോ പത്രവും തങ്ങള്‍ക്ക് വേണ്ടപ്പെട്ട താരങ്ങളോടുള്ള കൂറും പ്രതിപത്തിയും അനുസരിച്ച് പൊലിപ്പിച്ചു ചെയ്തു. കൂട്ടായ്മയില്‍ പങ്കെടുത്ത പ്രധാനികള്‍ ആലോചനാനിമഗ്നരായിരിക്കുന്നത്, വിഷണ്ണരായിരിക്കുന്നത്, ദുഃഖാകുലരായിരിക്കുന്നത്, തന്റെ ഊഴം വരുമ്പോള്‍ എന്തു പറയണം എന്ന് ചിന്താധീനരായിരിക്കുന്നത് എന്നിവയൊക്കെ ചിത്രങ്ങളായി ഒന്നാം പേജിലും ഉള്‍പേജിലും കൊടുത്തു. ഇതിനൊക്കെപ്പുറമേയാണ് രാഷ്ട്രീയക്കാര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്ത്രീ വിമോചനക്കാര്‍, പെണ്ണെഴുത്തുകാര്‍ തുടങ്ങിയവരുടെ പ്രതികരണങ്ങള്‍.
സംഭവത്തില്‍ ഏഴു പ്രതികളുണ്ടെങ്കിലും ആദ്യ ദിവസങ്ങളില്‍ ചിലരെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് സിനിമാരംഗത്തെ ചിലര്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെന്നും നടിയോടുള്ള വൈരാഗ്യം മൂലമാണ് അതിനവര്‍ തുനിഞ്ഞതെന്നുമാണ്. ഇതു പുറത്തു വന്നതോടെ, കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നായി ടിവി ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താപ്രളയം.
ഏതായാലും മാധ്യമങ്ങളുടെ പിന്‍ബലത്തോടെ സിനിമാലോകം ഊതി വളര്‍ത്തിയ അയഥാര്‍ഥ ലോകത്തിന്റെ കുമിള പൊട്ടിത്തകരുന്ന തലത്തിലേക്കാണ് നടിക്കെതിരെ നടന്ന ആക്രമണം സിനിമാക്കഥപോലെ ഉദ്വോഗഭരിതമായി മുന്നേറുന്നത്. ശേഷം സ്‌ക്രീനില്‍ എന്നേ ഇപ്പോള്‍ പറയാനാവൂ.
രാഷ്ട്രീയക്കാരുടെ ഭാഷ
മന്ത്രി ജി. സുധാകരന്‍ സിപിഎമ്മിന്റെ നേതാവാണ്. വെട്ടിത്തുറന്നു പറയുകയെന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അതില്‍ അദ്ദേഹം സ്വന്തം സ്ഥാനമോ നിലയോ ഭാഷയോ നോക്കാറില്ല. എം.എല്‍.എ ആയിരുന്നപ്പോഴും അച്യുതാനന്ദന്റെ മന്ത്രി സഭയില്‍ മന്ത്രിയായിരുന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.
ഫെബ്രുവരി മൂന്നാമത്തെ ആഴ്ചയില്‍ അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ പറഞ്ഞത് ജി. സുധാകരന്‍ എന്ന മന്ത്രിയുടെ നിലവാരം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു: ‘ഉത്തരവാദിത്വമില്ലാതെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പല്ല് അടിച്ചു കൊഴിക്കും’ ഈ ഒരൊറ്റ വാചകംകൊണ്ട് സുധാകരന്‍ മന്ത്രിയെ ജനത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞു. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കുമോയെന്ന് ചോദിക്കുന്നവരുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരില്‍ മാന്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും ഭാഷയില്‍ സംസാരിക്കാനും ഇടപെടാനും കഴിവുള്ള എത്ര പേരുണ്ടെന്ന് ഒരു സര്‍വേ നടത്തുന്നത് നന്നായിരിക്കും.
ഉത്തരം മുട്ടുമ്പോള്‍ നിലവാരമില്ലാത്ത വാക്കുകള്‍കൊണ്ട് എതിരാളികളെ നേരിടുന്ന ഉന്നത നേതാക്കള്‍ കേരളത്തിലെ പല പാര്‍ട്ടികളിലുമുണ്ട്. അവരില്‍ പലരും മുന്‍മന്ത്രിമാരും ഇപ്പോള്‍ ഭരിക്കുന്ന മന്ത്രിമാരുമൊക്കെയാണ്. നിയമസഭയിലെ ഈ വിഭാഗത്തില്‍പ്പെടുന്ന നേതാക്കളുടെ പെരുമാറ്റവും അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളും വാക്കേറ്റങ്ങളും ജനം നേരിട്ടു കണ്ടിട്ടുമുണ്ട്. സ്പീക്കറുടെ വേദിയില്‍ കയറി ശിവതാണ്ഡവമാടുന്നവരെയും കോടതികളെ ആക്ഷേപിക്കുന്നവരെയും ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നവരെയും നാട്ടുകാര്‍ മറന്നിട്ടില്ല. പ്രായവും ഉത്തരവാദിത്വവും കൂടുമ്പോള്‍ പക്വത വര്‍ധിക്കുന്നതിനു പകരം വാക്കിലും പെരുമാറ്റത്തിലും കൂടുതല്‍ തരം താഴുന്ന ഈ പ്രവണതയെ പ്രബുദ്ധരായ കേരളീയര്‍ ആദരിക്കില്ല.
മന്ത്രി ജി. സുധാകരന്‍ സ്വാശ്രയ കോളജുകള്‍ മുഴുവന്‍ പൂട്ടിക്കളയണം എന്ന് ആവശ്യപ്പെട്ടത് മറ്റൊരു യോഗത്തിലാണ്. അത് അദ്ദേഹത്തിന്റെ അഭിപ്രായമാകാം. പക്ഷേ അതിന് അദ്ദേഹം പറഞ്ഞ ന്യായം ബാലിശമായിപ്പോയി. സ്വാശ്രയ കോളജില്‍ നിന്നു പുറത്തു വരുന്ന എന്‍ജിനീയര്‍മാര്‍ നിര്‍മിക്കുന്ന റോഡുകള്‍ പെട്ടെന്ന് തകരുന്നു; സ്വാശ്രയ കോളജുകളില്‍ പഠിച്ച ഡോക്ടര്‍മാര്‍ അഴിമതിക്കാരാവുന്നു തുടങ്ങിയ വാദങ്ങളാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ പൂട്ടണമെന്ന ആവശ്യത്തിന് അടിസ്ഥാനമായി സുധാകരന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും അഴിമതി തൊടാത്തവരാണെന്നു പറഞ്ഞാല്‍, നാട്ടുകാര്‍ചിരിക്കും; അത്രയേയുള്ളൂ.
സത്യമേവ ജയതേ
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ച 2016 ഡിസംബര്‍ അഞ്ചു മുതല്‍ രണ്ടുമാസത്തിലേറെ സംസ്ഥാന രാഷ്ട്രീയത്തിലും അവരുടെ പാര്‍ട്ടിയിലും അണ്ണാഡിഎംകെയിലുമുണ്ടായ അനിശ്ചിതാവസ്ഥയും പൊട്ടിത്തെറികളും ഇക്കഴിഞ്ഞ ഫെബ്രുവരി 14നു സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് ശശികല സെന്‍ട്രല്‍ ജയിലിലായതോടെയാണ് സമാപിച്ചത്. പുതിയ ജനറല്‍ സെക്രട്ടറിയായി ശശികല അവരോധിക്കപ്പെട്ടതും അവര്‍ പുതിയ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയതും മുന്‍മുഖ്യമന്ത്രി വിമത ശബ്ദമുയര്‍ത്തിയതും ശശികല തന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടി എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചതുമെല്ലാം മാധ്യമങ്ങള്‍ പരമാവധി ആഘോഷിച്ചു. ഒടുവില്‍ ശശികലയുടെ വിശ്വസ്തന്‍ എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ തമിഴ്‌നാട് രാഷ്ട്രീയം തല്‍ക്കാലം ശാന്തമായിരിക്കുകയാണ്.
ഈ സംഭവങ്ങളുടെ രാഷ്ട്രീയ മാനങ്ങളേക്കാള്‍ അത് ചൂണ്ടിക്കാട്ടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെയും നീതിന്യായ പീഠത്തിന്റെയും വിജയത്തിലേക്കാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാക്കന്മാരെന്നും നീതിബോധമുള്ള കോടതികള്‍ ഉള്ളകാലത്തോളം ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായിരുന്നു സുപ്രീം കോടതി ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷ്, അമിതാവ് റോയ് എന്നിവരുടെ സുപ്രധാന വിധി. സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവും അഴിമതിക്കേസില്‍ ഇതുപോലെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ശശികലയ്ക്കും മറ്റു രണ്ടു കൂട്ടാളികള്‍ക്കും നാല് വര്‍ഷം വീതം തടവും 10 കോടി വീതം പിഴയുമാണ് ശിക്ഷ. ശശികലയ്ക്ക് 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല.അവരുടെ ആറു കമ്പനികള്‍ കണ്ടുകെട്ടും. ജയലളിത ജീവിച്ചിരുന്നെങ്കില്‍ അവര്‍ക്കും കിട്ടുമായിരുന്നു തടവും പിഴയും.
ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിനാണ് 21 വര്‍ഷത്തിനുശേഷം അന്ത്യമാകുന്നത്. അവരെ കൂടാതെ തോഴി ശശികല, ശശികലയുടെ സഹോദര ഭാര്യ ഇളവരശി, ദത്തുപുത്രന്‍ സുധാകരന്‍ എന്നിവരായിരുന്നു കൂട്ടുപ്രതികള്‍. 2014 സെപ്റ്റംബറില്‍ ബംഗളൂരു വിചാരണ കോടതി ഇവര്‍ നാലുപേര്‍ക്കും 4 വര്‍ഷം വീതം തടവും ജയലളിതയ്ക്ക് 100 കോടിയും മറ്റു മൂന്നുപേര്‍ക്ക് 10 കോടിവീതവും പിഴ വിധിച്ചു. എന്നാല്‍ 2015 മേയില്‍ കര്‍ണാടക ഹൈക്കോടതി എല്ലാവരേയും വിട്ടയച്ചു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരും ഡി.എം.കെ നേതാവ് കെ. അന്‍പഴകനും നല്‍കിയ അപ്പീലുകളിലാണ് വിചാരണക്കോടതിയുടെ വിധി പൂര്‍ണമായി ശരിവച്ചു സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജയലളിത 27 രൂപയാണ് പ്രതിമാസം ശമ്പളം വാങ്ങിയിരുന്നത്. ഭരണത്തില്‍ അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ സ്വത്ത് ഇങ്ങനെയായിരുന്നു : ആകെ സ്വത്തിന്റെ മൂല്യം 117.13 കോടി. നിരവധി വീടുകള്‍, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ 9, ഏക്കര്‍ കണക്കിന് ഭൂമി, 21.28 കിലോഗ്രാം സ്വര്‍ണം, 1250 കിലോഗ്രാം വെള്ളി, 10,500 സാരി, 750 ജോഡി ചെരിപ്പ്, 91 ആഡംബര വാച്ചുകള്‍… 27 രൂപ ശമ്പളം വാങ്ങുന്ന ഒരു വ്യക്തിക്ക് അഞ്ചു വര്‍ഷംകൊണ്ട് ഇത്രയേറെ സ്വന്തമാക്കാനാവുമോയെന്നതായിരുന്നു ചോദ്യവും അന്വേഷണവും.
രാഷ്ട്രീയത്തെ അധികാര പ്രമത്തതയ്ക്കും അതുവഴി അഴിമതിക്കും വേണ്ടി ദുരുപയോഗിക്കുന്നവര്‍ക്കൊക്കെ മുന്നറിയിപ്പാണ് തമിഴ്‌നാടിന്റെ അനുഭവം. ‘സത്യമേവ ജയതേ’ എന്ന ഇന്ത്യയുടെ പ്രാര്‍ത്ഥന അതാണ്; ആത്യന്തികമായി സത്യം തന്നെ വിജയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>