ഡൈനോ അച്ചന്‍ തിരക്കിലാണ്

By on February 25, 2017
Daino

ഡൈനോ അച്ചന്‍ തിരക്കിലാണ്

കരുത്തിയച്ചന്‍

കാസയേന്തുന്ന കരങ്ങള്‍ക്ക് മൃഗപരിപാലനവും കൃഷിയും സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. സാധിക്കും. മുരിയാട് സിഎസ്ടി ആശ്രമാംഗമായ ഫാ. ഡൈനോ തന്റെ ജീവിതപാഠങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവച്ചു. മാനസിക കുറവുകളും വൈകല്യങ്ങളുമുള്ള ആളുകളെ സംരക്ഷിക്കുന്ന പെനുവേല്‍ ആശ്രമത്തില്‍ അന്തേവാസികളായി അറുപത്തഞ്ചോളം പേരുണ്ട്. അവരുടെ ശുശ്രൂഷ, താമസം, ഭക്ഷണം എന്നിവയ്ക്ക് വേണ്ട സാമ്പത്തിക ഭാരം എങ്ങനെ കണ്ടെത്തണമെന്ന ചിന്തയാണ് ഡൈനോ അച്ചനെ പ്രകൃതിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ആശ്രമത്തിന്റെ സ്ഥലത്ത് കൃഷിതുടങ്ങണം. കൃഷിക്ക് വളം വേണം, വെള്ളം വേണം. പല സ്ഥലങ്ങളിലും പലയിടങ്ങളിലും അന്വേഷണത്തിന്റെ മനസ്സുമായി കയറിയിറങ്ങി… അങ്ങനെയാണ് പശു ഫാം തുടങ്ങാനുള്ള പദ്ധതിക്ക് രൂപം കൊടുത്തത്. പശുവിന്റെ പാലും പറമ്പിലെ കൃഷിയും എല്ലാം ഈ നിരാലംബര്‍ക്ക് തുണയാകുമെന്ന കണക്കുകൂട്ടലില്‍ അള്‍ത്താരയില്‍ നിന്ന് ഇറങ്ങി പറമ്പിലേയ്ക്ക്. 2011 മുതല്‍ ആശ്രമത്തിലെ അംഗമായ ഡൈനോ അച്ചന്‍ പെനുവേല്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്ക് കളിക്കൂട്ടുകാരനും സ്‌നേഹിതനും ഗുരുവുമാണ്.
പശു ഫാമിന്റെ പ്രായോഗികത മനസ്സിലാക്കാന്‍ കൃഷിയെ സ്‌നേഹിക്കുന്ന പല സുമനസ്സുകളുടെയും ഉപദേശങ്ങളും പ്രായോഗിക പാഠങ്ങളും ഡൈനോ അച്ചന് തുണയായി.
ബാംഗളൂരില്‍ നിന്നും കൃഷ്ണ ഗിരിയില്‍ നിന്നുമായി അമ്പതോളം പശുക്കള്‍ ഫാമില്‍ എത്തി. എച്ച്.എഫ് ഇനത്തില്‍പെട്ട പശുക്കളെ പിന്നീട് പൊള്ളാച്ചിയില്‍ നിന്നു എത്തിച്ചു. പൂഞ്ഞാര്‍ സ്വദേശി റോയി, കട്ടപ്പനയില്‍ നിന്നുള്ള മനോജ് എന്നീ രണ്ട് ചെറുപ്പക്കാരാണ് ഫാമിലെ ജോലിക്കാര്‍. അത്യാവശ്യങ്ങളില്‍ ഹിന്ദിക്കാരുടെ സഹായം തേടും. കടുത്ത വേനലായതിനാല്‍ പശുവിന്റെ എണ്ണം കുറച്ചു. ഇപ്പോള്‍ 32 പശുക്കള്‍ ഫാമില്‍ ഉണ്ട്. ഏകദേശം 270 ലിറ്റര്‍ പാല്‍ ദിവസം രണ്ട് നേരമായി പലയിടങ്ങളില്‍ നല്‍കുന്നുണ്ട്. പുലര്‍ച്ചെ മൂന്നര മുതല്‍ 5 വരെ രാവിലത്തെ കറവ തീരും. പശു പാല്‍ ചുരത്തിയാല്‍ 10 മിനിറ്റിനകം അത് കറന്നെടുക്കുന്നതാണ് ഏറ്റവും നല്ലത്. അതിനാല്‍ കറവ യന്ത്രത്തിന്റെ സഹായവും എടുക്കുന്നുണ്ട്. ഉച്ചക്ക് പന്ത്രണ്ടര മുതല്‍ രണ്ടുമണി വരെയാണ് കറവ സമയം. ദിവസവും 180 ലിറ്ററിനടുത്ത് പാല്‍ കൊടകര സഹൃദയ കോളജിലേക്കാണ് നല്‍കുന്നത്. 50 ലിറ്ററോളം അടുത്തുള്ള വീടുകളില്‍ നല്‍കും. പിന്നെയുള്ളത് ആനന്ദപുരത്തുള്ള മില്‍മസെന്ററില്‍ നല്‍കുകയാണ് പതിവ്. രാവിലെ ഏഴരമണിയോടെ എല്ലാ പശുക്കളേയും കുളിപ്പിക്കും. രാവിലെ വൈക്കോലും ഉച്ചതിരിഞ്ഞ് അടുത്തുള്ള തരിശായിക്കിടക്കുന്ന പാടങ്ങളില്‍ നിന്നു ശേഖരിക്കുന്ന പച്ചപുല്ലുമാണ് നല്‍കുക. ദിവസവും രണ്ട് നേരം വീതം രണ്ട് കിലോ ചോളപ്പൊടിയും രണ്ടര കിലോ കെ.എസ് സുപ്രീമും അമ്പത് ഗ്രാം കാത്സ്യപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം നല്‍കും.
ഫാമിനകത്ത് പശുക്കള്‍ക്ക് മുഴുവന്‍ സമയവും ഫാന്‍ ക്രമീകരിച്ചിട്ടുണ്ട്. ചൂട് നിയന്ത്രിക്കുന്നതിനും ഒപ്പം പശുക്കളെ ഉപദ്രവിക്കുന്ന ഈച്ച, കൊതുക് മുതലായ ജീവികളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനും ഇതുകൊണ്ട് കഴിയുന്നുണ്ട്. ഫാമിന്റെ മേല്‍ക്കൂര മുഴുവന്‍ എട്ടുകാലി വല നിറയാന്‍ അനുവദിച്ചിരിക്കുകയാണ്. ഉയര്‍ന്ന് പറക്കുന്ന കീടങ്ങള്‍ മുഴുവന്‍ അതില്‍ കുരുങ്ങാന്‍ ഇടയാകുന്നു എന്നതിനാലാണ് ഇത്.ചാണകം തൊഴുത്തില്‍ നിന്നു നീക്കിയാണ് സൂക്ഷിക്കുന്നത്. പശുവിന്‍ മൂത്രവും തൊഴുത്ത് കഴുകുന്ന വെള്ളവും ശേഖരിക്കാനുള്ള സംവിധാനവും തൊഴുത്തില്‍ നിന്നു വളരെ നീക്കി ക്രമീകരിച്ചിരിക്കുന്നതിനാല്‍ തൊഴുത്ത് വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്നു.
പശുക്കള്‍ക്ക് വരുന്ന രോഗങ്ങള്‍ക്കുള്ള അത്യാവശ്യം മരുന്നുകളും ഇപ്പോള്‍ അനുഭവത്തിന്റെ പിന്‍ബലത്തോടെ ഡൈനോ അച്ചന്‍ തന്നെയാണ് ചെയ്യുന്നത്. പശുക്കളെ എപ്പോഴും നിരീക്ഷിക്കുന്നതിനാല്‍ അവ പ്രതികരണത്തിലെ പ്രത്യേകതകള്‍ മനസിലാക്കി രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വേണ്ടത് ചെയ്യാന്‍ അച്ചന് കഴിയുന്നുണ്ട്.
ചാണകം പ്രധാനമായും ഉണക്കി വില്‍ക്കുകയാണ് പതിവ്. രണ്ട് ബയോഗ്യാസ് പ്ലാന്റുകള്‍ ഉണ്ട്. സ്ഥാപനത്തിലേക്ക് ആവശ്യമായ പാചകവാതകം മുഴുവന്‍ ഇതില്‍ നിന്നാണ് ലഭിക്കുന്നത്. വേനല്‍ കാലത്ത് ചാണകം പറമ്പിലിട്ട് ഉണക്കി സൂക്ഷിക്കും. പുറത്ത് ചാക്കിന് 225 രൂപ ചാണകത്തിന് വിലയുണ്ട്. 180 രൂപ നിരക്കിലാണ് ഫാമില്‍ നിന്നു ചാണകം വില്‍ക്കുന്നത്. വര്‍ഷകാലത്ത് ചാണകം ആശ്രമത്തിലെ 12 ഏക്കര്‍ വരുന്ന കൃഷി ഇടങ്ങളില്‍ ഉപയോഗിക്കും ജോലിക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും കൂടാതെ രോഗികളുടെ സംരക്ഷണത്തിന് ആവശ്യമായ തുകയും ഫാമില്‍ നിന്ന് കിട്ടുന്നുണ്ടെന്നാണ് ഡൈനോ അച്ചന്‍ പറയുന്നത്. സി എസ് ടി സഭയുടെ ആലുവ പ്രോവിന്‍സിന്റെ കീഴിലുള്ള പെനുവേല്‍ ആശ്രമത്തില്‍ ഫാ.ജോസ് മുപ്പറ്റയില്‍ ആണ് സുപ്പീരിയര്‍. ഫാ. ഡൈനോയോടൊപ്പം ഫാ. ജോസഫ് മുണ്ടുപറമ്പിലും ബ്രദര്‍ സിജോ കറുമുട്ടത്തുമാണ് മറ്റു അംഗങ്ങള്‍. രോഗികളെ കുളിപ്പിക്കുന്നതും അവര്‍ക്കുള്ള മരുന്നും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതും അവരെ പരിചരിക്കുന്നതും വൈദികരുടെ നേതൃത്വത്തിലാണ്. കൃഷിയിലൂടെയും ഫാമിലൂടെയും കിട്ടുന്ന വരുമാനം കൊണ്ട് മനസിന്റെ താളം തെറ്റിയവര്‍ക്ക് അഭയം ഒരുക്കുമ്പോള്‍ നന്ദിയോടെ ഓര്‍ക്കേണ്ട അനേകരെ കുറിച്ച് വൈദികര്‍ക്ക് പറയാനുണ്ട്. ചുറ്റുപാടുമുള്ള ഇടവകകളിലെ വൈദികര്‍, സമര്‍പ്പിതര്‍ വീട്ടിലെ വിശേഷങ്ങളില്‍ ഒരു പങ്ക് രോഗികള്‍ക്ക് എത്തിക്കുന്ന നാനാജാതി മതസ്ഥരായ ആളുകള്‍. മുരിയാട് പഞ്ചായത്ത് അധികാരികള്‍, മൃഗാശുപത്രിയിലെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് മെമ്പര്‍ ജിജോ, പിന്നെ നല്ല മനസ്സോടെ ഇവര്‍ക്കൊപ്പം ചേരുന്ന അനേകം വ്യക്തികള്‍.
പ്രാര്‍ഥനകള്‍ക്കൊപ്പം അധ്വാനത്തിന്റെയും അര്‍പ്പണത്തിന്റെയും കവചം തീര്‍ത്ത് ഈ വൈദികര്‍ കാവല്‍ നില്‍ക്കുന്ന കാരുണ്യത്തിന്റെ പെനുവേല്‍ ഭവനത്തിന് നറുംപാലിന്റെ വിശുദ്ധിയും നൈര്‍മല്യവും പരിമളവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>