മണ്ണറിയാം… മണ്ണിനെ അറിയാം…

By on February 25, 2017
hand_holding_plant

മണ്ണറിയാം… മണ്ണിനെ അറിയാം…

വില്‍സനച്ചന്‍

‘മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍ കിണ്ണം നിറയെ ചോറുണ്ണാം’ എന്ന പഴമൊഴി പഴങ്കഥയായി മാറിയ ഒരു ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ‘മണ്ണ്’ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമായിത്തുടങ്ങി. അതുകൊണ്ടുതന്നെ പലരും കൃഷിയില്‍ നിന്ന് പിന്‍മാറുന്നു… ഈ പിന്‍മാറ്റം മനുഷ്യജീവന്റെ ആവാസവ്യവസ്ഥയെ തന്നെ ബാധിച്ചുതുടങ്ങിയിരിക്കുന്നു.
മണ്ണ് ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ്. കൃഷിയുടെ അടിസ്ഥാനഘടകവും സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസ കേന്ദ്രവുമാണ് മണ്ണ്. കോടാനുകോടി ചരാചരങ്ങള്‍ക്കും സൃഷ്ടജീവികള്‍ക്കും അഭയകേന്ദ്രമാണ് മണ്ണ്.
കൂടാതെ ജീവന്റെ പുതപ്പാണ് മേല്‍മണ്ണ്. ആഹാരം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എല്ലാം തന്നെ മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ മനുഷ്യന്റെ അത്യാഗ്രഹം കൃഷിയുടെ അമിതചൂഷണത്തിലേക്കും കച്ചവട മനഃസ്ഥിതിയിലേക്കും കൊണ്ടെത്തിയിരിക്കുന്നു. മണ്ണിന്റെ ജീവനെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അമിതമായ കീടനാശിനിപ്രയോഗം, രാസവള ഉപയോഗം, പെരുകിവരുന്ന ഖരമാലിന്യങ്ങള്‍, വനനശീകരണം, അശാസ്ത്രീയമായ കൃഷിരീതികള്‍, അനിയന്ത്രിതമായ യന്ത്രവല്‍ക്കരണം, നഗരവല്‍ക്കരണം, മണ്ണെടുക്കല്‍, നീര്‍ത്തടങ്ങള്‍ നികത്തല്‍ തുടങ്ങിയവ മണ്ണിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യന്റെ വിവേചനമില്ലാത്ത ഈ പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ ഭൂരിഭാഗവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലുകള്‍ കൊണ്ട് നഷ്ടമാകുന്നു. ഭൂമിയുടെ ഫലഭൂയിഷ്ഠതയും മണ്ണിന്റെ ഘടനയും മാറി, ജലദൗര്‍ലഭ്യവും ആവാസവ്യവസ്ഥയുടെ മാറ്റങ്ങളും എല്ലാം ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ പ്രകൃതിചൂഷണം അവസാനിപ്പിക്കേണ്ടതിന്റെയും മണ്ണിന്റെ സമൃദ്ധി തിരിച്ചുപിടിക്കേണ്ടതിന്റെയും സമയം അതിക്രമിച്ചു കഴിഞ്ഞു. മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താന്‍ വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ച് പോകേണ്ടതുണ്ട്. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍, വരള്‍ച്ച ഒഴിവാക്കാന്‍, പ്രളയം തടയാന്‍, കാലാവസ്ഥാമാറ്റം ചെറുക്കാന്‍, വെള്ളം സംരക്ഷിച്ചു നിര്‍ത്താന്‍, വിളകള്‍ വളര്‍ത്താന്‍ നമുക്ക് മണ്ണിനെ സംരക്ഷിക്കാം.
ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ വെറും മണിക്കൂറുകള്‍ കൊണ്ടാണ് നമ്മള്‍ നശിപ്പിച്ചു കളയുന്നത്. ഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകുന്നതിന് ആയിരം വര്‍ഷത്തോളം വേണ്ടിവരുമത്രേ. നൂറ്റാണ്ടുകളിലൂടെ കാറ്റും മഴയും മഞ്ഞും വെയിലും ഏറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളില്‍ ജൈവാംശങ്ങളും ചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. ഈ പ്രകൃതിയെ ‘പെഡോജെനസീസ്’ എന്നാണ് വിളിക്കുന്നത്.
പ്രകൃതിയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. പാളികളായാണ് മേല്‍മണ്ണ് രൂപപ്പെടുന്നത്. ഇപ്രകാരം രൂപപ്പെടുന്ന മണ്ണാണ് മണ്ണൊലിപ്പ് കാരണം നഷ്ടപ്പെടുന്നത്. ജീവമണ്ഡലത്തിന്റെ അടിസ്ഥാനമായി ഈ മണ്ണിന്റെ പാളിയാണ് ഏറ്റവും ഫലഭൂയിഷ്ഠമായ ഭാഗം. വനനശീകരണം, മണ്ണെടുക്കല്‍, നഗരവല്‍ക്കരണം തുടങ്ങിയവയെല്ലാം മണ്ണൊലിപ്പ് ത്വരിതഗതിയിലാക്കുന്നു. ഏകദേശം 600 കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. വനസംരക്ഷണവും മരം വച്ചുപ്പിടിപ്പിക്കലും ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. 2015 നെ ഐക്യരാഷ്ട്രസഭ മണ്ണുവര്‍ഷമായി പ്രഖ്യാപിക്കാന്‍ ഒരു പ്രധാനപ്പെട്ട കാരണം മണ്ണിനെക്കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തുവാന്‍ വേണ്ടിയായിരുന്നു. ‘മണ്ണ് കുടുംബകൃഷിയുടെ അടിത്തറ’ എന്നായിരുന്നു മണ്ണ് വര്‍ഷത്തിന്റെ മുഖ്യപ്രമേയം. കൂടാതെ 2002 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 5 ‘മണ്ണുദിന’മായി ആചരിച്ചുവരുന്നുണ്ട്.
മണ്ണിനെ സംരക്ഷിക്കാന്‍, മണ്ണിന്റെ ജൈവ വൈവിധ്യം നിലനിര്‍ത്താന്‍, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍, മനുഷ്യവാസം സുഗമമാക്കാന്‍ നമ്മളൊത്തൊരുമിച്ച് നീങ്ങേണ്ടിയിരിക്കുന്നു. ഏതാനും പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ :
1. മരങ്ങള്‍ വച്ചുപിടിപ്പിക്കുക
2. വയലുകളും, തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടയുക.
3. മണ്ണെടുക്കല്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക.
4. വീട്ടുപറമ്പുകളിലും പരിസരങ്ങളിലും എല്ലാം ജലസംരക്ഷണ മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുക.
5. പരമ്പരാഗത കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുക
6. കിണറുകളും കുളങ്ങളും മാലിന്യമുക്തമാക്കുക
7. മാലിന്യസംസ്‌കരണത്തിന് സംവിധാനമുണ്ടാക്കുക.
8. പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം കുറക്കുക; വേണ്ടെന്ന് വയ്ക്കുക.
9. ജൈവവളത്തിന് പ്രാധാന്യം നല്‍കുക.
10. അമിതമായ രാസവള പ്രയോഗങ്ങളും കീടനാശിനികളും നിയന്ത്രിക്കുക.
11. ‘മഴക്കാല’ത്തിനുവേണ്ടി ഒരുങ്ങുക. പറമ്പില്‍ ജലസംഭരണികളും മഴക്കുഴികളും ജലനീര്‍ത്തടങ്ങളും ഉണ്ടാക്കുക, പുതയിടുക.
12. കോണ്‍ക്രീറ്റ് മുറ്റങ്ങളും മറ്റും പ്രോത്സാഹിപ്പിക്കാതിരിക്കുക.
കൃഷിയോഗ്യമായ മണ്ണിന്റെ വിസ്തൃതി കുറയുന്നതോടൊപ്പം തന്നെ മണ്ണ് മലിനീകരിക്കപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. കൂടാതെ ഇത് മനുഷ്യന്റെ ആരോഗ്യത്തിനു തന്നെ ഭീഷണിയായി നിലകൊള്ളുന്നു എന്നതും മറക്കരുത്.
മണ്ണിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളിലാണ് മാറ്റം വരേണ്ടത്. കോണ്‍ക്രീറ്റ് സൗധങ്ങള്‍ താങ്ങിനിര്‍ത്താനുള്ള വെറുമൊരു പ്രതലമല്ല മണ്ണ്. മറിച്ച് അനേകം കോടി സസ്യജന്തുജാലങ്ങളുടെ ജീവന്റെ തുടിപ്പിനെ നിലനിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ് മണ്ണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>