ജീവിതം, നിരന്തരം അനുരഞ്ജനം

By on February 25, 2017
Fr Prospar

62 വര്‍ഷത്തെ വൈദിക ജീവിതത്തിലേറെയും കുമ്പസാരക്കൂട്ടില്‍
അനുരഞ്ജന ശുശ്രൂഷയ്ക്കായി ചെലവഴിച്ച ശ്രേഷ്ഠ പുരോഹിതനാണ്
എണ്‍പത്തെട്ടു കഴിഞ്ഞ സിഎംഐ സഭാംഗം ഫാ. പ്രോസ്പര്‍

ജീവിതം, നിരന്തരം അനുരഞ്ജനം

ജോസ് തളിയത്ത്

ഇന്ന് വിശ്വാസി സമൂഹങ്ങള്‍ വൈദികരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നതെന്താണ്? എന്തു സേവനമാണ് ഇന്നത്തെ കാലത്ത് അവര്‍ക്ക് ഏറ്റവും ആവശ്യം?
ഒരു നിമിഷം പോലും ആലോചിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം : ആത്മീയ നേതൃത്വം. വൈദികരും സന്യസ്തരും ഇക്കാലത്ത് കൂടുതല്‍ ധ്യാനാത്മക ജീവിതത്തിനുടമകളാവണം (ഇീിലോുഹമശേ്‌ല)െ. ഇന്ന് പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ സമയം ചെലവിടേണ്ടി വരുന്നത്…
എണ്‍പത്തെട്ട് വര്‍ഷത്തെ ജീവിതത്തില്‍ നിന്ന് കടഞ്ഞെടുത്ത് കൈക്കുമ്പിളില്‍ എടുത്തു കാട്ടുന്ന ഈ ജീവിതദര്‍ശനം പങ്കുവയ്ക്കുന്നത് സിഎംഐ സഭയിലെ ഫാ. പ്രോസ്പര്‍ എന്ന ശ്രേഷ്ഠവൈദികനാണ്. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ സാഗര്‍ ഭവനില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തെ തൃശൂരിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തേണ്ട. വ്യാകുലമാതാവിന്‍ ബസിലിക്ക, തിരുഹൃദയ ലത്തീന്‍ പള്ളി, ജറുസലേം ധ്യാനകേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ ചിരപരിചിതനായ ‘കുമ്പസാര ഗുരു’വാണദ്ദേഹം. എത്രയോ ആയിരങ്ങള്‍ക്ക് അനുരഞ്ജന കൂദാശയിലൂടെ ഇക്കാലമത്രയും അദ്ദേഹം ആത്മീയസാന്ത്വനവും പ്രത്യാശയും പകര്‍ന്നു നല്‍കി! പൗരോഹിത്യ ജീവിതത്തെ സുകൃതപൂരിതമാക്കുന്ന അനുരഞ്ജന ശുശ്രൂഷയ്ക്കുവേണ്ടി ജീവിതം മുഴുവന്‍ മാറ്റിവച്ചിരിക്കുകയാണ് ഇന്നും അദ്ദേഹം.
കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ നീണ്ടുവളര്‍ന്ന വെളുത്ത താടിയും ഒതുക്കമില്ലാത്ത വെള്ളിക്കമ്പികള്‍ പോലുള്ള മുടിയുമായി തൃശൂരിന്റെ തിരക്കു കുറഞ്ഞ വഴിയോരങ്ങളിലൂടെ നടന്നു പോകുന്ന അദ്ദേഹം പതിവ് കാഴ്ചയായിരുന്നു. ഇപ്പോള്‍ ആ പതിവിനു ഇടവേളകളുണ്ടാവുന്നു. പ്രായത്തിന്റെ വിലക്കുകളും കൂടുതല്‍ സ്ഥലങ്ങളില്‍ കുമ്പസാരിപ്പിക്കാന്‍ പോകേണ്ടതിന്റെ തിരക്കുകളും പതിവുനടത്തത്തിനു വ്യവസ്ഥകള്‍ വച്ചിരിക്കുന്നു.
അറുപതുകളില്‍ സിഎംഐ സന്യാസസമൂഹത്തിന്റെ അമ്പഴക്കാട് ആശ്രമത്തിലും പരിസരങ്ങളിലും ഇരുണ്ടുതവിട്ടുനിറത്തിലുള്ള പഴയരീതിയിലുള്ള ളോഹയും തുകല്‍ബെല്‍റ്റും ധരിച്ചു നടന്നുനീങ്ങുന്ന മധ്യവയസ്‌ക്കനായ പ്രോസ്പറച്ചന്റെ ഓര്‍മ ഇന്നും എന്റെ മനസ്സിലുണ്ട്. നവസന്യാസിമാരുടെ ‘ഗുരു’വായ അദ്ദേഹം കര്‍ശനമായ ചിട്ടകളുടെ പേടിപ്പെടുത്തുന്ന സാന്നിധ്യമായിരുന്നു കുട്ടികളായ ഞങ്ങള്‍ക്ക്. വേദോപദേശ വിദ്യാര്‍ഥികളായ ഞങ്ങള്‍ കുര്‍ബാന മധ്യെ കളിക്കുകയും ചിരിക്കുകയും ചെയ്യുകയെന്നത് കുര്‍ബാനയുടെ ഭാഗം തന്നെയെന്നു കരുതിയിരുന്ന അക്കാലത്ത് ‘പ്രോസ്പറച്ചന്‍’ എന്നു കേട്ടാല്‍ എലിക്കുഞ്ഞുങ്ങളായി മാറിയിരുന്നു…
പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും സന്യാസതീക്ഷ്ണതയുടെ കാര്‍ക്കശ്യവും നിയമങ്ങളോടുള്ള ആദരവും ആത്മീയതയുടെ പരിവേഷവും ഇന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നാം തൊട്ടറിയുന്നു.
നവസന്യാസിമാരുടെ ഗുരുവായും അവരുടെ ലത്തീന്‍ ഭാഷ അധ്യാപകനായും പത്തുവര്‍ഷത്തോളം ആത്മീയതയുടെ കേദാരഭൂമിയായ അമ്പഴക്കാട് ആശ്രമത്തിലാണ് അദ്ദേഹം ചെലവഴിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട, വരന്തരപ്പിള്ളി ആശ്രമങ്ങളില്‍ ഓരോ വര്‍ഷം. 1969ല്‍ മധ്യപ്രദേശിലെ സാഗര്‍ രൂപതയിലേക്ക് മിഷനറിയായി പോയ അദ്ദേഹം പിന്നീടുള്ള സുദീര്‍ഘകാലം അവിടത്തെ വിവിധ പ്രവര്‍ത്തന രംഗങ്ങളിലായിരുന്നു. ഇടക്കാലത്ത് ഗാന്ധിജിയുടെ വാര്‍ധയിലും കുറച്ചുകാലം. പ്രായം പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ 10 വര്‍ഷത്തിലേറെയായി സാഗര്‍ ഭവനിലെ അംഗം. തൃശൂര്‍ നഗരത്തിലും പരിസരങ്ങളിലുമുള്ള ദൈവാലയങ്ങളിലും സന്യാസഭവനങ്ങളിലും കോണ്‍വെന്റുകളിലും അനുരഞ്ജന കൂദാശയുടെ പരികര്‍മി.
സിഎംഐ സഭയില്‍ പ്രോവിന്‍സുകള്‍ രൂപീകൃതമാകുന്നതിനു മുമ്പുള്ള പതിറ്റാണ്ടുകളിലാണ് ഫാ. പ്രോസ്പര്‍ സെമിനാരി ജീവിതത്തിലേക്കും ക്രമേണ വൈദിക ശുശ്രൂഷയിലേക്കും കടന്നുവന്നത്. 1928 ജൂണ്‍ 21നാണ് ജനനം. കണ്ടശ്ശാംകടവ് ഇടവകയിലെ കൊമ്പന്‍ ദേവസിക്കുട്ടിയുടെയും ത്രേസ്യയുടെയും എട്ടുമക്കളില്‍ ഏറ്റവും മൂത്തവന്‍. നാലു സഹോദരിമാരില്‍ രണ്ടു പേര്‍ ഇന്നില്ല – ഫാത്തിമ സിസ്റ്റേഴ്‌സ് സഭാംഗമായിരുന്ന സിസ്റ്റര്‍ ജസ്റ്റീനയും പഴുവില്‍ തോട്ട്യാന്‍ കുടുംബാംഗമായിരുന്ന കൊച്ചുമറിയവും.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായാണ് 1942ല്‍ പൊറിഞ്ചുവെന്ന, ഔസേപ്പെന്ന പ്രോസ്പറച്ചന്‍ സിഎംഐ സഭയിലേക്ക് കാലെടുത്തു വച്ചത്. പാവറട്ടിയിലായിരുന്നു ‘ആസ്പിരന്‍സ് ഹൗസ്’. 1947ല്‍ നവസന്യാസജീവിതത്തിന് സമാപ്തി. പിന്നീട് ചെത്തിപ്പുഴയില്‍ വൈദികപഠനം. ദൈവദാസന്‍ കനീസിയൂസച്ചനായിരുന്നു ദൈവശാസ്ത്ര – തത്വശാസ്ത്രപഠനകാലത്തെ ഗുരു. സഭാസ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷിച്ചവേളയില്‍ 1955 ഡിസംബര്‍ ആറിന് പൗരോഹിത്യസ്വീകരണം. മറ്റു മൂന്നു പേര്‍കൂടി അന്നു തിരുപ്പട്ടം സ്വീകരിച്ചു : ബേസില്‍, സക്കറിയ, ജോസഫ് എന്ന വൈദിക സതീര്‍ഥ്യര്‍. അവര്‍ മൂവരും അനശ്വരതയിലേക്ക് ചേക്കേറിയപ്പോഴും ഫാ. പ്രോസ്പര്‍ കൂടുതല്‍ ശുശ്രൂഷകള്‍ക്കായി കര്‍മവീഥിയില്‍ തുടരുകയായിരുന്നു.
ആറു പതിറ്റാണ്ടു പിന്നിടുന്ന വൈദികജീവിതത്തിന്റെ ഏറിയപങ്കും കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ച പ്രോസ്പറച്ചനെത്തേടി അടുത്തുനിന്നും അകലെനിന്നും വിശ്വാസികളെത്തുന്നു. അവരില്‍ വൈദികരും സന്യസ്തരും സാധാരണക്കാരുമുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായ ദിവസങ്ങളില്‍ അദ്ദേഹം കുമ്പസാരിപ്പിക്കുന്ന ദൈവാലയങ്ങളിലും നീണ്ട ക്യൂവുണ്ടാകും. അനുരഞ്ജനപീഠത്തെ അനുതപിക്കുന്നവരെ ജീവിതനവീകരണത്തിലേക്ക് കൈപിടിച്ചു നടത്താനുമുള്ള വിശുദ്ധ വേദിയാക്കുകയാണ് തന്റെ ദൗത്യമെന്ന് ശിശുസഹജമായ ലാളിത്യത്തോടെ അദ്ദേഹം പറയുന്നു.
എത്രനേരവും ഇടവേളയില്ലാതെ അദ്ദേഹം കുമ്പസാരിപ്പിക്കും. ക്ഷീണമറിയാറില്ല. എങ്കിലും ഓരോ മണിക്കൂര്‍ കഴിയുമ്പോഴും അല്‍പനേരം എഴുന്നേറ്റ് നില്‍ക്കും; ചിലപ്പോള്‍ രണ്ടു ചുവട് വയ്ക്കും. കുമ്പസാരക്കൂട്ടില്‍ തന്നിലൂടെ പ്രവര്‍ത്തിക്കുന്ന ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ സാന്ത്വനം ചെറുവാക്കുകളിലൂടെ, ലളിതമായ ഉപദേശങ്ങളിലൂടെ തന്നെ കാതോര്‍ക്കുന്നവരിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ ഇതില്‍പരം ചാരിതാര്‍ഥ്യമെവിടെ?
ചെത്തിപ്പുഴയില്‍ വൈദികപഠനം തുടങ്ങിയകാലത്ത് പിടിപെട്ട രോഗം ആഴമേറിയ ആധ്യാത്മികതയുടെ പാതയിലേക്ക് നയിച്ചുവെന്ന് അദ്ദേഹം വിനീതനായി പറയുന്നു. പാര്‍ക്കിന്‍സണ്‍ രോഗത്തോടു സമാനമായ രോഗമായിരുന്നു അത്. ശിരസ്സ് ഉയര്‍ത്തി നിര്‍ത്താന്‍ പറ്റാത്ത വിറയലും ഭാരവും. പഠനം മുടങ്ങി. തന്റെ ദൈവവിളി അഗ്നി പരീക്ഷ നേരിട്ട നാളുകളായിരുന്നു അത്. ഒരു വര്‍ഷത്തോളം പ്രാര്‍ഥനയും ചികിത്സയുമായി കടന്നുപോയി. ഒടുവില്‍ തന്നെക്കൊണ്ട് ദൈവത്തിനു ആവശ്യമുണ്ടെന്നു തിരിച്ചറിഞ്ഞ നാളുകള്‍. രോഗം പൂര്‍ണമായി മാറി. വൈദികപട്ടം സ്വീകരിക്കുമ്പോള്‍, പ്രസിദ്ധ ധ്യാനഗുരുവായ ഫാ. ജെനേസിയൂസായിരുന്നു ധ്യാനഗുരു. അദ്ദേഹത്തിന്റെ ധ്യാനചിന്തകളും ആത്മീയ ചൈതന്യവും ഏറെ സ്വാധീനിച്ചു. പിന്നീടുള്ള ജീവിതയാത്രയില്‍ അദ്ദേഹത്തിന്റെ മാതൃക പച്ചകെടാതെ നിലകൊണ്ടു.
ആത്മീയ പാതയില്‍ ഇനിയുമുണ്ട് അദ്ദേഹത്തെ സ്വാധീനിച്ച വന്ദ്യഗുരുക്കന്മാര്‍. സഭാജനറലായിരുന്ന പുണ്യശ്ലോകനായ ഫാ. ജോണ്‍ ബര്‍ക്കുമാന്‍സ്, ആത്മീയ ശ്രേഷ്ഠരായിരുന്ന ഫാ. ബൊനവഞ്ചര്‍, ഫാ. വിന്‍സെന്റ് ആലപ്പാട്ട്, ഫാ. മാര്‍ട്ടിന്‍ തുടങ്ങിയവരൊക്കെ ഇന്നും ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു.
എണ്‍പത്തൊമ്പതിലേക്ക് മൂന്നു മാസത്തിന്റെ അകലം മാത്രമുള്ള പ്രോസ്പറച്ചന് ഇന്നും കാര്യമായ അസുഖങ്ങളില്ല. ചിട്ടയായ ജീവിതശൈലിയും സംഘര്‍ഷങ്ങളില്ലാത്ത മനസ്സുമാകാം ഇതിന്റെ രഹസ്യം. 75 വയസു പിന്നിട്ടതുമുതല്‍ വായിക്കാന്‍ കണ്ണട വേണ്ട. എന്നും രാവിലെ അഞ്ചിനു ഉണരും. ഒന്നര ലിറ്റര്‍ വെള്ളം കുടിക്കുന്നതോടെയാണ് ദിനചര്യകളുടെ തുടക്കം. ദിവ്യബലി, കുമ്പസാരിപ്പിക്കല്‍ അങ്ങനെ… ഇതിനിടയില്‍ എപ്പോഴെങ്കിലും സാഗര്‍ ഭവനിലെ പറമ്പിലും അദ്ദേഹത്തിന്റെ കണ്ണും കാതും കയ്യുമെത്തും. ടിവി കാണാറില്ല. കണ്ടുതുടങ്ങിയാല്‍ അതു ശീലമാകും. നമുക്ക് മറക്കാതിരിക്കാന്‍ കുസൃതി നിറഞ്ഞ ചിരിയോടെ ഒരു ജീവിതപാഠം. രാത്രി 10.30ന് ഉറക്കത്തിലേക്ക്.
ജ്വലിക്കുന്ന കെടാവിളക്കുപോലെ പ്രകാശം പരത്തുന്ന ഈ സാന്നിധ്യത്തിനു മുന്നില്‍ നിന്നു പടിയിറങ്ങുമ്പോള്‍, ഒരാത്മീയ പ്രഭാഷണം ശ്രവിച്ചതിന്റെ ശാന്തതയാണ് മനസില്‍ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>