അക്ഷരങ്ങളെ പ്രണയിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍

By on February 25, 2017
thomas

അക്ഷരങ്ങളെ പ്രണയിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍

ഫാ. ജോമി തോട്ട്യാന്‍

‘ദൈവസ്‌നേഹവും പരസ്‌നേഹവും സമഞ്ജസമായി സമ്മേളിക്കുന്ന വ്യക്തികളിലാണ് വിശുദ്ധിയുടെ പൊന്‍വെളിച്ചം ദൃശ്യമാകുന്നത്’. ‘സ്പിരിച്വല്‍ പെരസ്‌ട്രോയിക്കാ’ എന്ന പുസ്തകത്തില്‍ വിശുദ്ധ ജീവിതങ്ങളുടെ ലക്ഷണങ്ങളായി അവതരിപ്പിക്കുന്ന ഈ സ്‌നേഹപരത, ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഗ്രന്ഥകര്‍ത്താവായ ഡോ. ഇ. എം. തോമസ്. ധൈഷ്ണശാലിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍, കഴിവുറ്റ അധ്യാപകന്‍, വൈവിധ്യമുള്ള ഗ്രന്ഥകാരന്‍, സമകാലിക വിഷയങ്ങളെ അധികരിച്ച് മാധ്യമങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്ന ചിന്തകന്‍, അര്‍പ്പണ ബോധമുള്ള ഗവേഷകന്‍, തികഞ്ഞ വിശ്വാസി, സ്‌നേഹ നിധിയായ കുടംബനാഥന്‍ തുടങ്ങിയ ബഹുമുഖരംഗങ്ങളില്‍ ശ്രദ്ധേയനാണ് പ്രെഫ. ഇ. എം. തോമസ്.
കോട്ടയം ജില്ലയിലെ അയര്‍കുന്നത്ത് പൂവന്‍പുഴയ്ക്കല്‍ മാത്യു – മറിയം ദമ്പതികളുടെ മകനായി ജനിച്ച തോമസ് പഠനമേഖലയായി തിരഞ്ഞെടുത്തത് സാമ്പത്തിക ശാസ്ത്രമാണ്. പാലാ സെന്റ് തോമസ് കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് റാങ്കും ഗോള്‍ഡ് മെഡലും നേടിയാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അക്കാലത്ത് അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റി തലത്തില്‍ നടന്ന സ്റ്റഡി എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യുഗോസ്ലോവിയായിലെ ബെല്‍ഗ്രേഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത് യുവ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന തോമസിനെയായിരുന്നു. വികേന്ദ്രീകാസൂത്രണത്തെപ്പറ്റി ഉപരിഗവേഷണപഠനം നടത്തിയ ഇദ്ദേഹം നിരവധി ദേശീയ – അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ സാമ്പത്തിക ശാസ്ത്ര സംബന്ധമായ പലവിധ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നിയമനം ലഭിച്ചതു മുതല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ 32 വര്‍ഷങ്ങള്‍ വിദ്യാര്‍ഥികളുടെ കൗതുകങ്ങള്‍ക്ക് ഉത്തരമായി പുതു അറിവുകള്‍ പകര്‍ന്നു നല്‍കുന്ന ഈ അധ്യാപകന്റെ സേവനമുണ്ടായിരുന്നു. അക്കാലഘട്ടത്തിലാണ് കേരളത്തില്‍ ആദ്യമായി എന്‍എസ്എസ് സ്റ്റുഡന്റ് പൊലിസ് ഫോഴ്‌സ് കോളജ് തലത്തില്‍ ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചത്. ‘സ്‌കൂള്‍ തലത്തില്‍ മാത്രമുണ്ടായിരുന്ന എന്‍എസ്എസ് ശാഖകളെ കോളജ് തലത്തിലേക്ക് രൂപപ്പെടുത്തി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ ആദ്യമായി പദ്ധതി തയാറാക്കിയത് ഞാനാണ്. വ്യക്തമായ ദര്‍ശനങ്ങളോടെയായിരുന്നു പൊലിസ് വിഭാഗവും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്’ ചരിത്രത്തിലിടം നേടിയ എന്‍എസ്എസിന്റെ ശില്‍പിയും ആസൂത്രകനും പ്രെഫ. ഇ. എം. തോമസിന്റെ വാക്കുകള്‍. ക്രൈസ്റ്റ് കോളജിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് പ്രാവര്‍ത്തികമാക്കുന്നതിന് മുഖ്യധാരയില്‍ പ്രതിഫലേഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ ഗുരുഭൂതന്റെ തീക്ഷ്ണതയുണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, എംജി സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രഫ. ഇ.എം. തോമസ് സാമ്പത്തിക വിദ്യാഭ്യാസ രംഗത്തെ ഒരു തനതു വ്യക്തിത്വമാണ്.
‘അധ്യാപനരംഗത്തായിരിക്കുക വലിയൊരു സംതൃപ്തിയാണ്. ഒരുങ്ങി ക്ലാസുകളെടുത്തു കഴിയുമ്പോള്‍ കുട്ടികളുടെ മുഖത്തു നിറയുന്ന ഒരാശ്വാസം വലിയൊരു സന്തോഷമാണ്. ഗവേഷകരംഗത്ത് നേതൃത്വം നല്‍കുന്ന ഒരു ഗവേഷക വിദ്യാര്‍ഥിയെ സാധിക്കാവുന്ന വിധത്തിലൊക്കെ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഇതിനോടകം മൂന്നു പേര്‍ എന്റെ കീഴില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്’. റിട്ടയര്‍മെന്റിനു ശേഷം കാലികറ്റ് സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് ആന്റ് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഈ പ്രഫസറിന് അധ്യാപനം എന്നുമൊരു അനുഭവമാണ്; മറ്റൊരു തരത്തില്‍ ഒരു ലഹരിയും.
അധ്യാപനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണതയോടെ നിര്‍വഹിക്കുമ്പോഴും ഇദ്ദേഹം ശ്രദ്ധേയനാകുന്നത് വൈവിധ്യങ്ങളായ രചനകളുടെ വൈധഗ്ദ്യം കൊണ്ടാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഭൗതികമായ നേതൃത്വം വഹിച്ച ഡോ. പി.ജെ. തോമസിനെപ്പറ്റി വിശദമായി പഠിച്ചു തയാറാക്കിയ ‘ഡോ. പി.ജെ. തോമസ് കേരളത്തിന്റെ കെയ്ന്‍സ്’ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് ഇതിനോടകം രണ്ട് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
‘ഉലരലിൃേമഹശലെറ ജഹമിിശിഴ ശി ഗലൃമഹമ (കിറശമ) ഠവലീൃ്യ മിറ ജൃമരശേരല’, ‘കിറൗേെൃശമഹ ഏൃീൗവേ ഠവൃീൗഴവ ഇഹൗേെലൃ’, ‘അ ടീൗവേലൃി ഛറ്യലൈ്യ വേല ടൃേീ്യ ീള ടീൗവേ കിറശമി ആമിസ’, ‘ആര്‍ത്തിയും വായ്പയും ആഗോള പ്രതിസന്ധിയും’ എന്നിങ്ങനെ സാമ്പത്തിക മേഖലകളെ ബന്ധപ്പെടുത്തിയ ശ്രദ്ധേയമായ രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം നടത്തിയിട്ടുണ്ട്. ‘മുത്തച്ഛനെ വില്‍ക്കാനുണ്ട്, മൂളിപ്പാട്ടു പാടുന്ന മാലാഖാ, ഒരു തീവണ്ടി യാത്രക്കാരിയുടെ ആശങ്ക’ തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിച്ച ‘നവസുഭാഷിതങ്ങള്‍’, വിശ്വാസികളുടെ സന്ദേഹങ്ങള്‍ക്ക് സാക്ഷ്യത്തിന്റെ ഉത്തരമായി നിലകൊള്ളുന്ന ഉദാത്ത സൃഷ്ടിയായ ‘സ്പിരിച്വല്‍ പെരസ്‌ട്രോയിക്ക’, സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വിശ്വാസമൂല്യങ്ങള്‍ കാറ്റില്‍ പറത്തുന്നവര്‍ക്കിടയില്‍ മാംസളമായ ഒരു ഹൃദയം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ‘മാലാഖമാരുടെ അപ്പം ഭക്ഷിക്കുന്ന യാചകര്‍’, ‘നാഗമാണിക്യം വില്‍ക്കുന്നവരും വാങ്ങുന്നവരും’, ‘സുഭാഷിതാമൃതം’, ‘ഒരു മുത്തച്ഛനെ വില്‍ക്കാനുണ്ട്’ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ഇതിനോടകം ഡോ. ഇം.എം. തോമസിന്റെ തൂലികയില്‍ പിറന്നിട്ടുണ്ട്.
‘വ്യാഖ്യാനങ്ങളുടെ കലിഡോസ്‌കോപ്പിലൂടെ താന്‍ കണ്ടെടുക്കുന്ന മൂല്യങ്ങളെ അളവുമാത്രകളാക്കി ഗ്രന്ഥകാരന്‍ വര്‍ത്തമാനകാലസന്ധികളെ വിചാരണ ചെയ്യുന്നു. തന്റെ വിശ്വാസനിലപാടുകളില്‍ നിന്നുകൊണ്ട് വിവിധ ധാരകളിലെ സ്ഥിതങ്ങളെയും അവയിലെ സ്ഥായിയെയും ഭ്രംശങ്ങളെയും സമാന്തരമായും ചേര്‍ത്തുവച്ചും വിരുദ്ധമായും അനുപാതപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ അന്വേഷണം’. തോമസ് സാറിന്റെ രചനകളെക്കുറിച്ച് പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോള്‍ വ്യക്തമാക്കുന്നു.
പ്രമുഖ ദിനപത്രങ്ങളായ മാതൃഭൂമി, മലയാള മനോരമ, ദീപിക, മംഗളം, ഇന്ത്യന്‍ എക്‌സ്പ്രസ്, എക്കണോമിക് ടൈംസ് എന്നിവയില്‍ പല വിഷയങ്ങളെക്കുറിച്ച് പ്രത്യേക പംക്തികള്‍ തയാറാക്കുന്ന ഒരു പത്രപ്രവര്‍ത്തകന്റെ റോളിലും തോമസ് സാര്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. നീണ്ടകാലം ആകാശവാണിയില്‍ ‘സുഭാഷിതങ്ങള്‍’ അവതരിപ്പിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ശാലോം, ഗുഡ്‌നസ് തുടങ്ങിയ ഭക്തിചാനലുകളില്‍ സാന്നിധ്യമായ ഇദ്ദേഹം ശാലോമിലെ ‘ഉത്തരം’, ‘ശുദ്ധാക്ഷരം’, ഗുഡ്‌നസിലെ ‘വായനശാല’ തുടങ്ങിയ പ്രോഗ്രാമുകളിലും പങ്കാളിയാണ്. പല തുറകളിലുള്ള വിഷയങ്ങളെക്കുറിച്ച് ക്ലാസുകളെടുക്കുന്ന ഇദ്ദേഹം തികഞ്ഞ ഒരു വാഗ്മിയുമാണ്.
നിരന്തരമായ വായന, സൂക്ഷ്മമായ നിരീക്ഷണങ്ങള്‍, ശുദ്ധമായ ബന്ധങ്ങള്‍, തീവ്രതയാര്‍ന്ന അനുഭവങ്ങള്‍ ഈ എഴുത്തുകാരന് കരുത്തൊരുക്കുന്നത് ഇതുപോലുള്ള ഒരുപാട് സുകൃതങ്ങളാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ മേരിയാണ് സഹധര്‍മ്മിണി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ജസ്റ്റിന്‍ തോമസ് മകനും ക്രൈസ്റ്റ് കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിനി മരിയ മകളുമാണ്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് വിജയവഴികളിലെ സൂത്രവാക്യമെന്ന് അനുഭവിച്ചറിഞ്ഞ തോമസ് സാറിനെക്കുറിച്ച് മകള്‍ പറയുന്നു : ‘പപ്പ ഈസ് മൈ ഓള്‍, ഹി ഈസ് ഹൈലി ഇന്‍സ്പിരേഷ്‌നല്‍, ഹി ഈസ് എവരിത്തിങ്’. അതെ, ഒരു കുടുംബത്തിന്റെ എല്ലാമെല്ലാമാണ് ഒരു നല്ല പിതാവ്; ഒപ്പം കരുത്തുറ്റ പ്രചോദനവും.
‘നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ തന്നെ ചെയ്യണം. മറ്റുള്ളവര്‍ ചെയ്യുമെന്ന് കരുതി മാറ്റി വയ്ക്കരുത്. ചെയ്യാവുന്ന നന്മകള്‍ നിശബ്ദമായി ചെയ്തു തീര്‍ക്കാനായാല്‍ ദിനാന്ത്യങ്ങളില്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു സംതൃപ്തിയുണ്ടാകും’. നന്മകളുടെ കൂട്ടുകാരന്‍ ജീവിതത്തില്‍ ഒരുക്കി തീര്‍ക്കേണ്ട വിജയത്തിന്റെ കഥ ഈ ലളിതമായ വാക്കുകളില്‍ വരച്ചുതീര്‍ക്കുകയാണ്. ഇരിങ്ങാലക്കുട പ്രദേശത്ത് മക്കളില്ലാത്ത ദമ്പതികള്‍ക്ക് പ്രതീകാത്മകമായി മക്കളെ ദാനം ചെയ്യുന്ന ഒരു പദ്ധതി അദ്ദേഹം നടപ്പിലാക്കിയിരുന്നു. കോളജിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ നിര്‍ധനരായ ഇത്തരം ദമ്പതികളെ കണ്ടെത്തി സ്‌നേഹത്തിന്റെ മാലാഖമാരെ പോലെ നീണ്ടകാലം അവരെ മക്കളെതുല്യം സ്‌നേഹിച്ച് സഹായിച്ച് മുന്നോട്ടുപോകുന്ന ഒരു സംരംഭം. ‘കുറെകാലം വിജയകരമായി ഇതു കൊണ്ടു നടക്കാനായി. ചിലര്‍ സന്തോഷത്തോടെ സ്വര്‍ഗത്തിലേക്ക് യാത്രയായി. കുട്ടികള്‍ക്കൊപ്പം വിശേഷദിനങ്ങള്‍ അവരുടെ വീടുകളില്‍ ആഘോഷമാക്കുമ്പോള്‍ സ്വര്‍ഗം തീര്‍ക്കുന്ന ഒരു സന്തോഷമായിരുന്നു ആ മുഖങ്ങളില്‍. ഇപ്പോഴും അതില്‍ ബാക്കിയുള്ള ചിലരുടെ വീടുകളില്‍ ചെറുസമ്മാനങ്ങളുമായി ഞാന്‍ കയറിയിറങ്ങാറുണ്ട്’.
ഇരിങ്ങാലക്കുട രൂപതയിലെ വ്യത്യസ്ത ശുശ്രൂഷാതലങ്ങളില്‍ സേവനം ചെയ്തിട്ടുള്ള ഇ.എം. തോമസ് സാറിന്റെ ബിഎല്‍എം പ്രസ്ഥാനവുമായുള്ള ബന്ധം അഭേദ്യമാണ്. കേരളസഭയുടെ മധ്യകാലഘട്ടം മുതല്‍ രചനാതലങ്ങളിലും സെമിനാര്‍ മേഖലകളിലും നിരന്തര സാന്നിധ്യമായ ഈ എഴുത്തുകാരന്റെ ഇപ്പോഴത്തെ കേരളസഭയിലെ സ്ഥിരപംക്തിയാണ് ‘പുസ്തകപരിചയം’.
‘ദൈവാനുഗ്രഹമാണ് വിജയത്തിനുള്ള സൂത്രവാക്യം. പ്രാര്‍ഥനയുടെയും വിശുദ്ധ ബലിയുടെയും കൃപയാണ് വെല്ലുവിളികളില്ലാതെ ജീവിതത്തെ നയിക്കുന്നത്. പരമാവധി ദിവസങ്ങളില്‍ വിശുദ്ധ ബലിയില്‍ പങ്കുചേരും. കുടുംബപ്രാര്‍ഥനയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകില്ല’. ഈശ്വരവിശ്വാസിയായ ഇദ്ദേഹം പ്രത്യാശയോടെ ജീവിതത്തെ കാണുന്നത്. ജോണ്‍ പോള്‍ വിവരിക്കുന്നു : ‘ഡോ. തോമസ് വിശ്വാസിയാണ്. വിശ്വാസിയായതിനാലാണ് അദ്ദേഹം പ്രത്യാശവാദിയാകുന്നത്. പ്രത്യാശവാദിയായ വിശ്വാസിയും സന്ദേഹിയാകാതെ വയ്യ. ഇടര്‍ച്ചകളും പൊരുത്തക്കേടുകളും ഉത്കണ്ഠകളായി അലോസരമുണര്‍ത്തുമ്പോള്‍ ഉള്ളിലൂറുന്ന ചോദ്യങ്ങളുടെ തിക്കുമുട്ടലുകളാണ് സന്ദേഹങ്ങളായി പരിണമിക്കുന്നത്. അവയുടെ നേര്‍സാക്ഷ്യങ്ങളാണ് വിഷയപ്രത്യക്ഷം ഏതായിരുന്നാലും ഈ ചിന്താപ്രകാശനങ്ങളില്‍ കണ്ടെത്തുവാനാകുന്നത്’.
സമഗ്ര വ്യക്തിത്വങ്ങള്‍ ലോകത്ത് ചെയ്തു തീര്‍ക്കുന്ന നന്മയുടെ ഫലങ്ങള്‍ നിരവധിയാണ്. ലഭിച്ചിട്ടുള്ള കഴിവുകളെ കഠിനപ്രയത്‌നം കൊണ്ടും മനോഭാവങ്ങളിലെ വിശുദ്ധികൊണ്ടും ലക്ഷ്യങ്ങളിലെ ഉദാത്തതകൊണ്ടും പ്രകാശമാനമാക്കാന്‍ ശ്രമിക്കുന്ന ഈ ഗുരുവര്യന് ഇനിയും സാക്ഷ്യത്തിന്റെ സുകൃതങ്ങള്‍ ഒരുപാട് ഒരുക്കാനാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>