വിശ്വാസ ജീവിതത്തിലേക്ക് പടി തുറന്ന് പടിയൂര്‍

By on April 1, 2017
Padiyur copy

വിശ്വാസ ജീവിതത്തിലേക്ക് പടി തുറന്ന് പടിയൂര്‍

ചെറുതെങ്കിലും മനോഹരം എന്ന ആപ്തവാക്യം നിറവേറ്റുന്ന ഇടവകയാണ് പടിയൂര്‍. ഇന്ന് ഇടവകയില്‍ 40 കുടുംബങ്ങളാണുള്ളത്. പൂര്‍വികര്‍ കൊളുത്തിവച്ച വിശ്വാസദീപത്തെ തലമുറകളിലേക്ക് കൈമാറുകയെന്ന വിശുദ്ധ ദൗത്യമാണ് അവര്‍ നിറവേറ്റുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് കല്‍പ്പറമ്പ് ഇടവകയില്‍പ്പെട്ട സ്ഥലമായിരുന്നു പടിയൂര്‍. ഗതാഗത സൗകര്യം വളരെ കുറഞ്ഞ ഗ്രാമം. എങ്കിലും അക്കാലത്തുതന്നെ ഇവിടെയൊരു കപ്പേള സ്ഥിതി ചെയ്തിരുന്നു. എങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ കടുകുമണി ആ മണ്ണില്‍ വെള്ളവും വളവും അനുകൂലമായ കാലാവസ്ഥയും കാത്തുകിടക്കുന്നുണ്ടായിരുന്നു. അതിന്റെ സഫലമായ സാക്ഷാത്ക്കാരമായിരുന്നു പടിയൂരിലെ 14 കുടുംബനാഥന്മാര്‍ ചേര്‍ന്ന് 1927 ഡിസംബര്‍ 10ന് സ്വീകരിച്ച തീരുമാനം. പഴയ കപ്പേള നില്‍ക്കുന്ന സ്ഥലം വിറ്റ് മറ്റൊരു സ്ഥലം വാങ്ങാനും പള്ളി പണിയാനും അവര്‍ തീരുമാനിച്ചു. ഇതിനായി നായങ്കര കോഴിക്കോടന്‍ ലോനപ്പന്‍ ലോനപ്പന്‍, ചിറമ്മേല്‍ കോലങ്കണ്ണി ചാക്കു തോമന്‍ എന്നിവരെ കൈക്കാരന്മാരായി നിശ്ചയിച്ചു. ഏറെക്കഴിയാതെ അവര്‍ സ്ഥലം വാങ്ങി. 1928 ജൂണ്‍ 25ന് കല്‍പ്പറമ്പ് വികാരി പഴയാറ്റില്‍ പത്രോസച്ചന്റെ അധ്യക്ഷതയില്‍ ഇടവകാംഗങ്ങള്‍ യോഗം ചേര്‍ന്ന് പള്ളിനിര്‍മാണ കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കി.
ആ പള്ളിയോഗത്തിന്റെ നിശ്ചയങ്ങള്‍ക്ക് മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി അനുമതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ കൊച്ചി ദിവാന്‍ പേഷ്‌കാര്‍ക്ക് പള്ളിനിര്‍മാണത്തിനു അനുവാദം തേടി അപേക്ഷ സമര്‍പ്പിച്ചു. 1929 മേയ് 22നു അനുമതി ലഭിച്ചതിനെ തുടര്‍ന്ന് 1929 ജൂണ്‍ 16നു ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ 17 വീട്ടുകാര്‍ പള്ളിയുടെ നടത്തിപ്പിനു പത്രമേനി നല്‍കാമെന്ന് രേഖാമൂലം സമ്മതം നല്‍കി.
ഇതോടെ അതിവേഗം പള്ളിനിര്‍മാണം പുരോഗമിച്ചു. 1930 ജനുവരി ഒമ്പതിനു മാര്‍ വാഴപ്പിള്ളിയുടെ നിര്‍ദ്ദേശപ്രകാരം കല്‍പ്പറമ്പ് വികാരി പത്രോസച്ചന്റെ നേതൃത്വത്തില്‍ പള്ളിയും സെമിത്തേരിയും വെഞ്ചരിച്ചു. ആദ്യദിവ്യബലി അര്‍പ്പിച്ച അന്നുതന്നെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ആഘോഷിച്ചു. പള്ളിപ്പണിയുടെ കാലം മുതല്‍ 1934വരെ പത്രോസച്ചനായിരുന്നു ഇവിടത്തെ വികാരി. പിന്നീട് ചേലൂര്‍, എടക്കുളം, പാദുവാനഗര്‍ പള്ളി വികാരിമാരും ഇവിടെ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
1930 മുതലുള്ള അര നൂറ്റാണ്ടുകാലത്ത് പടിയൂര്‍ ഇടവക വികസനപാതയില്‍ ഏറെ മുന്നോട്ടുപോയി. പള്ളിയോടു ചേര്‍ന്ന് നടപ്പുര, പള്ളിമേട എന്നിവ ആദ്യ ചുവടുവയ്പായിരുന്നു. 1979ല്‍ പുതിയ പള്ളി പണിയാന്‍ തീരുമാനിച്ചു. 1984 ജനുവരി 15ന് പുതുക്കിയ പള്ളിയുടെ ആശീര്‍വാദം മാര്‍ ജെയിംസ് പഴയാറ്റില്‍ നിര്‍വഹിച്ചു. പിന്നീട് പള്ളിയുടെ അള്‍ത്താരയും മുഖവാരവും നവീകരിക്കാനും വിശ്വാസി സമൂഹം മുന്നോട്ടുവന്നു. അങ്ങനെ നവീകരിച്ച പള്ളിയുടെയും സെമിത്തേരിയുടെയും വെഞ്ചരിപ്പു കര്‍മം 2000-ാമാണ്ടില്‍ ഡിസംബര്‍ ആറിന് നടന്നു.
ഇടവകയിലെ സജീവമായ വിശ്വാസ ജീവിതത്തിന്റെ പ്രതിഫലനമാണ് പടിയൂര്‍ കോടങ്കുളം സെന്ററിലുള്ള മാതാവിന്റെ കുരിശടിയും പള്ളി ഗേറ്റ് സമീപമുള്ള വേളാങ്കണ്ണി മാതാവിന്റെ കപ്പേളയും.
ഇന്ന് ഇടവകയില്‍ 40 കുടുംബങ്ങളാണുള്ളത്. ചെറുതെങ്കിലും മനോഹരം എന്ന ആപ്തവാക്യം നിറവേറ്റുന്ന ഇടവകയാണ് പടിയൂര്‍. തങ്ങളുടെ പൂര്‍വികര്‍ കൊളുത്തിവച്ച വിശ്വാസദീപത്തെ തലമുറകളിലേക്ക് കൈമാറുകയെന്ന വിശുദ്ധ ദൗത്യമാണ് പടിയൂര്‍ സെന്റ് മേരീസ് ഇടവക നിറവേറ്റുന്നത്. ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ രാജവീഥിയിലേക്ക് അനേകരെ സ്വാഗതം ചെയ്യാനും സ്‌നേഹത്തിന്റെയും കരുണയുടെയും കൂട്ടായ്മ വളര്‍ത്താനും ഇവിടത്തെ വിശ്വാസി സമൂഹത്തിന്റെ ഹൃദയകവാടങ്ങള്‍, ചവിട്ടുപടികള്‍ എന്നും തുറന്നിട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>