ഉത്തര്‍പ്രദേശ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍; കോണ്‍ഗ്രസില്‍ നാഥനില്ല, കടിപിടി മാത്രം

By on April 1, 2017

ഉത്തര്‍പ്രദേശ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍; കോണ്‍ഗ്രസില്‍ നാഥനില്ല, കടിപിടി മാത്രം

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ സാക്ഷരതയുള്ള ജനങ്ങള്‍ ചോദിച്ച ചോദ്യം ഇതാണ് : ഇനിയുള്ള കാലം രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും? ഉത്തര്‍പ്രദേശത്തും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും കാല്‍ക്കീഴിലാക്കിയ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളോട് സ്വീകരിക്കുന്ന സമീപനം എന്തായിരിക്കും? ലോക് സഭയിലുള്ള മൃഗീയ ഭൂരിപക്ഷവും ഇപ്പോള്‍ മിക്കവാറും എല്ലാ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലഭിച്ച മേധാവിത്വവും മോദിയേയും സര്‍ക്കാരിനേയും ഏകാധിപത്യ പ്രവണതയിലേക്ക് കൂടുതല്‍ ആവേശപൂര്‍വം നയിക്കുമോ? ഈ വര്‍ഷം അവസാനത്തിലും അടുത്ത വര്‍ഷവുമായി നടക്കാനിരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടി അമാനുഷിക ശക്തികളോടെ രാജ്യത്ത് അശ്വമേധത്തിനിറങ്ങുമോ?
ഈ ചോദ്യങ്ങള്‍ക്കെല്ലാം അടിവരയിടുന്ന ആശങ്കയുടെ മൂര്‍ധന്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി തീവ്രഹിന്ദുത്വവാദിയായ സന്യാസി യോഗി ആദിത്യനാഥ് സ്ഥാനമേറ്റത്. ആര്‍എസ്എസിന്റെ ഏറ്റവും തീവ്രമായ ശബ്ദമാണ് ആദിത്യനാഥ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനായ ആദിത്യനാഥ്, സൂര്യനമസ്‌ക്കാരത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യവിടാമെന്നും നടന്‍ ഷാറുഖ് ഖാന്റേത് ഭീകരനേതാവ് ഹാഫിസ് സയിദിന്റെ ഭാഷയാണെന്നും തുടങ്ങിയ തീപ്പൊരി വാക്കുകള്‍ പറയുന്നതില്‍ വിദഗ്ധനാണ്. അയോധ്യ, ഗോരക്ഷ, ഗോമാംസ നിരോധനം തുടങ്ങിയ കാര്യങ്ങളിലും മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷ കാര്യങ്ങളിലും അതിശക്തമായി ആദിത്യനാഥും ആര്‍എസ്എസും ഇടപെടുമെന്ന കാര്യം ഉറപ്പാണ്. ഹിന്ദുത്വവല്‍ക്കരണത്തിന്റെ സര്‍വസാധ്യതകളും പ്രയോഗിക്കാന്‍ മടിക്കാത്ത അദ്ദേഹത്തിന് 403 അംഗ നിയമസഭയില്‍ നാലില്‍ മൂന്നു ഭൂരിപക്ഷവുമുണ്ട് – 312 സീറ്റ്. സഖ്യകക്ഷികളില്‍ 13 പേരുടെ പിന്തുണയുമുണ്ട്.
ഇക്കാര്യങ്ങളൊക്കെ കഴിഞ്ഞ ആഴ്ചകളില്‍ മാധ്യമങ്ങള്‍ വിശകലനം ചെയ്തതാണ്. യഥാര്‍ഥത്തില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട, തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ആളുകളെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന നരേന്ദ്രമോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും കനത്ത തിരിച്ചടിയാണ് ആര്‍എസ്എസ് മുഖ്യമന്ത്രിപദം റാഞ്ചിയെടുത്തതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് ഭൂരിഭാഗം മാധ്യമങ്ങളുടെയും വിശകലനം. തങ്ങള്‍ നിര്‍ദ്ദേശിച്ച ആളല്ല ആദിത്യനാഥെന്ന് കേന്ദ്രനേതാക്കള്‍ പറഞ്ഞത് ഈ അടിസ്ഥാനത്തിലാണ്. യുപിയിലെ ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ ആദിത്യനാഥിനുവേണ്ടി രംഗത്തിറങ്ങിയപ്പോള്‍ കേന്ദ്രം നിയോഗിച്ച കേശവ് പ്രസാദ് മൗര്യയ്ക്ക് മാറിനില്‍ക്കേണ്ടി വന്നു.
ഏതായാലും ഇനിയുള്ള നാളുകളില്‍ ഉത്തര്‍പ്രദേശിന്റെ മണ്ണ് ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അപകടകരമാവുമെന്നാണ് വിലയിരുത്തല്‍. ‘വികസനത്തിലൂന്നി’ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി നേടിയ വിജയം തീവ്രഹിന്ദുത്വ വാദികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വഴികളിലൂടെ മുന്നോട്ടു കൊണ്ടുപോകുന്ന കാഴ്ചയായിരിക്കും ഇനിയുണ്ടാവുക. അയോധ്യയും അതിനുപുറമെ മഥുര, വാരാണസി തുടങ്ങിയ നഗരങ്ങളും അവയോടു ബന്ധപ്പെട്ട പ്രശ്‌നങ്ങളും മുഖ്യവിഷയമാക്കിക്കൊണ്ട് ആദിത്യനാഥ് രഥം തെളിയിക്കുകയാണെങ്കില്‍, മോദിയുടെ ‘പുതിയ ഇന്ത്യ’യും ഉത്തര്‍പ്രദേശും മരീചികയാവുകയേയുള്ളൂ.
നാലു രാജ്യങ്ങളിലെ 2 കോടി ജനങ്ങള്‍ കടുത്ത പട്ടിണിയില്‍
വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, സൊമാലിയ എന്നിവിടങ്ങളിലും പടിഞ്ഞാറുള്ള നൈജീരിയയിലും സൗദി അറേബ്യയോടു ചേര്‍ന്നുള്ള യെമനിലുമായി രണ്ടു കോടി ജനങ്ങള്‍ മുഴുപ്പട്ടിണിയിലേക്ക്. ഇവരില്‍ 14 ലക്ഷം കുട്ടികള്‍ ഭക്ഷണവും പോഷകാഹാരവുമില്ലാതെ സുനിശ്ചിതമായ മരണത്തിന്റെ പിടിയിലമര്‍ന്നേക്കും. അടുത്ത ആഴ്ചകളില്‍ ഈ പ്രദേശങ്ങളിലേക്ക് വേണ്ടത്ര ഭക്ഷണം എത്തിക്കാനായില്ലെങ്കില്‍ ആയിരക്കണക്കിനാളുകള്‍ വിശന്നു മരിക്കുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൂട്ടല്‍.
ഇത് മുന്നില്‍ കണ്ട് ലോകരാഷ്ട്രത്തലവന്മാരോട് ഉടന്‍ സഹായം എത്തിക്കാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസ് അഭ്യര്‍ഥിച്ചു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും സഹകരണം വാഗ്ദാനം ചെയ്തു.
എന്നാല്‍ രാഷ്ട്രീയവും അക്രമങ്ങളും വിവിധ തരത്തിലുള്ള പീഡനങ്ങളും വാര്‍ത്തയാക്കി ആഘോഷിക്കുന്ന മാധ്യമലോകം ഗുരുതരമായ ഈ സ്ഥിതി വിശേഷം കണ്ടതായി നടിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങളും അജ്ഞത നടിക്കുകയാണ്. വിപണി മൂല്യമുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പതിവുപോലെ ഇവിടത്തെ മാധ്യമങ്ങള്‍.
കടുത്ത പട്ടിണി നേരിടുന്ന ഈ നാലു രാജ്യങ്ങളും സമീപകാലത്ത് യുദ്ധങ്ങളോ ആഭ്യന്തര കലാപങ്ങളോ മൂലം സാമ്പത്തിക രംഗം തകര്‍ന്നവയാണ്; അതോടൊപ്പം മുസ്‌ലിം തീവ്രവാദത്തിന്റെ ദുരന്തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നവയും.
മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കേണ്ട സമയം
അഞ്ചുനിയമസഭാ തിരഞ്ഞെടുപ്പുകള്‍കൂടി കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനാധിപത്യസ്‌നേഹികളായ സാധാരണക്കാരും മാധ്യമങ്ങളും ചോദിക്കുന്ന ചോദ്യമാണിത് : ഇനി കോണ്‍ഗ്രസ് എങ്ങോട്ടാണ്? രാഹുല്‍ ഗാന്ധിയെന്ന അപക്വമതിയായി വിശേഷിപ്പിക്കപ്പെടുന്ന നേതാവിനെവച്ച് ഇനിയെത്രകാലം ഈ ദേശീയപാര്‍ട്ടി ഇങ്ങനെ ശരശയ്യയില്‍ കിടക്കും? ഈ വര്‍ഷാവസാനവും അടുത്ത വര്‍ഷവുമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ കൈരേഖയെന്താണ്?
അക്ഷരാര്‍ഥത്തില്‍ രാഷ്ട്രതന്ത്രജ്ഞതയും രാഷ്ട്രീയ പക്വതയുമില്ലാത്ത നേതൃത്വത്തിന്റെ അഭാവമാണ് ഓരോ ദിനത്തിലും കോണ്‍ഗ്രസിനു മുന്നില്‍ തെളിഞ്ഞുവരുന്നത്. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ എസ്പിയോടു ചേര്‍ന്നുള്ള തിരഞ്ഞെടുപ്പ് സഖ്യം ഫലം കണ്ടില്ല. 403 അംഗ നിയമസഭയില്‍ വെറും ഏഴ് സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിച്ചത് അവിടെ പാര്‍ട്ടിയെ നയിച്ച ക്യാപ്റ്റന്‍ അമരീന്ദന്‍ സിങ്ങിന്റെ വ്യക്തിപ്രഭാവം കൊണ്ടാണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പറയും. അതു പോകട്ടെ. എന്നാല്‍ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം പിടിക്കാന്‍ കഴിയാതിരുന്നത് രാഹുലിന്റെയും അദ്ദേഹത്തിന് ഉപദേശം നല്‍കുന്ന കേന്ദ്രനേതാക്കളുടെയും പിടിപ്പുകേടാണെന്നതില്‍ ഒരു സംശയവുമില്ല. ഗോവയില്‍ ആകെയുള്ള 40ല്‍ 17 സീറ്റുണ്ടായിട്ടും 13 സീറ്റുള്ള ബിജെപി അധികാരത്തിലേറി; മണിപ്പൂരില്‍ 60ല്‍ 28 സീറ്റുണ്ടായിട്ടും 21 സീറ്റുള്ള ബിജെപി അധികാരം പിടിച്ചു. എന്നുവച്ചാല്‍, മണിപ്പൂരില്‍ മൂന്നുപേരുടെയും ഗോവയില്‍ 4 പേരുടെയും പിന്തുണ തേടാതെ ഭരണം ബിജെപിക്ക് അടിയറ വയ്ക്കുകയായിരുന്നുവെന്നു ചുരുക്കം.
ഈ കഴിവുകേട് രാഹുലിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരുടെ കൂടിയാണ്. ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്താതെ ഡല്‍ഹിയില്‍ കഴിഞ്ഞുകൂടിയ രാഹുലും സംഘവും പക്വതയില്ലാത്ത പിള്ളേരെപ്പോലെ ബിജെപി അധികാരത്തിലേറിയശേഷം അതിനെതിരെ പരാതിയുമായി രംഗത്തുവന്നത് അതിലേറെ പരിഹാസ്യമായി.
കോണ്‍ഗ്രസിന് കഴിവുള്ള ഒരു ദേശീയ നേതാവിനെയാണ് വേണ്ടത്. അതെന്ന്, എവിടെ നിന്നു വരുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇന്ത്യയില്‍ ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവം, ഏകാധിപത്യത്തിന്റെ ഉദയമാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസുകാര്‍
മേല്‍പ്പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്നു സംഭവിച്ചിരിക്കുന്ന പതനത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക? കേരളത്തിലെ മാധ്യമങ്ങള്‍ പല തവണ വിലയിരുത്തിക്കഴിഞ്ഞ വിഷയമാണിത്.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രാജിവച്ച് ആഴ്ചകളായിട്ടും ഇതുവരെ എല്ലാവര്‍ക്കും സമ്മതനായ ഒരു നേതാവിനെ കിട്ടിയിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ നിത്യശാപമായ ഗ്രൂപ്പിസമാണ് ഇതിനു പിന്നില്‍. ആരു വന്നാലും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന നിരാശയാണ് കേരളത്തിലെ ആയിരക്കണക്കിനു അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്നുള്ളത്. സര്‍വത്ര നിരാശ. നേതാക്കളാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നതെന്ന് സാധാരണക്കാരായ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വേണ്ട, ഇനി ഏറെ പറയേണ്ട. കരുണാകരനെപ്പറ്റി എന്തൊക്കെ പരാതികളുണ്ടായിരുന്നെങ്കിലും, കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. ഗ്രൂപ്പിനെ നയിക്കുമ്പോഴും ചടുല നീക്കങ്ങളിലൂടെ പാര്‍ട്ടിയെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെടുമായിരുന്നു. ആ കോണ്‍ഗ്രസ് ഇന്നില്ല; ഇന്നുള്ളത് സ്വാര്‍ഥമോഹികളായ, അധികാരദാഹികളായ ഒരു കൂട്ടം നേതാക്കള്‍. കേരളത്തിലും വര്‍ഗീതയും വര്‍ഗീയ പ്രസ്ഥാനങ്ങളും സര്‍വരംഗങ്ങളിലും പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ ശക്തമായ മതനിരപേക്ഷ മതില്‍ കെട്ടിപ്പൊക്കാന്‍ ഉത്തരവാദത്തപ്പെട്ട ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടര വര്‍ഷംമാത്രം അകലെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ദേശീയതലത്തിലും കേരളത്തില്‍ പ്രത്യേകിച്ചും രൂപപ്പെടുത്തേണ്ട പുതിയ രാഷ്ട്രീയ സമവാക്യങ്ങളെപ്പറ്റി ആലോചിക്കേണ്ട സമയമായിട്ടും ദേശീയതലത്തിലും കേരളത്തിലും തലയില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്.
അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടിയുള്ള ഈ കടിപിടിയില്‍ നിന്ന് ഇവര്‍ എന്നെങ്കിലും മോചിതരാവുമോ? സംശയം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>