പീഡനങ്ങളുടെ പിന്നാമ്പുറങ്ങള്‍

By on April 1, 2017

പീഡനങ്ങളുടെ പിന്നാമ്പുറങ്ങള്‍

ക്രൈസ്തവരിലെ ആയിരം ശരികളെ കാണാതെ വല്ലപ്പോഴും സംഭവിക്കുന്ന ഒരു തെറ്റിനെ സാമാന്യവല്‍ക്കരിക്കുകയും അതുപയോഗിച്ചു സമൂഹത്തെയും അവരുടെ ആത്മീയ നേതൃത്വങ്ങളെയും ഒന്നടങ്കം ആക്ഷേപിക്കുകയും ചെയ്യുന്ന ചില വിഭാഗങ്ങളുടെ പതിവുരീതി സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള ആറു പതിറ്റാണ്ടുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്നതാണ്. 1959ലെ കുപ്രസിദ്ധമായ ഇഎംഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമം മുതല്‍, അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനെതിരെ ഇരമ്പിയുയര്‍ന്ന വിമോചനസമരം മുതല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കയ്യേറ്റങ്ങള്‍ വരെ ഇതിനുദാഹരണങ്ങളുണ്ട്. ക്രൈസ്തവര്‍ക്കെതിരെ സ്ഥാനത്തും അസ്ഥാനത്തും വ്യാജ ആരോപണങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള മാധ്യമചര്‍ച്ചകളും വ്യാപകമായത് എണ്‍പതുകളില്‍ ടിവി ചാനലുകള്‍ രംഗപ്രവേശം ചെയ്തതോടെയാണ്.
അച്ചടിമാധ്യമങ്ങള്‍ മാധ്യമസദാചാരത്തിന്റെ ലക്ഷ്മണരേഖ വല്ലപ്പോഴുമാണ് ലംഘിക്കുന്നതെങ്കില്‍ ദൃശ്യമാധ്യമരംഗത്ത് യാതൊരു നിയന്ത്രണവുമില്ലാതെ എന്തു പരിപാടിയും അവതരിപ്പിക്കാം, ആരെയും വിചാരണ ചെയ്യാം എന്ന സ്ഥിതി വന്നു. ടിവി ചാനലുകള്‍ പരസ്യത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ കാഴ്ചയുടെ റേറ്റിംഗ് വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനുവേണ്ടി പ്രേക്ഷകരെ തങ്ങളുടെ ചാനലിനോട് ചേര്‍ത്തു നിര്‍ത്തണം. അതിന് ‘സ്‌ഫോടനാത്മകമായ’ വാര്‍ത്തകളും ഫീച്ചറുകളും ചര്‍ച്ചകളും അക്രമവും അശ്ലീലവും സെക്‌സും പ്രമുഖ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഒളിക്യാമറ നോട്ടവും ഫോണ്‍ ചോര്‍ത്തലും അനിവാര്യമാകുന്നു. ഇതാണ് സാമാന്യ മര്യാദയുടെ സീമകള്‍ ലംഘിക്കുന്ന ചര്‍ച്ചകളുടെയും രീതിശാസ്ത്രം. ക്രൈസ്തവ വിരോധവും പകയും പ്രതികാരവും ആ ചര്‍ച്ചകള്‍ക്ക് വീര്യം പകരുന്നുവെന്നു മാത്രം.
റേറ്റിംഗിനും പത്രപ്രചാരവര്‍ധനയ്ക്കും വേണ്ടിയുള്ള ഈ മത്സരത്തില്‍ സാമാന്യ മര്യാദയുടെ ബാലപാഠങ്ങള്‍ പോലും ഒരു വിഭാഗം ടിവി ചാനലുകള്‍ മറക്കുന്നതാണ് അപലപനീയം. ചര്‍ച്ചകളില്‍ മോഡറേറ്റരായിരിക്കേണ്ട അവതാരകന്‍ വേട്ടക്കാരോടൊപ്പം പക്ഷം ചേരുന്നതിനും താന്‍ നിശ്ചയിച്ചുറപ്പിച്ചു കൊണ്ടുവന്ന തിരക്കഥയനുസരിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനും പ്രകടമായും നിലകൊള്ളുന്ന അപഹാസ്യമായ കാഴ്ച. ആവേശം മൂക്കുമ്പോള്‍ അവരുടെ ചേഷ്ടകളും ശരീരഭാഷയും വാക്കുകളും ധാര്‍മികതയുടെയും സദാചാരത്തിന്റെയും സാമൂഹിക നീതിയുടെയും അതിരുകള്‍ ലംഘിക്കുന്നതിന്റെ ഉദാഹരണമാണ് രാത്രിയിലെ ചാനല്‍ ചര്‍ച്ചകള്‍.
കേരളത്തിന്റെ സാമൂഹിക നവോഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പതിനായിരം ശരികളില്‍ ഒന്നോ രണ്ടോ തെറ്റുകളേ ക്രൈസ്തവസമൂഹത്തിന്റേതായി വിദഗ്ധര്‍ക്കുപോലും ചൂണ്ടിക്കാട്ടാനാവൂ. ആയിരക്കണക്കിന് സ്‌കൂളുകള്‍, നൂറിലേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ആതുരാലയങ്ങള്‍, സാമൂഹികക്ഷേമ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, എയ്ഡ്‌സ് രോഗികള്‍ക്കും വയോധികര്‍ക്കുമുള്ള സാന്ത്വന കേന്ദ്രങ്ങള്‍ തുടങ്ങി എത്രയെത്ര ശരികളാണ് നൂറ്റാണ്ടുകളിലൂടെ കേരളം അടയാളപ്പെടുത്തുന്നത്. ഈ സ്ഥാപനങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സമുദായാംഗങ്ങളും വൈദികരും സമര്‍പ്പിതരും എക്കാലത്തും നന്മയുടെയും കാരുണ്യത്തിന്റെയും പാതയിലാണ് സഞ്ചരിച്ചിട്ടുള്ളതും.
ഈ മേഖലകളിലൊക്കെ ക്രൈസ്തവ സമൂഹം കോടിക്കണക്കിനു രൂപ ചെലവഴിച്ചത് വിശ്വാസികളിലെ ഓരോ അംഗവും ഓരോ കുടുംബവും ഓരോ ഇടവകയും തങ്ങള്‍ക്കുള്ളതില്‍ നിന്നു വിധവയുടെ ചെമ്പ് കാശുപോലെ വേര്‍തിരിച്ചുമാറ്റിയ ചെറിയ സംഭാവനകളുടെ ആകെത്തുകയില്‍ നിന്നാണ്. വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷാ രംഗത്തും കേരളം ഇന്ന് എത്തിനില്‍ക്കുന്ന ഉന്നതമായ സ്ഥാനത്തിനു പിന്നില്‍ ക്രൈസ്തവജനതയുടെ കഷ്ടപ്പാടിന്റെയും ത്യാഗങ്ങളുടെയും കഥയുണ്ട്.
കേരളത്തിലെ മറ്റൊരു സമുദായത്തിനും അവകാശപ്പെടാനില്ലാത്ത സേവനങ്ങളുടെ സുദീര്‍ഘമായ ചരിത്രത്തെയാണ് ഇന്നലത്തെ മഴയില്‍ മുളച്ച തകരപോലെയുള്ള ‘ചരിത്രപണ്ഡിത’ന്മാരും മാധ്യമരംഗത്തെ ചില അപക്വമതികളും നിസ്സാരമായിക്കണ്ട് തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്.
ക്രൈസ്തവ സമൂഹം കേരളത്തിനുവേണ്ടി എന്തു ചെയ്തുവെന്നു ഇക്കൂട്ടര്‍ ചിന്തിക്കട്ടെ. എന്നിട്ടുമതി വല്ലപ്പോഴും സംഭവിക്കുന്ന വ്യക്തിപരാജയങ്ങളെ സാമാന്യവല്‍ക്കരിക്കാനും ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ താറടിക്കാനും. അല്ലെങ്കില്‍ അല്‍പ്പത്തത്തിന്റെയും അപക്വതയുടെയും ചിലമ്പുന്ന കൈത്താളങ്ങളായി ചരിത്രം നിങ്ങളെ കുപ്പത്തൊട്ടിയിലെറിയും.
ക്രൈസ്തവ സംഭാവനകളെ അവഗണിച്ചു ഇപ്പോള്‍ കേരളത്തിന്റെ നവോഥാനത്തെപ്പറ്റിയും നവോഥാന നായകരെപ്പറ്റിയും വാതോരാതെ പറയുന്ന മിടുക്കന്മാരൊക്കെ ഓര്‍ക്കുക : കേരളത്തിന്റെ നവോഥാനത്തിന് ബീജാവാപം ചെയ്തത് 18-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ക്രൈസ്തവ മിഷനറിമാരും പത്തൊമ്പതാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസ സാമൂഹിക പരിവര്‍ത്തനത്തിനു തിരുവിതാംകൂറിലും കൊച്ചിയിലും ശക്തമായ ഇടപെടലുകള്‍ നടത്തിയ ക്രൈസ്തവ നേതാക്കളും വൈദികരുമാണെന്ന്.
ജാതിവ്യവസ്ഥയും സവര്‍ണഹിന്ദുത്വ മേധാവിത്വവും അയിത്തവും കൊടുമ്പിരിക്കൊണ്ടിരുന്ന കേരളത്തില്‍ മാനവികതയുടെ ഉണര്‍ത്തുപാട്ടായി കടന്നുവന്നത് ക്രൈസ്തവരാണ്. 1853ല്‍ തിരുവതാകൂറിലും കൊച്ചിയിലും അടിമത്തം നിര്‍ത്തലാക്കാന്‍ രാസത്വരകമായി പ്രവര്‍ത്തിച്ചത് ക്രൈസ്തവ മിഷനറിമാരാണ്.
സവര്‍ണനെയും അവര്‍ണനെയും ഒരേപ്പോലെ കാണാന്‍ മലയാളിയെ പഠിപ്പിച്ചത് ക്രൈസ്തവരാണ്. ക്രൈസ്തവര്‍ പ്രചരിപ്പിക്കുകയും നിരവധി സ്ഥാപനങ്ങളില്‍ അവര്‍ണര്‍ക്കും അക്ഷരം പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്തത് ക്രൈസ്തവരാണ്. ആദ്യമായി നായാടിയെയും നമ്പൂതിരിയെയും ഒരേ ബഞ്ചിലിരുത്തി അറിവിന്റെ അക്ഷരം നാവില്‍ കുറിച്ചത് ക്രൈസ്തവരാണ്.
തിരുവിതാംകൂറില്‍ 1834ല്‍ തിരുവനന്തപുരത്തും പിന്നീട് 1845ല്‍ എറണാകുളത്തും 1862ല്‍ തലശ്ശേരിയിലും ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് ആരാണ്? 1846ല്‍ മാന്നാനത്ത് നവോഥാന നായകനായ ചാവറ കുരിയാക്കോസച്ചന്‍ ആദ്യത്തെ സംസ്‌കൃതവിദ്യാലയം ആരംഭിച്ചതും മലയാളികള്‍ക്കല്ലാതെ മറ്റാര്‍ക്കു വേണ്ടിയാണ്? ‘പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം’ വേണമെന്ന യുഗപരിവര്‍ത്തനോന്മുഖമായ ദര്‍ശനം കൊണ്ടുവന്നതും നടപ്പാക്കിയതും ക്രൈസ്തവരാണ്. കേരളത്തില്‍ ആദ്യമായി കീഴാളവര്‍ഗ വിദ്യാര്‍ഥികളെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി സമ്പ്രദായം നടപ്പാക്കിയതുപോലും ചാവറയച്ചനെന്ന സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ്. ഇങ്ങനെ കേരളത്തിന്റെ സാമൂഹിക നവോഥാനത്തിനും വിദ്യാഭ്യാസ പുരോഗതിക്കുംവേണ്ടി ത്യാഗനിര്‍ഭരമായ സേവനങ്ങള്‍ കാഴ്ചവച്ചതിന്റെ സമ്പന്ന പൈതൃകമുള്ള ഒരു സമൂഹമാണെന്നറിയുക, ക്രൈസ്തവ ജനലക്ഷങ്ങള്‍.
ഇന്ന് സാമൂഹിക നവോഥാനത്തിന്റെ നേതാക്കളായി പലരെയും നെറ്റിപ്പട്ടംകെട്ടി എഴുന്നള്ളിക്കുമ്പോള്‍, ചാവറയച്ചനെയും മറ്റു പലരെയും എന്തുകൊണ്ട് വിസ്മരിക്കുന്നു? ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും മറ്റും ജനിക്കുന്നതിനു പതിറ്റാണ്ടുകള്‍ക്കു മുമ്പേ മിഷനറിമാരും ചാവറയച്ചനെപ്പോലെയുള്ള ക്രൈസ്തവ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളും ക്രൈസ്തവ സമുദായ നേതാക്കളും നവോഥാന പാതയില്‍ ഏറെ മുന്നോട്ടു പോയിരുന്നു. ചാവറയച്ചന്‍ ജനിച്ചത് 1805ലാണ്. 1846ല്‍ മാന്നാനത്ത് അദ്ദേഹം കേരളത്തിലെ ആദ്യത്തെ സംസ്‌കൃത വിദ്യാലയം തുടങ്ങി 10 വര്‍ഷത്തിനുശേഷം 1856ലാണ് ഈഴവസമുദായത്തിന്റെ സമുദ്ധാരകനായ ശ്രീനാരായണഗുരുവിന്റെ ജനനം. 1854ലാണ് നായര്‍സമുദായ പരിഷ്‌ക്കര്‍ത്താവായ ചട്ടമ്പിസ്വാമികള്‍ ജനിക്കുന്നത്. പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷമാണ് 1863ല്‍ അധഃകൃത ജനവിഭാഗങ്ങളുടെ രക്ഷകനായ അയ്യന്‍കാളിയുടെ ജനനം. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി നിലകൊണ്ട ധീവരസഭാനേതാവ് പണ്ഡിറ്റ് കെ.പി. കറുപ്പന്‍ ജനിച്ചത് ചാവറയച്ചന്‍ 1871ല്‍ മരിച്ചശേഷം 1885ലാണ്. നവോഥാനത്തിന്റെ കാഹളശബ്ദം ഉയര്‍ന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ആദരണീയരായ ഈ മഹാപുരുഷന്മാര്‍ അവരവരുടെ സമുദായങ്ങളുടെ ഉന്നമനത്തിനും പരിഷ്‌ക്കരണത്തിനുംവേണ്ടി തങ്ങളുടെ കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചപ്പോള്‍, കേരളത്തിലെ സമസ്ത വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് ക്രൈസ്തവനേതാക്കള്‍ നിലകൊണ്ടതെന്ന സത്യവും വിസ്മരിക്കരുത്.
യഥാര്‍ഥത്തില്‍ മിഷനറിമാരും ചാവറയച്ചനും കൊളുത്തിയ മാനവികതയുടെയും സമഭാവനയുടെയും നവോഥാന ചിന്തകളുടെയും ഉല്‍പ്പന്നങ്ങളായിരുന്നു പില്‍ക്കാലത്തു രംഗപ്രവേശം ചെയ്ത ഈ സമുദായ നേതാക്കള്‍. പടിഞ്ഞാറിന്റെ ലിബറല്‍ ചിന്തയും ക്രൈസ്തവന്റെ മാനവികചിന്തയും സമജ്ജസമായി ഉള്‍ച്ചേര്‍ന്നാണ് കേരളത്തിന്റെ നവോഥാനത്തിന് വിത്തിട്ടത്.
ഈ ചരിത്രയാഥാര്‍ഥ്യങ്ങളെ വിസ്മരിച്ചു ക്രൈസ്തവര്‍ക്കെതിരെ ദുഷ്ടലാക്കോടെ ചിലര്‍ തിരിയുമ്പോള്‍ നമുക്ക് അവരുടെ ചരിത്രബോധമില്ലായ്മയെയും അജ്ഞതയെയും അല്‍പ്പത്തത്തെയും ഓര്‍ത്ത് പരിതപിക്കുകയേ വഴിയുള്ളൂ. എങ്കിലും, ഒരു ചോദ്യം ആവര്‍ത്തിച്ചു മനസ്സില്‍ ഉയര്‍ന്നേക്കാം : എന്തുകൊണ്ട് ലോകമെങ്ങും, ഈ കൊച്ചു കേരളത്തില്‍ പോലും ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു?
ഇതിനുള്ള ഉത്തരം ഫ്രാന്‍സിസ് പാപ്പ തന്നെ പറയുന്നുണ്ട് : ‘ഇന്ന് ആദിമ സഭ നേരിട്ടതിനേക്കാള്‍ പതിന്മടങ്ങ് പീഡനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനുള്ള ഉത്തരം ലളിതമാണ്. ലോകം ക്രിസ്തുവിനെ വെറുത്തു. അതിന്റെ പിന്നിലുള്ള കാരണം തന്നെയാണ് ഇന്ന് ക്രൈസ്തവരോടുള്ള വെറുപ്പിന്റെ പിന്നിലും. ക്രിസ്തു ലോകത്തിലേക്ക് ദൈവത്തിന്റെ പ്രകാശം കൊണ്ടുവന്നു; എന്നാല്‍ തിന്മപ്രവൃത്തികള്‍ ഒളിച്ചുവയ്ക്കാന്‍വേണ്ടി ലോകം ഇഷ്ടപ്പെട്ടത് അന്ധകാരത്തെയാണ്’.
ക്രൈസ്തവദര്‍ശനവും ദൈവികതയിലധിഷ്ഠിതമായ മാനവികതയും പലരുടെയും ഉറക്കംകെടുത്തുന്ന ഘടകങ്ങളാണ്. നന്മയുടെയും നീതിയുടെയും സമത്വത്തിന്റെയും സ്വരവും സാന്നിധ്യവുമാണ് ക്രൈസ്തവരുടേത്. അത് സ്വാര്‍ഥതയും വഞ്ചനയും കുതികാല്‍വെട്ടും അഴിമതിയും ധാര്‍മിക അരാജകത്വവും ഇഷ്ടപ്പെടുന്നവര്‍ക്ക് അസ്വസ്ഥതയുളവാക്കും. അപ്പോള്‍ ഒരേയൊരു വഴിയേയുള്ളൂ : ആ സ്വരത്തെ, ആ സാന്നിധ്യത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുക. അതാണിപ്പോള്‍ ലോകവ്യാപകമായി, നമ്മുടെ കൊച്ചു കേരളത്തിലും, അടിക്കടി അരങ്ങേറുന്നത്.
എന്നാല്‍, തീയില്‍ കുരുത്ത ക്രൈസ്തവ വിശ്വാസവും ജീവിതവും വെയിലത്ത് വാടിപ്പോകില്ലെന്ന് എന്നാണിവര്‍ തിരിച്ചറിയുക? സുബുദ്ധി തോന്നാന്‍ പ്രാര്‍ഥിക്കുകയേ നിര്‍വാഹമുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>