By on April 1, 2017
photo (1)

കൊട്ടിയൂര്‍ സംഭവത്തിന്റെ മറവില്‍ കേരള കത്തോലിക്കാസഭയെ ചവിട്ടിത്തേയ്ക്കാം എന്ന വിചാരം അതിമോഹമാണ്

ഏഷ്യാനെറ്റിന്റെ ക്രൈസ്തവ വിരുദ്ധത

ആഗോള മാധ്യമ കുത്തക മുതലാളിയായ മര്‍ഡോക്കിന്റെ കുടുംബത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ചാന ലിന്റെ മാധ്യമ വിശ്വാസ്യത വിചാരണ ചെയ്യപ്പെടേണ്ട സമയമായിരിക്കുന്നു. മലയാളികളുടെ മനസ്സില്‍ നാളിതുവരെ നിഷ്പക്ഷചാനലായി കരുതപ്പെട്ടിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അതിന്റെ വര്‍ഗ്ഗീയ നിറം വ്യക്തമായി പുറത്തു കാണിച്ചു തുടങ്ങി. ഏഷ്യാനെറ്റിന്റെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി. യുടെ എം.പി ആയതുകൊണ്ടു മാത്രമല്ല ഈ സംശയം. മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍ക്കു വഴങ്ങാതെ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം സാധ്യമാണെന്ന് നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചു തന്നിട്ടുള്ള നാടാണിത്. ടൈംസ് നൗവില്‍ നിന്നും രാജി വച്ച മോദിഭക്തനായ അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലില്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് നിക്ഷേപിക്കുന്ന ദശകോടികളുടെ കണക്ക് ഫിനാന്‍സ്യല്‍ എക്‌സ്പ്രസ് പുറത്തു വിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ഇന്റര്‍വ്യൂ നല്‍കിയ സംഘപരിവാര്‍ വക്താവാണ് അര്‍ണാബ് ഗോസ്വാമി എന്നു മറക്കാതിരിക്കാം. ഏഷ്യാനെറ്റിന്റെ ഉടമസ്ഥകമ്പനിയായ ജൂപിറ്റര്‍ കാപിറ്റല്‍ തീവ്ര ഹിന്ദുത്വചായ്‌വുള്ളവരെ മാത്രമേ മാധ്യമപ്രവര്‍ത്തകരായി സ്വീകരിക്കാന്‍ പാടുള്ളൂ എന്ന് 2016 സെപ്തംബര്‍ 21 ന് ഉത്തരവിറക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ ഉത്തരവിന്റെ കോപ്പിയടക്കം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മേല്‍പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അടുത്തകാലത്തെ ചില ന്യൂസ് അവര്‍ ചര്‍ച്ചകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഏഷ്യാനെറ്റിന്റെ മാനേജ്‌മെന്റിന്റെ ഭാഗമായ വിനു ജോണിന്റെ നിലപാടുകള്‍ പ്രസ്തുത മാധ്യമത്തിന്റെ വര്‍ഗ്ഗീയ വിഷനിറം വെളിപ്പെടുത്തുന്നുണ്ട്. കൊട്ടിയൂര്‍ സംഭവത്തില്‍ ഒരു വൈദികന്‍ സ്ത്രീ പീഡകനായ വാര്‍ത്തയെ ഏഷ്യാനെറ്റ് കൈകാര്യം ചെയ്ത രീതി വിശകലനം ചെയ്യേണ്ടതാണ്. പ്രസ്തുത കുറ്റകൃത്യത്തിലെ വൈദികന്റെ പങ്കിനെ തിരിച്ചറിഞ്ഞ നിമിഷത്തില്‍ സഭ നടപടി സ്വീകരിക്കുകയും ഇരയുടെ പക്ഷത്ത് ആത്മാര്‍ത്ഥതയോടെ നിലകൊള്ളുകയും ചെയ്തിട്ടുണ്ട്.
തുടര്‍ച്ചയായി പത്തുദിവസങ്ങളില്‍ പ്രൈംടൈം ചര്‍ച്ചാവിഷയമാക്കിയാണ് ഏഷ്യാനെറ്റ് ഈ വാര്‍ത്ത ആഘോഷിച്ചത്. പീഡകനും ഇരയും അംഗമായ സഭാനേതൃത്വം ഒന്നാകെ കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിച്ചിട്ടും ഏഷ്യാനെറ്റ് ഈ വിഷയത്തില്‍ പുലര്‍ത്തിയ സഭാവിരുദ്ധനിലപാട് സഭാംഗങ്ങള്‍ മാത്രമല്ല ജനാധിപത്യവിശ്വാസികള്‍ മുഴുവന്‍ വിലയിരുത്തേണ്ടതാണ്. മലയാളിയെ കാവിയുടുപ്പിക്കാനുള്ള വ്യഗ്രതയില്‍ വൈദികരുടെ വെള്ളയുടുപ്പില്‍ എത്ര ചെളിവാരിയെറിഞ്ഞിട്ടും മതിയാകാത്ത ഭ്രാന്തമായ ആവേശമാണ് ഏഷ്യാനെറ്റ് അവതാരകന്‍ പ്രകടമാക്കിയത്. ഇതിനു പിന്നിലെ ചേതോവികാരം മാധ്യമ ധര്‍മ്മമല്ല; ലക്ഷണ മൊത്ത വര്‍ഗ്ഗീയതയാണെന്നു തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ട കാര്യമില്ല. എന്‍ഡിഎയുടെ കേരള ഘടകത്തിന്റെ വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥനും ഒരാളാണെന്ന് അറിയുമ്പോഴാണ് ന്യൂസ് അവതാരകന്റെ അമിതാവേശ കാരണം നാം തിരിച്ചറിയുന്നത്.
ജനാധിപത്യരാജ്യത്തില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അനുസരിച്ച് വാര്‍ത്ത കളെ വക്രീകരിക്കാന്‍ ഏഷ്യാനെറ്റിനുമുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. കൈരളി ചാനലും ജയ്ഹിന്ദ് ചാനലും ജനം ടിവിയുമൊക്കെ ഇപ്രകാരം ചെയ്യുന്നതില്‍ ആരും പരാതിപ്പെടാറില്ല. കാരണം അവര്‍ അന്തഃസ്സോടെ സ്വന്തം പ്രത്യയശാസ്ത്ര ചായ്‌വ് വ്യക്തമാക്കിക്കൊണ്ടാണ് നിലകൊള്ളുന്നത്. എന്നാല്‍, നേരോടെ നിരന്തരം നിര്‍ഭയം പക്ഷംചേരാതെ പ്രവര്‍ത്തിക്കുന്നു എന്ന വ്യാജപരസ്യത്തിന്റെ മറവില്‍ വര്‍ഗ്ഗീയത വിളമ്പുന്ന ഏഷ്യാനെറ്റ് ആട്ടിന്‍തോലിന്റെ ആവരണം, അറിയാതെ അനാവൃതമാക്കുകയായിരുന്നു. ന്യൂസ് അവറില്‍ ക്രിസ്തീയ പൗരോഹിത്യത്തെയും കുമ്പസാരത്തെയും കൂദാശകളെയും ആക്ഷേപിക്കാന്‍ അവതാരകനായ വിനുജോണ്‍ ഉപയോഗിച്ച പദങ്ങള്‍ തെരുവില്‍പോലും ആരും പറയാത്തവയായിരുന്നു. സംഘപരിവാറിലെ തീവ്രവാദികള്‍പോലും ഇത്രയും ഹീനമായി ക്രിസ്തീയ വിശ്വാസത്തെ പരസ്യമായി അപമാനിച്ചിട്ടില്ല. തെറ്റിനെ തെറ്റ് എന്നുവിളിക്കുന്നതിനൊപ്പമോ അതിനേക്കാളുമോ പ്രാധാന്യമുള്ളതാണ് ശരിയെ തെറ്റെന്നു വിളിക്കാതിരിക്കുന്നതും.
കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദ മലയാളമാധ്യമങ്ങള്‍ പണ്ടേ മറന്നതാണ്. കോടതി കുറ്റക്കാരനെന്നു വിധിക്കുന്നതിനു മുന്‍പേ വധശിക്ഷവിധിക്കുന്ന ചാനല്‍ ചര്‍ച്ചക്കാര്‍ നീതിന്യായവ്യവസ്ഥയെ പരിഹസിക്കുകയാണ്. ടി.എന്‍. ഗോപകുമാറിനെപ്പോലുള്ള മാന്യരായ എത്രയോ മാധ്യമപ്രവര്‍ത്തകര്‍ കുറിക്കുകൊള്ളുന്നരീതിയില്‍ ഏഷ്യാനെറ്റിലൂടെ തന്നെ സഭയെ വിമര്‍ശിച്ചിട്ടുണ്ട്. അത്തരം കസേരകളില്‍ ഇരിക്കുന്നവര്‍ ആത്മവിമര്‍ശനം നടത്തണം. കേസിനെക്കുറിച്ച് യാതൊരു ഗൃഹപാഠവും ചെയ്യാതെയും പോക്‌സോ നിയമത്തിന്റെ സമഗ്രത മനസ്സിലാക്കാതെയും ചര്‍ച്ച നയിച്ച ഏഷ്യാനെറ്റ് അവതാരകന്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല ക്രിസ്തീയ വിശ്വാസത്തെത്തന്നെ അപമാനിക്കുകയായിരുന്നു. വൈദികരുടെ ഒറ്റപ്പെട്ട വീഴ്ചകളെ ഒന്നൊഴിയാതെ എണ്ണിപ്പറഞ്ഞതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ക്രൈസ്തവസഭ അനാഥാലയങ്ങള്‍ നടത്തുന്നത് വൈദികരുടെ ജാരസന്തതികളെ ഒളിപ്പിക്കാനാണ് എന്നു വിളിച്ചുപറഞ്ഞപ്പോള്‍ ഏഷ്യാനെറ്റ് മര്യാദയുടെ സര്‍വ്വസീമകളും ലംഘിച്ചു. ക്രിസ്തീയ വിശ്വാസമുള്ളവര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ എങ്ങിനെ കയറിക്കൂടി എന്ന് ചോദിച്ചപ്പോള്‍ അപമാനിക്കപ്പെട്ടത് ക്രിസ്തീയ വിശ്വാസം മാത്രമല്ല കേരളത്തിന്റെ മതേതര പാരമ്പര്യം കൂടിയാണ്. തീക്കൊള്ളികൊണ്ടു നാട്ടുകാരുടെ മുഴുവന്‍ തലചൊറിയാന്‍ ഏഷ്യാനെറ്റ് മുതിരുന്നതിലെ അപകടം തിരിച്ചറിയണം. വൈദികരെ ആരും ബഹുമാനിക്കണമെന്നോ അവര്‍ ചെയ്യുന്ന സേവനങ്ങള്‍ ആദരിക്കണമെന്നോ ആരും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഏതൊരു ഇന്ത്യന്‍പൗരനിലും ഭരണഘടന ഉറപ്പുനല്‍കുന്ന മാന്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം വൈദികര്‍ക്കുമുണ്ടെന്ന സത്യമാണ് ഏഷ്യാനെറ്റ് മറക്കുന്നത്. സോളാര്‍കേസിലും ലാവ്‌ലിന്‍ കേസിലും ഏഷ്യാനെറ്റ് പുലര്‍ത്തുന്ന അതിരുവിട്ട അക്രമണസ്വഭാവത്തിനു പിന്നിലും സമാനപ്രശ്‌നമാണുള്ളത്. ഏഷ്യാനെറ്റ്‌ന്യൂസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് അടുത്തകാലത്ത് കേരളത്തിലെ ബി.ജെ.പി. ഏഷ്യാനെറ്റിന്റെ നിഷ്പക്ഷതയ്ക്കു കുടപിടിക്കാന്‍ പാഴ്ശ്രമം നടത്തുകയുണ്ടായി. ഓടരുതമ്മാവാ ആളറിയാം. മലയാളിയുടെ മതേതരനെറ്റിയില്‍ കാവിക്കുറി തൊടുവിക്കാന്‍ ഇത്രമേല്‍ നെറികേടുപാടില്ലായിരുന്നു. മനോരമയും കൈരളിയുമൊക്കെ ഈ വിഷയും മാന്യമായി ചര്‍ച്ച ചെയ്തവരാണ്. തെറ്റു ചൂണ്ടിക്കാട്ടുന്നവരെ ആദരിക്കാനുള്ള പക്വത സഭ ആര്‍ജ്ജിച്ചിട്ടുണ്ട്. കുറ്റവാളികളെ ജാതിയും മതവും തിരിച്ചു വിചാരണ ചെയ്യുന്ന ഏഷ്യാനെറ്റ് ശൈലി ഫാസിസത്തിന്റെ കേളികൊട്ടാണ്. ആള്‍ദൈവങ്ങളുടെ ആശ്രമത്തിലെ അപചയങ്ങളും പരസ്യദാതാവായ ബിസിനസ് സാമ്രാട്ടിന്റെ ലീലാവിലാസങ്ങളും പൂഴ്ത്തിവയ്ക്കാന്‍ മത്സരിക്കുന്നവരിലും എന്നും മുന്‍നിരയില്‍ ആരായിരുന്നു എന്ന് മലയാളികള്‍ക്കറിയാം. കൊട്ടിയൂര്‍ സംഭവത്തിന്റെ മറവില്‍ കേരള കത്തോലിക്കാസഭയെ ചവിട്ടിത്തേയ്ക്കാം എന്ന ചിന്ത അതിമോഹമാണെന്നു മാത്രം ഓര്‍മ്മിപ്പിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>