ഉത്തര്‍പ്രദേശില്‍ നിന്ന് അപകട മണിനാദം

By on April 1, 2017

ഉത്തര്‍പ്രദേശില്‍ നിന്ന് അപകട മണിനാദം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം ഇന്ത്യയിലെ ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണ്. മറയില്ലാത്ത ഹിന്ദുത്വ വോട്ടുകളുടെ ധ്രൂവീകരണം ഫലപ്രദമായി നടപ്പാക്കിയതിന്റെ ബാക്കി പത്രമാണത്. ആര്‍എസ്എസ് നേതാവായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രകടമായ രൂപം ജനം കാണാന്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് മത്സ്യമാംസാദികള്‍ക്ക് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയതിലുള്ള സാധാരണക്കാരുടെ പ്രതിഷേധം ശക്തമാണ്. അതിനേക്കാളേറെ മുസ്ലിംകളും ക്രൈസ്തവരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഇനിയുള്ള നാളുകളില്‍ കൂടുതല്‍ ആശങ്കയും അരക്ഷിതബോധവും വളര്‍ന്നേക്കാം.

ജോര്‍ജ് കള്ളിവയലില്‍

കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ഭരണം പിടിച്ചതിനു ദേശീയ പ്രാധാന്യമുണ്ട്. യുപി തൂത്തുവാരിയ ബിജെപിയുടെ ഉജ്വല വിജയം ഇന്ത്യയിലെ ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലക കൂടിയാകും. മറയില്ലാത്ത ഹിന്ദുത്വ വോട്ടുകളുടെ ധ്രൂവീകരണം ഫലപ്രദമായി നടപ്പാക്കിയതിന്റെ ബാക്കി പത്രമാണു രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള യുപിയിലെ സ്ഥിതി.
ഇന്ത്യന്‍ ജനതയെ നെടുകെ ഭിന്നിപ്പിച്ച പഴയ മണ്ഡല്‍ കമ്മിഷന്‍, ജാതി രാഷ്ട്രീയത്തിനും ബാബറി മസ്ജിദ് തകര്‍ത്ത വര്‍ഗീയതയ്ക്കും പിന്നാലെ യുപിയെ വീണ്ടും പരീക്ഷണശാലയാക്കിയതിന്റെ ശേഷിപ്പാണിത്. നരേന്ദ്രമോദി കേന്ദ്രത്തിലും ആദിത്യനാഥ് യുപിയിലും അധികാരത്തിലെത്തിയതിനു മറ്റു പല ഘടകങ്ങളും ഉണ്ടെങ്കിലും ന്യൂനപക്ഷ വിരുദ്ധ ധ്രുവീകരണമാണ് മുന്നില്‍. യുപിയിലെ 403 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പോലും ന്യൂനപക്ഷ സമുദായത്തില്‍ നിന്നു വേണ്ടെന്നു നിശ്ചയിച്ചതു തന്നെ ബിജെപി പരസ്യമാക്കിയ സന്ദേശമായിരുന്നു. പ്രചാരണത്തില്‍ കബറിസ്ഥാന്‍-ശ്മശാനം, റംസാന്‍-ദീപാവലി തുടങ്ങിയ താരതമ്യങ്ങളുടെ ലക്ഷ്യവും വര്‍ഗീയ ചേരിതിരിവു തന്നെയായിരുന്നു.
തീവ്ര വര്‍ഗീയത പ്രസംഗിച്ചിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിച്ചത് ഈ വിരുദ്ധ സന്ദേശം ഊട്ടിയുറപ്പിക്കുന്നതായി. നിയമസഭയിലേക്കു മത്‌സരിക്കുകപോലും ചെയ്യാതിരുന്ന ലോക്‌സഭാംഗമായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതു ജനവിധിയെ പരിഹസിക്കലുമാണ്. ആരുടെയൊക്കെയോ കണ്ണില്‍ പൊടിയിടാനായി ഒരു മുസ്ലിംമിനെ അപ്രധാനമായ വകുപ്പില്‍ സഹമന്ത്രിയാക്കി. പക്ഷേ, ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം. മന്ത്രിസഭയുടെ ആദ്യ തീരുമാനം തന്നെ രണ്ടു അറവുശാലകള്‍ പൂട്ടുകയെന്നതായിരുന്നു. തുടര്‍ന്ന് നൂറിലേറെ അറവുശാലകള്‍ പൂട്ടി. പോത്തിനെയും ആടിനെയും കൊല്ലുന്ന അറവുശാലകളാണ് പൂട്ടിയത്. ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലവും ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ഗോരഖ്പൂരില്‍ മല്‍സ്യം പോലും നിരോധിച്ചു. സസ്യഭക്ഷണം മാത്രം മതിയത്രേ. പൗരന്റെ അടുക്കളയില്‍ എന്തു പാകം ചെയ്യുന്നുവെന്നതില്‍ പോലും വര്‍ഗീയവും വൈകാരികവുമായ താത്പര്യങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്നു.
ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യം പോലും പരസ്യമായി ലംഘിക്കപ്പെടുന്നു. പോത്ത്, ആട്, കോഴി മാംസവും മത്സ്യവും കഴിക്കുന്നതു തടയാന്‍ ആര്‍ക്കും അധികാരമില്ല. അതിനു നിയമപരമായ സാധുതയുമില്ല. അതിലേറെ, പാവപ്പെട്ടവര്‍ക്കും മറ്റും അത്യാവശ്യം വേണ്ട പോഷകാഹാരം നിഷേധിക്കപ്പെടുക കൂടിയാണ്. മതപരമായ വൈകാരികതയുടെ പേരിലാണു നിയമവിരുദ്ധമായ നടപടികള്‍ ഒരു നടക്കുന്നതെന്നതും വിരോധാഭാസം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടക്കുകയോ, സംസാരിക്കുകയോ ചെയ്യുന്നതുപോലും വിലക്കിയത്. അംഗീകരിക്കാനാകില്ല. പ്രണയം പാടില്ലത്രേ. ഇതിന്റെ പേരില്‍ ഭാര്യ- ഭര്‍ത്താക്കന്മാരെയും സഹോദരീ-സഹോദരന്മാരെയും നല്ല കൂട്ടുകാരെയുമെല്ലാം ആദിത്യനാഥ് സര്‍ക്കാരിന്റെ പോലീസും കപടസദാചാരവാദികളും തല്ലിയോടിച്ചു. കൊച്ചിയില്‍ ശിവസേനയുടെ പേരില്‍ നടന്ന സദാചാര ഗുണ്ടായിസത്തിന്റെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് രൂപം. രണ്ടുദിവസം പ്രതികരിച്ചു. ഒരുമിച്ചിരിക്കുന്നവരെ ഇനിയാരും തല്ലിയോടിക്കരുതെന്ന് പറഞ്ഞു. നല്ല കാര്യം.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതാണ് മഹത്തായ ഭാരതീയ സംസ്‌ക്കാരവും പാരമ്പര്യവും. പക്ഷേ, കാലം മാറി. മുതലെടുപ്പുകളുടെ രാഷ്ട്രീയത്തില്‍ ഭരണം പിടിക്കാന്‍ പച്ചയായ വര്‍ഗീയത പ്രമുഖ നേതാക്കള്‍ തന്നെ പുറത്തെടുക്കുന്നു.
ഭൂരിപക്ഷ ഹിന്ദുത്വ വോട്ടുകളുടെ ധ്രൂവീകരണം ഉത്തര്‍പ്രദേശില്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ മോദി – അമിത് ഷാ കൂട്ടുകെട്ടും ആര്‍എസ്എസ് നേതൃത്വവും സന്തോഷത്തിലാണ്. ഗുജറാത്തില്‍ മുമ്പു പരീക്ഷിച്ചു വിജയിച്ചതാണു ഭൂരിപക്ഷ വോട്ടര്‍മാരുടെ ധ്രൂവീകരണം. മറ്റൊരു തരത്തില്‍ ഗുജറാത്ത് ആവര്‍ത്തിക്കുകയാണു ഭരണത്തിലെത്താന്‍ എളുപ്പവഴിയെന്നു മോദിയും ആര്‍ എസ് എസും കരുതിയത് സ്വഭാവികം. സ്വന്തം സംസ്ഥാനം വിട്ടു യുപിയിലെത്തി മോദി ലോക്‌സഭയിലേക്കു മത്സരിച്ചതോടെ കാര്യങ്ങള്‍ വ്യക്തമായി. ആകെ 80 എംപിമാരുള്ള യുപിയില്‍ 72 സീറ്റും നേടി.
രാജ്യത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ സംസ്ഥാനമായ യുപിക്കുള്ള പങ്ക് തിരിച്ചറിഞ്ഞുള്ള ബിജെപി കളികളുടെ വിജയമായിരുന്നു 2014ലും 2017ലും കണ്ടത്. ഗുജറാത്തില്‍ തന്റെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ ബിജെപി ദേശീയ അധ്യക്ഷനാക്കിയതിനു പിന്നിലും മോദിക്കു കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. പ്രധാനമന്ത്രിയും ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനും ഒരേ സംസ്ഥാനത്തു നിന്നു തന്നെയായതിലും ആരും കുറവു കണ്ടില്ല. ഇരുവരും ചേര്‍ന്നൊരുക്കുന്ന തന്ത്രത്തില്‍ ബിജെപി യുപിയിലും ഉത്തരാഖണ്ഡിലും വലിയ വിജയം സ്വന്തമാക്കി.
അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെയുള്ള ഉയര്‍ന്ന ഭരണവിരുദ്ധ വികാരവും ക്ഷേമപദ്ധതികളുടെയും വികസനത്തിന്റെയും പോരായ്മകളും അഴിമതികളും ഗുണ്ടാവിളയാട്ടവും എല്ലാം ബിജെപിയുടെ വഴികള്‍ എളുപ്പമാക്കി. ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ യുപിയില്‍ സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന ജാതിക്കളികള്‍ നല്ലതുപോലെ ബിജെപി പ്രയോജനപ്പെടുത്തി.
പക്ഷേ എല്ലാത്തിനും ഉപരിയായി മുസ്ലീം വിരുദ്ധ വികാരം വളര്‍ത്തിയായിരുന്നു യുപിയില്‍ ബിജെപി വിജയം ബിജെപി കൈക്കലാക്കിയത്. വര്‍ഷങ്ങളായി മുസ്ലീംകളെ വോട്ടുബാങ്കായി മാത്രം കണ്ടു മുതലെടുത്തിരുന്ന സമാജ്‌വാദി, ബിസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ആരെയും വിശ്വസിക്കാനാകില്ലെന്നു കണ്ട മുസ്ലീം വോട്ടര്‍മാര്‍ മൂന്നു പാര്‍ട്ടികള്‍ക്കുമായി വോട്ടു നല്‍കിയപ്പോള്‍ മോദിക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ എളുപ്പമായി. വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ ബിജെപിക്കു സ്വന്തമായതു ചരിത്രവിജയം.
ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമാക്കിയാണു പദവി പോലും മറന്നു നരേന്ദ്രമോദി യുപിയിലെങ്ങും വ്യാപക പ്രചാരണം നടത്തിയത്. ഓരോ പ്രസംഗത്തിലും മുസ്ലീം, ഹൈന്ദവ പരാമര്‍ശം നടത്താന്‍ മോദിയും മോദി കഴിഞ്ഞാല്‍ യുപിയിലെ പ്രചാരണത്തില്‍ ബിജെപിക്കാര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയ യോഗി ആദിത്യനാഥും അമിത് ഷായും ശ്രദ്ധിച്ചു. ആദിത്യനാഥിനായി പ്രത്യേക ഹെലികോപ്റ്റര്‍ ബിജെപി നേതൃത്വം വിട്ടുകൊടുത്തു. ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ വര്‍ഗീയ എരിവും പുളിയും നിറഞ്ഞതായിരുന്നു. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും സന്യാസിയും ആണെന്നതു പോലും നോക്കാതെയാണു ആദിത്യനാഥ് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത്.
തിരഞ്ഞെടുപ്പില്‍ മോദിയും ബിജെപിയും നേടിയ വന്‍വിജയം അംഗീകരിക്കാം. ജനാധിപത്യത്തില്‍ ജനവിധിയാണു പ്രധാനം. അതിനെ കുറച്ചുകാണാനാകില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയഭൂരിപക്ഷം നേടിയെങ്കിലും ഡല്‍ഹിയിലും ബീഹാറിലും പിന്നീടു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജനം വീട്ടിലിരുത്തിയതു മറക്കരുത്. ഈ തോല്‍വികളെ തുടര്‍ന്നാണു യുപിയില്‍ തന്ത്രം മാറ്റിയത്. കേന്ദ്രഭരണത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ ഗോവയിലും മണിപ്പൂരിലും ബിജെപി ജനവിധി അട്ടിമറിച്ചതു ജനാധിപത്യത്തിനു ശുഭകരമല്ല.
ജനങ്ങളോടു ആശയവിനിമയം നടത്തുന്നതില്‍ തിളങ്ങുന്ന നരേന്ദ്ര മോദിയെ പ്രതിരോധിക്കാനോ അതിലും മെച്ചപ്പെട്ടതെന്തെങ്കിലും വാഗ്ദാനം ചെയ്യാനോ പ്രതിപക്ഷത്തിന് കഴിയുന്നില്ല. മികച്ച നേതൃത്വവും പ്രതിപക്ഷ ഐക്യവും വരുന്നതുവരെ മോദിക്കു ഇപ്പോഴും കാര്യമായ ഭീഷണിയില്ല. ബിജെപിയെക്കാള്‍ വലുതാണു മോദിയുടെ പ്രതിച്ഛായ. പാര്‍ട്ടിയേയും നയങ്ങളേയുംവരെ സ്വാധീനിക്കുന്ന തരത്തില്‍ മോദി വളര്‍ന്നു. ജനാധിപത്യ സംവിധാനത്തില്‍ വ്യക്തികളും കുടുംബങ്ങളും പാര്‍ട്ടിയിലും ഭരണത്തിലും ആധിപത്യം നേടിയപ്പോഴൊക്കെ അപകടം കാണാനാകും. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും അകാലിദളും ആം ആദ്മി പാര്‍ട്ടിയും മുതല്‍ മായാവതിയും മുലായം സിംഗും അന്തരിച്ച ജയലളിതയും വരെ എത്രയോ ഉദാഹരണങ്ങള്‍.
ആഗോളതലത്തില്‍ വളര്‍ന്നു വരുന്ന തീവ്ര യാഥാസ്ഥിതിക വലതുപക്ഷ നിലപാടുകളുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും കാണുന്നത്. എല്ലാം നമുക്കു മാത്രമെന്ന ചിന്തയും ഭൂരിപക്ഷ മേധാവിത്വത്തിലേക്കും ഇടുങ്ങിയ ചിന്താഗതികളിലേക്കും നയിക്കുന്നു. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയവും ബ്രിട്ടനിലെ തെരേസ മേയുടെ ഉയര്‍ച്ചയും ബ്രൊക്‌സിറ്റും മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതും കാണാം. പാവപ്പെട്ടവരേയും ഇടത്തരക്കാരെയും തഴഞ്ഞു വന്‍കിയ കോര്‍പ്പറേറ്റുകള്‍ ഭരണത്തില്‍ സ്വാധീനിക്കുകയും ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്നതു ഇതിന്റെ ഭാഗമാണ്. എല്ലാ തലത്തിലും ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതും അക്രമിക്കപ്പെടുന്നതും നാം കാണുന്നു.
മറുഭാഗത്ത് മതതീവ്രവാദം വളരുന്നതും ഭീകരാക്രമണങ്ങള്‍ പതിവാകുന്നതുമാണ് ഈ രാഷ്ട്രീയമാറ്റത്തിന്റെ വലിയ ദുരന്തം. അടുത്തിടെ ലണ്ടന്‍ പാര്‍ലമെന്റിനു സമീപം നടന്ന ഭീകരാക്രമണം പുതിയ സൂചനയാണ്. ഇന്ത്യയിലേക്കും കടന്നു വരുന്ന ഐഎസ് ഭീകരത വളര്‍ന്നാല്‍ ഇപ്പോള്‍ സന്തോഷിക്കുന്ന പലരും കൂടുതല്‍ ദുഃഖിക്കേണ്ടിവരും. പാര്‍ലമെന്റ് മുംബൈ ഭീകരാക്രമണങ്ങളും സൈനിക ക്യാമ്പുകള്‍ക്കും നേരെ നടന്ന ഭീകരാക്രമണങ്ങളും ഇന്ത്യയ്ക്കു വലിയ മുന്നറിയിപ്പാണു നല്‍കുന്നത്. വര്‍ഗീയതയെ അമര്‍ച്ച ചെയ്യാതെ ഭീകരത തടയാനാകില്ല. പരസ്പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയുമാണ് സമാധാനത്തിന്റെയും പുരോഗതിക്കുമുളള ഏകവഴി
(ദീപിക അസോഷ്യേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>