സഭയെ വിധിക്കാന്‍ വരട്ടെ – എം.എ. ബേബിക്ക് മറുപടി

By on April 1, 2017

സഭയെ വിധിക്കാന്‍ വരട്ടെ – എം.എ. ബേബിക്ക് മറുപടി

വിചാരണയ്ക്കും വിധിയെഴുത്തിനും മുമ്പ് ബേബിയും ഒപ്പമുള്ളവരും സ്വയം പരിശോധിക്കണം

പ്രഫ. ജോര്‍ജ് പാലമറ്റം

കൊട്ടിയൂര്‍ സംഭവത്തില്‍ പ്രതിയായ റോബിന്‍ വടക്കുംചേരിയെ മുന്‍നിര്‍ത്തി കത്തോലിക്കാസഭയെ വിചാരണ ചെയ്യാന്‍ 2017 മാര്‍ച്ച് 26 ഏപ്രില്‍ ഒന്നിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.എ. ബേബിയുടെ പേരില്‍ പുറത്തിറക്കിയ ”സഭാ നാഥന്മാരും വിശ്വാസികളും സംവാദത്തിനു തയ്യാറുണ്ടോ?” എന്ന ലേഖനത്തില്‍ പുതിയ കാര്യങ്ങളൊന്നുമില്ല. സഭയെ കമ്യൂണിസ്റ്റ് തൊഴുത്തില്‍ കെട്ടുകയെന്ന ഗൂഢ ലക്ഷ്യത്തോടെയുള്ള ഇത്തരം അഭിപ്രായങ്ങള്‍ ബേബിയും മറ്റു പലരും ഇതിനു മുമ്പും പുറത്തു വിട്ടിട്ടുണ്ട്. അതിനു വേണ്ടിയാണ് യാഥാര്‍ഥ്യങ്ങളെ തമസ്‌ക്കരിച്ചും ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചും തങ്ങളാണ് നീതിയുടെയും നേരിന്റെയും കുത്തകാവകാശികള്‍ എന്നും ന്യായീകരിച്ചു കൊണ്ടുള്ള ഈ ലേഖനവും. അതിനു കൊട്ടിയൂര്‍ സംഭവത്തെ സഭയെ അടിക്കാനുള്ള വടിയാക്കിയെന്നതു മാത്രമാണ് ബേബിയും മാതൃഭൂമിയും ചെയ്ത പുതിയ കാര്യം. കേരളത്തിലെ കത്തോലിക്കാസഭ അനിവാര്യമായ ഒരാത്മ പരിശോധനയ്ക്കു വിധേയമാകണം എന്നതാണ് മാതൃഭൂമിയുടെയും ബേബിയുടെയും ആവശ്യം. നാലു കാര്യങ്ങളാണ് ബേബി ചൂണ്ടിക്കാണിക്കുന്നത് :
1. സഭ ധനികരുടെ പക്ഷത്താണ്, ദരിദ്രരുടെ പക്ഷത്തല്ല.
2. സഭയാണ് കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത്.
3. സഭയിലെ പുരോഹിത മേധാവിത്വം അല്‍മായരില്‍ അമര്‍ഷമുളവാക്കുന്നു; വിദ്യാഭ്യാസ രംഗത്തെ അധാര്‍മികമാക്കുന്നു.
4. ഫ്രാന്‍സിസ് പാപ്പായുടെ സഭാനവീകരണ സമീപനത്തോട് കേരള കത്തോലിക്കാസഭ നിഷേധാത്മകമായാണ് പ്രതികരിക്കുന്നത്.
ഈ നാലു കാരണങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ‘സഭാ നാഥന്മാരും വിശ്വാസികളും’ പണ്ടു സാക്ഷാല്‍ ഇ.എം.എസ് മുന്‍കയ്യെടുത്തു നടപ്പാക്കാന്‍ ശ്രമിച്ച ക്രിസ്ത്യന്‍-മാര്‍ക്‌സിസ്റ്റ് സംവാദം പുനരാരംഭിക്കണമെന്നാണ് ബേബിയുടെ ആവശ്യം. കത്തോലിക്കനായ ബേബിയുടെ ഉദ്ദേശശുദ്ധിയെ ആരും ചോദ്യം ചെയ്യുന്നില്ല. കാരണം, കത്തോലിക്കാസഭയാണ് ‘ഡയലോഗ്’ – സംവാദം – രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ ആധുനിക ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത്. ആത്മപരിശോധനയും ആത്മവിമര്‍ശനവും പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കുന്നു എന്നതാണ് സഭയുടെ പ്രഖ്യാപിത നിലപാട്. അത്രയും വിശാലമായ ഒരു കാഴ്ചപ്പാടിനെ ലോകത്തില്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന, കാലഹരണപ്പെട്ട ഒരു പ്രത്യയ ശാസ്ത്രവുമായുള്ള സംവാദമായി ചുരുക്കിക്കളയാന്‍ സാധ്യമല്ല. അണികള്‍ ചോര്‍ന്നുപോകുമ്പോള്‍, ആളെക്കൂട്ടാനുള്ള തന്ത്രമായി മാത്രമേ അതിനെ കാണാനാവൂ.
ഞങ്ങളുന്നയിക്കുന്ന ഒന്നാമത്തെ ചോദ്യം : ആധുനിക ലോകത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി എന്താണ്? ആത്മാവില്ലാത്ത ഒരു മനുഷ്യദര്‍ശനത്തിന് സഫലമായ സംവാദം സാധ്യമാണോ?
1848ല്‍ മാര്‍ക്‌സും ഏംഗല്‍സും കൂടി പുറത്തിറക്കിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖ വാക്കുകള്‍ക്ക് അറംപറ്റിയതുപോലെയാണ് അതിന്റെ ഇന്നത്തെ അവസ്ഥ. ‘യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുകയാണ് – കമ്യൂണിസ്റ്റ് ഭൂതം’. 1987ല്‍ ഗോര്‍ബച്ചേവിലൂടെ ഭൂതോച്ചാടനം നടക്കുകയും ചെയ്തു. ഒക്‌ടോബര്‍ വിപ്ലവത്തില്‍ ‘എല്ലാവരും എല്ലാവര്‍ക്കും വേണ്ടി’ എന്ന സുഭഗമായ ആദര്‍ശം ആകര്‍ഷകമായിരുന്നു. പക്ഷേ, വെളുത്ത മുണ്ടുടുത്തവനെ വെറുക്കാന്‍ പഠിപ്പിച്ച തത്വശാസ്ത്രം വിദ്വേഷാധിഷ്ഠിത വര്‍ഗസമരത്തിന്റെ മുഷ്ടിചുരുട്ടലില്‍ ചുരുങ്ങിപ്പോയി. കാലം അതിനെ ചവറ്റുകുട്ടയില്‍ തള്ളുകയും ചെയ്തു.
ഇന്ന് ഇന്ത്യാരാജ്യത്ത് കേരളത്തിലും ത്രിപുരയിലും ഇന്ത്യയ്ക്കു പുറത്ത് ഉത്തരകൊറിയയിലുമാണ് പേരിനെങ്കിലും കമ്യൂണിസം ജീവിച്ചിരിപ്പുള്ളൂ. മറ്റെല്ലാ രാജ്യങ്ങളും തൊഴിലാളി സര്‍വാധിപത്യത്തെ ഉപേക്ഷിച്ചിരിക്കുന്നു. കേരളത്തില്‍ 1930കളില്‍ ഉടലെടുത്ത കമ്യൂണിസമല്ലല്ലോ ഇന്നുള്ളത്. റഷ്യയില്‍ത്തന്നെ 70 കൊല്ലത്തെ ഭരണതാണ്ഡവത്തില്‍ നിരപരാധികളുടെ രക്തം തടവറകളിലും തെരുവുകളിലും തൂവി കുരുതികളിലൂടെ നിലനിന്നുപോന്ന ഒരു മാനവ വിരുദ്ധ പ്രത്യയ ശാസ്ത്രത്തോട് കത്തോലിക്കാ സഭയ്ക്ക് എങ്ങനെ സന്ധിചെയ്യാനാവും? സൂക്ഷ്മാപഗ്രപഥനത്തില്‍ അതൊരു ക്രിസ്ത്യന്‍ പാഷണ്ഡതയാണ്.
ബേബി നിലനില്‍പിനു വേണ്ടി ഇ.എം. എസ്സിസം പുനര്‍ജനിപ്പിക്കാന്‍ ശ്രമിക്കരുത്. ഇ.എം.എസിന്റെ വലംകയ്യായിരുന്ന ബേബി തന്നെ, ഇം.എം.എസ്. അന്തരിച്ചപ്പോള്‍ പറഞ്ഞു : മാര്‍ക്‌സിസം, ലെനിനിസം എന്നൊക്കെ പോലെ ഇം.എം.എസ്സിസവുമുണ്ട്. അതിനുള്ള മറുപടി ബേബിയുടെ ലേഖനം വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ ശ്രീജന്‍ നല്‍കുന്നുണ്ട്: ‘അങ്ങനെയുണ്ടോ? ഇം.എം.എസിന്റേതായ ആശയങ്ങളൊന്നുമില്ല, സൈദ്ധാന്തിക സംഭാവനയൊന്നുമില്ല. 1957ല്‍ അപ്രതീക്ഷിതമായി അധികാരം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യനായി കരുതപ്പെട്ടിരുന്നത് ടി.വി. തോമസായിരുന്നു. പക്ഷേ, സവര്‍ണാധിപത്യത്തെ പ്രത്യക്ഷത്തിലെതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സവര്‍ണ നേതൃത്വത്തിന് അധികാരം കൈമാറി!’
ദരിദ്രരെ അടിച്ചമര്‍ത്തി ധനികപക്ഷം ചേരുന്നു എന്നാണല്ലോ സഭയ്‌ക്കെതിരെയുള്ള ബേബിയുടെ വിമര്‍ശനം. സത്യത്തില്‍, ആരാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ ദരിദ്രരോടൊത്തുള്ളത്? കത്തോലിക്കാസഭയാണോ? അതോ, മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയാണോ? മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയല്ലേ ഇന്നു കേരളത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റ്? അതിസമ്പന്നന്‍? ഇന്ത്യയിലെ തന്നെ അതിസമ്പന്നരുടെ പട്ടികയില്‍ ആ പാര്‍ട്ടിയുണ്ട്. 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച് ബംഗാളിനെ ‘ഭൂമിയിലെ സ്വര്‍ഗരാജ്യമാക്കി’ മാറ്റിയതുകൊണ്ടാണല്ലോ ബംഗാളികള്‍ കേരളത്തില്‍വന്ന് കൂലിപ്പണിയെടുക്കേണ്ടി വന്നത്? പട്ടികജാതി, വര്‍ഗ ആദിവാസി സമൂഹങ്ങള്‍ക്ക് ഇടതുപക്ഷഭരണം കൊണ്ട് എന്തു പരോഗതിയുണ്ടായി? ശീതീകരിച്ച മണിമന്ദിരങ്ങളിലും പാര്‍ട്ടി ഫ്‌ളാറ്റുകളിലും കഴിയുന്നവര്‍ക്ക് പാവപ്പെട്ടവനെ ശ്രദ്ധിക്കേണ്ടതുണ്ടോ? പാര്‍ട്ടിക്ക് സ്വന്തമായ ചാനലുകളെത്ര? റിസോര്‍ട്ടുകള്‍? സ്വാശ്രയ കോളജുകള്‍? പാര്‍ട്ടി നേതാക്കളുടെയും സഖാക്കളുടെയും മക്കള്‍ പഠിക്കുന്നതെവിടെയാണ്? എംഎല്‍എമാരും മന്ത്രിമാരും തന്നെയല്ലേ ഭൂമാഫിയയ്ക്ക് കുട പിടിക്കുന്നത്? ഡല്‍ഹിയിലും തിരുവനന്തപുരത്തും നിര്‍മിച്ച പാര്‍ട്ടി മന്ദിരങ്ങള്‍ക്ക് എത്ര കോടികള്‍ ചെലവാക്കിയിട്ടുണ്ടാകും?
മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ സഖാക്കളുടെ കൈകള്‍ ശുദ്ധമാണോ? അധികാര വിനിയോഗം നടത്തി ബന്ധു നിയമനം നടത്തിയതിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടവരും അവരോടൊപ്പം കളങ്കിതരായവരും പാര്‍ട്ടിയിലില്ലേ? വിവരാവകാശ നിയമമനുസരിച്ചു കേരളത്തിലെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും എത്ര കോടികളുടെ ആസ്തിയുണ്ടാകും? അധ്വാനവര്‍ഗ പാര്‍ട്ടി എങ്ങനെ ഇത്ര അതിസമ്പന്നമായി? വരാനിരിക്കുന്ന വിപ്ലവത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍കൊണ്ട് മോഹക്കൊട്ടാരങ്ങള്‍ നിര്‍മിച്ച് പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെയും നിര്‍മാണത്തൊഴിലാളികളെയും വഞ്ചിച്ച് അലസതയുടെ സംസ്‌കാരം തീര്‍ത്തതാരാണ്? നോക്കുകൂലിയുടെ ജനവിരുദ്ധ സംസ്‌കാരം വളര്‍ത്തിയത് ആരാണ്?
അതേസമയം, കേരളത്തില്‍ പാവപ്പെട്ടവരോട് പക്ഷം ചേരുന്ന നിലപാടാണ് കത്തോലിക്കാസഭ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. എത്രയോ അഗതി മന്ദിരങ്ങള്‍, വൃദ്ധ സദനങ്ങള്‍, പാവപ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള സൗജന്യ ഹോസ്റ്റലുകള്‍, അംഗപരിമിതര്‍ക്കുള്ള ഭവനങ്ങള്‍, എയ്ഡ്‌സ് രോഗികള്‍ക്കുള്ള സങ്കേതങ്ങള്‍, മരണം പാര്‍ത്തിരിക്കുന്നവരെ ശുശ്രൂഷിക്കുവാനുള്ള പാലിയേറ്റീവ് കേന്ദ്രങ്ങള്‍ – അങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലില്ലാത്ത, മേല്‍വിലാസമില്ലാത്തവര്‍ക്കു ശുശ്രൂഷ ചെയ്യാന്‍ നേതൃത്വം കൊടുക്കുന്നത് കത്തോലിക്കാസഭയാണ്; നിങ്ങള്‍ പരിഹസിക്കുന്ന വൈദികരും കന്യാസ്ത്രികളുമാണ്. ധനികരുടെ താത്പര്യം സംരക്ഷിക്കേണ്ട ബാധ്യത കത്തോലിക്കാസഭക്കില്ല. അതവര്‍ സര്‍ക്കാരില്‍നിന്നു നേരിട്ട് നേടിയെടുക്കുന്നതാണ്. സഭയുടെ മേല്‍ പഴിചാരരുത്. സഭയുടെ കൂട്ടായ്മയില്‍ ആരും അവഗണിക്കപ്പെടാറില്ല. മറിച്ചുള്ളവ മുന്‍വിധിയോടെയുള്ള തെറ്റായ ആരോപണങ്ങള്‍ മാത്രമാണ്.
ജാതിമതഭേദമെന്യേ ഏവരെയും ദൈവമക്കളായി കരുതി പ്രതിഫലേച്ഛ കൂടാതെ അവര്‍ക്കു ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ സമൂഹത്തെ കത്തോലിക്കനായ ബേബി അഭിമാനപൂര്‍വം പുകഴ്ത്തുകയാണു വേണ്ടത്.
കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് കത്തോലിക്കരാണ് എന്നതാണ് രണ്ടാമത്തെ ആരോപണം. ഏതര്‍ഥത്തിലാണ് ഈ ആരോപണം എന്നു മനസ്സിലാകുന്നില്ല. സ്വന്തം തെറ്റ് മറ്റുള്ളവരില്‍ ആരോപിക്കുന്ന ‘പ്രൊജക്ഷന്‍’ എന്ന മനഃശാസ്ത്ര പ്രതിരോധ തന്ത്രമായിരിക്കാം ഇത്. അധികാരം നേടാന്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഓരോ തിരഞ്ഞെടുപ്പിലും തരാതരം, ആളുനോക്കി, സമുദായം നോക്കി സ്ഥാനാര്‍ഥികളെയും സ്വതന്ത്രരെയും തന്ത്രപൂര്‍വം മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുടെ കാര്‍ഡ് കളിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്, കത്തോലിക്കാസഭയല്ല. ആ കളിയില്‍ ഒന്നാംസ്ഥാനം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കു തന്നെ. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തരാതരം തഴുകി അധികാരം പിടിക്കുന്നതാണല്ലോ അവരുടെ രീതി. അടവു നയമെന്ന ഓമനപ്പേരിട്ടതുകൊണ്ട് വര്‍ഗീയത, വര്‍ഗീയതയാവാതിരിക്കില്ല.
കൊട്ടിയൂര്‍ സംഭവത്തിലും വര്‍ഗീയതയുടെ കനലാട്ടം നാം കണ്ടതാണ്. സിപിഎമ്മിന്റെ കൈരളിയടക്കമുള്ള ചാനലുകള്‍ (ഏഷ്യാനെറ്റ്, മാതൃഭൂമി, ജനം തുടങ്ങിയവ) എത്ര ദിവസമാണ് ആ സംഭവം ആഘോഷിച്ചത്! കുറ്റാരോപിതരെ നീതികരിക്കുന്നില്ല. പക്ഷേ, റോബിന്‍ എന്ന പേരും അദ്ദേഹത്തിന്റെ സ്ഥാനവും പ്രസക്തമാണ്. റോബിനെയെന്നല്ല, ഒരു കുറ്റക്കാരനെയും സഭ രക്ഷിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാറില്ല, ചെയ്തിട്ടില്ല. എന്നു മാത്രമല്ല, രാജ്യത്ത് നിലവിലുള്ള നിയമ നടപടികളുമായി സഹകരിക്കുകയേ ചെയ്തിട്ടുള്ളൂ.
എന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്താണ് ചെയ്തു ശീലിച്ചിട്ടുള്ളത്? പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്ന സഖാക്കളെയും അനുയായികളെയും പാര്‍ട്ടി ഓഫീസില്‍ പോലും കുടിയിരുത്തി സംരക്ഷിക്കും; അല്ലെങ്കില്‍ തങ്ങള്‍ നല്‍കുന്ന ലിസ്റ്റനുസരിച്ചു മാത്രം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസിനെ അനുവദിക്കും. എന്നൊക്കെ സിപിഎം അധികാരത്തിലേറിയിട്ടുണ്ടോ അന്നൊക്കെ ഇതാണ് കേരളം കണ്ടിട്ടുള്ളത്. കത്തോലിക്കരുടെ പ്രതികരണം വിവേകപൂര്‍ണമായിരിക്കുമെന്നറിയാവുന്ന ചാനല്‍ വിചാരണക്കാര്‍ക്ക് ചിലരെ പേടിയുണ്ട്. അര്‍ഥപൂര്‍ണമായ നിശബ്ദതയാണ് അപ്പോള്‍ സ്വീകരിക്കുക.
ജൈവപരമായ തൃഷ്ണകള്‍ക്കും ആദിമ ജന്മവാസനകള്‍ക്കും അടിമയാകുന്ന മനുഷ്യന്‍ ചിലപ്പോള്‍ സമൂഹത്തിന്റെ സാമാന്യധാരണകളെ ലംഘിച്ചു പ്രവര്‍ത്തിച്ചെന്നുവരാം. ആഗ്രഹിക്കുന്ന നന്മചെയ്യാതെ ആഗ്രഹിക്കാത്ത തിന്മ ചെയ്‌തെന്നു വരാം. ”ജന്തുവിന്നു തുടരുന്നു വാസനാ- ബന്ധമിങ്ങുടലുവീഴുവോളം” എന്നുരിയാടിയത് സ്‌നേഹസാഗരം തീര്‍ത്ത കവി തന്നെയല്ലേ?
മനുഷ്യന്റെ ആരംഭം മുതല്‍ അവസാനംവരെ തുടരുന്ന ജൈവ പ്രതിഭാസമാണ് ലൈംഗികത. അതിന്റെ പാവനതയ്ക്ക് കാവല്‍ നില്‍ക്കേണ്ടവര്‍ തന്നെ അതിരു ലംഘിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അപലപനീയമാണ്. പക്ഷേ, മനുഷ്യത്വരഹിതമായ രീതിയില്‍ അവരെ ചവിട്ടിമെതിക്കരുത്. ഇതു ചെയ്യാന്‍ ആര്‍ക്കാണവകാശം? തരം കിട്ടിയാല്‍ ‘കാസനോവ’കളാകുന്നവരില്‍ മന്ത്രിമാരില്ലേ, എംഎല്‍എമാരില്ലേ, പാര്‍ട്ടി നേതാക്കളില്ലേ, യോഗീവര്യന്മാരില്ലേ? കഴിഞ്ഞദിവസമല്ലേ ഒരു മന്ത്രി രാജിവച്ചത്? ‘വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക’. കണ്ണില്‍ തടിയിരിക്കേ, അപരന്റെ കണ്ണിലെ കരടെടുത്തുകളയേണ്ടാ.
മൂന്നാമത്, പുരോഹിത മേധാവിത്വത്തിനെതിരെയാണ് ബേബിയുടെ ആക്രമണം. ഫലേച്ഛയില്ലാതെ കര്‍മം ചെയ്യാന്‍ ഭാരതീയ മനീഷികള്‍ ആഹ്വാനം ചെയ്യുന്നു. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകരുടെ മോചനദ്രവ്യമാകുവാനുമുള്ള ആഹ്വാനമാണ് ക്രിസ്തു പുരോഹിതര്‍ക്കു നല്‍കിയിട്ടുള്ളത്. ഫലം പറ്റാതെ ശുശ്രൂഷയില്‍ സായൂജ്യം നേടുന്ന കത്തോലിക്കാ പുരോഹിതര്‍ സഭയുടെ സ്വകാര്യവും പരസ്യവുമായ അഭിമാനമാണ്. അവരുടെ പ്രതിജ്ഞാബദ്ധതയെ ധാര്‍ഷ്ഠ്യമായും മേധാവിത്വമായും കണക്കാക്കരുത്. അവരാണ് കത്തോലിക്കാസ്ഥാപനങ്ങളെ അസൂയാര്‍ഹമായ രീതിയില്‍ വളര്‍ത്തുന്നത്.
മൂല്യബോധത്തോടെ നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്ന, അവര്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങളിലേക്ക് രക്ഷിതാക്കള്‍ മക്കളെ അയയ്ക്കുന്നത് അവര്‍ നല്ലവരായി വളരുമെന്ന പ്രതീക്ഷയിലാണ്. അവിടെ ജാതിമത വ്യത്യാസമില്ലല്ലോ? മുന്‍ഗണന കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കു കിട്ടുന്നതിലുള്ള ‘ആദിമ വികാരമാണോ’ മേധാവിത്വമെന്ന ഈര്‍ഷ്യയ്ക്കു നിദാനം? അല്‍മായര്‍ക്ക് അമര്‍ഷമുണ്ടെന്ന അസത്യപ്രസ്താവന നടത്താന്‍ പള്ളിയില്‍ പോകാത്തവര്‍ക്ക് അവകാശമുണ്ടോ? പള്ളിയില്‍ പോകുന്നവര്‍ക്കറിയാം, ഇടവകകളിലെയും ഇടവകകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അല്‍മായരാണെന്ന്. കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ അസത്യങ്ങള്‍ വിളിച്ചുപറയുന്നത് കാപട്യമാണ്.
കേരളത്തിന്റെ നാനാമുഖ വികസനത്തിന് വൈദികര്‍ വഹിച്ച പങ്ക് ആരും വിസ്മരിക്കരുത് ‘പുരോഹിത മേധാവിത്വം’ തുടങ്ങിയ വാചകക്കസര്‍ത്തുകളിലൂടെ ബേബി അര്‍ഥമാക്കുന്നതെന്താണാവോ? വൈദികരും വിശ്വാസികളും തമ്മിലുള്ള ഐക്യത്തെയും ധാരണയെയും തകര്‍ക്കാനും അതുവഴി കത്തോലിക്കാസഭയില്‍ കലാപമുയര്‍ത്താനും വേണ്ടിയാണോ? അരാജകത്വം സൃഷ്ടിക്കുന്നത് കമ്യൂണിസത്തിന്റെ രീതിയാണ്. പിഴച്ചുപോയ ഏതെങ്കിലും ക്രിസ്ത്യാനി കമ്യൂണിസത്തിനു വിടുപണിയെടുക്കുന്നുണ്ടെങ്കില്‍, അതു സ്വന്തം ഇഷ്ടപ്രകാരമായിരിക്കും. സഭ ഒരിക്കലും വ്യക്തിയുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താറില്ല. അവര്‍ക്ക് ഊരുവിലക്ക് കല്‍പിക്കാറുമില്ല.
ബേബി ഉയര്‍ത്തുന്ന മറ്റൊരു ആരോപണം കത്തോലിക്കര്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്നു എന്നതാണ്. 1957 മുതല്‍ തുടരുന്ന ആരോപണമാണിത്. കേരളത്തെ അടിസ്ഥാന വിദ്യാഭ്യാസ കാര്യത്തില്‍ ലോകത്തിനു മുന്നില്‍ വിസ്മയം ജനിപ്പിച്ചത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയല്ല, കേരള കത്തോലിക്കാസഭയാണ്. കേരളത്തിലെ ‘വിദ്യാഭ്യാസം നന്നാക്കാന്‍’വേണ്ടി വിദ്യാഭ്യാസ ബില്ലു കൊണ്ടുവരുമ്പോള്‍ ഇംഗ്ലണ്ടില്‍ അക്ഷരജ്ഞാനമുള്ളവരുടെ ശതമാനം 90, കേരളത്തില്‍ 85. വിശദീകരണം ആവശ്യമില്ലല്ലോ.
വിദ്യാഭ്യാസ ബില്ലുവഴി ഒരു പൊതുശത്രുവിനെ ഇടതുപക്ഷം ജനങ്ങളുടെ മുന്നില്‍ പ്രതിഷ്ഠിച്ചു : ‘മാനേജ്‌മെന്റ്’. മാനേജ്‌മെന്റെന്നാല്‍ കത്തോലിക്കാ പുരോഹിതര്‍. 60 വര്‍ഷങ്ങള്‍ക്കുശേഷവും ടെര്‍മിനോളജി മാറിയില്ല. വ്യവസായികളും കച്ചവടക്കാരും കച്ചവടം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സമുദായക്കാരും പുതുതായി രംഗത്തു കടന്നുവന്നപ്പോള്‍ കത്തോലിക്കാസഭ വിദ്യാഭ്യാസ രംഗത്തുനിന്ന് പതുക്കെ ചുവടുമാറ്റി. ഇന്ന് പ്രഫഷനല്‍ രംഗത്ത് മൂന്നു മെഡിക്കല്‍ കോളജുകളും 14 എന്‍ജിനീയറിംഗ് കോളജുകളും മാത്രമാണ് സഭ നേരിട്ടു നടത്തുന്നുള്ളൂ.
സംസ്ഥാനത്ത് ആകെയുള്ളത് 154 സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളും 35 മെഡിക്കല്‍ കോളജുകളുമാണെന്നറിയുക. എന്നിട്ടും അഴിമതിയുടെ പഴി മുഴുവന്‍ കത്തോലിക്കാസഭയ്ക്ക്! കോടതിപോലും സുതാര്യമെന്നും സത്യസന്ധമെന്നും പ്രസ്തുത കോളജുകളിലെ പ്രവേശനത്തെക്കുറിച്ചും ഭരണരീതിയെയും നിലവാരത്തെയും സാമൂഹിക പ്രതിബദ്ധതയെയും കുറിച്ചും പുകഴ്ത്തുമ്പോള്‍ പാര്‍ട്ടിക്കാരും പാര്‍ട്ടി പിണിയാളുകളും ബദ്ധശത്രുക്കളാകുന്നു. കാരണം വ്യക്തമാക്കേണ്ടതില്ലല്ലോ.
ഓരോ സമൂഹത്തിനും ഓരോ ഘടനയുണ്ട്. പാരമ്പര്യവും അനുഭവവും ആ ഘടനയ്ക്ക് ശക്തിപകരുന്നു. ഘടനയും അതിന്റെ സ്വഭാവവും മനസ്സിലാക്കാത്തവര്‍ വിമര്‍ശനമുയര്‍ത്തിയെന്നു വരാം. ഓരോ വിമര്‍ശനവും ആത്മപരിശോധനയ്ക്കുള്ള അവസരമായി സഭ കാണുന്നു. പറുദീസ-പാപം-അനുരഞ്ജനം – പറുദീസ. ഇതാണ് സഭാ ജീവിതത്തിന്റെ അന്തഃസത്ത.
സഭ പിന്തുടരുന്ന ശ്രേണീബദ്ധമായ ഘടന മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാനാവാത്തത് സഭയുടെ ദൗര്‍ബല്യമല്ല; ശക്തിയാണ്. ആ ശക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ നിരാശരാവുകയേ ഉള്ളൂ. അതാണ് ചരിത്രവും അനുഭവവും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>