അന്നം

By on April 1, 2017
Annam

പയ്യപ്പിള്ളിയച്ചന്‍

ഊട്ടുമേശയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന മനുഷ്യന്‍ പോകുന്നത് തെറ്റിലേക്കാണ്. സ്‌നേഹത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കാണത്. അതായത് ഊട്ടുമേശകള്‍ക്ക് സ്‌നേഹത്തിന്റെ ഇടമെന്നോ വീണ്ടെടുപ്പുകളുടെ ഇടമെന്നോ അര്‍ഥം രൂപാന്തരപ്പെടുത്താവുന്നതേയുള്ളൂ… അപ്പോഴേ വിരുന്നുകളൊക്കെ സ്‌നേഹവിരുന്നുകളായി രൂപാന്തരപ്പെടുകയുള്ളൂ.

പാത്രത്തിലെ അവസാന ഉരുള ചോറും വായില്‍ വച്ചപ്പോഴായിരുന്നു കൂടെയുള്ളവന്റെ ചോദ്യം : ‘നിനയ്ക്കന്തെങ്കിലുമെഴുതിക്കൂടെ?’ എന്തിനെക്കുറിച്ചെഴുതണമെന്ന മറുചോദ്യത്തിനു അവന്‍ തന്നെ പറഞ്ഞു : ‘ഒന്നിനെക്കുറിച്ചും എഴുതാനില്ലെങ്കില്‍ ദേ, ഈ ഭക്ഷണത്തെക്കുറിച്ച് എഴുതിക്കോ’. ചിരിച്ചുകൊണ്ടവന്‍ പറഞ്ഞ വാക്കുകള്‍ തറഞ്ഞിറങ്ങിയത് ആയിരം ചോദ്യങ്ങളായിട്ടായിരുന്നു. ഒന്നും ചിന്തിക്കാനില്ലാതാവുമ്പോ നേരമ്പോക്കിനു ചിന്തിക്കേണ്ടതോ അന്നത്തെക്കുറിച്ച്? അങ്ങനെയല്ലെന്ന് നൂറുവട്ടം തീര്‍ച്ചയുണ്ട്. സ്വന്തം ശരീരം തന്നെ മുറിച്ചു വിളമ്പിയവന്റെ പിന്നാലെയിറങ്ങിത്തിരിച്ചവനു ഭക്ഷണമെന്നത് സമയംകൊല്ലി ചിന്തയാവാന്‍ പാടില്ല.
അന്നം ദൈവമാണെന്ന് നഴ്‌സറി ക്ലാസിലെ സിസ്റ്ററമ്മ പഠിപ്പിച്ചപ്പോള്‍ മനസ്സിലാക്കിയിരുന്നില്ല അത് ദൈവം തന്നെയായിരുന്നെന്ന്. സ്‌കൂള്‍ വരാന്തയില്‍ നിരത്തിയിരുത്തി വിളമ്പിക്കിട്ടിയ ഉച്ചച്ചോറും ചെറുപയറു കറിയും ബാക്കി വന്നപ്പോള്‍ മൈതാനത്തിലെ കാക്കകള്‍ക്കെറിഞ്ഞു കൊടുത്തതിനു കിട്ടിയ ചൂരല്‍ക്കഷായത്തിനും മനസ്സിലാക്കിത്തരാനായില്ല ഇച്ചിരിച്ചോറിന്റെ മാഹാത്മ്യം. പക്ഷേ, പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാത്തത് കാലം പഠിപ്പിച്ച കൂട്ടത്തില്‍ ഇതുകൂടി പഠിപ്പിച്ചു, ഓരോ വറ്റു ചോറിലുമുള്ള ദൈവസാന്നിധ്യം.
ഈയിടെ വന്ന മേഘസന്ദേശം പോലും അതോര്‍മിപ്പിച്ചു. ആരാണെഴുതിയതെന്നറിയില്ലെങ്കിലും ഏറെ സുന്ദരമായ വരികള്‍. ‘മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്ന് അന്തിക്ക് കഞ്ഞികുടിച്ചെഴുന്നേറ്റു പോകാന്‍ നേരം തുടയില്‍ ഒരു പിച്ച് കൊടുത്തിട്ട് അപ്പന്‍ കൊച്ചിനോട് പറഞ്ഞു : ‘നിന്റെ അപ്പന്‍ അധ്വാനിച്ച അന്നമല്ലിത്, ദൈവം തന്നതാണ്. ചോറു താഴെ കളയരുത്. പെറുക്കി തിന്ന്’. വെളുവെളുത്ത മാര്‍ബിള്‍ തീന്മേശയില്‍ കുഞ്ഞിനു അമ്മ പാപ്പം കൊടുക്കുകയാണ്. താഴെ, ചിതറിത്തെറിച്ച ചെറുമണിച്ചോറെടുത്ത് കുഞ്ഞു തന്റെ വായില്‍ വയ്ക്കവേ അതു തട്ടിത്തെറിപ്പിച്ചു അമ്മ പറഞ്ഞു : ‘നോ… ബാക്ടീരിയ!
വിശക്കുന്നവന്റെ മുമ്പില്‍ അന്നം ദൈവവും വിശപ്പറിയാത്തവന്റെ മുമ്പില്‍ അന്നം ബാക്ടീരിയയുമാണത്രേ’.
ഓരോ വിരുന്നിനെയും കൃതജ്ഞതയോടെ സമീപിക്കണമെന്ന് പഠിപ്പിച്ചത് ക്രിസ്തുവാണ്. എമ്മാവൂസിലേക്ക് കൂടെ നടന്ന ശിഷ്യന്മാര്‍ അവനെ തിരിച്ചറിയുന്നതുപോലും കൃതജ്ഞതയോടെ അപ്പമെടുത്ത് വാഴ്ത്തുന്നത് കണ്ടിട്ടാണ്. തികഞ്ഞ ആദരവോടെ, നന്ദിയോടെ അപ്പം കൈയിലെടുക്കുക. ഏറെ കരയിച്ചൊരു ഹ്രസ്വ ചലച്ചിത്രമുണ്ട്. വിശന്നു പട്ടിണി കിടക്കുന്നവരായി ആരും ഉണ്ടാവരുതെന്ന സ്‌നേഹശാഠ്യമുള്ളവര്‍. പക്ഷെ, ആ ചിന്തയ്ക്ക് രണ്ടായിരം കൊല്ലം പഴക്കമുണ്ടെന്ന് ഓര്‍മപ്പെടുത്തിയത് സുവിശേഷകന്മാരാണ്. അന്തിയില്‍ അവന്റെ പ്രഭാഷണം കേട്ട് ജനം മടങ്ങാനൊരുങ്ങിയപ്പോള്‍ അവന്‍ തിരിച്ചറിഞ്ഞു, അവര്‍ക്ക് വിശക്കുന്നുണ്ടെന്ന്. തിരികെ രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ പട്ടിണി കിടക്കേണ്ടി വരുമെന്ന്. പിന്നെ കാണുക വിരുന്നിന്റെ ഉത്സവമാണ്. നാല്‍പതു ദിവസം പട്ടിണി കിടന്നിട്ട് ഒരപ്പം പോലും ഉണ്ടാക്കാത്തവനാണെന്നോര്‍ക്കണം കൂടെയുള്ളവര്‍ ഒരു നേരം പോലും പട്ടിണി കിടക്കരുതെന്ന തിരിച്ചറിവില്‍ ആയിരങ്ങളെ ഊട്ടുന്നത്. ഏറ്റവും ഒടുവില്‍ ജീവിതം തന്നെ വിരുന്നാക്കിയവന്റെ ഒടുവിലത്തെ അത്താഴനേരത്തെ ആ വലിയ വാക്കുകള്‍. എഴുതി ധ്യാനിക്കാവുന്നതിനുമപ്പുറമാണത്. ‘ഇതെന്റെ ശരീരം. വാങ്ങി ഭക്ഷിക്കുക’. ശരീരത്തിന്റെ വിശപ്പുകള്‍ക്കപ്പുറം ആത്മാവിന്റെ വിശപ്പുകള്‍ക്ക് പരിഹാരം കണ്ടവന്‍ വേറെയാരുണ്ട്?
വീണ്ടെടുപ്പുകളുടെ സുവിശേഷം കൂടിയാകുന്നു അവനു ചുറ്റുമുള്ള വിരുന്നുകള്‍. ഊട്ടുമേശയ്ക്കരികില്‍ നിന്നാണ് സക്കേവൂസും തൈലക്കുപ്പിയുടച്ച പാപിനിയുമൊക്കെ വിശുദ്ധിയിലേക്ക് തിരികെ നടക്കുന്നത്. അന്ത്യത്താഴ വചനഭാഗം ഒന്നുകൂടിയൊന്ന് വായിച്ചു നോക്ക്. ഊട്ടുമേശയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന മനുഷ്യന്‍ പോകുന്നത് തെറ്റിലേക്കാണ്. സ്‌നേഹത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കാണത്. അതായത് ഊട്ടുമേശകള്‍ക്ക് സ്‌നേഹത്തിന്റെ ഇടമെന്നോ വീണ്ടെടുപ്പുകളുടെ ഇടമെന്നോ അര്‍ഥം രൂപാന്തരപ്പെടുത്താവുന്നതേയുള്ളൂ. പരിശീലന കാലയളവില്‍ ഒരു അധ്യാപകന്‍ പറഞ്ഞതോര്‍മയിലുണ്ട്. സ്‌നേഹത്തെ ഊട്ടിയുറപ്പിക്കുവാന്‍ വിരുന്നു മേശകളേക്കാള്‍ നല്ല സ്ഥലം വേറെയില്ലെന്ന്. സംശയമുണ്ടെങ്കില്‍ അവരോട് ചോദിച്ചു നോക്ക് പിരിയാന്‍ നില്‍ക്കുന്ന ദമ്പതിമാരോട്. ഒരുമിച്ച് ഭക്ഷണം കഴിച്ച് പരസ്പരം സംസാരിക്കാറുണ്ടോന്ന്. എല്ലാ വഴക്കുകളേയും ഒറ്റ കൂട്ടിലേക്ക് തള്ളിക്കയറ്റുകയല്ല. എങ്കിലും അതൊരു സാധ്യതയാണ്. പരസ്പരം സ്‌നേഹ സംഭാഷണങ്ങളിലേര്‍പ്പെടുന്ന ഒരു വിരുന്നിന്റെ അഭാവം. സംസാരിക്കാനൊന്നുമില്ലായെന്നതൊക്കെ ഒരു തോന്നലാണെന്നേ. അത്താഴത്തിന്റെ നേരത്ത് ആ ടിവിയൊന്ന് ഓഫാക്കി നോക്കിക്കേ. കുഞ്ഞുങ്ങള്‍ക്ക് പറയാനുണ്ടാവും സ്‌കൂളിലെ ഒരുപാട് വിഷയങ്ങള്‍. പങ്കാളിക്ക് പറയാനുണ്ടാവും അന്നത്തെ ഒരുപാട് കാര്യങ്ങള്‍. അപ്പോഴേ വിരുന്നുകളൊക്കെ സ്‌നേഹവിരുന്നുകളായി രൂപാന്തരപ്പെടുകയുള്ളൂ.
സ്‌നേഹത്തോടെയുള്ള കാലിച്ചായകള്‍ക്കൊണ്ടു പോലും ഒരു നേരത്തെ വയറു നിറയുന്ന കാലത്തില്‍ സ്‌നേഹത്തിന്റെ വിരുന്നൂട്ടുകള്‍കൊണ്ട് സംതൃപ്തമാകട്ടെ ആത്മാവും ശരീരവും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>