കുളത്തുവയലിലെ വിതക്കാരന്‍

By on April 1, 2017
AW9FYG

കുളത്തുവയല്‍ കേന്ദ്രമായുള്ള എംഎസ്എംഐ സന്യാസിനീ സമൂഹത്തിന്റെ
സ്ഥാപകനാണ് മലബാറിന്റെ ദൈവദാസനായ ഫാ. സി.ജെ. വര്‍ക്കി.
ആ ധന്യജീവിതം ഓര്‍മയായിട്ട് എട്ടു വര്‍ഷമാകുന്നു.

കുളത്തുവയലിലെ വിതക്കാരന്‍

വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍ മനുഷ്യ ജീവിതം സാര്‍ഥകമാവുന്നതെപ്പോഴാണ്? ദൈവത്തിന്റെ പദ്ധതികള്‍ക്കായി മനുഷ്യന്‍ സ്വജീവിതം ബലിവസ്തുവായി ദൈവത്തിന് സമര്‍പ്പിക്കുമ്പോഴാണെന്ന് നിസ്സംശയം പറയാം. മനുഷ്യന്റെ പദ്ധതികളല്ല, ദൈവത്തിന്റെ തിരുഹിതമാണ് ഭൂമിയില്‍ സ്വര്‍ഗങ്ങള്‍ വിരചിക്കുന്നത്.
വിമലമേരി സഭയുടെ (എംഎസ്എംഐ) സ്ഥാപകനായ വര്‍ക്കിച്ചനെന്ന മോണ്‍. സി.ജെ. വര്‍ക്കിയുടെ ജീവിതം നമ്മുടെ കാലവും സമൂഹവും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പതിവുപാതയിലായിരുന്നില്ല. ഭേദപ്പെട്ട എല്ലാ ഭൗതിക സാഹചര്യങ്ങളുണ്ടായിട്ടും ദൈവത്തിനു വേണ്ടി, ദൈവിക പദ്ധതികള്‍ക്കു വേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
മലബാറിലെ കുളത്തുവയല്‍ കേന്ദ്രമാക്കി പതിറ്റാണ്ടുകള്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ആധ്യാത്മികതയും സാമൂഹിക – വിദ്യാഭ്യാസ രംഗങ്ങളിലെ ഇടപെടലുകളും അതിനെല്ലാം തിലകം ചാര്‍ത്തിയ സന്യാസ സമൂഹ രൂപവല്‍ക്കരണവും എണ്‍പത്തെട്ട് വര്‍ഷങ്ങള്‍ ദീര്‍ഘിച്ച അദ്ദേഹത്തിന്റെ ജീവിതത്തെ ധന്യമാക്കി. മലബാറിലെ അവികസിത പ്രദേശങ്ങളിലൊന്നായ കുളത്തുവയലിലും ചുറ്റിലും ഒരു കാലഘട്ടം മുഴുവന്‍ നിറഞ്ഞുനിന്ന നന്മയുടെയും കാരുണ്യത്തിന്റെയും ദൈവസാന്നിധ്യമായിരുന്നു മലബാറിന്റെ ദൈവദാസനായ, എല്ലാവര്‍ക്കും പ്രിയങ്കരനായ വര്‍ക്കിച്ചന്‍.
പാലായിലെ വലവൂര്‍ എന്ന ഗ്രാമത്തില്‍ 1921ലാണ് അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ ആരംഭം. ജോസഫിന്റെയും ഏലിയുടെയും മകന്‍. ജീവിതത്തിന്റെ സുപ്രഭാതത്തില്‍ തന്നെ ഹൃദയ വയലില്‍ വിതയ്ക്കപ്പെട്ട ദൈവചിന്തയുടെയും വിശ്വാസചൈതന്യത്തിന്റെയും വിത്തുകള്‍ ആ ജീവിതത്തിന്റെ ദിശാസൂചകങ്ങള്‍ കുറിച്ചു.
അകലങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളും മനസും ദൃഷ്ടി പായിച്ചിരുന്നത്. ദൂരെദൂരെ ദൈവത്തിനുവേണ്ടി മിഷനറിയാവണം. ആ ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു 1938ല്‍ പതിനേഴാം വയസില്‍ മലബാറിലേയ്ക്കുള്ള യാത്ര. അന്ന് കോഴിക്കോട് ബിഷപായിരുന്ന ഡോ. ലിയോ പ്രൊസേര്‍പിയോയുടെ അനുഗ്രഹത്തോടെ തുടങ്ങിയ പൗരോഹിത്യത്തിലേക്ക് ആരംഭിച്ച ചുവടുവയ്പ്. മംഗലാപുരം, ആലുവ സെമിനാരികളില്‍ പൗരോഹിത്യ പഠനം. 1947 മാര്‍ച്ച് 16ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയില്‍ നിന്ന് പൗരോഹിത്യ സ്വീകരണം.
മിഷനറിയാവണമെന്ന അദമ്യമായ അഭിലാഷം ഇക്കാലമൊക്കെ അദ്ദേഹത്തിന്റെ ഉള്‍ക്കാമ്പില്‍ കെടാവിളക്കുപോലെ കത്തിനില്‍ക്കുന്നുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ മാനന്തവാടി, പേരാവൂര്‍ എന്നിവിടങ്ങളിലും വയനാടിന്റെ മറ്റു പല ഭാഗങ്ങളിലും പൗരോഹിത്യ ശുശ്രൂഷ ചെയ്തു.
കുളത്തുവയല്‍
പത്തുവര്‍ഷം മാത്രം പ്രായമുള്ള കുളത്തുവയല്‍ ഇടവകയുടെ മൂന്നാമത്തെ വികാരിയായി വര്‍ക്കിച്ചന്‍ നിയോഗിതനായി – 1951 ഏപ്രില്‍ എട്ടിന്. പിന്നീടുള്ള സംഭവ ബഹുലമായ 16 സംവത്സരങ്ങള്‍. കുളത്തുവയലിനെയും സമീപപ്രദേശങ്ങളെയും ഒരു കാനാന്‍ ദേശമാക്കി മാറ്റാന്‍ വര്‍ക്കിച്ചനു കഴിഞ്ഞു. കുറ്റ്യാടി ജലസേചന പദ്ധതി, മലബാറിലെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്ന കുളത്തുവയല്‍ പള്ളി, വടകര വിദ്യാഭ്യാസ ജില്ലയിലെ കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍, പള്ളിയോട് ചേര്‍ന്നു കിടക്കുന്ന ചക്കിട്ടപാറ, നരിനട, ഓഞ്ഞില്‍ എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍, കുളത്തുവയല്‍ സ്‌കൂളിനോടു ചേര്‍ന്നുള്ള നീന്തല്‍ക്കുളം, കുളത്തുവയലിനെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍, എല്ലാറ്റിനുമുപരിയായി ഇന്ന് ലോകമെങ്ങും പരന്നു കിടക്കുന്ന എംഎസ്എംഐ സഭ. 1967 മുതല്‍ 1973 വരെ അവിഭക്ത തലശ്ശേരി രൂപതയുടെ കോര്‍പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ച വര്‍ക്കിച്ചനിലൂടെ സഭയ്ക്ക് മലബാറില്‍ കൈവരിക്കാന്‍ കഴിഞ്ഞ വിദ്യാഭ്യാസ മുന്നേറ്റം വിസ്മയകരമാണ്.
വിമലമേരി സഭ
മാതൃഭക്തനായിരുന്നു വര്‍ക്കിച്ചന്‍. 1967ല്‍ കുളത്തുവയലിലെ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ അദ്ദേഹം ആരംഭിച്ച എംഎസ്എംഐ എന്ന സന്യാസിനീ സമൂഹം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അമേരിക്ക, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലുമായി ദൈവാരൂപിയില്‍ നിറഞ്ഞ് വളര്‍ന്നു പന്തലിച്ചിരിക്കുന്നു. സുവിശേഷ പ്രഘോഷണത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എണ്ണൂറോളം കന്യാസ്ത്രീകള്‍ നാലു പ്രോവിന്‍സുകളിലായി വര്‍ക്കിച്ചന്‍ തുടങ്ങി വച്ച അജപാലന ദൗത്യം അഭംഗുരം തുടരുന്നു.
പെന്തക്കുസ്താനുഭവം
താന്‍ ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്ന് വര്‍ക്കിച്ചന്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ തന്നെ ഓരോ പ്രഭാതത്തിലും പുതുമയുള്ള അവിടുത്തെ സ്‌നേഹപരിപാലനത്തിനായി തന്നെത്തന്നെ വിട്ടുകൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1976ല്‍ കേരളത്തിലെ രണ്ടാമത്തെ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത അദ്ദേഹത്തെ പിന്നീടങ്ങോട്ട് പരിശുദ്ധാത്മാവ് കൈപിടിച്ചു നടത്തുന്നതാണ് കാണുന്നത്. 1985ല്‍ എന്‍ആര്‍സി തുടങ്ങിയതോടെ തങ്ങള്‍ക്കു ലഭിച്ച അരൂപിയെ അനേകരിലേക്ക് പങ്കുവയ്ക്കുന്നതിന്റെ ശക്തി കൂടി. ശാലോം പ്രസിദ്ധീകരണത്തിന്റെ തുടക്കം മുതല്‍ അതിന്റെ ആത്മീയ പിതാവുകൂടിയായിരുന്നു അദ്ദേഹം. അദ്ദേഹം നടത്തിവന്ന ആന്തരിക സൗഖ്യധ്യാനങ്ങള്‍ അനേകര്‍ക്ക് ആശ്വാസം പകര്‍ന്നു; വിശ്വാസ ചൈതന്യത്തില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തി.
അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ വജ്ര ജൂബിലിയായിരുന്നു 2007ല്‍. ആ ധന്യമുഹൂര്‍ത്തത്തിന്റെ ചിരസ്മരണയായി ആ അവസരത്തില്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ അനുഗ്രഹാശിസ്സുകളോടെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു.
ഏറെക്കാലമായി ശാരീരിക അസ്വസ്ഥതകളും അവശതകളും അനുഭവപ്പെട്ടിരുന്നുവെങ്കിലും വിശ്രമമറിയാതിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1996ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് 2003ല്‍ കാന്‍സര്‍ രോഗബാധയുണ്ടായി. എങ്കിലും നന്മ ചെയ്യുന്നതിനുള്ള സമയം തീര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ബോധ്യം കൊണ്ടാകാം, രോഗപീഡകളിലും അദ്ദേഹം ദൈവവചന പ്രഘോഷണത്തിനായി ഓടി നടന്നു. വിത്തെറിഞ്ഞ് കുളത്തുവയലില്‍ നൂറുമേനി വിളവു കൊയ്ത അദ്ദേഹത്തിന്റെ വയലേലകള്‍ വിദേശരാജ്യങ്ങളിലും ഉണ്ടായിരുന്നു.
നന്നായി പൊരുതുകയും ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍മ നിരതമായ ആ ജീവിതത്തിന് 2009 ജൂണ്‍ 24ന് സമാപ്തിയായി. ഒരായുസ്സു കൊണ്ട് അനേകായിരം ജീവിതങ്ങളില്‍ സ്‌നേഹവും പ്രതീക്ഷയും പകര്‍ന്ന മോണ്‍. സി.ജെ. വര്‍ക്കിയെന്ന വര്‍ക്കിച്ചന്റെ നന്മ നിറഞ്ഞ ജീവിതത്തിന്റെ പ്രകാശ കതിരുകള്‍ അദ്ദേഹം വിടവാങ്ങി എട്ടുവര്‍ഷമാകുമ്പോഴും സന്ധ്യാതിളക്കം പോലെ നമ്മുടെ ഭൂമിയേയും മനസുകളേയും പ്രകാശപൂരിതമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>