വിസ്മയമാവുകയാണ് ഈ പ്രകാശത്തുരുത്ത്

By on April 1, 2017
Sherly

വിസ്മയമാവുകയാണ് ഈ പ്രകാശത്തുരുത്ത്

ഫാ. ജോമി തോട്ട്യാന്‍

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ഷെര്‍ളി ഓടിയെത്തിയത് സ്പിരിച്വാലിറ്റി സെന്ററിലെ ക്രൂശിത രൂപത്തിനരികിലേക്കാണ്. കുരിശിലേക്ക് നോക്കി അവള്‍ ചോദിച്ചു : ‘കാന്‍സര്‍ നാലാം സ്റ്റേജിലായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കാന്‍സറായതോണ്ട് പെട്ടെന്ന് പരക്കൂന്നാ എല്ലാരും പറയണേ. വഴിയും വെള്ളവും ഇല്ലാത്ത അഞ്ചു സെന്റു ഭൂമിയിലെ പണിതീരാത്ത വീടാ ആകെയുള്ള സമ്പാദ്യം. രണ്ടു പെണ്‍കുട്ടികളാ. ജീവിക്കാന്‍ തന്നെ വല്യ പാടാ. ഞാനെന്താ ചെയ്യേണ്ടേ?’ ക്രൂശിതനില്‍ നിന്ന് അവള്‍ക്ക് ഉത്തരം കിട്ടി : ‘എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്’ (1 തെസ. 5:16-19). പിന്നീടങ്ങോട്ട് ദൈവം ഒരുക്കിയ പദ്ധതിയെ സസന്തോഷം ഉള്‍ക്കൊണ്ട് ജീവിതത്തെ കരുപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരിങ്ങാലക്കുട രൂപതയിലെ ചേലൂര്‍ ഇടവകക്കാരിയായ ചിറയത്ത് ജെയ്‌സന്‍ ഭാര്യ ഷെര്‍ളി.
രോഗത്തിനു നടുവിലും അഭൗമികമായ ഒരു വെളിച്ചത്തിന്റെ തെളിച്ചത്താല്‍ ജീവിക്കാന്‍ പ്രേരണയും പ്രാര്‍ഥിക്കാന്‍ പ്രചോദനവും പകരുന്ന ഷെര്‍ളിയുടെ ജീവിതം അരികിലെത്തുന്നവര്‍ക്കെല്ലാം ഒരു വിസ്മയമാണ്. നിര്‍ധന കുടുംബത്തിലെ ഇളയ മകളായ ഷെര്‍ളിക്ക് ചെറുപ്പം മുതലേ സഹനം കൂട്ടായിരുന്നു. മാതാപിതാക്കള്‍ വളരെ നേരത്തെ സ്വര്‍ഗത്തിലേക്ക് യാത്രയായപ്പോള്‍ ലോകത്തിലെ നരകയാതനകളില്‍ സ്വര്‍ഗം കണ്ടെത്താനുള്ള തീവ്രപ്രയത്‌നത്തിലായിരുന്നു ഷെര്‍ളി. വിവാഹത്തിനുശേഷം സ്വതന്ത്രമായ ഒരു ജോലി തേടിയ ഷെര്‍ളി തയ്യല്‍ വരുമാന മാര്‍ഗമായി തിരഞ്ഞെടുത്തു. മൂന്നു നാലു മെഷീനുകള്‍ വച്ച് സഹപ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്ത് മുന്നോട്ടു പോകുന്നതിനിടയിലാണ് വിട്ടു മാറാത്ത വയറുവേദന പ്രത്യക്ഷപ്പെട്ടത്. ചെറു ചികിത്സകളുമായി മുന്നോട്ടു പോകുന്നതിനിടെ ഗള്‍ഫില്‍ ഒരു ജോലി വലിയൊരു ആശ്വാസമായി ലഭിച്ചു. രണ്ടു പെണ്‍മക്കളെയും അപ്പച്ചനെ ഏല്‍പ്പിച്ച് യാത്രയാകുമ്പോള്‍, അന്നന്നപ്പത്തിനുള്ള വഴിയും അസ്വസ്തതകള്‍ ഇല്ലാതെ ഉറങ്ങാന്‍ കഴിയുന്ന ഒരു ചെറു കൂരയും മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ.
സഹനത്തിന്റെ ജീവിതങ്ങള്‍ക്ക് പ്രതിസന്ധികള്‍ സുലഭമാകുന്നത് സ്വാഭാവികമാണല്ലോ! കൈകാലുകളില്‍ നീരുവന്ന് തുടങ്ങുകയും പനി തുടര്‍ച്ചയാവുകയും ചെയ്തപ്പോള്‍ നിവര്‍ത്തിയില്ലാതെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാട്ടിലെത്തിയ ഉടനേ സഹപ്രവര്‍ത്തകരെ കൂട്ടി വീണ്ടും തയ്യലിലേക്ക്. കഠിന അധ്വാനത്തിന്റെ നാളുകളില്‍ കരുത്തായിരുന്നത് പ്രാര്‍ഥനയായിരുന്നു. വെളുപ്പിന് മൂന്നു മണിക്ക് ഉണരും. പ്രാര്‍ഥനയ്ക്കുശേഷം ഉപ്പുവെള്ളം നിറഞ്ഞ ചുറ്റുപാടുകളില്‍ കുടിവെള്ളത്തിനായി നീണ്ടയാത്രകള്‍. പണികളെല്ലാം തീര്‍ത്ത് ദൈവാലയത്തിലേക്ക്. തിരിച്ചെത്തി കോലാടിനെപ്പോലെ വീട്ടു ജോലികള്‍. ജീവിതം സാധാരണ ഗതിയിലെത്തിയപ്പോഴേക്കും പ്രതിസന്ധികള്‍ തുടര്‍ക്കഥയായെത്തി. വയറുവേദന വീണ്ടും ആരംഭിച്ചു. അസഹനീയമായപ്പോള്‍ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പുണ്ടായിരുന്ന ചില രോഗലക്ഷണങ്ങള്‍ പരിശോധിച്ച ഡോക്ടര്‍ ‘സിഎ 125 ടെസ്റ്റി’ന് ഷെര്‍ളിയെ വിധേയയാക്കി. 2016 മാര്‍ച്ചില്‍ റിസള്‍ട്ട് വന്നു. ഓവറിയിലും ഗര്‍ഭപാത്രത്തിലും കാന്‍സര്‍ സെല്ലുകള്‍. മുമ്പു നടത്തിയ ടെസ്റ്റില്‍ ഇവയുടെ സാന്നിധ്യം പ്രകടമായിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാതെ പോയത് രോഗം പെട്ടെന്ന് മൂര്‍ഛിക്കാന്‍ കാരണമായത്രെ. ഒരു അശ്രദ്ധ ഒരു ജീവന്റെ വിലയാണെന്ന് വൈദ്യശാസ്ത്രം പറയുന്നതിന്റെ പൊരുള്‍ ഇതായിരിക്കാം. 1990ല്‍ ചേച്ചിയും 1992ല്‍ അമ്മയും ലോകത്തില്‍ നിന്ന് യാത്രയാകാന്‍ കാരണമായ കാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സകളും അതിന്റെ അവസാന വിഷമതകളും നിലകളും കൃത്യമറിയാവുന്ന ഷെര്‍ളി ദൈവിക പദ്ധതിയില്‍ ആശ്രയിച്ച് രോഗത്തെ നേരിടാനുള്ള തത്രപാടിലായിരുന്നു.
പേടിയോടു കൂടി പതറി നിരാശപ്പെടാനായിരുന്നില്ല; പ്രസന്നതയോടെ പ്രാര്‍ഥനയില്‍ പ്രത്യാശയര്‍പ്പിച്ച് പോരാടാനായിരുന്നു ഷെര്‍ളിക്കു താല്‍പര്യം. ജീവന്‍ തന്ന ദൈവത്തിനേ അതിനെ പരിപാലിക്കാനും തിരിച്ചെടുക്കാനും അവകാശമുള്ളൂവെന്ന ബോധ്യം ഷെര്‍ളിയില്‍ അടിയുറച്ച ഒരു വിശ്വാസമായിരുന്നു. ‘ഈ രോഗം മരണത്തില്‍ കലാശിക്കാനുള്ളതല്ല. ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്താനുള്ളതാണ് എന്ന ധ്യാനമധ്യെയുള്ള നിന്ന് കിട്ടിയ സന്ദേശം’ പ്രതീക്ഷയോടെ ചികിത്സകളിലേക്കിറങ്ങാന്‍ പ്രചോദനമായി.
സാമ്പത്തിക ബുദ്ധിമുട്ടുകളുടെ നടുവില്‍ ചികിത്സയുടെ സാധ്യതകള്‍ തേടി ഏഴു മാസക്കാലം. ഒക്‌ടോബര്‍ 16ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സയ്ക്കായി എത്തിയപ്പോള്‍ മാര്‍ച്ചിലെ ടെസ്റ്റില്‍ 148 എന്ന നിലയില്‍ കണ്ടെത്തിയ രോഗാണുക്കള്‍ 911.6 എന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. നിവര്‍ത്തിയില്ലെന്നായപ്പോള്‍ ഓപ്പറേഷനിലൂടെ ഓവറിയും ഗര്‍ഭപാത്രവും നീക്കി. അട്ടപ്പാടിയിലെ ധ്യാനത്തില്‍ കിട്ടിയ ഒരു സന്ദേശം ഈ സമയമൊക്കെയും കൃപയാവുകയായിരുന്നു. ‘വലിയൊരു കൃപ വരുന്നുണ്ട്; അതിനു മുമ്പൊരു സഹനം ഒരുക്കുന്നുണ്ട്. തളരരുത്. ഇപ്പോള്‍ കൊണ്ടുനടക്കുന്ന പ്രത്യാശയും പ്രസന്നതയും എന്നുമുണ്ടാകണം. ദൈവം കൂടെയുണ്ട്’. ശക്തമായ ദൈവാനുഭവങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ച സമയങ്ങളായിരുന്നു അത്. രോഗത്തെ സന്തോഷത്തോടെയാണ് ഷെര്‍ളി സ്വീകരിച്ചത്. വരുന്നവരോടെല്ലാം പുഞ്ചിരിയോടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാമെന്ന് ഉറപ്പുനല്‍കി യാത്രയാക്കുമ്പോള്‍ അരികിലെത്തിയവരെല്ലാം അത്ഭുതത്തോടു കൂടി തിരികെ നടന്നു.
ഒന്നു സ്വസ്തമായെന്നറിഞ്ഞപ്പോഴേക്കും സഹനത്തിന്റെ പൂര്‍ണത അറിഞ്ഞ തമ്പുരാന്‍ വീണ്ടും പരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ പരിശോധനകളില്‍ രോഗം കുടലിലേക്ക് പടരുന്നതായി കണ്ടെത്തി. നാലാം സ്റ്റേജിലെത്തിയ ഈ അവസ്ഥയില്‍ കീമോതെറാപ്പിയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ആദ്യ കീമോ കഴിഞ്ഞ് പതിനഞ്ചാം ദിവസം ആയപ്പോഴേക്കും തലയിലെ മുടി മുഴുവന്‍ കൊഴിഞ്ഞു തീര്‍ന്നു. മുടി മുഴുവന്‍ കൊഴിഞ്ഞുപോയ അവസ്ഥയെ ഷെര്‍ളിയും കുടുംബവും നേരിട്ടത് എങ്ങനെയാണന്നറിയുന്നത് തളര്‍ച്ചയുടെ മേഖലകളില്‍ വലിയൊരു കരുത്താ. ഷെര്‍ളി പറയുന്നു : ”ഒരു ദിവസം, ‘എന്റെ അറിവു കൂടാതെ ഒരു മുടിയിഴ പോലും കൊഴിയില്ലെന്ന്’ അവന്‍ പറഞ്ഞത് മനസില്‍ ഓര്‍ത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ചേട്ടന്‍ കയറിവന്നത്. അന്താളിച്ചു നില്‍ക്കുന്ന ചേട്ടന്റെ മുഖത്തുനോക്കി ഞാന്‍ ചോദിച്ചു : ‘എങ്ങനെയുണ്ട് ഇപ്പോള്‍? മൊട്ടച്ചിയായല്ലേ!’ ആശ്ചര്യവും അമ്പരപ്പും ചിരിയായി മാറിയത് പെട്ടെന്നായിരുന്നു. മൊട്ടേയെന്ന് വിളിച്ച് തലയില്‍ ഒന്നു തലോടി. ഇന്നുവരെ മുടി വരാത്തതുകൊണ്ടായിരിക്കാം മൊട്ടേ എന്നു തന്നെയാണ് ഏട്ടന്‍ എന്നെ ഇപ്പോഴും വിളിക്കുന്നത്”.
‘എനിക്ക് ജീവിതത്തിന്റെ വേദനകള്‍ക്കു നടുവില്‍ കൃപയായി മാറിയത് പ്രാര്‍ഥനയും വചനത്തിന്റെ കൂട്ടുമാണ്. ഇടതടവില്ലാതെ പ്രാര്‍ഥിക്കുന്നുണ്ട്; കൂടുതല്‍ ജീവിക്കാനല്ല, ഈ സഹനത്തെ എന്നും സന്തോഷത്തോടെ ദൈവ മഹത്വത്തിനായി കാഴ്ചവയ്ക്കാന്‍. രോഗികളായ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍. ദിവസവും നീണ്ട ജപമാലകളും വചന വായനയും ഒരു വിശുദ്ധീകരണത്തിലൂടെ എന്നെയും കുടുംബത്തെയും കൊണ്ടുനടക്കുന്നത് ഞാനറിയുന്നുണ്ട്. ദൈവം എനിക്കു ത്തന്ന ഒരു വലിയ അവസരമാണ് ഈ അസ്വസ്തതകളെന്ന് ഉറച്ച ബോധ്യമുണ്ട്’. ഷെര്‍ളിയുടെ ഈ വാക്കുകള്‍ക്ക് തെളിവുകള്‍ നല്‍കുന്നത് അയല്‍ക്കാരുടെ സാക്ഷ്യങ്ങളാണ്. കൃഷ്ണാഞ്ജന എന്ന നാലു വയസുകാരി തലച്ചോറിലെ കഫക്കെട്ടുമൂലം പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലായിരുന്നു. മരണമുറപ്പിച്ചെന്നവിധത്തില്‍ ചലനമറ്റ് കിടന്നിരുന്ന കുട്ടിയുടെ മാതാപിതാക്കളായ ജ്യോതിയും ഉണ്ണികൃഷ്ണനും പ്രാര്‍ഥനയ്ക്കായി ഷെര്‍ളിയ്ക്കരികിലെത്തി. സ്പിരിച്വാലിറ്റിയില്‍ കുട്ടിയ്ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ ദൈവം ഒരു കുട്ടിയെ തൊട്ടു സുഖപ്പെടുത്തുന്ന ഒരനുഭവം ഷെര്‍ളിക്ക് ഉണ്ടായി. കാര്യങ്ങള്‍ ജ്യോതിയെ വിളിച്ച് പറഞ്ഞപ്പോഴാണറിഞ്ഞത് ആ കുഞ്ഞ് ആ നിമിഷം മുതല്‍ സുഖപ്പെട്ടുവരികയായിരുന്നുവെന്ന്. ജപമാലയും കഴുത്തിലണിഞ്ഞ് രക്ഷിച്ച ദൈവത്തെ സ്തുതിച്ചുകൊണ്ട് ഓടിച്ചാടി നടക്കുന്ന കൃഷ്ണാഞ്ജന അമ്മയോടൊപ്പം ചേര്‍ന്നു പറയുന്നു : ‘ഷെര്‍ളി ചേച്ചിയുടെ പ്രാര്‍ഥനയിലൂടെയാണ് യേശുക്രിസ്തു എന്നെ സുഖപ്പെടുത്തിയത്’. വചനം വായിച്ച് വചന കൊന്ത നടത്തി പ്രാര്‍ഥനയുമായി എല്ലാ ദിവസവും ഷെര്‍ളിക്കരികില്‍ കുറച്ചാളുകള്‍ ഉണ്ടാകും. മൂന്നു മണിക്ക് കരുണകൊന്തയും പ്രാര്‍ഥനകളുമായി വീണ്ടും ആളുകള്‍. വഴിയില്ലാത്ത അഞ്ചുസെന്റ് കിടപ്പാടത്ത് പ്രാര്‍ഥനയ്ക്കായി എത്തുന്ന ആളുകള്‍ പറയുന്നു : ‘ഇവിടെ വരുമ്പോള്‍ താനെ പ്രാര്‍ഥിക്കാന്‍ തോന്നും. ജീവിതത്തിന് ഒരു പോസറ്റീവ് എനര്‍ജി കിട്ടും’.
കുടുംബത്തിലെ പ്രാര്‍ഥനയുടെ ബലത്തില്‍ ജീവിതം മുന്നോട്ടു നയിക്കുന്ന ഈ അമ്മയ്ക്ക് സുകൃതം ചെയ്ത രണ്ടു മക്കളുണ്ട്; ഡെല്‍വീനയും ഡെലീനയും. പത്തില്‍ പഠിക്കുന്ന ഡെല്‍വീന എല്ലാ ദിവസവും രാവിലെ മൂന്നു കിലോമീറ്റര്‍ ദൂരമുള്ള പള്ളിയില്‍ വിശുദ്ധ ബലിയില്‍ പങ്കുചേര്‍ന്ന് തിരികെയെത്തി ഒരു മണിക്കൂര്‍ പ്രാര്‍ഥനയ്ക്കായി മാത്രം ചിലവഴിക്കും. അത്ഭുതപ്പെടേണ്ട, ജപമാലയും കരുണ കൊന്തയും വ്യക്തിപ്രാര്‍ഥനകളും വചന വായനകളുമായി എന്തു തിരക്കുണ്ടായാലും ഏതു പരീക്ഷയായാലും ഈ ഒരു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമേ അവള്‍ പുറത്തിറങ്ങാറുള്ളൂവത്രേ. ഷെര്‍ളിയുടെ മൂത്തമകള്‍ ഡെലീന സിഎംസി സന്യാസിനി സമൂഹത്തില്‍ അംഗമാകാനുള്ള പ്രാരംഭ പരിശീലനത്തിലാണ്. രോഗമറിഞ്ഞ് സങ്കടം കൊണ്ട് അമ്മയെ കാണാനെത്തിയപ്പോള്‍ ഊര്‍ജസ്വലതയോടെ ഏറെ സന്തോഷത്തില്‍ രോഗത്തെ സ്വന്തമാക്കിയ അമ്മയെക്കണ്ട് അവള്‍ പറഞ്ഞു : ‘ഈ അമ്മയുടെ മകളായി പിറക്കാനായത് എന്റെ ഭാഗ്യമാണ്’.
‘ഉപ്പുവെള്ളം മാത്രം ലഭിക്കുന്ന പ്രദേശത്ത് വേനല്‍കാലത്ത് അയല്‍പക്ക വീടുകളില്‍ നിന്ന് രണ്ടുകുടം വീതം വെള്ളം വീട്ടാവശ്യങ്ങള്‍ക്ക് ചോദിച്ചുവാങ്ങണം. ഇപ്പോള്‍ ഇളയ മകളാണ് വീടുകള്‍ മാറി മാറി നടന്ന് അതു ചെയ്യുന്നത്. മഴക്കാലത്ത് വീടുചുറ്റും ചെളിവെള്ളമായിരിക്കും. സോഷ്യല്‍ ആക്ഷന്‍ ഫോറത്തിലെ സംഘടന പ്രവര്‍ത്തക, വാര്‍ഡിലെ കര്‍ഷകശ്രീ, ഏറ്റവും നല്ല കൃഷിക്കാരി, തൊഴിലുറപ്പു പദ്ധതിയിലെ ഏറ്റവും നല്ല സംഘാടക… തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ മികവു പുലര്‍ത്തുന്ന ഷെര്‍ളിയുടെ ഒരാഗ്രഹം ചുറ്റിലുമുള്ളവര്‍ക്ക് ശുദ്ധജലത്തിനുള്ള വഴിയൊരുക്കലാണ്.
‘എന്റെ മകളുടെ തിരുവസ്ത്രസ്വീകരണം എനിക്കു കാണണം. കുറെ പേര്‍ക്ക് വചനം പങ്കുവച്ചു നല്‍കണം. രോഗം ഭേദമായി പൂര്‍വസ്ഥിതിയിലെത്തുമ്പോള്‍ എന്റെ അധ്വാനഫലം അനാഥരായവര്‍ക്ക് വേണ്ടി ചിലവഴിക്കണം. പ്രാര്‍ഥനയുടെ മധ്യസ്ഥം കൊണ്ട് കുറെ പേര്‍ക്ക് തമ്പുരാനില്‍ നിന്ന് ആശ്വാസം നേടികൊടുക്കാനാകണം’. ഒരിക്കല്‍ പോലും തന്റെ രോഗശാന്തിയ്ക്കുവേണ്ടി പ്രാര്‍ഥിക്കാത്ത ഷെര്‍ളിയുടെ ചെറിയ ആഗ്രഹങ്ങളാണ്.
സഹനത്തെ സന്തോഷത്തോടെ സ്വീകരിച്ച് അപരന്റെ വേദനകളില്‍ പ്രാര്‍ഥനയുടെ സുകൃതങ്ങളൊരുക്കുന്ന ഈ നന്മയുടെ ജീവിതത്തെ അത്ഭുതകൂട്ടൊരുക്കി തമ്പുരാന്‍ സ്പര്‍ശിക്കട്ടെ.
ഫോണ്‍ : 8281872316

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>