ജോജോ ജോണി വരുംനാളിന്റെ പാട്ടുകാരന്‍

By on April 1, 2017
P18 Jojo (2)

ജോജോ ജോണി വരുംനാളിന്റെ പാട്ടുകാരന്‍

കരുത്തിയച്ചന്‍

ഒരു ഭക്തി ഗാനത്തിന്റെ വീഡിയോ ഒരു ദിവസത്തില്‍ തന്നെ യൂ ട്യൂബില്‍ ഒന്നേകാല്‍ ലക്ഷം ആളുകള്‍ കാണുക… ഒരാഴ്ചക്കുള്ളില്‍ 7 ലക്ഷം പേര്‍ അത് ആസ്വദിക്കുക… ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ 16 ലക്ഷം ആസ്വദകരെ നേടുക… തികച്ചും അവിശ്വസിനീയമായ കാര്യം… എന്നാല്‍ മലയാള സംഗീത ലോകവും നവമാധ്യമലോകവും 2016ന്റെ അവസാനത്തില്‍ കണ്ട ഒരു അത്ഭുതമായി ശ്രേയ ജയദീപ് പാടിയ ‘അമ്മേ ഞാനൊരു കുഞ്ഞല്ലേ…’ എന്ന ഗാനം മാറി. ജീവന്റെ മൂല്യത്തെ ഉയര്‍ത്തിയുണര്‍ത്തുന്ന ബേബി ജോണ്‍ കലയന്താനി രചിച്ച ഈ ഗാനം പാടിയ ശ്രേയ അത് പൂര്‍ത്തിയാക്കാനാവാതെ ഏന്തി കരഞ്ഞ് പോയി. സന്ദേശവും സൗന്ദര്യവും കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ മനസിനെ സ്പര്‍ശിച്ച ഈ മാന്ത്രിക ഗാനത്തിന് ജീവന്‍ നല്‍കിയത് ഇരിങ്ങാലക്കുട രൂപതയിലെ കൊടുങ്ങ ഇടവകാംഗമായ ജോജോ ജോണിയാണ്. ‘സ്‌നേഹം വച്ച് വിളമ്പും ദിവ്യമുഹൂര്‍ത്തമായിതാ…’, ‘മണികള്‍ മുഴങ്ങീടുമീ സമയമിതാ…’, ‘ദൈവനാമം ചൊല്ലുവാന്‍…’ ‘എന്‍ ജീവിതത്തിന്റെ സൗഭാഗ്യമേ….’, ‘വചനം ധാരധാരയായ്….’, ‘മാലാഖമാര്‍ അണിചേര്‍ന്ന്…’ ‘ആരേയും പകയോടെ ഓര്‍ക്കാതെ…’ തുടങ്ങിയ ആത്മീയ ഗാന രംഗത്തെ അതുല്യമായ നിരവധി ഗാനങ്ങളുടെ രചനയും സംഗീതം നിര്‍വഹിച്ചത് ജോജോ തന്നെയാണെന്നറിയുമ്പോഴാണ് നമുക്കിടയിലെ ഈ സംഗീതസംവിധായകന്റെ കഴിവും മഹത്വവും മനസിലാകുന്നത്.
കൊടുങ്ങ ഇടവകയിലെ നായത്തോടന്‍ ജോണി – ജോസി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനാണ് ജോജോ. ജോഫിയും ജോപ്‌സിയും സഹോദരങ്ങള്‍. കുഞ്ഞുനാളില്‍ അപ്പന്‍ പാടി കേട്ടിരുന്ന പാട്ടുകളാണ് ജോജോയുടെ ഉള്ളിലെ സംഗീതത്തിന്റെ ആദ്യസ്വരങ്ങളായത്. അപ്പന്‍ കൊണ്ടു വരുന്ന ചലചിത്രഗാന പുസ്തകങ്ങളിലെ ഗാനങ്ങള്‍ വാശിയോടെ പഠിച്ചു പാടും. അന്ന് പാട്ടിനേക്കാള്‍ ശബ്ദത്തിന്റെ ലോകത്തോടായിരുന്നു ജോജോക്ക് കമ്പം. വലിയ സ്പീക്കറുകളുടെയും ഗംഭീരമായ ശബ്ദ സംവിധാനങ്ങളുടെയും മുഴക്കമായിരുന്നു ജോജോയുടെ സ്വപ്‌നങ്ങളില്‍. എന്നാല്‍ അതിഗംഭീര ശബ്ദസംവിധാനങ്ങളിലൂടെ ഒഴുകുന്ന സുന്ദര ഗീതമായി മാറുക എന്നതായിരുന്നു ജോജോയെക്കുറിച്ചുള്ള ദൈവഹിതം. അള്‍ത്താരസംഘത്തിലെ അംഗമായും ദൈവാലയത്തിലെ സജീവ പ്രവര്‍ത്തകനായും കുഞ്ഞുനാള്‍ മുതലേ ശീലിച്ച ജോജോ ആദ്യമായി തനിയെ പാടിയത് ‘അനന്ദ സ്‌നേഹത്തിന്‍ ആശ്രയം തേടി’ എന്ന ഗാനമാണ്. ആ ധൂര്‍ത്തന്‍ ഞാനായിരുന്നു എന്ന അതിലെ വരികള്‍ തൊണ്ടപൊട്ടി പാടിയത് ഇന്നും ജോജോയുടെ മനസിലുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊടുങ്ങ പള്ളിയിലെ വികാരിയായിരുന്ന ആന്റണി പറമ്പത്തച്ചന്‍ രൂപീകരിച്ച പുതിയ ഗായകസംഘത്തില്‍ ജോജോ അംഗമായി. അങ്ങനെ പാട്ടിന്റെ വഴിയില്‍ കാലുറപ്പിച്ച് യാത്ര തുടങ്ങി. അന്ന് പഠനവും ജോലിയും ഒരുമിച്ചായിരുന്നു. കൊടകരയിലെ മോഹന്‍ദാസ് മാഷിന്റെ കോളജില്‍ പ്ലസ് ടുവിന് പഠിക്കുന്നതിനോടൊപ്പം അന്നത്തെ പ്രശസ്തമായ സിനി സൗണ്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വേണുചേട്ടന്റെ സഹായിയായും ജോലി ചെയ്തു. പള്ളി മുറ്റങ്ങളിലും ഉത്സവ പറമ്പുകളിലും വേണു ചേട്ടന്റെ ഒപ്പം രാത്രി വൈകിയും ജോലി ചെയ്ത് പഠനത്തിന്റെ വഴികളെയും ഒപ്പം നിര്‍ത്തിയാണ് ജോജോ വളര്‍ന്നത്. കനകമലയുടെ മുകളിലേക്ക് ട്യൂബ് ലൈറ്റുകളും മറ്റ് ഉപകരണങ്ങളുമായി ദിവസത്തില്‍ നാലു തവണ വരെ കയറി ഇറങ്ങിയതിന്റെ ഓര്‍മകള്‍ ജോജോ പങ്കു വയ്ക്കുന്നത് സന്തോഷത്തോടെയാണ്. പാട്ടിന്റെ വഴികളില്‍ ജോജോ ഏറെ നന്ദിയോടെ ഓര്‍ക്കുന്നത് ആന്റോ പാണാടനച്ചനെയാണ്. വികാരിയായിരുന്ന ആന്റോച്ചനാണ് കീബോര്‍ഡിന്റെ സാധ്യതകളിലേക്കും സംഗീതത്തിന്റെ ക്രമത്തിലേക്കും ജോജോയെ നയിച്ചത് പലപ്പോഴും അച്ചന്‍ മറ്റ് പള്ളികളില്‍ കുര്‍ബാനയ്ക്ക് പോകുമ്പോള്‍ ജോജോയാണ് കീബോര്‍ഡ് വായിക്കുന്നത്. ആദ്യ കാലത്ത് കിട്ടിയ ആ ധൈര്യമാണ് സംഗീതവഴികളില്‍ പിന്നെ കരുത്തായത്.
2008 ലാണ് ജോജോ ആദ്യമായി ഒരു ഗാനത്തിന് സംഗീതം ഒരുക്കിയത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ തീര്‍ത്ഥകേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ ‘അലിവോലും അമ്മ…’ എന്ന സിഡിയിലെ ജോജോയുടെ ഗാനം തിരുകര്‍മങ്ങള്‍ക്കിടയില്‍ ആദ്യമായി മുഴങ്ങിയപ്പോള്‍ പാടിയ ജോജോയ്ക്കും ആസ്വദിച്ചവര്‍ക്കും അത് പുതിയൊരു അനുഭൂതിയായിരുന്നു. പിന്നീടങ്ങോട്ട് പല ദൈവാലയങ്ങളിലും വേദികളിലും ജോജോയുടെ സംഗീതം മധുരമായി ഒഴുകി.
ജയില്‍ മിനിസ്ട്രിയുടെ സ്ഥാപകനായ വര്‍ഗീസ് കരിപേരിയച്ചനൊപ്പം വെട്ടുകാട് സ്‌നേഹാശ്രമത്തിലെ ധ്യാനങ്ങള്‍ക്ക് പാട്ടുകള്‍ പാടി സഹായിക്കുന്ന സമയത്താണ് കരുണയുടെ ജപമാല സംഗീത രൂപത്തില്‍ തയ്യാറാക്കിയത്. അതോടെ ക്രിസ്തീയ സംഗീത രംഗത്ത് ജോജോയുടെ പേരും എഴുതപ്പെട്ടു. 2009 ലാണ് ആദ്യമായി ശാലോം ടിവിയില്‍ ഒരു ഗാനവുമായി എത്തുന്നത്, ‘കുരിശിന്റെ തണലില്‍’ എന്ന പ്രോഗ്രാമിലൂടെ. അതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ‘ഗോഡ്‌സ് വേ’ എന്ന സംഗീത പരിപാടിയിലേക്ക് ജോജോ ക്ഷണിക്കപ്പെട്ടു. ഏകദേശം ഒരു വര്‍ഷത്തോളം അത് തുടര്‍ന്നു. ഈ സമയത്താണ് ആക്ഷന്‍ സോങ്ങുകളിലേക്ക് ജോജോ ശ്രദ്ധിച്ചു തുടങ്ങിയത്. പാടിയും, ആടിയും വചനം പകരുന്ന നിരവധി ആക്ഷന്‍ സോങ്ങുകള്‍ക്ക് ജോജോ രൂപം നല്‍കി. വേദപാഠ ആവശ്യങ്ങള്‍ക്കും യുവജന ക്യാമ്പുകള്‍ക്കുമൊക്കെ ഒഴിച്ചു കൂടാനാവാത്തവയായി ജോജോയുടെ ആക്ഷന്‍ സോങ്ങുകള്‍. ഇങ്ങനെ പാട്ടുവഴികളില്‍ തന്റെ പാദം ഉറപ്പിച്ചു തുടങ്ങിയ ഈ കാലത്ത് പേരാമ്പ്രയിലെ അപ്പോളൊ ടയേഴ്‌സ് എന്ന സ്ഥാപനത്തിലെ പാക്കിംഗ് വിഭാഗത്തില്‍ തൊഴിലാളിയുമായിരുന്നു ജോജോ. എട്ടര വര്‍ഷത്തോളം താന്‍ ചെയ്ത ആ ജോലി വേണ്ട എന്ന് വച്ച് മുഴുവന്‍ സമയവും സംഗീതത്തിലേക്ക് ഇറങ്ങി. 2011 ല്‍ ഗുഡ്‌നസ്സ് ടിവിയിലെ ഈശോയും കുഞ്ഞുങ്ങളും എന്ന പരിപാടി ആരംഭിച്ചു. ആത്മീയ മാധ്യമ രംഗത്ത് കുട്ടികള്‍ക്കായുള്ള പരിപാടികളില്‍ ഏറ്റവും മികച്ചതായി ആ പരിപാടി മാറി. 2012 ല്‍ ഗുഡ്‌നസ് മീഡിയായുടെ ഏറ്റവും നല്ല കുട്ടികളുടെ പരിപാടിക്കുള്ള അവാര്‍ഡ് ജോജോക്ക് ലഭിച്ചു. പിന്നെ ‘തിരുഭോജ്യം’ എന്ന ആല്‍ബം പുറത്ത് വന്നു. അതിലെ എല്ലാ ഗാനങ്ങളും ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി. 2014 ലും ഗുഡ്‌നസ് മീഡിയ അവാര്‍ഡ് ജോജോക്കായിരുന്നു. 2016ല്‍ പുറത്തിറക്കിയ ‘സ്‌നേഹഭോജ്യം’ എന്ന ആല്‍ബവും ജിതിന്‍ ജോസഫ് നിര്‍മിച്ച് ബേബി ജോണ്‍ കലയന്താനി വരിയെഴുതി ജോജോ സംഗീതം നല്‍കിയ ‘ഈശോയോടൊപ്പം’ എന്ന ആല്‍ബവും ക്രിസ്തീയ ഭക്തിഗാന രംഗത്തെ വിലമതിക്കാനാകാത്ത സൃഷ്ടികളാണ്. ‘ഈശോയോടൊപ്പം’ എന്ന ആല്‍ബത്തിലെ പത്ത് ഗാനങ്ങളും മലയാള സംഗീത ലോകത്ത് പുതു അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രേയ ജയദീപ് ആണ് പാടിയിരിക്കുന്നത്. ഇതിലെ ‘അമ്മേ ഞാന്‍ നിന്‍ കുഞ്ഞല്ലേ’ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയായില്‍ തരംഗമായത്. ഈ ഗാനത്തിന്റെ വീഡിയോ കണ്ട പലരും ജോജോയെ വിളിച്ചു. ചിലര്‍ നന്ദി പറയാന്‍, ചിലര്‍ അഭിനന്ദനമറിയിക്കാന്‍, ചിലര്‍ ഈ ഗാനത്തിന്റെ പ്രചോദനത്തില്‍ ജീവിതത്തിലെടുത്ത ചില തീരുമാനങ്ങളെക്കുറിച്ച് പറയാന്‍. മകളുടെ രണ്ട് കുഞ്ഞുങ്ങളെ അബോര്‍ഷന്‍ ചെയ്യാന്‍ കൂട്ടു നിന്ന ഒരമ്മ ഫോണിലൂടെ പൊട്ടികരഞ്ഞത് അതില്‍ മറക്കാനാകാത്ത ഒന്നാണെന്ന് ജോജോ പറയുന്നു.
പാട്ടില്‍ മാത്രമല്ല ജീവിതത്തിലും ജീവന്റെ മൂല്യം പ്രഖ്യാപിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന് പറയാന്‍ ജോജോ മടികാണിക്കുന്നില്ല. ജോജോയും ഭാര്യ സിന്‍സിയും യുകെജികാരിയായ അന്‍ ജൂവലിനും അംഗനവാടിക്കാരിയായ ഹെവന്‍ റോസിനും ഒന്നരവയസുള്ള ക്രിസ് എയ്ഞ്ചലിനുമൊപ്പം തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
അപ്പന്‍ ലോണ്‍ എടുത്ത് വാങ്ങിക്കൊടുത്ത കീബോര്‍ഡില്‍ സംഗീതത്തിന്റെ ആരംഭ പാഠങ്ങള്‍ പഠിച്ചുകൊണ്ട് ആരംഭിച്ച ജോജോ തന്റെ 33-ാം വയസില്‍ നിന്ന് കൊണ്ട് പുറകോട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട നിരവധി മുഖങ്ങളുണ്ടെന്ന് ഓര്‍ത്തെടുക്കുന്നു. ബിഎല്‍എം ധ്യാന കേന്ദ്രത്തിലേയും പെനുവേല്‍ ആശ്രമത്തിലേയും ജെറുസലേം, ഡിവൈന്‍ ധ്യാനകേന്ദ്രങ്ങളിലേയും വൈദികര്‍, ശുശ്രൂഷകര്‍, മുന്‍ വികാരിമാര്‍, സിസ്റ്റര്‍ ടോംസി എഫ്‌സിസി, ബ്രദര്‍ ഡെയ്‌സന്‍ കാരാത്ര അങ്ങനെ നിരവധി വ്യക്തികള്‍ ഒപ്പം ഒരനുജനെപ്പോലെ എപ്പോഴും ചേര്‍ത്ത് പിടിക്കുന്ന ബേബി ജോണ്‍ കലയന്താനിയും.
ജീവിതത്തിലെ വലിയ രണ്ട് സ്വപ്‌നങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പൂവണിയാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ജോജോ. ആദ്യത്തേത് ഒരു സിനിമയില്‍ സംഗീതം നല്‍കുക എന്നത്. മിനിഗോപാല്‍ നിര്‍മ്മിച്ച് പ്രക്ഷോപ് സംവിധാനം ചെയ്യുന്ന ‘ജിയ’ എന്ന പുതിയ സിനിമയുടെ സംഗീതസംവിധാനം മുഴുവനായും ജോജോയാണ് നിര്‍വഹിച്ചത്. ‘സ്‌നേഹഭോജ്യം’ എന്ന ആല്‍ബം ഇഷ്ടപ്പെട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംഗീതത്തിനായി ജോജോയെ സമീപിച്ചത്. മെയ് മാസത്തില്‍ റിലീസിങ് പ്രതീക്ഷിക്കുന്ന ഈ ചലചിത്രം ജോജോയുടെ സംഗീത ജീവിതത്തിലെ നാഴികക്കല്ലാവുകയാണ്. രണ്ടാമതായി ഒരുപാട് നാളായി ജോജോ മനസില്‍ സൂക്ഷിച്ചിരുന്ന ഒരു അനുഭവകഥ സിനിമയാകാന്‍ പോകുന്നു എന്നതാണ്. കുടുംബ ജീവിതത്തിന്റെ നേരും നൊമ്പരവുമെല്ലാം കോര്‍ത്തൊരുക്കുന്ന ഈ കഥക്ക് തിരക്കഥയൊരുക്കുന്ന തിരക്കിലാണ് ജോജോ ഇപ്പോള്‍. സിനിമാരംഗത്തെ തന്റെ സുഹൃത്തുക്കളുടേയും അഭ്യൂദയകാംഷികളുടേയും സഹായത്തോടെ അത് വൈകാതെ പൂവണിയുമെന്നാണ് ജോജോയുടെ കണക്ക് കൂട്ടല്‍.
ഒരു മലയോര ഗ്രാമത്തിന്റെ പരിശുദ്ധിയും പരിമിതിയും നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നും ഉള്ളില്‍ ഉരുവായ സംഗീതത്തെ ഊതിയും ഉണര്‍ത്തിയും അതിന്റെ പരമാവധിയില്‍ എത്തിച്ചിട്ട് കരങ്ങള്‍ കൂപ്പി കണ്ണുകള്‍ നിറഞ്ഞ് ജോജോ ജോണി എന്ന വരും നാളുകളുടെ പാട്ടുകാരന്‍ പാടുന്നത് ഇങ്ങനെയാണ് : ‘ദൈവനാമം ചൊല്ലുവാന്‍… ദൈവസ്തുതി പാടുവാന്‍… ദൈവം നല്‍കും ദാനങ്ങള്‍… ഓര്‍ത്തോര്‍ത്ത് നന്ദിചൊല്ലാന്‍… ഈ ജന്മം തികയുമോ…’

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>