കരുവന്നൂര്‍ പുഴ സാക്ഷി ; ഒന്നായി കാറളം ഇടവക

By on May 2, 2017
Karalam copy

കരുവന്നൂര്‍ പുഴയുടെ തീരങ്ങള്‍ വിസ്മയപൂര്‍വം സാക്ഷിയായ മാറ്റങ്ങളുടെ ചരിത്രമാണ് കാറളം കിഴക്കും പടിഞ്ഞാറും പള്ളികള്‍ക്കും തുടര്‍ന്നു
രൂപം കൊണ്ട സംയോജിത ഇടവകയ്ക്കും പറയാനുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിലാണ് രണ്ടു പള്ളികളും ആരംഭിച്ചത്.

കരുവന്നൂര്‍ പുഴ സാക്ഷി ; ഒന്നായി കാറളം ഇടവക

ഇരിങ്ങാലക്കുട രൂപതയുടെ വടക്കേ അതിര്‍ത്തിയായ കരുവന്നൂര്‍ പുഴയുടെ തെക്കേ തീരത്താണ് കാറളം ഹോളിട്രിനിറ്റി ദൈവാലയം. കാറളം കിഴക്ക് (എളംപുഴ), പടിഞ്ഞാറു ഭാഗങ്ങളിലായി നിലനിന്നിരുന്ന രണ്ടു ഇടവകകള്‍ സംയോജിച്ചു 1985 ഓഗസ്റ്റ് 15ന് രൂപംകൊണ്ടതാണ് ഇപ്പോഴത്തെ കാറളം ഇടവക. ആ രണ്ടു ഇടവകകളും സെന്റ് മേരീസ് പള്ളിയെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും സംയോജനത്തിനുശേഷം ത്രിത്വത്തിന്റെ നാമധേയത്തിലായിരുന്നു പുതിയ സംയോജിത ഇടവകയുടെ ആരംഭം.
മൂര്‍ക്കനാട് പള്ളിയുടെ പരിധിയില്‍പ്പെട്ട കാറളം കിഴക്കുഭാഗത്തെ ക്രൈസ്തവ കുടുംബങ്ങള്‍ മൂര്‍ക്കനാട് വികാരിയായിരുന്ന ഫാ. ആന്റണി കാവുങ്ങലിന്റെ നേതൃത്വത്തില്‍ 1910-15 കാലഘട്ടത്തില്‍ പള്ളിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 26 വീട്ടുകാര്‍ ചേര്‍ന്ന് ഒരേക്കര്‍ ഭൂമിവാങ്ങി. സമുദായ സ്‌നേഹിയായ ചാക്കേരി ലോനപ്പനാണ് അതിനു നേതൃത്വം നല്‍കിയത്. അവിടെ കപ്പേള പണിയുകയും സമൂഹപ്രാര്‍ഥനയും മേയ് മാസത്തില്‍ വണക്കമാസവും ആരംഭിച്ചു.
പിന്നീട് മൂര്‍ക്കനാട് വികാരിയായി വന്ന പുത്തൂര് കുരിയാക്കോസച്ചന്റെ കാലത്ത് കപ്പേള വലുതാക്കി, നടപ്പുര നിര്‍മിച്ചു. ഇതോടൊപ്പം സെമിത്തേരിക്കും അനുവാദം ലഭിച്ചു. 1927 ജനുവരി 13നു പള്ളി വെഞ്ചരിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതോടെ ഇടവകയെന്ന പദവിയും ലഭ്യമായി. വികസനത്തിന്റെ പാതയില്‍ സുദൃഢ ചുവടുവയ്പുകളുമായി യാത്ര തുടര്‍ന്നു. ഇടവകയില്‍ 1986ലെ സംയോജന കാലത്ത് 50 കുടുംബങ്ങളാണുണ്ടായിരുന്നത്.
കാറളം പടിഞ്ഞാറെ പള്ളിയും പരിശുദ്ധ കന്യകാമാതാവിന്റെ നാമത്തിലായിരുന്നു. കാറളത്തു താമസിച്ചിരുന്ന പഴുവില്‍, ചിറയ്ക്കല്‍ ഇടവകകളില്‍പ്പെട്ട ക്രൈസ്തവ കുടുംബങ്ങള്‍ ഇവിടെയൊരു പള്ളി നിര്‍മിക്കാനായി 1903ല്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി. ഓല മേഞ്ഞ കപ്പേളയില്‍ സമൂഹ പ്രാര്‍ഥനയും മേയ് മാസത്തില്‍ വണക്കമാസവും തിരുനാളും ആരംഭിച്ചു. ഓടുമേഞ്ഞ കപ്പേളയായി മാറിയ പ്രാര്‍ഥനാലയം 1930ല്‍ പഴുവില്‍ പള്ളിയുടെ കുരിശു പള്ളിയായി. പിന്നീട് പടിപടിയായി പടിഞ്ഞാറെ പള്ളി വളര്‍ന്നു. 1941ല്‍ പഴുവില്‍ വികാരിയായിരുന്ന പില്‍കാലത്ത് തൃശൂര്‍ മെത്രാനായിരുന്ന, ജോര്‍ജ് ആലപ്പാട്ടിന്റെ പരിശ്രമഫലമായി ആത്മീയ ശുശ്രൂഷകളുടെ എണ്ണം വര്‍ധിച്ചു. അദ്ദേഹത്തെ തുടര്‍ന്ന് പഴുവില്‍ വികാരിമാരായിരുന്ന തെക്കിനിയത്ത് അന്തോണിയച്ചന്‍, ഫാ. പീറ്റര്‍ കുണ്ടുകുളം, ഫാ. അഗസ്റ്റിന്‍ തട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പള്ളി ഏറെദൂരം മുന്നോട്ടു പോയി. 1978ല്‍ ഇരിങ്ങാലക്കുട രൂപത നിലവില്‍ വന്നശേഷം രണ്ടു വര്‍ഷം സ്വതന്ത്ര കുരിശുപള്ളിയായി തുടര്‍ന്നശേഷം 1980 ഡിസംബര്‍ എട്ടിന് മാര്‍ ജെയിംസ് പഴയാറ്റില്‍ പള്ളിയെ ഇടവകയായി ഉയര്‍ത്തി. 1981 മുതല്‍ ഫാ. ജോസ് മഞ്ഞളി സ്ഥിരം വികാരിയായി. സംയോജനകാലത്ത് 63 കുടുംബങ്ങളുണ്ടായിരുന്ന പള്ളി എടത്തിരുത്തി ഫൊറോനയുടെ കീഴിലായിരുന്നു.
ചരിത്ര നിമിഷം
പതിറ്റാണ്ടുകളുടെ ചരിത്രവും പശ്ചാത്തലവുമുള്ള രണ്ടു പള്ളികളും സംയോജിച്ചത് ഇരു ഇടവകാംഗങ്ങളുടെയും സുദീര്‍ഘമായ ആലോചനാ യോഗങ്ങള്‍ക്കുശേഷമാണ്. രണ്ടു ഇടവകക്കാരുടെയും സഹകരണവും കൂട്ടായ്മയും വിശാലമനസ്‌കതയും സംയോജനം യാഥാര്‍ഥ്യമാക്കി. അതനുസരിച്ചു മാര്‍ ജെയിംസ് പഴയാറ്റിലിന്റെ നിര്‍ദ്ദേശാനുസരണം കൂട്ടായ്മയുടെ പ്രതീകമായിട്ടാണ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള സംയോജിത ഇടവക രൂപംകൊണ്ടത്. കാറളം ജംഗ്ഷനില്‍ നിന്ന് കിഴക്ക് പള്ളി പണിയാനും തീരുമാനമായി. 1985 ഓഗസ്റ്റ് 15ന് താല്‍ക്കാലിക സംവിധാനങ്ങളോടെ പുതിയ ഇടവക നിലവില്‍ വന്നു. ഫാ. ജോസ് മഞ്ഞളി, ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ വികാരിയും സഹവികാരിയുമായി നിയമിതരായി. സംയോജന വേളയില്‍ 120 കുടുംബങ്ങളാണുണ്ടായിരുന്നത്. 1987ല്‍ വികാരിയായി എത്തിയ ഫാ. വിന്‍സെന്റ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തില്‍ നിര്‍മാണം ആരംഭിച്ച പുതിയ പള്ളി 1989 ഡിസംബര്‍ 23നു മാര്‍ ജെയിംസ് പഴയാറ്റില്‍ വെഞ്ചരിച്ചു. പുതിയ വൈദികമന്ദിരവും ഇക്കാലത്ത് യാഥാര്‍ഥ്യമായി.
കരുവന്നൂര്‍ പുഴയുടെ തീരങ്ങള്‍ വിസ്മയപൂര്‍വം സാക്ഷിയായ മാറ്റങ്ങളുടെ ചരിത്രമാണ് കാറളം കിഴക്കും പടിഞ്ഞാറും പള്ളികള്‍ക്കും തുടര്‍ന്നു രൂപം കൊണ്ട സംയോജിത ഇടവകയ്ക്കും പറയാനുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളിലാണ് രണ്ടു പള്ളികളും ആരംഭിച്ചത്. സുദീര്‍ഘമായ ആ യാത്രാവഴികള്‍ സംഗമിച്ചു ഒന്നു ചേര്‍ന്നിട്ട് നാലു പതിറ്റാണ്ടോളമാവുന്നു. രണ്ടു ചെറുപുഴകളൊഴുകി ഒന്നായി ചേര്‍ന്ന് നദിയായി തീരുന്നതുപോലെ, ഇന്ന് കാറളം ഹോളിട്രിനിറ്റി ഇടവക കൂടുതല്‍ ശക്തിയോടെ, കൂട്ടായ്മയുടെ കരുത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കൊടികൂറ പാറുന്ന തീര്‍ത്ഥയാത്ര.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>